Malabar Gold

അധികമായാല്‍.....(ഒരു ചമ്മല്‍ കഥ: ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)

Published on 18 March, 2018
അധികമായാല്‍.....(ഒരു ചമ്മല്‍ കഥ: ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)
ഓഫീസില്‍ തിരക്കുള്ള ദിവസമാണ്. രാവിലെ മുതല്‍ ഇടയിട്ടിടവിട്ടുള്ള കോണ്‍ഫറന്‍സ് കോളുകള്‍ കഴിഞ്ഞപ്പോള്‍ ഉച്ചക്ക് ഒന്നര മണി. അടുത്ത കോണ്‍ഫറന്‍സ് കോളിന് മുന്‍പ് പെട്ടെന്ന് ഉച്ച ഭക്ഷണം ചൂടാക്കി എടുക്കാന്‍ ഞാന്‍ പാന്‍ട്രിയിലേക്കോടി. 2 മണിക്കുള്ള മീറ്റിംഗിന് മുന്‍പേ ഭക്ഷണം അകത്താക്കണം.

ഭാഗ്യം, വേറൊരാള്‍ കൂടിയേ ഉള്ളൂ. രണ്ട് മൈക്രോവേവ് ഓവനുകള്‍ (മലയാളത്തില്‍ 'അവന്‍' എന്നും ഉപയോഗിച്ച് കാണുന്നു ) ഉള്ളതില്‍ ഒന്ന് അയാള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. തിരക്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമെടുത്തു മറ്റേ ഓവനില്‍ വെച്ച് ഞാന്‍ ചൂടാക്കി തുടങ്ങി.

അയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. സുമുഖനായ സായിപ്പ് പയ്യന്‍.
പുതിയ റിക്രൂട്ട് ആയിരിക്കണം.

ഞാനും ഒന്ന് ചിരിച്ചു, ഹലോ പറഞ്ഞു.
ഭക്ഷണം ചൂടാക്കി എടുത്തതും
പെട്ടെന്ന് ഓവന് മുകളിലേക്ക് കൈ ചൂണ്ടി അയാള്‍ എന്നെ വിളിച്ചു " ഹൈ.. അവിടെ ഒരു സെല്‍ഫോണ്‍ ".

ശരിയാണ്, ആരോ ഒരു സെല്‍ഫോണ്‍ മറന്നു വെച്ചിരിക്കുന്നു.

പുറം തിരിച്ച് വെച്ചിരിക്കുന്ന ഫോണിന്റെ ബാക്ക് കവറിന് മുകളില്‍ പിങ്ക് നിറത്തിലുള്ള ഒരു ബട്ടര്‍ഫ്‌ളൈ ക്ലിപ്പ്.

"അപ്പോള്‍ ഏതോ സ്ത്രീയാണ് ഉടമ" എന്നിലെ ഷെര്‍ലക് ഹോംസ് ഉണര്‍ന്നു.

"ഓ.. പിങ്ക് ബട്ടര്‍ഫ്‌ളൈ.. മീന്‍സ് ദി ഓണര്‍ ഈസ് ഡെഫിനിറ്റിലി എ ലേഡി, സര്‍ "..ഇതേതു പോലീസിനും മനസ്സിലാവും എന്നു സൂചിപ്പിച്ചു കൊണ്ട് സായിപ്പ് പയ്യനും പറഞ്ഞു.

അപ്പോഴേക്കും അയാള്‍ ഫോണ്‍ എടുത്തു തിരിച്ചു പിടിച്ചു സ്വൈപ്പ് ചെയ്യാന്‍ നോക്കി.

ഞാന്‍ ഒരു ശബ്ദത്തോടെ അയാളെ തടഞ്ഞു. എങ്ങനെ തടയാതിരിക്കും ?

എന്റെ തലയില്‍ കഴിഞ്ഞയാഴ്ച കഴിഞ്ഞ ഇന്‍ഫോസെക്യൂരിറ്റി ട്രെയിനിങ്ങില്‍ പറഞ്ഞ കാര്യങ്ങള്‍ ഫ്രഷ് ആയി അങ്ങനെ കിടക്കുകയല്ലേ ?

പയ്യന്‍ സായിപ്പിന് ഞാന്‍ ഒരു ക്ലാസ് തന്നെ കൊടുത്തു.

"നാം അങ്ങനെ എടുത്തു ചാടി ഒന്നും ചെയ്യാന്‍ പാടില്ല. അത് പേര്‍സണല്‍ ഫോണോ, കമ്പനി ഫോണോ ആകാം. സ്ക്രീന്‍ ലോക്ക് അല്ലെങ്കില്‍ െ്രെപവസി ബ്രീച്ച് ആയെന്നു വരാം. ബന്ധപ്പെട്ട ഇന്‍ഫോ സെക്യൂരിറ്റി നമ്പറില്‍ വിളിച്ചു പറയുകയാണ് വേണ്ടത്. അവര്‍ വേണ്ട വിധം കാര്യങ്ങള്‍ ചെയ്യും . അത് തിരിച്ച് അവിടെ വെച്ചോളൂ. ഞാന്‍ എന്റെ റൂമില്‍ പോയി
നമ്പര്‍ തപ്പിയെടുക്കാം. നിങ്ങള്‍ രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യൂ ".

പയ്യന്‍ എന്നെ തെല്ലൊരു ആരാധനയോടെ നോക്കി. ഇയാള്‍ക്ക് നല്ല കാര്യബോധമുണ്ടല്ലോ എന്ന രീതിയില്‍. എന്നിട്ട് ഭവ്യതയോടെ നന്ദി പറഞ്ഞു, അവിടെ നില്‍ക്കാമെന്നേറ്റു.

ചൂടാക്കിയ ഭക്ഷണമെടുത്ത് ഞാന്‍ നടക്കാന്‍ ഭാവിച്ചതും, ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പെട്ടെന്നങ്ങോട്ടു വന്നു. ചെറുപ്പക്കാരിയാണ്. ഞാനും, പയ്യനും പരസ്പരം നോക്കി. പിന്നെ കൈ ഫോണിന് നേരെ ചൂണ്ടി ഒരുമിച്ചു ചോദിച്ചു.

"ഈസ് ദാറ്റ് യുവര്‍ ഫോണ്‍ ?"
"നോ " അവള്‍ പറഞ്ഞു.

പിന്നെ ഒട്ടും സംശയിക്കാതെ നേരെ നടന്നു ആ ഫോണ്‍ എടുത്തു സ്വൈപ്പ് ചെയ്യാനാരംഭിച്ചു.

രണ്ട് മിനുട്ടു മുന്‍പ്, കമ്പനിയുടെ സുരക്ഷാ പോളിസിയില്‍ എനിക്ക് ശിഷ്യപ്പെട്ട കൊച്ചു സായിപ്പ് എന്നെ ഒന്ന് നോക്കി, അവളോട് പെട്ടെന്ന് പറഞ്ഞു.

"ഓ നോ , ഇഫ് ഇട്‌സ് നോട്ട് യുവേഴ്‌സ് പ്ലീസ് ഡോണ്‍ട് ".

അവള്‍ അവനെ ഒന്ന് നോക്കി, കൈ കാട്ടി ശല്യപ്പെടുത്തല്ലേ എന്നൊരാംഗ്യം കാട്ടി.
എന്നിട്ടു പറഞ്ഞു.

"ഹേയ്.. ഇത് ഓപ്പണ്‍ ആണല്ലോ".

ഇപ്പ്രാവശ്യം ഗുരുവായ ഞാന്‍ മുരടനക്കി അവള്‍ക്കു സുരക്ഷാ ബോധവല്‍ക്കരണം നടത്താന്‍ തുനിയുമ്പോഴേക്കും അവള്‍ ആദ്യം കണ്ട നമ്പറില്‍ വിളിച്ചു കഴിഞ്ഞു..

ഗുരുവും ശിഷ്യനും കണ്ണ് തള്ളി നില്‍ക്കെ അവള്‍ ഫോണില്‍ സംസാരം തുടങ്ങി.

"ഞാന്‍ രജനി അല്ല " എന്നാണ് പിന്നെ കേട്ടത്.

ഞാനും കൊച്ചു സായിപ്പും വീണ്ടും കണ്ണില്‍ കണ്ണില്‍ നോക്കി.

"ആഹാ.. ഇവള്‍ ആള് കൊള്ളാലോ? ", അപ്പൊ ഫോണ്‍ ഉടമയുടെ പേര് "രജനി" എന്നിലെ ഷെര്‍ലക് ഹോംസ് വീണ്ടും സ്വകാര്യം പറഞ്ഞു.

" ആട്ടെ, ഈ ഫോണിന്റെ ഉടമ രജനിയുടെ ഡീറ്റെയില്‍സ് പറയൂ " എന്നാണു കണ്മണിയുടെ അടുത്ത മൊഴി.

അപ്പുറത്ത് ഫോണ്‍ എടുത്ത ആള്‍ ഇപ്പോള്‍ ഞെട്ടിയിട്ടുണ്ടാവും എന്ന് ഞാനുറപ്പിച്ചു.

എന്തിനു പറയുന്നു...
രണ്ട് സെക്കന്റിനുള്ളില്‍ അവള്‍ താങ്ക്‌സ് പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് ഞങ്ങളെ ഒന്നിരുത്തി നോക്കി.
"പ്രോബ്ലം സോള്‍വ്ഡ് ".

പിന്നെ ഉടമയുടെ ഫുള്‍ പേരും, ഗ്രൂപ്പും ഇങ്ങോട്ടു പറഞ്ഞു തന്നു.

"ഓ, ഈ രജനിയെ എനിക്കറിയാം", അല്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു.
"ഞാന്‍ ഇപ്പോ തന്നെ വിളിക്കട്ടെ ". ഞാന്‍ എന്റെ ഓഫീസ് മൊബൈലില്‍ രജനിയുടെ ഡെസ്ക് ഫോണ്‍ നമ്പര്‍ തപ്പി.

"ആഹാ.. എന്നിട്ടാണോ, നല്ല കാര്യമായി ", അവള്‍ ഒന്നാക്കി ചിരിച്ചു.

" അല്ല. ഞാന്‍ സെക്യൂരിറ്റിയെ.... സുരക്ഷാ പോളിസി... " ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു

"ഓ.. അത് ശരി... എന്താ സാറേ.. ട്രെയിനിങ് ഒക്കെ ശരി.. പക്ഷേ നമ്മക്ക് സിറ്റുവേഷന്‍ ജഡ്ജ് ചെയ്യാലോ.. എനി വേ.. ഞാന്‍ പോട്ടെ,, ബൈ "

"നിങ്ങളെയൊക്കെ എന്തിനു കൊള്ളാം.."
എന്നൊരു നോട്ടത്തില്‍ കൂടെ പറയാതെ പറഞ്ഞ് അവള്‍ നല്ല സ്‌റ്റൈലില്‍ നടന്നു പോയി !

"താങ്ക് യു ", ഞാനിപ്പോഴും ഓര്‍ക്കാപ്പുറത്തു കിട്ടിയ ചമ്മലില്‍ നിന്ന് മോചിതനാകാന്‍ ശ്രമിക്കികയാണ്.

കൊച്ചു സായിപ്പിന് ചിരി സഹിക്കാനായില്ല. അയാള്‍ ഉറക്കെ ഉറക്കെ ചിരിച്ചു.

അല്‍പ്പ നേരം ഇളിഭ്യനായി നിന്ന ഞാന്‍..ക്രമേണ അയാളോടൊപ്പം ചിരിയില്‍ പങ്കു ചേര്‍ന്നു !
അല്ലാണ്ടെന്തു ചെയ്യാന്‍ ?!!!

മനുഷ്യന് കിട്ടുന്ന ഓരോ പണികള്‍ !
കമ്പനീടെ സുരക്ഷാ ട്രെയിനിങ്..പോളിസി !
മണ്ണാങ്കട്ട !

അയ്യോ.. ഫോണില്‍ രണ്ട് മണിക്ക് വെറും എട്ടു മിനിറ്റ് കൂടി.
ഇനിയിപ്പോ ഭക്ഷണം വിഴുങ്ങണം.

ഞാന്‍ പയ്യനോട് ബൈ പറഞ്ഞെന്നു വരുത്തി ഓഫീസ് റൂമിലോട്ടോടി..

***ശുഭം ****
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക