Image

ധാന്യ മണിയുടെ പ്രയാണം (കഥ: ഫൈസല്‍ മാറഞ്ചേരി)

Published on 25 February, 2018
ധാന്യ മണിയുടെ പ്രയാണം (കഥ: ഫൈസല്‍ മാറഞ്ചേരി)
പണ്ട് വളരെ പണ്ട് അറേബ്യയില്‍ ഗോതമ്പു വിളഞ്ഞിരുന്ന കാലത്ത് ഒരു കര്‍ഷകന്‍ തന്റെ ഗോതമ്പു മണികള്‍ വിത്തിനായി ഒരുക്കുകയായിരുന്നു
കുറെ മണികള്‍ ചാക്കില്‍ നിറച്ചു മാറ്റി വെച്ചു. ഒരു ഗോതമ്പുമണി ചാക്കില്‍ നിന്നും താഴെ വീണു

ഒരു മണി പോലും നഷ്ട്ടപെടുത്താതെ വളരെ സൂക്ഷിച്ചാണ് ആ കര്‍ഷകന്‍ വിത്ത് ഒരുക്കിയിരുന്നത്
എന്നാല്‍ ആ ഒരു മണി ഗോതമ്പ് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വഴുതി പോവുകയായിരുന്നു.

ചാക്ക് കെട്ടുമായി കര്‍ഷകന്‍ തന്റെ നിലവറയില്‍ അടുത്ത സീസണ്‍ വരുമ്പോള്‍ വിതക്കാന്‍ വേണ്ടി കൊണ്ട് പോയി സൂക്ഷിച്ചു വെച്ചു.
എന്നാല്‍ ചാക്കില്‍ കയറി പറ്റാന്‍ കഴിയാതിരുന്ന ഗോതമ്പ് മണിക്ക് വലിയ വിഷമമായി

തന്റെ കൂടെയുള്ളവര്‍ എല്ലാം നാളെ വയലുകളില്‍ ഗോതമ്പ് ചെടിയായി പൂത്തുലഞ്ഞു കതിര്‍ വന്ന് നല്ല ഗോതമ്പുമണികളായി കര്ഷകന് ആനന്ദവും ഗോതമ്പു മണിയുടെ ജീവിത സാക്ഷാല്‍ക്കരവും നേടി ജീവിതം സാര്‍ത്ഥകമാക്കും

താനോ ഗതികിട്ടാതെ ഏതെങ്കിലും പക്ഷിയുടെ വയറ്റിലോ പാറക്കെട്ടിലോ വീണു നിരര്‍ത്ഥകമായി ജീവിതം ഹോമിക്കും. ഗോതമ്പു മണിക്ക് അതോര്‍ത്തു വളരെ ഖേദം തോന്നി.

ഓരോ ഗോതമ്പു മണിയിലും അതിന്റെ വിധി രേഖ പെടുത്തിയിട്ടുണ്ട് എന്ന് ഗോതമ്പു മണിക്കറിയാം.
ആയത്‌കൊണ്ട് ഒരു ഫലഭൂയിഷ്ടമായ സ്ഥലത്തു താനെത്തുമെന്നു ആ ഗോതമ്പു മണി പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരുന്നു.

ഒരു ദിവസം ഒരു കാറ്റ് വീശിയടിച്ചു ആ കാറ്റില്‍ ഗോതമ്പു മണി പറന്നു പൊങ്ങി കാറ്റ് ഒന്ന് ശാന്തമായപ്പോള്‍ ഗോതമ്പ് ഒരു കുതിര വണ്ടിയില്‍ ആണ് ചെന്ന് വീണത്
ആ കുതിരവണ്ടി ചന്തയിലേക്ക് ഗോതമ്പുമായി പോവുകയായിരുന്നു

ധൃതിയില്‍ കുതിരകളെ തെളിച്ചുകൊണ്ട് ആ വണ്ടി പാഞ്ഞു പോവുകയാണ്.
ഒരു കല്ലില്‍ തട്ടിയ വണ്ടി ഒന്ന് ഉയര്‍ന്നു പൊങ്ങി ആ തുള്ളലില്‍ ധാന്യ മണി തെറിച്ചു മേലോട്ട് പൊങ്ങി വായുവില്‍ ഒന്ന് കറങ്ങി മദ്രസ വിട്ടു വരികയായിരുന്ന കുഞ്ഞു കദീജയുടെ തുണി സഞ്ചിയിലാണ് അത് ചെന്ന് വീണത്.

സഞ്ചി മേശയില്‍ വലിച്ചെറിഞ്ഞു കുഞ്ഞു കദീജ ബാക്കി ഉറക്കത്തിനു പോയി. രാജ കൊട്ടാരത്തിലെ കുശ്‌നിക്കാരന്‍ ഹുസ്‌നിയുടെ മകളാണ് കദീജ.

ഉണരാന്‍ വൈകിയ ഹുസ്‌നി തിരക്കില്‍ തന്റെ സഞ്ചി ആണെന്ന് കരുതി കൊണ്ട് പോയത് കദീജുവിന്റ സഞ്ചിയായിരുന്നു. ഗോതമ്പു മണിയും ഹുസ്‌നിയോടൊപ്പം കൊട്ടാരത്തിലേക്ക് യാത്രയായി
ഓടിക്കിതച്ചെത്തിയ ഹുസ്‌നി പാചക പ്രവര്‍ത്തിയില്‍ മുഴുകി.

അടുക്കള ഭാഗത്തേക്ക് സാദാരണ കൊട്ടാരത്തില്‍ നിന്നും ആരും വരാറില്ല ജോലിക്കാരല്ലാതെ, എന്നാല്‍ അന്ന് രാജകുമാരി അടുക്കള കാണാന്‍ വന്നു. അതിന് കാരണം തോഴിമാര്‍ രാജകുമാരിയോട് പറഞ്ഞിരുന്നു കലവറയില്‍ നിന്നും പലതും പാചകക്കാര്‍ അടിച്ചു മാറ്റുന്നുണ്ട് എന്ന കാര്യം

എന്നാല്‍ അതൊന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് രാജകുമാരി വന്നത്. കുശലാ ന്വഷണങ്ങള്‍ക്കു ശേഷം രാജ കുമാരി ഓരോരുത്തരുടെയും സഞ്ചി തുറന്നു നോക്കി. മാറ്റാനുള്ള വസ്ത്രങ്ങളല്ലാതെ ഒന്നും കണ്ടില്ല. ഹുസ്‌നിയുടെ സഞ്ചി കുടഞ്ഞപ്പോള്‍ ഒരു മുഴുത്ത ഗോതമ്പു മണി പുറത്തേക്കു തെറിച്ചു വീണു.

അത്രയും വലിയ ഒരു ഗോതമ്പു മണി കുമാരി ആദ്യമായാണ് കാണുന്നത് ആശ്ചര്യം തോന്നിയ കുമാരി ഹുസ്‌നിയുടെ സമ്മതത്തോടെ അത് തന്റെ അരമനയിലേക്ക് കൊണ്ട് പോയി. ഈ ഗോതമ്പു മണി വെറും ഒരു ഗോതമ്പല്ല അതില്‍ എന്തോ നിഗൂഢത ഉള്ളത് പോലേ രാജകുമാരിക്ക് തോന്നി

കുമാരി ഗോതമ്പു മണി പ്രത്യേകം തയ്യാറാക്കിയ പത്രത്തില്‍ വെള്ളവും വളവും പരിചരണവും നല്‍കി വളര്‍ത്തി.
ഗോതമ്പു കിളിര്‍ത്തു തളിര്‍ത്തു വളര്‍ന്നു വലുതായി.

വയലുകളില്‍ മാത്രം വളര്‍ന്നിരുന്ന ഗോതമ്പു രാജ കൊട്ടാരത്തില്‍ വളര്‍ന്നത് അന്ന് വലിയ വാര്‍ത്തയായി. രാജാവും പരിവാരങ്ങളും രാജകുമാരിയുടെ അരമനയില്‍ വന്ന് പാരിതോഷികങ്ങള്‍ കൊണ്ട് രാജകുമാരിയെ അനുമോദിച്ചു

അടുത്ത ദേശത്തേക്കും രാജകുമാരിയുടെ കീര്‍ത്തി പരന്നു.വില്ലാളി വീരനായിരുന്ന ഒരു രാജകുമാരന്‍ രാജകുമാരിയെ കാണാന്‍ എത്തി.

രാജകുമാരിയുടെ അമ്മ റാണി മരിച്ചതിനു ശേഷം രാജാവ് രാജകുമാരിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല അതില്‍ രാജകുമാരി ദുഖിതയുമായിരുന്നു
എന്നാല്‍ രാജകൊട്ടാരത്തില്‍ രാജാവിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ആര്‍ക്കുമില്ലല്ലോ

ഒരു ധാന്യ മണിക്ക് പോലും ഓരോ കാര്യങ്ങളെ മാറ്റി മറിക്കാന്‍ ആവും എന്ന് ആ നാട്ടില്‍ എല്ലാവരും പാടി നടക്കാന്‍ തുടങ്ങി. രാജകുമാരി രാജകുമാരനു മൊത്തു സന്തോഷകരമായ ഒരു ജീവിതം തുടങ്ങി.

ഗോതമ്പു മണി തന്റെ ജീവിതം സാര്‍ത്ഥകമായതില്‍ സംതൃപ്തമായി മാത്രവുമല്ല ഓരോന്നിനെക്കുറിച്ചും കൂടുതല്‍ വേവലാതി പെടേണ്ടതില്ല തന്റെ കര്‍മങ്ങളില്‍ ഓരോരുത്തരും വ്യാപൃതരായാല്‍ കാലം അതിന്റെ പങ്ക് നിര്‍വഹിക്കും എന്നും ഗോതമ്പു മണിക്ക് മനസ്സിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക