പ്രിയതര സ്മരണയായണയുന്ന ഗ്രാമീണ
ചിത്രപദംഗമായ് സ്മിതകാല പുലരിയായ്
ചാഞ്ചാടിയാടുന്നയഴകിന്‍ ലതകളായ്
ചാറ്റല്‍മഴകൊണ്ടൊരതിവര്‍ണ്ണ പറവയായ്
ചേറ്റില്‍വിരിഞ്ഞുയര്‍ന്നീടുമീ, മുകുളമായ്
ആറ്റുവഞ്ചിത്താളമേകുന്നയോളമായ്
നാട്ടിടവഴികളിലുയരുന്നയീണമായ്
നിറവാര്‍ന്ന സ്വപ്നച്ചിറകുകള്‍ക്കുയിരുമായ്
വന്നണയുന്നയെന്‍ പൊന്‍വിഷുക്കാലമേ,
കോലായില്‍നിന്നുയരുന്നതാം തവ രവം
തേഞ്ഞുതീരാറായിയെങ്കിലും ഭക്തിയോ
ടോരോ തലമുറകള്‍ക്കുമുണര്‍വ്വുമായ്,
കാതുകള്‍ക്കിമ്പമായ്, ദിവ്യസാന്നിദ്ധ്യമായ്
നിറയുന്നൊരോടക്കുഴല്‍നാദമായ് പ്രിയ
രാഗമായ്; വന്നുണര്‍ത്തീടുന്നു ശുഭദിനം!!
* * * *
പലരുമീ വഴികളില്‍നിന്നുമകന്നുപോ
യെങ്കിലും ഗ്രാമീണ പാമരര്‍ക്കായിതാ,
ഉയരുന്നു; പഴയകാലത്തിന്‍ മധുരമോ
ടാമോദ ശാഖിയില്‍നിന്നതാ, ഗീതകം
തേടിപ്പറന്നിടുന്നതി ധന്യ ചിന്തതന്‍
തേന്‍ നുകര്‍ന്നീടുന്നതാം ശലഭസങ്കുലം.
* * * *
രമ്യഗ്രാമങ്ങളില്‍ നിറയുന്ന കാഴ്ചകള്‍
കണ്ടുമതിയാകാതെപോയ മുത്തശ്ശിമാര്‍
പിന്നെയും കനക വിഷുപ്പക്ഷിയായ് വന്നു
പുലരിയിലലിവോടുണര്‍ത്തവേയീദിനം;
നേര്‍ത്തു തളിര്‍പ്പിച്ചിടുന്നെത്ര സ്മരണകള്‍
ചേര്‍ത്തണച്ചീടുന്നതിലേറെ നോവുകള്‍
"സ്‌നേഹബന്ധത്തിന്നിഴയകലങ്ങളാല്‍
കാണാതെപോയാതാമാര്‍ദ്ര കാല്പാടുകള്‍”!!
* * * *
പുസ്തകങ്ങൾ ഒക്കെ വായിക്കാൻ പറയും. അങ്ങട് ബായിച്ചുകള ചങ്ങാതി. അസ്സലാമു അലൈക്കും.