Image

മുതിര്‍ന്നവള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 05 February, 2018
മുതിര്‍ന്നവള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
പച്ച വിരിച്ചൊരാ
നെല്പാടത്തിന്
നടുക്കല്ലോ
ഉച്ച വെയില്‍
പിച്ച വെച്ചിടുന്നു

നെറ്റിയില്‍ തട്ടി
തിളങ്ങുന്ന
സൂര്യന്റെ
രശ്മികളേറ്റ്
പൊടിയുന്നു
ചുടു വിയര്‍പ്പിന്‍
കണം

എരിയുന്ന വയറിന്റെ
വിളിയാല്‍ വേഗം
വീട്ടിലെത്തി
ചുടു കഞ്ഞി മോന്തി
കുടിക്കവേ

കൊച്ചരിപ്പല്ലു കാട്ടി
നീ ചിരിച്ചോച്ച
കേട്ട അച്ഛന്‍
ഉച്ചത്തില്‍ പൊട്ടി
ചിരിച്ചു പോയി

ഉച്ചിയില്‍ വറ്റു കയറി
വട്ടം തിരിഞ്ഞച്ഛന്‍
ഉത്തരത്തില്‍ നോക്കി
മിഴിച്ചിരുന്നു

നിന്നുടെ മിഴികളില്‍
നോക്കി ക്ഷണ ഭംഗുരം
നൊമ്പരം മറന്നച്ഛന്‍
മാറോടു ചേര്‍ത്തു
മൂര്‍ദ്ധാവില്‍ മുത്തമിട്ടു

നിന്‍ പാല്പുഞ്ചിരി
വെട്ടത്തില്‍ ആ വിട്ടില്‍
ഒരായിരം ആനന്ദ
കതിരവന്‍
പ്രഭ ചൊരിഞ്ഞു

കാലം കലിതുള്ളി
പാഞ്ഞു പോയി
കുഞ്ഞായ നീയിന്നു
പെണ്ണായി മുതിര്‍ന്നു
പോയി

കലാലയ കൂട്ടുകാരന്‍
കൈപിടിച്ചിന്നു
നീ വിട് വിട്ടിറങ്ങവേ
ഗതികിട്ടാതെ
തരിച്ചു നില്‍ക്കുന്നു ആ പിതാവിന്‍
ഗതകാല സ്മരണകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക