Image

ജോസ്പ്രകാശും സൈക്കോയും കോമ്പാറമുക്കിലെ എഗ്രിമെന്റും(ഓര്‍മ്മക്കുറിപ്പ്) -പി.ടി. പൗലോസ്

പി.ടി. പൗലോസ് Published on 23 March, 2018
ജോസ്പ്രകാശും സൈക്കോയും  കോമ്പാറമുക്കിലെ എഗ്രിമെന്റും(ഓര്‍മ്മക്കുറിപ്പ്) -പി.ടി. പൗലോസ്
അഭിനയകലയിലെ ചടുലപ്രതിഭ, മലയാള സിനിമയുടെ സുവര്‍ണകാലത്ത് നിറഞ്ഞുനിന്ന പ്രതിനായക വ്യക്തിത്വം, വിഭജന കാലത്ത് സൈന്യത്തിലായിരുന്നപ്പോള്‍ മഹാത്മാഗാന്ധിയുടെ അംഗരക്ഷകന്‍ സാക്ഷാല്‍ ജോസ്പ്രകാശ് എന്ന അനുഗ്രഹീത കലാകാരന്‍ വിട പറഞ്ഞിട്ട് മാര്‍ച്ച് ഇരുപത്തിനാലിന് ആറു വര്‍ഷം തികയുകയാണ്. കോട്ടയംകാരന്‍ കെ. ബേബി ജോസഫ് എന്ന വിമുക്ത ഭടന്റെ ഉള്ളില്‍ ഒരു കലാകാരന്‍ ഒളിച്ചിരിപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്ന എക്കാലത്തെയും സര്‍വ്വകലാവല്ലഭനാണ്. പല സിനിമകളിലും അഭിനയിച്ചെങ്കിലും നാടകാഭിനയവും ഗാനാലാപനവുമായി കലാരംഗത്തു നിലയുറപ്പിക്കുവാന്‍ ശ്രമിച്ച ബേബി ജോസഫിന് ജോസ്പ്രകാശ് എന്ന പേര് നല്‍കി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് തിക്കുറിശ്ശിയാണ്. അക്കാലത്തു 1963 ല്‍ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. സുബ്രമണ്യം മുട്ടത്തു വര്‍ക്കിയുടെ തിരക്കഥയില്‍ സ്‌നാപകയോഹന്നാന്‍ സിനിമയാക്കുന്നു. ടൈറ്റില്‍ റോളില്‍ സ്‌നാപകയോഹന്നാന്‍ ആയി സുബ്രമണ്യം സ്വാമിയോട് തിക്കുറിശ്ശി നിര്‍ദേശിച്ചത് ജോസ്പ്രകാശിനെയാണ്. സ്വാമി അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ സിനിമയില്‍ ജോസ്പ്രകാശ് സ്‌നാപകയോഹന്നാന്‍ എന്ന നായക കഥാപാത്രമായി തിളങ്ങി. പ്രേംനസീര്‍, തിക്കുറിശ്ശി, എസ്. പി. പിളള, മിസ്സ്‌കുമാരി , അടൂര്‍ പങ്കജം എല്ലാം സഹനടീനടന്മാര്‍. സ്‌നാപകയോഹന്നാന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു പണം വാരിയെങ്കിലും ജോസ്പ്രകാശിന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായില്ല. പ്രതിസന്ധികളില്‍ തളരാതെ ആത്മധൈര്യവും കലക്ക് വേണ്ടിയുള്ള സ്വയം സമര്‍പ്പണവും കൊണ്ട് മുന്നൂറില്പരം സിനിമകളിലൂടെ ജോസ്പ്രകാശ്  മലയാളികളുടെ അനശ്വരകാലാകാരനായി. 

ഒരു നാടക സിനിമ നടനല്ലാത്ത ജോസ്പ്രകാശ് എന്ന പച്ച മനുഷ്യന്റെ ഹ്രദയവിശാലതയാണ് ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അറുപതുകളുടെ പകുതിയില്‍ നാടകഭ്രാന്തും ജീവിതമാര്‍ഗത്തിന് ഒരു ട്യൂട്ടോറിയല്‍ കോളേജുമായി കൂത്താട്ടുകുളത്തു കഴിഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്. കഌസ്സില്ലാത്ത ഒരു ദിവസം ഞാന്‍ ഓഫീസിലിരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത് അയാളുടെ സുഹൃത്തായ ജോസ്പ്രകാശുമായി എന്റെ ഓഫീസില്‍ വന്നു. ജോസ്പ്രകാശ് എന്ന സിനിമ നടനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടു. സ്‌നാപകയോഹന്നാന്‍ ഞാന്‍ രണ്ടു പ്രാവശ്യം കണ്ടതുകൊണ്ട് അല്പം ആരാധനയും കൂടി. ഞങ്ങളുടെ ട്യൂട്ടോറിയല്‍ കോളേജിന്റെ പരിതാപകരമായ അവസ്ഥയും സയന്‍സ് വിഷയങ്ങള്‍ക്ക് ഒരു ലാബ് ഇല്ലാത്തതിനാല്‍ കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം പൊതുവായി സംസാരിക്കുന്നതിനിടയില്‍ ഒരു ജാഡയുമില്ലാതെ ഞാന്‍ പറഞ്ഞു. അപ്പോള്‍ ജോസ്പ്രകാശ് ഒരു നിര്‍ദേശം വച്ചു. കോളേജ് ലാബിന്റെ ധനശേഖരണാര്‍ത്ഥം ഒരു നാടകം നടത്താം . നാടകഭ്രാന്തനായ ഞാന്‍ സമ്മതിക്കുകയും ചെയ്തു. ജോസ്പ്രകാശിന് അന്ന് കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പുണ്ട്. ''സൈക്കോ'' എന്ന പോലീസ് കഥയാണ് ആ വര്‍ഷത്തെ നാടകം. അദ്ദേഹം കഥ പറഞ്ഞു. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. നാടകാവതരണത്തിന് എഴുന്നൂറ്റന്പത് രൂപ കൊടുക്കണം. ടിക്കറ്റ് വച്ച് നടത്തുമ്പോള്‍ കുറെ ലാഭമുണ്ടാക്കാം എന്ന് കണക്കുകൂട്ടി. നാടകം ബുക്ക് ചെയ്യാന്‍ പിറ്റേദിവസം എറണാകുളത്തു വച്ച് കാണാമെന്ന ഉറപ്പോടെ ഞങ്ങള്‍ പിരിഞ്ഞു.

എറണാകുളത്തെ കോബാറമുക്ക് കള്ളുഷാപ്പ് തെങ്ങിന്‍കള്ളിനും കരിമീന്‍കറിക്കും അന്ന് പ്രസിദ്ധമാണ്.  ഞാനും എന്റെ ഒരു സുഹൃത്തും ജോസ്പ്രകാശും അവിടെയാണ് സമ്മേളിച്ചത് .  നുരഞ്ഞു പൊങ്ങുന്ന തെങ്ങിന്‍കള്ളിന്റെ ലഹരിയില്‍ പൊള്ളിച്ച കരിമീനിന്റെ രുചിയില്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുക ആയിരുന്നു. ആകാശത്തിനു കീഴെയുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ നാടക ബുക്കിങ് വൈകുന്നേരം നാലുമണി വരെ നീണ്ടു. ഷാപ്പിലെ പറ്റ് ഞാന്‍ തീര്‍ത്തതുകൊണ്ടു നാടകത്തിന് അഡ്വാന്‍സ് കൊടുക്കാന്‍ പറ്റിയില്ല. എന്നാല്‍ നാടകത്തുക ഞങ്ങളോടുള്ള പ്രത്യേക പരിഗണനയില്‍ അഞ്ഞൂറുരൂപയാക്കി കുറച്ചു തന്നു.

നാടക ദിവസമെത്തി. നല്ല പബ്ലിസിറ്റി കൊടുത്തതുകൊണ്ടും കോളേജ് ലാബിന്റെ ധനശേഖരണാര്ഥമായതുകൊണ്ടും തിയേറ്റര്‍ ഹാള്‍ ഹൗസ് ഫുള്‍ ആയിരുന്നു. ഞങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം കൊണ്ടാകണം നാടകത്തിനു മുന്‍പ് പണമാവശ്യപ്പെട്ടില്ല. നാടകം വന്‍വിജയം. ജോസ്പ്രകാശും കോട്ടയം നാരായണനും ശ്രീമൂലനഗരം വിജയനും നടി സുജാതയുമെല്ലാം തകര്‍ത്തഭിനയിച്ചു . കോളേജിലെ കുട്ടികളെ ആണ് ടിക്കറ്റ് കൗണ്ടറില്‍ ഇരുത്തിയത്. നാടകം തുടങ്ങിയപ്പോള്‍ മുഴുവന്‍ കളക്ഷനുമായി കുട്ടികള്‍ സ്ഥലം വിട്ടു. ട്രൂപ്പ് മാനേജര്‍ നാടകം കഴിഞ്ഞ് എന്നോട് പണമാവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ ഒന്നുമില്ല. എന്റെ നിസ്സഹായത കണ്ട് ജോസ്പ്രകാശ് നാടക വാനുമായി സ്ഥലം വിട്ടു. കാരണം എന്നെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തില്‍ കൂടിയാണല്ലോ.

കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ടെസ്റ്റ് ട്യൂബുകളും വീട്ടില്‍ റബ്ബര്‍ പാല്‍ പ്രോസസ്സ് ചെയ്‌യാന്‍ വച്ചിരുന്ന സള്‍ഫൂരിക്ക് ആസിഡും വടകര കത്തോലിക്കാ പള്ളി ശവക്കോട്ടയിലെ അസ്ഥിക്കുഴിയില്‍ നിന്നും വികാരിയച്ഛനറിയാതെ പാതിരാത്രിയില്‍ ഞങ്ങള്‍ മോഷ്ടിച്ച മനുഷ്യന്റെ തലയോട്ടികളും തുടയെല്ലുകളും കൊണ്ട് രണ്ടു ദിവസത്തിനകം സയന്‍സ് ലാബ് ഞങ്ങള്‍ ഉല്‍ഘാടനം ചെയ്തു.

പിന്നീട് ജോസ്പ്രകാശ് സിനിമയില്‍ തെരക്കായപ്പോള്‍ ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. 2005 ല്‍ ഞാന്‍ എറണാകുളത്തു ജോലി ചെയ്യുമ്പോഴാണ് അറിയുന്നത് അദ്ദേഹം പ്രമേഹ രോഗിയായി വലതു കാല്‍ മുറിച്ചു മകന്റെ വീട്ടില്‍ ആണെന്ന്. ഞാന്‍ വളഞ്ഞമ്പലത്തു ചിറ്റൂര്‍ റോഡിലുള്ള പ്രകാശ് ഭവനില്‍ എത്തി. നാല്‍പ്പത് വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ലെങ്കിലും കൂത്താട്ടുകുളത്തെ സൈക്കോ നാടകാവതരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ എന്നെ അദ്ദേഹത്തിന്റെ കട്ടിലില്‍ പിടിച്ചിരുത്തി. അപ്പോള്‍ മകന്റെ ഭാര്യ രണ്ടു കപ്പു ചായയുമായി എത്തി. പിന്നീടാണ് ഞാന്‍ കോബാറമുക്ക് കള്ളുഷാപ്പിലെ എഗ്രിമെന്റിന്റെ കഥ പറയാന്‍ തുടങ്ങിയത്. കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം ഗതകാലങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തി. അവസാനകാലത്തു ഇതുപോലുള്ള കഥകള്‍ പറയുവാന്‍ സുഹൃത്തുക്കള്‍ എത്തുന്നില്ലല്ലോ എന്ന് പറഞ്ഞ് വിഷാദത്തോടെ എന്നോട് യാത്ര പറയുമ്പോള്‍ എന്റെ ഉള്ള് നിറഞ്ഞു  ഒരു നല്ല ദിവസം ഈ വലിയ മനുഷ്യന് കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്ത്തിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക