Image

കടല്‍ (കവിത: സോയ നായര്‍)

Published on 24 April, 2018
കടല്‍ (കവിത: സോയ നായര്‍)
ഒരു കൂട്ടം വെള്ളത്തുള്ളികള്‍
ഒന്നിച്ചിരുന്നു സങ്കടം പറയുന്നു.
ചില തുള്ളികള്‍ ചിരിക്കുന്നൂ, ചില തുള്ളികള്‍ തുള്ളുന്നു
ചിലരുടെ തുള്ളിച്ചാട്ടങ്ങള്‍ക്കിടയില്‍
മറ്റ് ചില തുള്ളികളുടെ കണ്ണുനീരുകള്‍ മറയ്ക്കപ്പെടുന്നൂ..

ദു:ഖം സഹിക്കാനാവാതെ,
അവഗ്ഗണനകള്‍ ഏറ്റുവാങ്ങാനാകാതെ
ചില തുള്ളികള്‍ ആഞ്ഞടിക്കുന്ന അലകളിലേക്ക് ചാടി
ആത്മഹത്യ ചെയ്യുന്നു..

ഒടുവില്‍ പടിയടച്ച് പിന്തള്ളപ്പെട്ടവരായ്
അവരോരോരുത്തരായ് കരയിലേക്ക് ചേരുന്നൂ..
കരയിലെ കുട്ടികള്‍ അവര്‍ക്കായ് ബലിയുരുളകള്‍ ഉരുട്ടുന്നു..
കൂടപ്പിറപ്പുകളാകും തുള്ളികള്‍
വിരഹത്തിന്റെ വിതുമ്പലുകളൊതുക്കി
യാത്രചൊല്ലി തിരികെ മടങ്ങവെ
ചക്രവാളം ചുവക്കുന്നൂ..

നാളെയുടെ ആത്മാക്കളാരാകുമെന്ന
ഉറപ്പുകളില്ലാതെ
കടലിന്റെ ആഴത്തിലെ ഇരുട്ട്മുറിയിലേക്ക്
അവര്‍ വീണ്ടും ഒളിക്കുന്നൂ, ഒന്നിക്കുന്നൂ..
Join WhatsApp News
വിദ്യാധരൻ 2018-04-24 23:50:30
നേരല്ല ദൃശ്യമിതു ദിക്കിനെ നീക്കി നോക്കിൽ 
വേറല്ല വിശ്വമറിവാംമരുവിൽ പ്രവാഹം
കാര്യത്തിൽ നില്പതിഹ കാരണസത്യയെന്ന്യേ 
വേറല്ല വീചിയിലിരിപ്പത് വാരിയത്രേ  (അദ്വൈത ദീപിക -ശ്രീനാരായണഗുരു)

ഈ പുറമെ കാണുന്ന കാഴ്ച്ചയൊന്നും നേരല്ല കാഴ്ചകൾ കാണാൻ വിസമ്മതിച്ചുകൊണ്ട് കാഴ്ചക്കാരൻ മാറിനിന്നാൽ ദൃശ്യമെല്ലാം എങ്ങന്നില്ലാതെ മാഞ്ഞു മറയും പ്രപഞ്ചമായികാണുന്ന ഈ കാഴച്ച അതിന്റെ കാരണമായ ബോധ സത്തയിൽനിന്നും ഭിന്നമല്ല.ബോധസ്വാരൂപമായ സത്യവസ്തുവിൽ മയൂരഭൂമിയിൽ കാനൽ ജലംപോലെ പ്രതിഭാസിക്കുന്നതാണ് പ്രപഞ്ചം. അറിവിലെ വെറും കാഴ്ചമാത്രമാണ് പ്രപഞ്ചമെങ്കിൽ അറിവും പ്രപഞ്ചവും ഒന്നാണെന്ന് തീർച്ച. കാരണത്തിൽ ഇല്ലാതിരുന്നതൊന്നും കാര്യത്തിൽ ഉണ്ടാവുക വയ്യ.  വെള്ളത്തിൽ തിരപൊന്തിയാൽ തിരയും വെള്ളം തന്നെയാണെന്ന് പറയേണ്ട വയ്യല്ലോ 

സങ്കടം പറയുന്ന വെള്ള തുള്ളികളും ചിരിക്കുന്ന വെള്ളത്തുള്ളികളും തുള്ളിക്കളിക്കുന്ന വെള്ളത്തുള്ളികളും വെള്ളമെന്നതാണ് സത്യം . പലതായി കാണുന്നത് മനസ്സിന്റെ ഭ്രമം മാത്രം 

"വേറല്ല വീചിയിലിരിപ്പത് വാരിയത്രേ"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക