Image

വിശുദ്ധവാരത്തിന്റെ വെല്ലുവിളി (ഡി. ബാബു പോള്‍)

Published on 23 March, 2018
വിശുദ്ധവാരത്തിന്റെ വെല്ലുവിളി (ഡി. ബാബു പോള്‍)
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്ത്, അന്ന് ഒരു വസന്തകാലത്ത് ഏതാണ്ട് ഒരേ സമയത്ത് രണ്ട് ഘോഷയാത്രകള്‍ യഹൂദതലസ്ഥാനമായ യെരുശലേമില്‍ പ്രവേശിച്ചു. പെസഹാപ്പെരുന്നാള്‍ പ്രമാണിച്ച് യെരുശലേം ജനനിബിഡമാവുകയും കലഹസാധ്യത വര്‍ദ്ധിച്ചിരിക്കുകയും ചെയ്യുമ്പോള്‍ വലിയ ഹേരോദിന്റെ കൊട്ടാരത്തില്‍ താമസിച്ചുകൊണ്ട് നിയമസമാധാനപാലനം നിര്‍വ്വഹിക്കുവാന്‍ എഴുന്നെള്ളുന്ന റോമന്‍ ഗവര്‍ണര്‍ പൊന്തിയോസ് പീലാത്തോസ് പടിഞ്ഞാറു നിന്ന് അശ്വാരൂഢരായ ആയുധപാണികളോടെ. നഗരത്തിന്റെ കിഴക്കുനിന്ന് കുരുത്തോലകള്‍ വീശി ഓശാന പാടുന്ന കര്‍ഷകജനതയെ നയിച്ചുകൊണ്ട് കഴുതപ്പുറത്ത് ഒരു സമാധാനപ്രഭു, യേശുക്രിസ്തു. സാമ്രാജ്യവും ദൈവരാജ്യവും അധീശതയും മനുഷ്യാവകാശവും.

പഴയനിയമത്തില്‍ കാണുന്ന ഒരു പ്രവാചകനാണ് സഖറിയ. ഓശാനയുടെ വിവരണത്തില്‍ മത്തായി ഉദ്ധരിക്കുന്ന പ്രവാചകവാക്യത്തിന് ഉദ്ധരിക്കാത്ത ഒരു തുടര്‍ച്ചയുണ്ട്, ഇങ്ങനെ: “ഞാന്‍ ഏഫ്രയിമില്‍ നിന്ന് രഥത്തെയും യെരുശലേമില്‍ നിന്ന് കുതിരയെയും ഛേദിച്ചുകളയുംച പടവില്ലും ഒടിഞ്ഞുപോകും. അവന്‍ ജാതികളോട് സമാധാനം കല്പിക്കും”. സമാധാനമാണ് സന്ദേശം. യേശു നയിച്ച ഈ ‘കര്‍ഷകറാലി’യുടെ സാംഗത്യം തെളിയണമെങ്കില്‍ അത് അരങ്ങേറിയ നഗരത്തിലെ അവസ്ഥ അറിയേണ്ടതുണ്ട്.

യേശു ജനിച്ച കാലത്ത് യഹൂദന്മാരുടെ തലസ്ഥാനവും പുണ്യഭൂമിയുമെന്ന നിലയില്‍ യെരുശലേം ആയിരത്തിലേറെ സംവത്സരങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരുന്നു. ദാവീദാണ് യെരുശലേം ആസ്ഥാനമാക്കിയത്. തന്റെ മുന്‍ഗാമിയുടെയോ തന്റെയോ ഗോത്രഭൂമിയിലാകരുത് ആസ്ഥാനം എന്ന ഭരണതന്ത്രജ്ഞത ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിക്കാം എന്ന് ‘വേദശബ്ദരത്‌നാകരം’ ഊഹിച്ചിട്ടുണ്ട്. ദാവീദും മകന്‍ ശലോമോനുമാണ് അവിടെനിന്ന് അവിഭക്ത ഇസ്രായേലിനെ ഭരിച്ചത്. അറിവിലും വിദേശബന്ധങ്ങളിലുമൊക്കെ മുന്നില്‍ ശലോമോന്‍ ആയിരുന്നെങ്കിലും സൂര്യവംശത്തില്‍ ശ്രീരാമന്‍ എന്ന കണക്കെ യഹൂദചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് ദാവീദാണ്. അതുകൊണ്ടാണ് രാജ്യം വിഭജിക്കപ്പെടുകയും പ്രതാപം അസ്തമിക്കുകയും അന്യര്‍ അവകാശത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത കാലത്ത് വിമോചകനായി അവതരിക്കാനുള്ളവനെ ദാവീദുപുത്രന്‍ എന്ന് സമൂഹം വിളിച്ചത്.

ശലോമോന്‍ പണികഴിപ്പിച്ച ദേവാലയം യഹൂദവേദശാസ്ത്രത്തില്‍ ‘ഭൂമിയുടെ നാഭി’യായി: ഈശ്വരനും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പ്രതീകം. യഹൂദന്മാരുടേതാണ് ദേവാലയമെങ്കിലും വിജാതീയരും വിദേശീയരും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഇടവുമായിരുന്നു അത്. ജ്ഞാനിയായ ശലോമോന്റെ ഭാവനയില്‍. സര്‍വ്വവ്യാപിയായ ഈശ്വരന്റെ സവിശേഷ സാന്നിദ്ധ്യം സകലരും അനുഭവിച്ചറിയുന്ന സ്ഥലമായി യരുശലേം ദേവാലയം വാഴ്ത്തപ്പെട്ടു. ഈശ്വരസാന്നിദ്ധ്യം മാത്രമല്ല ഈശ്വരന്റെ കൃപയും ദാക്ഷിണ്യവും ലഭിക്കുന്ന സ്ഥാനവുമായി ബലി അര്‍പ്പിക്കപ്പെടുന്ന ദേവാലയം. ആരോഹണഗീതങ്ങള്‍ എന്നറിയപ്പെടുന്ന പതിനഞ്ച് സങ്കീര്‍ത്തനങ്ങളുണ്ട് ബൈബിളില്‍. അവ ഓരോന്നും യരുശലേമിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

എന്നാല്‍ യരുശലേം ദൈവത്തിന്റെ പട്ടണം മാത്രം ആയിരുന്നില്ല. ശലോമോന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ അത് ഒരു അധീശതാവ്യവസ്ഥിതിയുടെ കേന്ദ്രം കൂടെയായി. അധീശതാവ്യവസ്ഥിതി എന്ന പ്രയോഗം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രാചീനകാലത്തെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നു ഈ പദപ്രയോഗം. അതിന് മൂന്ന് സവിശേഷതകള്‍ കാണാം. ഒന്ന്: രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍. സാധാരണക്കാരന് ഒന്നിലും ഒരു അധികാരവും ഉണ്ടായിരുന്നില്ല. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, അവരോടൊട്ടിനിന്നവര്‍- ഇങ്ങനെ കുറെപ്പേര്‍ ഏറെപ്പേര്‍ക്ക് മേല്‍ കര്‍തൃത്വം നടത്തി. രണ്ട്: സാമ്പത്തികചൂഷണം. വ്യവസായപൂര്‍വയുഗത്തില്‍ സമ്പത്തിന്റെ സ്രോതസ്സ് കൃഷിയായിരുന്നു. അതിന്റെ മൂന്നില്‍ രണ്ടു ഭാഗം അധീശവര്‍ഗത്തിന്റെ കൈകളിലെത്തിച്ചേരുമെന്നുറപ്പിക്കുന്നതായിരുന്നു അവരുണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളും. ഭൂമിയുടെ ഉടമ ഈശ്വരനാണ് എന്നതാണ് ബൈബിളിലെ അടിസ്ഥാന സങ്കല്പം. ഫലത്തില്‍ അത് മാറ്റിമറിക്കപ്പെട്ടു. കടം കയറിയപ്പോള്‍ കര്‍ഷകന്‍ കര്‍ഷകത്തൊഴിലാളിയായി. കര്‍ഷകത്തൊഴിലാളി പിന്നെ അടിമയായി. മൂന്ന്: മതപരമായ അംഗീകാരം ഈ ചൂഷങ്ങള്‍ക്ക് കിട്ടി. രാജാധികാരം ദൈവദത്തം. രാജാവ് ദൈവപുത്രന്‍. സാമൂഹിക വ്യവസ്ഥിതി ദൈവികനിയമം. പഴയനിയമത്തിലെ ഉല്‍പതിഷ്ണുക്കളായ പ്രവചാകര്‍ ഈ അവസ്ഥയൊക്കെ വെല്ലുവിളിച്ചുവെന്നതാണ് ശരി. എങ്കിലും പൊതുവേ അധീശതാവ്യവസ്ഥിതിയിലെ അന്യായങ്ങള്‍ക്ക് നിയമസാധുത നല്‍കുകയാണ് മതങ്ങള്‍ ചെയ്തിരുന്നത്.

മനുസ്മൃതി ഓര്‍മ്മ വരുന്നു. അതായത് യഹൂദമതത്തിലോ പലസ്തീന്‍ നാട്ടിലോ മാത്രം സംഭവിച്ച അപഭ്രംശം ആയിരുന്നില്ല ഇതൊന്നും. മനുഷ്യസംസ്ക്കാരത്തിന്റെ അയ്യായിരം കൊല്ലത്തെ ചരിത്രത്തിന്റെ തുടര്‍ച്ചയെന്നേ പറയാനാവൂ. എന്നാല്‍ റോം അര്‍ക്കലാവോസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണം ഏറ്റെടുത്തതോടെ ഈ അധീശതാവ്യവസ്ഥിതിയുടെ ആധാരശിലയായി യരുശലേം ദേവാലയവും മഹാപുരോഹിതസമൂഹവും മാറി. അതിനെതിരെയാണ് യേശു പടനയിച്ചത്.

യരുശലേം ഉള്‍പ്പെടുന്ന പലസ്തീന്‍ നാട് റോമാഭരണത്തിലായപ്പോള്‍ കൃഷിയുടെ സ്വഭാവവും മാറി. ഭക്ഷ്യവിളകളെക്കാള്‍ കൂടുതല്‍ ഒലീവ്, അത്തി, ഈന്തപ്പഴം തുടങ്ങിയ ‘വാണിജ്യ’വിളകളായി. വാണിജ്യവിളയ്ക്ക് കൂടുതല്‍ മൂലധനം വേണം. പഴയ കര്‍ഷകര്‍ പലരും പുറത്തായി. മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എന്നാണ് അധീശവര്‍ഗ്ഗത്തെക്കുറിച്ച് പുതിയ നിയമത്തിലെ ആദ്യരചനയുടെ കര്‍ത്താവായ മര്‍ക്കോസ് പറയുന്നത്. ശാസ്ത്രിമാര്‍ അറിവുള്ളവരായിരുന്നു. രായസവും രേഖകളും അവര്‍ സൂക്ഷിച്ചു.

ഈ കര്‍ഷക ചൂഷണത്തോടൊപ്പം നികുതി പിരിവിന്റെ കേന്ദ്രമായും യരുശലേം നിലകൊണ്ടു. പെരുന്നാളിന് രണ്ടുരണ്ടര ലക്ഷം ജനം ഒത്തുചേരുന്ന നഗരത്തിലെ നാല്‍പ്പതിനായിരം സ്ഥിരവാസക്കാര്‍ ധനികരായിരുന്നു. അവരൊക്കെ വ്യക്തിപരമായി അഴിമതിക്കാരോ ക്രൂരന്മാരോ ആയിരുന്നുവെന്നല്ല. നന്മ നിറഞ്ഞവരും വിശ്വസ്തരും ആയിരുന്ന വ്യക്തികളും ഈ അധീശതാവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിരുന്നു. അറിഞ്ഞും ചിലരെങ്കിലും അറിയാതെയും എന്നു മാത്രം.

റോമിന് വേണ്ടത് സമാധാനം ആയിരുന്നു. വിപ്ലവവും കലഹവും ഒഴിവാക്കുമെങ്കില്‍ മാത്രമാണ് യഹൂദസമൂഹത്തിലെ അധികാരികളെ അവര്‍ക്ക് വേണ്ടിയിരുന്നത്. ‘ജനത്തിനു വേണ്ടി ഒരുവന്‍ മരിക്കുന്നത് കൊള്ളാം’ എന്ന് കയ്യാഫാസ് പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്. “അവനെ ഇങ്ങനെ വിട്ടേച്ചാല്‍ ജനം അവനെ വിശ്വസിക്കും. റോമാക്കാര്‍ നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുക്കുകയും ചെയ്യും” എന്നാണ് തൊട്ടുമുമ്പ് കാണുന്ന ഭയം.

യേശു യെരുശലേം ഒഴികെ ഒരു മഹാനഗരവും സന്ദര്‍ശിച്ചില്ല. നാട്ടിന്‍പുറങ്ങളിലും കഫര്‍നാഹും പോലുള്ള ചെറിയ പട്ടണങ്ങളിലും അല്ലാതെ ടൈബീരിയസിലോ സെഫോറിസിലോ നാം അവനെ കാണുന്നില്ല. സ്വാഭാവികമായും ആദ്യകൃതിയായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഗലീലയില്‍ നിന്ന് യെരുശലേമിലേക്കുള്ള ഒരു നവോത്ഥാനമാര്‍ച്ച് ആണ് യേശുവിന്റെ പരസ്യശുശ്രൂഷയുടെ കാതല്‍. യേശുവിനെ പിന്‍ചെല്ലുന്നവര്‍ അവന്റെ പിറകെ ചെല്ലണം. ദിനംതോറും സ്വന്തം കുരിശ് വഹിച്ചുകൊണ്ട് സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ ചിത്രം രചിക്കണം. ആ യാത്ര അവസാനിക്കുക യെരുശലേമിലാണ്. യെരുശലേം അധീശവര്‍ഗവുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള സ്ഥലമാണ്. ആ ഏറ്റുമുട്ടല്‍ കുരിശുമരണത്തിലേക്ക് നയിക്കും. ആ കുരിശുമരണം പുനരുത്ഥാനത്തിന്റെ പാത ഒരുക്കുന്ന മരണമാണ്.

അടിസ്ഥാനചിന്ത സഹനത്തിലൂടെ വിജയം എന്നതാണ്. ഫിലിപ്പിന്റെ കൈസറിയയില്‍ ശിഷ്യന്മാരില്‍ ഒന്നാമനായ പത്രോസ് വിശ്വാസം ഏറ്റു പറഞ്ഞപ്പോള്‍ത്തന്നെ തുടങ്ങിയതാണ് ഈ ഗുരുചിന്തയുടെ ലളിതമായ വിശദീകരണം. മൂന്ന് പ്രധാനഘടകങ്ങള്‍. ഒന്ന്, ഉപരി സൂചിപ്പിച്ച സമ്പൂര്‍ണ്ണസമര്‍പ്പണം. ക്രൂശിലേറാനുള്ളവന്‍ ക്രൂശു വഹിച്ചുകൊണ്ട് ശതാധിപന്റെ പിറകെ ഇടംവലം നോക്കാതെ നടക്കേണ്ടവനാണ്. ആ ശതാധിപന്റെ സ്ഥാനത്താണ് സര്‍വ്വാധപനായ ഈശ്വരന്‍. ഒരുവന്‍ ഈശ്വരന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ഈശ്വരനൊഴികെ മറ്റൊന്നും അവന്റെ യാത്രയെ നിയന്ത്രിച്ചുകൂടാ. രണ്ടാമത്, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകണം എന്നു യേശു പറഞ്ഞു. മൂന്നാമത്, അധീശതയല്ല, ദൈവരാജ്യത്തിന്റെ അടയാളം. ‘ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍തൃത്വം ചെയ്യുന്നു... അധികാരം നടത്തുന്നു... നിങ്ങളുടെ ഇടയില്‍ അങ്ങനെ ആകരുത്’. ഒരു പുതിയ വ്യവസ്ഥിതിക്കുള്ള ആഹ്വാനമാണ് ഇവിടെ കാണേണ്ടത്. ദേവാലയത്തിലെ ബലികളെയും മഹാപുരോഹിതന്മാരെയും യേശു എതിര്‍ത്തത് ഒന്നാം നൂറ്റാണ്ടിലെ അധീശതാവ്യവസ്ഥിതിയുടെ പ്രതീകങ്ങള്‍ എന്ന നിലയിലാണ്. അന്ന് പീലാത്തോസിന്റെ പരേഡ് കണ്ട് ‘കൊടിയേറ്റ’ത്തിലെ ഗോപിയെപ്പോലെ ‘ഹൗ എന്തൊരു സ്പീഡ്’ എന്ന് പറഞ്ഞവര്‍ എല്ലാം ചീത്ത മനുഷ്യരായിരുന്നില്ല. എങ്കിലും അന്തിമവിജയത്തിലേക്ക് നയിക്കുന്നത് ഓശാനയുടെ കഴുതയാണ്, സാമ്രാജ്യത്തിന്റെ കുതിരയല്ല എന്ന് അവര്‍ അറിഞ്ഞില്ല. വിശുദ്ധവാരത്തിന്റെ വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത് ഇവിടെയാണ്.

***********
Join WhatsApp News
Zacharias Nedumkanal FB post 2018-03-23 10:18:57

ഒരഞ്ചു മിനിറ്റ് തനിയെ കുത്തിയിരുന്ന് വിലയിരുത്തിയാൽ ഏത് വിശ്വാസിക്കും മനസ്സിലാകും പള്ളിയിൽ കേൾക്കുന്നതും വൈദികർ കളിച്ചുവയ്ക്കുന്നവയും ജീവിതത്തിന് ഒരർത്ഥവും നൽകുന്നവയോ മനസ്സിന് സമാധാനം തരുന്നവയോ അല്ലെന്ന്. എന്നിട്ടും എത്ര സമയമാണ് പള്ളിക്കും പട്ടക്കാരനും അയാൾ ഇഷ്ടം പോലെ വ്യാഖ്യാനിക്കുന്ന ഒരു പഴമ്പുസ്തകത്തിനും ചുറ്റും മനുഷ്യർ ചെലവാക്കുന്നത്! ഇതൊന്നുമില്ലാതെ സർവസ്വതന്ത്രനായി, സ്വസ്ഥമായി ജീവിക്കാനാവുമെന്നതിന് എനിക്കു ചൂണ്ടിക്കാണിക്കാനുള്ള ഏറ്റവും നല്ല ഉദാഹരണം ഞാൻ തന്നെയാണ്. മേല്പ്പറഞ്ഞവയുമായി എനിക്കൊരു ബന്ധവുമില്ലാതായിട്ട് പത്തുനാപ്പത്തഞ്ചു കൊല്ലമായി.
മനസ്സമാധാനത്തിനോ ദൈവാനുഗ്രഹത്തിനോ ഒരു കുറവും വന്നിട്ടില്ല. ഓരോ നിമിഷവും ദൈവാവബോധത്തിലും പ്രകൃതിയോട് വാത്സല്യത്തോടെ ഇണങ്ങിയും ജീവിക്കുന്നു. എനിക്കിഷ്ടമുള്ളത് - വായന, എഴുത്ത്, പറമ്പിൽ പണി - ചെയ്യുന്നു. എന്നാലാകുന്ന നന്മ എന്നോടിടപെടാനിടവരുന്നവർക്ക് ചെയ്യുന്നു. ഉളളതൊന്നും വിട്ടുപോകാൻ എനിക്കശേഷം മടിയില്ല. ഏതു സമയത്തും മരണം ഏറ്റുവാങ്ങാൻ തയ്യാർ.

എങ്കിൽ പിന്നെ ഈ പള്ളികളും അവിടത്തെ പൂജകളും എന്തിനുവേണ്ടി എന്ന എന്റെ എളിയ ചോദ്യത്തിന് ഒരുത്തരം ആരുടെ പക്കലാണുള്ളത് ?

Mathew V. Zacharia .(Former N Y State School Board Member (1999-2002) 2018-03-23 10:31:36
JERUSALEM: worthwhile to read. " Pray for the peace of Jerusalem: "May they prosper who love you. " Psalm 122:6. Our embassy is going to be in Jerusalem.
Mathew V. Zacharia. New Yorker of USA. 
JOHN 2018-03-23 14:34:10
ശ്രീ ബാബു പോളിന്റെ ലേഖനത്തിൽ വലിയ പുതുമ ഒന്നുമില്ല. പഴയ വീഞ്ഞ് തന്നെ. എല്ലാ ഹാശാ ആഴചയിലും ഇതുപോലെ എന്തൊക്കെ കുത്തികുറിക്കും. 
എന്നാൽ ശ്രി സക്കറിയാസ് നെടുങ്കനാൽ എഴുതിയ കാര്യത്തോട് നൂറു ശതമാനം യോജിക്കുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 
Jesus 2018-03-23 21:22:55
For I have come to turn "'a man against his father, a daughter against her mother, a daughter-in-law against her mother-in-law -Mathew 10:35

There will never be peace in Jerusalem  rather there will be more turmoil.  Trump's evil mind initiated it and  Netanyahu another evil mind will fulfill it (They both are under investigation for corruption) . Christians are confused and they are confusing others. So don't waste your valuable time by praying. Please go to your yard and work .  I have nothing to do with Jerusalem 

 
Faith is fatal, blind faith kills own Children 2018-03-24 07:49:31

Eead the book of Judges in the Hebrew Bible, you can find a man who kills own daughter.

മകളെ കൊല്ലുന്ന അച്ഛൻ...

ഇഷ്ടപ്പെട്ട ആളെ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ പെൺകുട്ടിയെ സ്വന്തം പിതാവ് കൊലപ്പെടുത്തി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരള സംസ്ഥാനത്ത് ഇങ്ങനൊരു സംഭവം നടക്കുമ്പോൾ ഇപ്പോഴും പതിനെട്ടോ പത്തൊൻപതോ നൂറ്റാണ്ടിലെ തുരുത്തുകൾ ഇവിടെ ഉണ്ടെന്നതിന്റെ അടയാളമാണത്.

ആ മകളെക്കൊന്ന അപ്പൻ ആരാണെന്നു മനസ്സിലായോ ?

അതെ അത് നിങ്ങളുടെ ഉള്ളിൽ പതിയിരിക്കുന്ന അതെ അപ്പൻ തന്നെ .. ഓരോ വിശ്വാസിയും തന്നെ നോക്കി ചോദിക്കേണ്ട ചോദ്യം അത് ഞാനല്ലയോ ?

അതെ മതവും ജാതിയും തലയിൽ പേറിനടക്കുന്നവൻറെ ബ്രാൻഡ് അംബാസിഡർ ആണ് ഇന്നലെ മകളെകൊന്നത് ...

ആ അച്ഛന് ആരിൽ നിന്നും എവിടെ നിന്നും കിട്ടി ഇ ചിന്തകൾ ..??

തന്റെ മകൾ കല്യാണം കഴിക്കാൻ പോകുന്നത് തന്നെക്കാളും കുറഞ്ഞ ജാതിയിൽപ്പെട്ട ഒരു യുവാവിനെ ആണെന്നുള്ള ആ മഹത്തായ ആശയം എങ്ങനെയാണ് ആ അച്ഛൻ തന്റെ ജീവിതത്തിൽ മനസ്സിലാക്കിയത് ??അതെ തനിക്കു പാരമ്പര്യമായി കിട്ടിയ അഭിമാനമായ ആ മതത്തിൽ നിന്നുതന്നെ ..

തന്റെ ദൈവത്തെ കെട്ടിപ്പിടിക്കുന്ന .. തന്റെ മതത്തെ കെട്ടിപ്പിടിക്കുന്ന .. തന്റെ ജാതിയെ തന്റെ സഭയെ കെട്ടിപ്പിടിക്കുന്ന ഓരോ മത വെറിയനും അറിയണം ആ മകളുടെ കൊലക്കുത്തരവാദി നിങ്ങൾകൂടിയാണ് ...

ഒരു ദുരഭിമാനകൊല നടന്നാൽ, ബന്ധുക്കളും. സമുദായവും, അയൽക്കാരിൽ ചിലരും, ഏതെങ്കിലും തരത്തിൽ അയാളെ പ്രകോപിപ്പിച്ചുണ്ടാകും, അവർ മനസാക്ഷിയിൽ ചിന്തിക്കട്ടെ,

copied from FB Posting- andrew

 

Tom Abraham 2018-03-25 10:10:03

After the 70 A.D destruction of the Temple, the Great Temple Jesus Himself continues to be undistroyed, strongly built Temple. A Temple for all- Hindu, Muslim or Atheist.

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക