Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-5: ഏബ്രഹാം തെക്കേമുറി)

Published on 02 April, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-5: ഏബ്രഹാം തെക്കേമുറി)
ജനാലയഴികള്‍ക്കിടയിലൂടെ സരോജിനി വെളിയിലേക്കു് നോക്കി. എങ്ങും നിശബ്ദത. കുളിര്‍ക്കാറ്റു് ആഞ്ഞടിക്കുന്നു. കുളക്കരയിലെ മാക്രികളുടെ പൂക്രി ശബ്ദം മാത്രം നിശബ്ദതയെ ഭേദിക്കുന്നു. വൈദ്യുതാഗമനബഹിര്‍ക്ഷമനനിയന്ത്രിണിയില്‍ അവളുടെ കരാംഗുലികള്‍ അമര്‍ന്നു. ചിലനിമിഷങ്ങളിലേക്കു് എല്ലാം നിശബ്ദമായി. ഈ ലോകത്തില്‍ ജീവിക്കാന്‍വേണ്ടി അറിയാത്ത ലോകത്തുനിന്നുള്ള അന്ഗ്രഹം കണ്ണുകളടച്ചു് ധ്യാനിച്ചു് അവള്‍ ഏറ്റുവാങ്ങി.

"ഈ രഹസ്യങ്ങള്‍ പരസ്യമായാല്‍ എന്റീശ്വരാ ഞാന്‍ വഴിയാധാരമാകും..’അവള്‍ എഴുന്നേറ്റു. മെല്ലെ വാതില്‍ തുറന്നു. ഇടുക്കുവാതിലിലൂടെ അകത്തു കടന്ന ബാബു മണിയറക്കുള്ളിലെ മണവാളനായി മാറി. കനത്ത കോണ്‍ക്രീറ്റു് ഭിത്തിക്കുള്ളില്‍ ഭവെടി വിട്ടാല്‍ പുക.’ഈച്ചക്കാലു് വിടവില്ലാതെ പണിതിരിക്കുന്ന സൗധത്തിനുള്ളില്‍ ആനക്കാലു് വിലസുന്നുവെന്ന സത്യം ഈശ്വരന്‍ അല്ലാതെ ആരറിയുന്നു.
പ്രേമസല്ലാപങ്ങള്‍ നടത്തി സമയം നഷ്ടപ്പെടുത്തുന്നതില്‍ ബാബു വിശ്വസിക്കുന്നില്ല. അതു പണ്ടുകാലത്തെ സാഹിത്യകാരന്മാരുടെ ഭാവനകളല്ലേ? ചായ കുടിക്കാന്‍ ചായക്കടയില്‍ കയറിയിട്ടു് അവിടെയിരുന്നു് പത്രം വായിക്കേണ്ട കാര്യമുണ്ടോ?
ചായ കുടിച്ചു. പക്ഷേ കടുപ്പം ലേശം കുറവായിരുന്നു.
"എന്താ സരോജിനി ഇങ്ങനെ?’ അയാള്‍ ചോദിച്ചു.
"നല്ല സുഖമില്ല.’ പകലത്തേതിന്റെ ക്ഷീണം അവളുടെ മുമ്പില്‍ പതച്ചുനില്‍ക്കുന്നു.
“ബാബുവേട്ടാ..എത്രനാളിങ്ങനെ ഒറ്റത്തടിയായി കഴിയും.?
അപ്രതീക്ഷിതമായി ഉയര്‍ന്ന ചോദ്യത്തിന്റെ മുമ്പില്‍ അയാള്‍ പകെച്ചുനിന്നു. ഓര്‍മ്മകള്‍ കഴിഞ്ഞ കാലങ്ങളിലേയ്ക്കു് നീര്‍ക്കാന്‍കുഴി ഇടുന്നു. ശവക്കല്ലറയില്‍ മറവു് ചെയ്ത ജഡം വീണ്ടും ജീവന്‍ പ്രാപിക്കയോ? അതോ ഇവള്‍ അതിനെ ജീവിപ്പിക്കയോ?
"എന്താ സരോജിനി? ചത്ത കുഞ്ഞിന്റെ ജാതകം ഞാന്‍ ഇനിയും വായിക്കേണമോ?’
ഭഅല്ല ചേട്ടാ. നമ്മള്‍ രണ്ടും ഈ വീട്ടിലെ വേലക്കാര്‍. ബാബുവേട്ടന്‍ കാറോടിക്കുന്നു. ഞാന്‍ വീട്ടുവേല ചെയ്യുന്നു. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധം? നാളുകള്‍
കഴിയുമ്പോള്‍. . . .വേര്‍പെടാന്‍ ആണെങ്കില്‍? മന്ഷ്യസ്വഭാവത്തിലെ ഏകത്വമെന്നതു് വികാരവിചാരങ്ങള്‍ മാത്രമല്ലേ ബാബുവേട്ടാ?’
“ശരിയാണു സരോജിനി.. പത്തുകൊണ്ടു് ഹരിച്ചാല്‍ കൈവിരലുകളിലൊതുങ്ങി നില്‍ക്കുന്ന പ്രയാണകാലം.ഒന്നുമില്ലാതെ, ഒന്നുമല്ലാത്തവരായി മറയപ്പെട്ടുപോകുന്ന മന്ഷ്യന്‍. മുഖമില്ലാത്ത സമൂഹത്തില്‍ യാഥാര്‍ത്ഥ്യമില്ലാത്ത മന്ഷ്യജീവിതത്തിലെ കണ്ണികള്‍ നാമെല്ലാവരും.”
“അങ്ങനെയല്ല, ബാബുവേട്ടാ. . .എല്ലാ ജീവജാലങ്ങള്‍ക്കും അതിന്റേതായ ഒരു ലോകവും ജീവിതവുമില്ലേ?”
“ഉണ്ടെന്നു് വിഡ്ഡികള്‍ എഴുതി വച്ചു. പരമവിഡ്ഡികള്‍ അതേറ്റു പാടുന്നു. അതു പറഞ്ഞിട്ടുള്ളവര്‍ പോലും ആ സ്വാതന്ത്ര്യം അന്ഭവിച്ചിട്ടില്ലയെന്നുള്ളതാണു് സത്യം.നാടകത്തിലെ ഡയലോഗ് അല്ല സരോജിനി ജീവിതം.”
സരോജിനിക്കതു നിഷേധിക്കാന്‍ കഴിഞ്ഞില്ല. എന്നിരിക്കിലും എത്രനാളിങ്ങനെ കഴിയാനാവും? സ്ത്രീഹൃദയങ്ങളില്‍ വിരിയുന്ന ചേക്കേറാന്ള്ള മോഹം അവളിലും പടര്‍ന്നു പന്തലിച്ചു.
ഭബാബുവേട്ടന്് ഒരു തീരുമാനം എടുത്തു കൂടെ?’ അവള്‍ ചോദിച്ചു.
"എന്തു തീരുമാനം?’ ബാബുവിന്റെ മുഖം വികൃതമായി.

“ഒരു കല്യാണം കഴിച്ചു് , സ്വന്തംഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഒരു കുടുംബ ജീവിതം.” മൃദുത്വമേറിയ വാചകങ്ങളിലൂടെ സരോജിനി കാര്യം അവതരിപ്പിച്ചു.
സ്വന്തം ഭാര്യ, കുട്ടികള്‍. ബാബുവിന്റെ ലോകം വിശാലവിഹായസിലേക്കു് ഉയര്‍ന്നു. ആ ഉയരത്തില്‍ നിന്നുകൊണ്ടു് ഈ ഭൂലോകത്തിലെ കാഴ്ചകളെ വിപ്രിതികളുടെ ലോകത്തൂടെ വീക്ഷിച്ചു. സ്വന്തം ഭാര്യ ഇതെന്തൊരു പ്രതിഭാസം?

"എന്റെ എസ്‌റ്റേറ്റിലെ വേല തുടങ്ങിയതോടെയാടാ നിന്റപ്പന്‍ കഞ്ഞിവെള്ളം കുടിക്കാന്‍ തുടങ്ങിയതു്.’ പുനലൂരാനെന്ന മുതലാളി പലപ്പോഴും ഉരുവിടുന്ന പദങ്ങള്‍.’അല്ല’യെന്നു പറയുവാന്‍ ഇതുവരെയും മനസ്സു് വന്നിട്ടില്ല. ബധിരനായ തന്റെ അപ്പന്റെ രൂപം ഇപ്പോഴും മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. മലമ്പനിയോടു് മല്ലടിച്ചു് മരണപ്പെട്ടതും ഓര്‍മ്മയിലുണ്ടു്. എന്നിരിക്കിലും അതിനേക്കാള്‍ തെളിവാര്‍ന്ന വേറെ ചില ഓര്‍മ്മകള്‍. അപ്പന്റെ ശവശരീരം കുഴിച്ചു് മൂടിയതോടെ ചെറ്റക്കുടിലില്‍ മുതലാളിമാരും അന്തിയുറങ്ങുമെന്ന സത്യം മനസ്സിലായി. അങ്ങനെ എന്തെല്ലാം?.സിഗരറ്റിന്റെ പുകവലയത്തിന്ള്ളില്‍ കണ്ണും നട്ടു് അയാള്‍ ഇരുന്നു.
ഭഎന്താ ബാബുവേട്ടാ ആലോചിക്കുന്നതു്?.’ സരോജിനി ചോദിച്ചു.
“ആലോചിക്കയല്ല. ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കയായിരുന്നു.”
“എന്തു ചരിത്രം?” സരോജിനി ജിജ്ഞാസ പൂണ്ടു.

“കൈവിടപ്പെട്ടുപോയ പിഞ്ചുകുഞ്ഞും അന്യാധീനപ്പെട്ടുപോയ കാമുകിയും. എന്നിലെ ജീവാംശം ഞാനറിയാതെ, എന്നെയറിയാതെ ഈ ഭൂലോകത്തില്‍ വളരുന്നുവെന്ന സത്യം. കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ ഈ ഭാരവും പേറി നടക്കുകയാണു് സരോജിനി. അനങ്ങുവാന്‍ കഴിയാതവണ്ണം സ്‌നേഹബന്ധത്തിന്റെയും കടപ്പാടുകളുടെയും ബന്ധനത്തില്‍ നാവു തുറക്കുവാന്‍ പോലും കെല്‍പ്പില്ലാത്തവനായി ഞാന്‍ തളര്‍ന്നു. ആത്മഹത്യയെപ്പറ്റി പലപ്പോഴും ആലോചിച്ചതാണു്. വാതരോഗിയായ പെറ്റതള്ളയെ തനിയെ വിട്ടേച്ചു് പോകുന്നതു് പ്രകൃതിയോടുപോലും ചെയ്യുന്ന തെറ്റാണു്.” ബാബു ദീര്‍ഘശ്വാസം വിട്ടു.
“കഥ ഇതുവരെ പറഞ്ഞില്ല.” സരോജിനി ഓര്‍മ്മിപ്പിച്ചു.
“ഇതു തന്നെ കഥ. വിചാരങ്ങളിലൂടെ വളര്‍ന്ന വികാരം കൗമാരത്തിന്റെ വിടപറച്ചിലിനിടയില്‍ കെട്ടിപ്പുണരുന്ന പ്രണയമായി. ഞാന്‍ അവളെ സ്‌നേഹിച്ചു. അവളെന്നെയും. പ്രണയോന്മാദത്തിന്റെ മാദകലഹരി ന്കര്‍ന്നു ന്കര്‍ന്നു് അവള്‍ ഗര്‍ഭിണിയായി.”
“ആരു്?”
“അതു പറയാന്‍ ആവില്ല, സരോജിനി. അവളിന്നു് ഒരു നല്ല ഭാര്യയായി സമ്പന്നതയുടെ ശയ്യയില്‍ രമിക്കുന്നു. കുഞ്ഞു് ഏതോ അനാഥാലയത്തില്‍ വളരുന്നുണ്ടാകും.”
“കഴിഞ്ഞ കാര്യങ്ങളെയോര്‍ത്തു നെടുവീര്‍പ്പിടുന്നതു കൊണ്ടെന്തുഫലം? ബാബുവേട്ടാ.”
“പിന്നെന്താ. എല്ലാം മറക്കണമോ?. ചെയ്ത കാര്യങ്ങളെ ആര്‍ക്കും മറക്കാനാവില്ല സരോജിനി. മറ്റുള്ളവരുടെ മുന്നില്‍ അതിനെ മറെയ്ക്കയാണു് ചെയ്യുന്നതു്. ബന്ധനങ്ങള്‍ക്കുള്ളില്‍ കിടന്നുകൊണ്ടു് കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുമ്പോഴും ഭശൂന്യത’യുടെ ചാമ്പല്‍ പൊതിഞ്ഞ ഹൃദയം.”
“ശരിയാണു് ബാബുവേട്ടാ.”

പ്രീഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റു് കൈകളിലേന്തി അലഞ്ഞ നീണ്ടവര്‍ഷങ്ങള്‍ സരോജിനിയുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. ഭാവിപ്രതീക്ഷകളോടെ മറ്റുള്ളവരേപ്പോലെതന്നെ ഭാവത്തിലും, വേഷത്തിലും ചിന്തയിലുമെല്ലാം സ്വപ്നലോകത്തിലെ ചിത്രശലഭം പോലെ പാറിപ്പറന്നു നടന്ന കൗമാരത്തില്‍നിന്നും യൗവനത്തിലേക്ക് പദമൂന്നിയ നാളുകളിലൂടെ മനസ്സിലായി, ഇനിയും കല്ലും മുള്ളും നിറഞ്ഞ പാതയാണു മുമ്പില്‍. പോയവഴികള്‍, മുട്ടിയ വാതിലുകള്‍, യൗവനമാകുന്ന ചക്കരക്കുടത്തിനെ ചുറ്റിപ്പറ്റി വട്ടമിട്ടു് പറന്ന ഈച്ചകള്‍. ഒന്നും നേടാനായില്ല. എങ്ങും കരപറ്റാനായില്ല. അവസാനം തന്നിലെ വ്യക്തിത്വം മുരടിച്ച നിമിഷങ്ങള്‍.’വേലക്കാരി’ എന്ന ഉദ്യോഗം കൈപറ്റി. മാന്യത നിലനിര്‍ത്താന്‍ വേണ്ടി ശമ്പളക്കുറവായിട്ടും ആണുങ്ങളില്ലാത്ത വീട്ടില്‍ നിന്നു. പലതും പഠിച്ചു. ന്യായപ്രമാണങ്ങള്‍ക്കു് പുതിയ പുതിയ നിര്‍വചനങ്ങള്‍ എഴുതിചേര്‍ക്കേണ്ടിവന്നു. വിദേശരാജ്യങ്ങളില്‍ പണക്കൊയ്ത്തു നടത്തുന്ന ഭര്‍ത്താക്കന്മാരുടെ മനസ്സിലെ പതിവൃതയായ ഭാര്യമാരുടെ കളങ്കമില്ലായെന്നുതോന്നിപ്പിക്കുന്ന മുഖത്തെ പാടുകള്‍ മുഖക്കുരുവല്ലയെന്നു മനസ്സിലായി.
തെറ്റും ശരിയുമെന്ന നിര്‍വചനം സമ്പന്നവര്‍ക്ഷം സാധുക്കളിന്‍മേല്‍ നടത്തുന്ന ചൂഷണം മാത്രമല്ലേ?.പുകവലി നിര്‍ത്തണമെന്നു് രോഗിയോടു് കല്‍പ്പിക്കുന്ന ഡോക്ടറുടെ ചുണ്ടില്‍ വില്‍സു് പുകയും പോലെ മാത്രം. വേലക്കാരി അപ്പച്ചന്മാര്‍ക്കു് ഒരു നേരംമ്പോക്കും വളര്‍ന്നുവരുന്ന മുതലാളിക്കുഞ്ഞുങ്ങള്‍ക്കു് ഒരു കളിപ്പാട്ടവുമായി മാറിയിരിക്കുന്നു. ഏകമകന്‍ അന്യ പൊല്ലാപ്പില്‍ പെടാതിരിക്കാനായി വലിയ ശമ്പളം നല്‍കി സൗന്ദര്യവതികളെ വീട്ടില്‍ വേലക്കാരിയായി പാര്‍പ്പിക്കുന്ന മുന്‍കരുതലുകളുള്ള വീട്ടമ്മമാര്‍ പെരുകിക്കൊണ്ടിരിക്കുന്നു.

രണ്ടുപേരുടെയും ചിന്തകള്‍ ഭൂതകാലത്തിലൂടെ കാറ്റിലകപ്പെട്ട ആഴാന്തല്‍വിത്തുപോലെ പറന്നു നടന്നു. വിരസതയോടെ കട്ടിലില്‍ മലര്‍ന്നുകിടന്നു. ഇരുണ്ട വെളിച്ചത്തിലൂടെ മരച്ചില്ലകള്‍ ആടിയുലയുന്നതു കാണാം. കോടക്കാറ്റു് ശക്തിയായി അടിക്കുന്നു. ജീവിത യാഥാര്‍ത്ഥ്യം ഭനിരാശ’യെന്ന മൂന്നക്ഷരത്തില്‍ തട്ടിനില്‍ക്കുന്നു. ശാരീരികവികാരങ്ങള്‍ അവിടെ ഐസുകട്ടപോലെ തണുത്തുറയുന്നു.

“എന്നാല്‍ ഞാന്‍ പോകുന്നു.” ബാബു കട്ടിലില്‍ നിന്നും എഴുന്നേറ്റു.
അരണ്ട നിലാവെളിച്ചത്തില്‍ അയാള്‍ വെളിയിലിറങ്ങി. സരോജിനി വിജാഗിരിയുടെ വിവരമില്ലായ്മ വെളിയിലറിയാതെവണ്ണം സൂക്ഷ്മതയോടു് കതകു ചാരിയടച്ചു.
കിടക്കയില്‍ കമിഴ്ന്നു കിടക്കുമ്പോള്‍ ഭൂതകാലങ്ങളിലേയ്ക്കു് അവളുടെ മനസു് ഊളിയിട്ടു. ആദ്യപുരുഷസ്പര്‍ശനത്തിന്റെ ഓര്‍മ്മകള്‍. കൊഴിഞ്ഞുവീണു മറഞ്ഞ പകലിന്റെ നിര്‍ജ്ജീവമായ മുഖങ്ങള്‍.

പ്രീഡിഗ്രിയുടെ ആദ്യവര്‍ഷം.കോളജിലേക്കുള്ള തിക്കും തിരക്കും നിറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടു് ബസു്. ഭപരോപകാരമേ പുണ്യമെന്നു കരുതി പെണ്‍കിടാങ്ങളെ പരുക്കേല്‍ക്കാതെ കരവലയത്തിന്ള്ളിലൊതുക്കി നിര്‍ത്താന്‍ വെമ്പുന്ന കുമാരന്മാരും "പരപീഡനം പാപ’മെന്നു കരുതി ഇടയ്ക്കിടെ ചാഞ്ഞും ചരിഞ്ഞും നിന്നുകൊടുക്കുന്ന കൂട്ടുകാരികളും. പലപ്പോഴും പരിസരബോധം നഷ്ടപ്പെടുന്നു. ശരീരമാകമാനം തരിപ്പു് അന്ഭവപ്പെടുന്നു. പ്രതിഷേധിക്കാന്‍ കഴിയാതെ വരുന്നു. പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലാത്ത ഒരു അന്ഭവം.. "സുഖം’ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി എത്രയെന്നു് അറിവാന്‍ മോഹം. കണ്ടക്ടര്‍ രാജന്‍ തന്റെ ഹൃദയത്തില്‍ തട്ടിയ നാളുകള്‍. വിവേകത്തെ വിവരക്കേടു് കീഴ്‌പെടുത്തുവാന്‍ തുടങ്ങി. ഏതോ മാന്ത്രികശക്തി തന്നെ വലിച്ചിഴക്കുംപോലെ. നീണ്ട രണ്ടു വര്‍ഷം. പ്രീഡിഗ്രിക്കു് പഠിക്കുന്ന ഒരു പെണ്‍കുട്ടിക്കെന്തുകൊണ്ടൊരു ബസു് കണ്ടക്ടറെ പ്രേമിച്ചുകൂടാ?.കല്യാണപന്തലെപ്പോഴും കണ്‍മുന്നിലുണ്ടായിരുന്നു. പരീക്ഷ അവസാനിക്കാറായ ദിവസങ്ങളൊന്നില്‍ പ്രേമബന്ധത്തിന്റെ പ്രതിഫലനമെന്നവണ്ണം ഒരു തലകറക്കം. പിന്നീടുള്ള തീ തിന്ന നാളുകള്‍. നേഴ്‌സിംഗ്‌ഹോമിന്റെ പിന്‍വാതില്‍ക്കല്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ മനസ്സിനൊരു നഷ്ടബോധം. നനവാര്‍ന്ന കണ്ണുകളില്‍ നോക്കിയന്നയാള്‍ പറഞ്ഞ വാചകം. ഭനമുക്കിനിയും സമയമുണ്ടല്ലോ. അല്ലെങ്കിലിതു പൊല്ലാപ്പാവില്ലേ?’ വെറുപ്പോടുള്ള ചുബനത്തിന്റെ അരുചി അന്നാണു് ആദ്യമായറിഞ്ഞതു്.

വീട്ടില്‍ മടങ്ങിയെത്തിയതോടു് പ്രതീക്ഷകള്‍ ഓരോന്നായി തകരുകയായിരുന്നു. അച്ഛന്റെ രോഗബാധ കഠിനമായി. നാട്ടുകാര്‍ക്കിടയില്‍ തന്റെ രഹസ്യബന്ധത്തിന്റെ പരസ്യയോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. താനാകെ തളര്‍ന്നുപോയ നിമിഷങ്ങള്‍. രാജന്റെ മറുപടിക്കായി കാത്തിരുന്ന നാളുകള്‍. കടന്നുപോയ മാസങ്ങള്‍. മാസങ്ങളിലൂടെ തകര്‍ന്നു തരിപ്പണമായ മോഹങ്ങള്‍. പൊള്ളുന്ന ഓര്‍മ്മകളും പേറി നടക്കുന്ന നാളൊന്നതില്‍ അച്ഛന്റെ മരണം. സുബോധമറ്റവളായി താന്‍ മാറിയ നാളുകള്‍, മാസങ്ങള്‍. എല്ലാറ്റിനോടും വെറുപ്പ്,

അവസാനം സിസ്റ്റര്‍ മരിയാ മാഡത്തിന്റെ അനാഥശാലയിലെ തൂപ്പുകാരി.
കദനത്തിന്റെ കഥകളിലൂടെ മനസു് വളരെയേറെ സഞ്ചരിച്ചപ്പോഴേക്കും സരോജിനിയുടെ കണ്ണുകള്‍ ഉറക്കത്തെ ആശ്ലേഷിച്ചു. അന്ഭവങ്ങളേ നന്ദി. അവള്‍ തലമൂടി പുതച്ചു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക