HOTCAKEUSA

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-6: ഏബ്രഹാം തെക്കേമുറി)

Published on 11 April, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-6: ഏബ്രഹാം തെക്കേമുറി)
അദ്ധ്യായം ആറ്

കിഴക്കന്‍ ചക്രവാളത്തിന്് ചെഞ്ചായം പൂശിക്കൊണ്ടു് കതിരവന്‍ ഉറക്കമുണര്‍ന്നു. തലേന്നുരാത്രി പെയ്ത മഴയുടെ ഈറനില്‍ നിന്നും വിമുക്തരായി പക്ഷികള്‍ ചിറകടിച്ചുണര്‍ന്നു അതാതിന്റെ ‘ാഷയില്‍ ദേവസ്തുതികളീണത്തില്‍ പാടി. ബുദ്ധിമാനായ മന്ഷ്യന്റെ ഇന്‍സ്റ്റന്റു് പ്രാര്‍ത്ഥനകള്‍ എല്ലാ ദേവന്മാര്‍ക്കുമായി കാസറ്റിലൂടെയൊഴുകി. ഗ്രാമം ഉണരുകയാണു്.
വായുമുട്ടുകാരന്റെ വില്ലന്‍ചുമപോലെയുള്ള പൊമേറിയന്റെ ചില്ലന്‍കുര കേട്ടു് സരോജിനി ഉണര്‍ന്നു. ‘അപ്പച്ചന് കുത്തരിക്കഞ്ഞി, കൊച്ചമ്മയ്ക്കു ചപ്പാത്തി.’ .ഉറക്കച്ചടവോടെ അവള്‍ അടുക്കളയിലേക്കോടി.
പുനലൂരാന്‍ തന്റെ പ്രതിദിന പരിപാടികളിലൂടെ കണ്ണോടിക്കുന്നു. ‘പത്തുമണിക്കു് ഇടവകക്കമ്മിറ്റി. നാലുമണിക്കു് ഔസേപ്പിന്റെ മകളുടെ കല്യാണം ഉറപ്പു്.’
“എടീ റാഹേലമ്മേ, നമ്മുടെ വികാരിയച്ചന്‍ രാവിലെ ഇതുവഴി വരുമെന്നാണു് ഇന്നലെ പറഞ്ഞതു്..”

“അതിനിപ്പോള്‍ ഞാന്‍ എന്തുവേണം?” റാഹേലമ്മയ്ക്കു് കാര്യം നിസ്സാരം.
“എടീ കൊണം വന്നുപോകാന്‍ വല്ലതും ഒന്നു് ഉണ്ടാക്കി വയ്ക്കു്.”
“എന്തോ ഉണ്ടാക്കാനാ മന്ഷ്യാ? ഇപ്പോഴത്തെ അച്ചന്മാര്‍ക്കെല്ലാം പഥ്യമല്ലേ?.പ്രഷറും, ഷുഗറും, കാന്‍സറുമെന്നു വേണ്ടാ. . . . . .”
“അതും ശരിയാ ! ഞാനങ്ങു മറന്നു പോയി.”
ട്രിപ്പിള്‍ ഫൈവൊന്നെടുത്തു് ചുണ്ടില്‍ വച്ചു് തീ കൊളുത്തി.പുകയൂതി വിടുന്നതിനിടയി ല്‍ കര്‍ട്ടന്‍ മാറ്റി ജനാലയില്‍ കൂടി വെളിയിലേക്കു നോക്കി. പട്ടക്കാരന്‍ പടി കടന്നു വരുന്നതു കണ്ട പുനലൂരാന്‍ സിഗരറ്റുകുറ്റി തറയിലിട്ടു ചവുട്ടി. രഹസ്യത്തില്‍ ചെയ്യുന്ന ഈ വിശുദ്ധപാപം ബെഡ്‌റൂമിന്ം, ബാത്തുറൂമിന്ം, പിന്നെ റാഹേലമ്മക്കും മാത്രമറിയാവുന്ന സത്യമാണു്.
“അച്ചനിരുന്നാട്ടെ.” പുനലൂരാന്‍ ഭവ്യതയോടു് സോഫാ ചൂണ്ടിക്കാട്ടി.
സ്ഥലം മാറിവരുന്ന പട്ടക്കാരന്റെ ആദ്യ‘വന സന്ദര്‍ശനത്തിന്റെ മൂകതയോടു് കുശലാന്വേഷണങ്ങള്‍ ആരംഭിച്ചു. ആളെങ്ങനെയുള്ളവനെന്നറിയാതെങ്ങനെ കാര്യങ്ങള്‍ തുറന്നു പറയും. എന്നിരിക്കിലും രണ്ടു് സാമൂഹ്യപ്രവര്‍ത്തകര്‍ ഒന്നിച്ചാല്‍ പൊതുക്കാര്യങ്ങള്‍ പറയാന്‍ ഏറെയുണ്ടാകുമല്ലോ?.
“നമ്മുടെ പാരീഷു് ഹാളിന്റെ പണി ഒന്നു തീര്‍ക്കാനെന്തുണ്ടു് സാറേ ഒരു മാര്‍ക്ഷം?”
“ചെയ്യാനാണെങ്കില്‍ വളരെയുണ്ടച്ചോ!. കുഴപ്പമെവിടെയാണെന്നറിയാമോ? ഈ തലയും വാലും തമ്മില്‍ തിരിച്ചറിയാനാവാത്ത കുറെ പേരൊണ്ടല്ലോ ഈ കമ്മിറ്റിയില്‍. ഇടുങ്ങിയ ചിന്താഗതി. അതു പാടില്ല. കാശു തരുന്നവനെ മാനിക്കാന്‍ തയ്യാറാകാമോ? പതിനായിരം തരുന്നവന്റെ പേരു് കട്ടിളക്കാലിന്മേല്‍ രണ്ടിന്മേലും പടിമേലും വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വയ്ക്കാമെന്നു പറഞ്ഞാല്‍ നാളെ ഇതു പണി തീര്‍ക്കാം.” പുനലൂരാന്‍ മാര്‍ക്ഷം ഉപദേശിച്ചു.

“ശരിയാ സാറെ, പക്ഷേ ചിലരുടെയൊക്കെ പേരു കട്ടിളക്കാലിലെഴുതിയാല്‍ മിസ്രയീമില്‍ സംഹാരകന്‍ മറികടന്നു പോയതുപോലെ ‘പൊതുജനം’ അതിനകത്തോട്ടു് കയറാന്‍ അറയ്ക്കും.” അച്ചന്‍ കാര്യം വെളിപ്പെടുത്തി.
“എന്നാല്‍ പൊതുജനം ഓടിക്കയറത്തക്ക മാന്യതയുള്ളവരോടു് പോയി കാശു തരാന്‍ പറയുക. പിന്നല്ലാതെ. . . .”പുനലൂരാന്റെ മുഖത്തൊരു ഭാവഭേദം.
“അച്ചാ! അല്‍പം പോറലുള്ളവരു മാത്രമേ അതു മായിക്കാനായി വലിയ തുക തരികയുള്ളു. ഇന്നത്തെ രാഷ്ട്രീയ സാമുദായിക സമ്പന്നത ആരുടെ പണമാ? ഗള്‍ഫ്, അമേരിക്ക. എന്താ എല്ലാം വിശുദ്ധന്മാരാ?.
അച്ചന് ഉത്തരം ഇല്ലാതായി. പറഞ്ഞതിലല്‍പ്പം യാഥാര്‍ത്ഥ്യം ഉണ്ടല്ലോ.
“അച്ചാ ഈ പ്രസ്ഥാനം തുടങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതാ , ഈ സ്ഥലം സഭയ്ക്കു് എഴുതിക്കെടുത്തിട്ടു് ഏതെങ്കിലും കാലം ചെയ്ത ഒരു തിരുമനസ്സിന്റെ സ്മാരകമായി പണിയുക. നമുക്കു കാര്യംനടന്നാല്‍ പോരേ?. ഒരൊറ്റ അമേരിക്കന്‍ സന്ദര്‍ശനം മതി. പത്തു ലക്ഷം ഉറപ്പാ.” പുനലൂരാന്‍ അച്ചന്റെ മുഖത്തേക്കു് തറപ്പിച്ചു നോക്കി.
“അതു സാറിനെങ്ങനറിയാം?”
“അതു് ഞാന്‍ ആറു് മാസം അമേരിക്കയിന്‍ താമസിച്ചതാ. എന്റെ മകന്‍ ടൈറ്റസു്
മാത്യൂസു് , അവനവിടല്ലേ? ഞാന്‍ ചെന്നപ്പോള്‍ അന്നവന്‍ അവിടുത്തെ ഇടവകയിലെ ആത്മായ ശ്രഷൂകനാ. അതുകൊണ്ടു് ഇടവക ‘രണരഹസ്യങ്ങളൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ചില പട്ടക്കാരെയൊക്കെ അവിടെ നിലനിര്‍ത്തിയിരിക്കുന്നതുതന്നെ അവന്റെ ബുദ്ധിയാ. അതുകൊണ്ടല്ലേ എനിക്കിവിടെ ഈ കൗണ്‍സിലില്‍ കയറിപ്പറ്റാനൊത്തതു്.”
അച്ചന്റെ ചിന്ത വിശാല ലോകത്തിലൂടെയായി. അവിടെ ചെന്നു പറ്റാന്ള്ള മാര്‍ക്ഷം?.
“അതൊന്നും നടപടിയില്ല സാറേ. ഈ സഭാനേതൃത്വം ഒരു കീറാമുട്ടിയാ. എല്ലാം മന്ഷ്യരല്ലേ? വ്യക്തിബന്ധങ്ങളും , സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും ഒക്കെ കഴിച്ചു് നീക്കി ബാക്കി വല്ലതുമല്ലേ എന്നെപ്പോലെയുള്ള സാധാരണക്കാരന് ലഭിക്കൂ.” പട്ടക്കാരന്റെ നിരാശ.

“അങ്ങനെയാണച്ചോ. എല്ലാ നേതാക്കന്മാരും അവരവരുടെ ശില്ബന്തികളെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തുകയുള്ളു. അതല്ലേ ഇതിന്റെയൊക്കെ നിലനില്‍പ്പു്.”
“ഈ അമേരിക്കയില്‍ നിന്നും ഇത്രമാത്രം പണം ഇങ്ങോട്ടൊഴുകുന്നതിന്റെ കാരണമെന്താണു സാറേ? അതുപോലെ പണക്കാരാണോ എല്ലാവരും?”
“പണമുണ്ടായിട്ടല്ലേ തരുന്നതു്. മാത്രമല്ല, ഭരിക്കാന്ം അതിനേക്കാള്‍ പിരിക്കാന്ം സമര്‍ത്ഥരല്ലേ നമ്മുടെ നേതൃസ്ഥാനങ്ങള്‍. ഈ വിദേശമലയാളിയെപ്പറ്റിയുള്ള സൈക്കോളജി പറഞ്ഞാല്‍ ‘വസിക്കുന്ന നാടിനോടു് പൊരുത്തപ്പെടാത്ത മനസ്സു്.എന്തൊക്കെയോ സ്വപ്നം കണ്ടു് ഓടുന്നു. എല്ലാവരും വലിയവരാണെന്ന ചിന്ത. അവരാരും ഈ നാട്ടിലോട്ടു് മടങ്ങിവരാന്ം പോകുന്നില്ല, സന്തതികളും അത്ര തന്നെ. പിന്നെ ഈ എല്ലാ പള്ളികളിലും ഗ്രൂപ്പുകള്‍ ഉണ്ടാകും. ഭരിക്കാന്‍ ചെല്ലുന്നവര്‍ക്കു് അതു് അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഈ പിരിക്കാന്‍ ചെല്ലുന്നവര്‍ക്കു് കാര്യസാദ്ധ്യം എളുപ്പമാ. അല്‍പ്പം ക്ഷമാശീലം ഉണ്ടാവണമെന്നു മാത്രം. നീണ്ട നാളുകളായി ഉപയോഗമില്ലാതിരിക്കുന്ന നാവുകള്‍ ശബ്ദം പുറപ്പെടുവിക്കുന്നതു് ത്രിലോകത്തിലെയും കടങ്കഥകള്‍ പോലെയാണു്. ‘എല്ലാം മൂളിക്കേള്‍ക്കുക. പറഞ്ഞതു പോലെ ചെയ്യാം. നിങ്ങള്‍ പറയുന്നതു് ശരിയാണു്’യെന്നു മാത്രം പറയുക. അന്‍പതു പ്രതീക്ഷിച്ചാല്‍ നൂറു് ഉറപ്പാ. ഇടവകകളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്തോറും സഭാകേന്ദ്രത്തിലേയ്ക്കു് പണം കൂടുതല്‍ വിളയുകയാണു്. അന്രജ്ഞനശ്രമം ഉണ്ടാകേണം. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടരുതു്. ഈ സുഭിക്ഷതയുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ ശൂന്യതാബോധത്തിനടിമയാകുന്നതുപോലെ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ആരാധനയ്ക്കു് ആളു് കുറയും. പ്രശ്‌നങ്ങളുള്ള ജനറല്‍ബോഡിയുള്ള ഞായറാഴ്ച സ്‌തോത്രകാഴ്ച ഏറ്റവും കൂടും.

ഇനിയും ഇതിനേക്കാളൊക്കെ വലിയൊരു കാര്യം.ഒരു പത്തു് വര്‍ഷം കൂടി കഴിഞ്ഞാല്‍ ‘ഇഷ്ടദാനആധാരം’ സൂക്ഷിക്കാനായി തന്നെ സഭാആഫീസില്‍ ഒരു മുറി വേണ്ടിവരും. കാരണം വിദേശങ്ങളിലടിഞ്ഞുകൂടിയിരിക്കുന്നവരുടെ സന്തതികള്‍ ഒരെണ്ണത്തിന്പോലും ഇങ്ങോട്ടു വരാന്ള്ള വഴി പോലും പരിചയമില്ല. വിറ്റുപെറുക്കി കൊണ്ടുപോകാമെന്നുവച്ചാല്‍ ടാക്‌സും ചിലവുമൊക്കെ തട്ടിക്കഴിച്ചാല്‍ പിന്നൊന്നും കാണുകേല. അപ്പോള്‍പിന്നെ ഇന്നാട്ടിലെ സര്‍വ്വവിധ സ്വത്തുക്കളും സഭയ്ക്കു് ദാനം ചെയ്തുകൊണ്ടു് ഓരോരുത്തരായി ശോഭയേറും തീരത്തേക്കു് അടുക്കുകയേ ഉള്ളു നിവൃത്തി. എന്തത്ഭുതം! പിതാക്കന്മാരുടെ ദീര്‍ഘവീക്ഷണം. മക്കളുടെ സഭാസ്‌നേഹം.” പുനലൂരാന്റെ ഭാവി വീക്ഷണം.

“സാറു് പറഞ്ഞതില്‍ സത്യം ഇല്ലാതില്ല. എല്ലാം നന്മയ്ക്കു്. എന്താ സാറെ ഒരു വഴി.?”
“വഴിയൊക്കെ ഞാന്‍ ഉണ്ടാക്കാം. വിളവെടുപ്പിന് പോകാന്‍ ആരാ അന്വാദം തരാത്തതു്. ഞാന്ം ഒരു കൗണ്‍സില്‍ മെംമ്പറാണച്ചോ. പിന്നെ നമ്മുടെ ഈ പ്ലാന്ം പദ്ധതിയുമൊക്കെ ഒന്നു പുതുക്കി രൂപാന്തരപ്പെടുത്തണം.”

“ഇടവക ജനങ്ങള്‍ക്കു് സമ്മതം ഉള്ളതു പോലെ ചെയ്യാം.”
“എന്തോന്നു സമ്മതം? ജനറല്‍ബോഡി എന്തെങ്കിലും തീരുമാനിക്കട്ടെ. റിപ്പോര്‍ട്ടു് എഴുതുന്നതു് നമ്മളല്ലേ. റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കും. നടത്തണം. അത്രമാത്രം. എന്താണച്ചോ! നമ്മുടെ സഭാഭരണഘടന പറയുന്നതും ഇങ്ങനെയല്ലേ? ജനാധിപത്യത്തിന്റെ പുറംചട്ടയ്ക്കുള്ളില്‍ കുടിയിരുത്തിയിരിക്കുന്ന ഏകാധിപത്യമല്ലേ എല്ലാ സഭകളുടെയും ഭരണക്രമം.” പുനലൂരാന്റെ ശബ്ദത്തില്‍ ഗൗരവം നിഴലിച്ചു.
ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ഘടികാരം ഒമ്പതു മണിയെന്നു് വിളിച്ചറിയിച്ചപ്പോള്‍ ഇടവക കമ്മറ്റിക്കായി ഇരുവരും ഒന്നിച്ചിറങ്ങി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക