Malabar Gold

ഇടത്താവളങ്ങള്‍ (ആര്‍. പഴുവില്‍ , ന്യൂ ജേഴ്സി)

Published on 14 April, 2018
ഇടത്താവളങ്ങള്‍ (ആര്‍. പഴുവില്‍ , ന്യൂ ജേഴ്സി)
'അപ്പോള്‍ എല്ലാം ശരിയായല്ലോ,എന്നാല്‍ ശരി ബ്രയന്‍ ', ഇത് മൂന്നാമത്തെ തവണയാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റ് ബ്രയനോട് ഇത് പറയുന്നത്.

താക്കോല്‍ ആളെ ഏല്‍പ്പിച്ചു കഴിഞ്ഞിട്ട് നേരം കുറച്ചായി.

എന്നിട്ടും അതുമിതും പറഞ്ഞു കാര്‍ ഗരാജില്‍ തന്നെ ഇത്രയും നേരം ചുറ്റിപ്പറ്റി നില്‍ക്കുന്നത് എന്തിനെന്ന് അയാള്‍ കരുതുന്നുണ്ടാവുമോ?

ഏയ്.. ഇല്ല... അയാള്‍ ക്ഷമയോടെ പുഞ്ചിരിച്ചു കൊണ്ട് തന്നെ നില്‍ക്കുകയാണ്. ആള്‍ ഇതെത്ര കണ്ടതാണ് ?

അയാള്‍ക്ക് മനസ്സിലാകും.

പെട്ടെന്ന് താന്‍ എന്തോ മറന്നിട്ടെന്ന വ്യാജേന ഉള്ളിലേക്ക് കടന്നു.

മുന്‍വശത്തെ വാതിലും , അകത്തോട്ടു കയറിപ്പോകുന്ന കോണിപ്പടികളും ഒന്ന് കൂടെ നോക്കി.
ബ്രയന്‍ കാണാതെ വശത്തെ ചുമരില്‍ തൊട്ടു, ഒട്ടൊന്നമര്‍ത്തി , സ്‌നേഹത്തോടെ തഴുകി.

'പോട്ടെ' , പതിയെ മന്ത്രിച്ചു.

കൈകള്‍ വിറയാര്‍ന്നു..

ചുമരില്‍ നിന്നും ..
വിരലുകള്‍ വഴി ചെറിയ ഒരു മിന്നല്‍ പിണര്‍!

തോന്നിയതാണോ ? അല്ല.. ശരിക്കും വിരല്‍ത്തുമ്പു മരവിച്ചിരിക്കുന്നു.

പിന്നെ പെട്ടെന്ന് ഗരാജിലൂടെ തിരിച്ചു നടന്നു.

പുറത്തു ഡ്രൈവ് വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഹോണ്ട ഒഡീസ്സിയുടെ അരികില്‍ വന്നു തിരിഞ്ഞു നിന്നു കൈ വീശി കാണിച്ചു .

താഴോട്ട് നിരങ്ങി അടയാനാരംഭിച്ച ഗരാജ് ഡോറിന്റെ ' കര കര' ശബ്ദത്തില്‍ ഒരു തേങ്ങലിന്റെ സ്വരവും ഇടകലര്‍ന്നിരുന്നോ ? 'ഉപേക്ഷിച്ചു പോകയാണോ' എന്ന് അത് മൊഴിയുന്നുണ്ടായിരുന്നോ?

ഉള്ളില്‍ തികട്ടി വരുന്ന ഗദ്ഗദത്തോടെ നോക്കി നിന്നു.

അപ്പുറത്ത് ആറരയടിയോളം ഉയരമുള്ള ആജാനുബാഹുവായ വെള്ളക്കാരന്‍ ബ്രയന്റെ രൂപം ക്രമേണ പൂര്‍ണമായും അപ്രത്യക്ഷമായപ്പോള്‍ , തൊട്ടടുത്ത് നിന്നിരുന്ന ഭാര്യയെ നോക്കി.

ഒരു നെടു വീര്‍പ്പുതിര്‍ന്നു.

രണ്ട് പേരില്‍ നിന്നും..

ഒരുമിച്ച്.

പതിനാലു വര്ഷം ജീവിച്ച വീട്.
പതിന്നാലു ദിവസം പോലെ...
കാലമെന്ന മഹാ മാന്ത്രികന്റെ മായാജാലം!

താന്‍ ആദ്യമായി സ്വന്തമാക്കിയ വീട്..
മക്കള്‍ പിറന്നു വീണ,
അവരുടെ ബാല്യം കളിച്ചു തിമിര്‍ത്ത...
ഭാവിയില്‍ അവരുടെ ബാല്യസ്മരണകളില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുവാന്‍ പോകുന്ന വീട്.

അവിടെ നിന്ന് പല സാഹചര്യങ്ങള്‍ കൊണ്ട് മാറേണ്ടി വരുന്നു....

ഓര്‍മ്മകള്‍ക്കു ചിറകു വെക്കാന്‍ അനുവദിച്ചാല്‍ ...

വേണ്ട..
ഇപ്പോള്‍ അതിനു നിന്നാല്‍
പിന്നീടാവട്ടെ..

'ഇനി ?' ശ്രീമതി ചോദിച്ചു .

'പോകാം. പുതിയ ഉടമസ്ഥന്‍ വരാന്‍ സമയമായി. അവര്‍ വരുമ്പോള്‍ ഇവിടെ നമ്മള്‍ ഉണ്ടാകരുത് ..അതാണ് വ്യവസ്ഥ '.താക്കോല്‍ അവരെ ഏല്പിക്കേണ്ടത് ബ്രയന്റെ ഡ്യൂട്ടി യാണ് '

ഒഡീസ്സി സ്റ്റാര്‍ട്ട് ചെയ്തു ....

വഴി ഇടത്തോട്ട് വളയുമ്പോള്‍ ഒന്ന് കൂടെ തിരിഞ്ഞു നോക്കി .

ഉള്ളില്‍ നിന്നും ഇരച്ചു വന്ന തേങ്ങല്‍ പാടുപെട്ടമര്‍ത്തി.

ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി ...

മുന്നോട്ട്...

ജീവിത പ്രയാണത്തില്‍... അടുത്ത ഇടത്താവളത്തിലേക്ക്..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക