അല്‍ഷിമേഴ്‌സ് എന്ന മറവി രോഗത്തിലേക്കുള്ള മനസ്സിന്‍റെ ദുസ്സഹമായ യാത്രയില്‍, ആ രോഗിയുടെ അസ്വസ്ഥമാകുന്ന ചിന്തകളെ ഞാനൊന്നു സങ്കല്‍പ്പിച്ചു നോക്കിയതാണ് ഈ കവിത.ഒരു ചെറിയ മറവിപോലും നമ്മുടെയൊക്കെ മനസ്സുകളെ എത്രമാത്രം അസ്വസ്ഥമാക്കാറുണ്ട്,അപ്പോള്‍ ഇത്തരം രോഗികള്‍ പൂര്‍ണമായും ഓര്‍മ നശിക്കുന്നതുവരെ അവര്‍
നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും,,അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടെയുള്ളവരുടെ സ്‌നേഹപരിചരണം കൂടിയേ തീരൂ....
ചിത്തത്തെയസ്വസ്ഥമാക്കിയീ
മറവിയെന്നോര്‍മ്മകളെരിച്ചിടുന്നല്ലോ...
സ്മരണകളിലോരോന്നു തപ്പിയെടുത്തു
കൊണ്ടോരത്തു വക്കുമ്പൊഴേക്കും,
അകമേ നിലാവുപെയ്യിച്ചിരുന്നോര്‍
മ്മകളിലേറെയും ചാരമായ് പോയി..
മറവിയിലെരിഞ്ഞിടും സ്മരണകളി
ലാദ്യമെന്‍ ഭൂതകാലം ഭസ്മമായി..
ഇനിയും പിറക്കാത്ത ഭാവിയൊരു
ഭീതിയായ് സ്വസ്ഥത ഹനിച്ചിടുന്നിന്നേ...
കേള്‍വികളൊരവ്യക്ത ശബ്ദമായ്
മാത്രമീ കാതുകളിലൂടൊഴുകിമറയാം...
കണ്മുന്നില്‍ മിന്നിമറയുന്ന ചലനങ്ങളായ്
കാഴ്ച്ചകളുമിനിയര്‍ത്ഥശൂന്യം...
സ്വപ്നം പിറക്കാത്ത,ഭാവനകളുണരാത്ത
സ്മൃതിശൂന്യമനമൊരു സ്മശാനം...
സ്മരണതന്‍ ചിതയെരിഞ്ഞുയരുന്ന
വെണ്ണീറു ഗന്ധം പരത്തും സ്മശാനം...
ഒരുപകുതിയാമെന്‍റെയിണയുമെന്‍
തനയരും ചിന്തകളില്‍നിന്നു മറയുന്നു...
ആയുസ്സിലിന്നോളമാര്‍ജിച്ചതൊക്കെയൊരു
നിമിഷ വേഗം കൊണ്ടൊഴിഞ്ഞു...
മതിയെനിക്കീഭുവനവാസമെന്‍ വിഭുവേ
ഭയമുള്ളിലേറിടുന്നല്ലോ...
മൃത്യുവൊരനര്‍ത്ഥമല്ലാശ്വാസമിനിയുമീ
വിസ്മൃതിയിലലയുവതിനേക്കാള്‍...
when I am deaf, don't yell at me
when I am blind, don't dance in front of me
when I am motionless don't massage me
don't preach to me if you think I am wrong
go away, I am in the trance of solitude within me.
I am the immobile Siva-ling; the universe within