Image

തേനീച്ച (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 18 January, 2018
തേനീച്ച (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)
തേനീച്ചയാണു ഞാന്‍, ഓരോരോ പൂവിലും
തേടുന്നു നിത്യം മധു കണങ്ങള്‍!
കിട്ടുന്ന തേനെല്ലാമൊട്ടും കളയാതെ
പെട്ടെന്നറകളില്‍ സംഭരിപ്പൂ!

പാടുപെട്ടെന്നും ഞാന്‍ ശേഖരിക്കുന്നൊരു
പാടു തേനേലുമെന്‍ കൂട്ടരെപ്പോല്‍,
നോക്കിയിരിക്കുന്നതല്ലാതെ തൊട്ടൊന്നു
നക്കുവാന്‍ പോലും മനം വരില്ല!

എന്നെപ്പോലൊന്നല്ലനേകം തേനീച്ചകള്‍
എന്നും മുടങ്ങാതെ ജോലി ചെയ്‌വു!
എത്രയോ പൂക്കളുണ്ടെങ്കിലും തേനുള്ള
പുഷ്പങ്ങള്‍ ഭൂവില്‍ വിരളമല്ലോ!

തന്നേ യാതേനുണ്ട് തെല്ലു മയങ്ങുവാന്‍
തന്നേയില്ലീശ്വരന്‍ സ്വാര്‍ത്ഥ ബുദ്ധി!
ഏവരും ചേര്‍ന്നിരുന്നിഷ്ടം പോല്‍ മോന്തുവാന്‍
ഏറെനാളായ് ഞങ്ങള്‍ കാത്തിരിപ്പൂ!

എന്നുമുടങ്ങാതുണരുന്നു ഞാന്‍ ബ്രഹ്മ
യാമത്തില്‍ കര്‍ത്തവ്യ ബോധപൂര്‍വം!
കണ്ണുകള്‍ പൂട്ടി ഞാന്‍ അര്‍ത്ഥിക്കുമീശനോ
ടിന്നുമെന്‍ കര്‍മ്മം ഫലം തരണേ!

നിസ്സാരമാം ചെറു ജീവി ഞാന്‍ സേവനം
നൈസര്‍ഗ്ഗിക ഗുണം മാത്രമല്ലോ!
നിസ്സീമമെന്നാത്മ നിര്‍വൃതി എന്നു ഞാന്‍
നിസ്സംശയം തുറന്നോതിടട്ടേ!

തെല്ലുമേ ജോലിചെയ്യാതെയലസന്മാര്‍
വല്ലോരും ചേര്‍ക്കും തേനുണ്ടു വാഴ്‌വു!
സമ്പാദ്യമെല്ലാമൊരുദിനമാരേലും
നമ്പുവാനാവാതപഹരിപ്പൂ!

സന്ദേഹമേയില്ല,നമ്മുടെ ജീവിതം
സന്ദേശമാകാന്‍ ശ്രമിക്കണം നാം!
മന്നിതില്‍ ജീവിക്കുമോരോ നിമിഷവും
ധന്യമായീടുവാന്‍ പ്രാര്‍ത്ഥിക്ക നാം!

സേവന സന്നദ്ധമാവണം നമ്മുടെ
ജീവിതം വിസ്മരിച്ചീടരുതേ!
മധുപോലെയെന്നാളുംനിങ്ങടെ ജീവിതം
മധുരിതമാവട്ടേ,മാനവരേ!
Join WhatsApp News
Girish Nair 2025-06-23 08:04:26
ഒരു തേനീച്ചയുടെ ആത്മകഥാംശം ഈ കവിതയിൽ ഒരു തേനീച്ചയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെയും കർമ്മത്തെയും കുറിച്ച് മനോഹരമായ ഒരു ഉൾക്കാഴ്ച നൽകുന്നു. ലളിതമായ ഭാഷയിൽ ആഴത്തിലുള്ള ആശയങ്ങൾ അവതരിപ്പിക്കാൻ ശ്രീ ശങ്കർജിക്ക് സാധിച്ചിട്ടുണ്ട്. *കവിതയുടെ പ്രധാന സവിശേഷതകൾ:* * *തേനീച്ച ഒരു പ്രതീകമായി:* കവിതയിലെ തേനീച്ച വെറുമൊരു ഷഡ്പദമല്ല, അത് കഠിനാധ്വാനം, നിസ്വാർത്ഥ സേവനം, കൂട്ടായ്മ എന്നിവയുടെ പ്രതീകമാണ്. ഓരോ പൂക്കളിൽ നിന്നും തേൻ ശേഖരിക്കുന്നത് പോലെ, ജീവിതത്തിൽ ഓരോ നിമിഷവും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കവി ഓർമ്മിപ്പിക്കുന്നു. * *നിസ്വാർത്ഥ സേവനം:* തേനീച്ച താൻ ശേഖരിക്കുന്ന തേൻ ഒറ്റയ്ക്ക് ആസ്വദിക്കാതെ കൂട്ടുകാരുമായി പങ്കിടാൻ കാത്തിരിക്കുന്നു. ഇത് സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവർക്കായി ജീവിക്കേണ്ടതിന്റെ ആവശ്യകത എടുത്തു കാണിക്കുന്നു. "തന്നേ യാതേനുണ്ട് തെല്ലു മയങ്ങുവാൻ തന്നേയില്ലീശ്വരൻ സ്വാർത്ഥ ബുദ്ധി!" എന്ന വരി ഈ ആശയം വളരെ വ്യക്തമാക്കുന്നു. * *കർമ്മബോധം:* തേനീച്ച ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്ന് തന്റെ കർത്തവ്യം മുടങ്ങാതെ ചെയ്യുന്നു. ഇത് ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. കർമ്മത്തിൽ അർപ്പണബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും കവിത വ്യക്തമാക്കുന്നു. * *അധ്വാനത്തിന്റെ ഫലം:* അലസന്മാരായ ചിലർ അധ്വാനിക്കാതെ അന്യരുടെ സമ്പാദ്യം നശിപ്പിക്കുന്നത് കവിത വിമർശിക്കുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ നേടുന്ന ഫലത്തിന്റെ പ്രാധാന്യം ഇതിലൂടെ കവി വ്യക്തമാക്കുന്നു. * *പ്രചോദനാത്മകമായ സന്ദേശം:* നമ്മുടെ ജീവിതം ഒരു സന്ദേശമായി മാറണം, ഓരോ നിമിഷവും ധന്യമാക്കാൻ പ്രാർത്ഥിക്കണം, സേവന സന്നദ്ധമാകണം എന്നിങ്ങനെയുള്ള വരികളിലൂടെ കവിത വായനക്കാർക്ക് വലിയൊരു പ്രചോദനം നൽകുന്നുണ്ട്. ജീവിതം മധുരതരമാക്കാൻ സേവനത്തിലൂടെ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം ഈ കവിതയിൽ പങ്കുവെക്കുന്നു. ചുരുക്കത്തിൽ, ഈ കവിത ലളിതവും എന്നാൽ അർത്ഥവത്തുമായ ഒരു സന്ദേശം നൽകുന്നു. കഠിനാധ്വാനം, നിസ്വാർത്ഥത, കൂട്ടായ്മ, സേവനബോധം എന്നിവ ജീവിത വിജയത്തിന് അനിവാര്യമാണെന്ന് തേനീച്ചയുടെ ജീവിതത്തിലൂടെ കവി ഓർമ്മിപ്പിക്കുന്നു. ഇത് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു മികച്ച രചനയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക