രാവിലെ ഓഫീസിലേക്കുള്ള ബസില്‍ കയറുമ്പോള്‍ പതിവ് പോലെ െ്രെഡവര്‍ക്കൊരു സുപ്രഭാതം പറഞ്ഞു, പാസ് നിവര്‍ത്തി കാണിച്ചു.
സുന്ദരിയായ ഒരു സ്ത്രീയാണ് െ്രെഡവര്‍ സീറ്റില്‍.
തൂവെള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റും ധരിച്ചു , ഒരു ച്യുയിങ്ങ്ഗം ചവച്ചു മനോഹരമായ ചിരിയോടെ അവള്‍ തിരിച്ചു വിഷ് ചെയ്തു.
സ്റ്റീയറിങ് വീലില്‍ വിശ്രമിക്കുന്ന ആ നനുത്ത സ്വര്‍ണ വര്‍ണ്ണമുള്ള കൈകള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല.
അവ ഇത്തരമൊരു ബസിന്റെ വളയം പിടിക്കേണ്ടവയല്ലല്ലോ എന്ന് മനസ്സില്‍ ഒരു നിമിഷം ആലോചിച്ചു കൊണ്ട് പിന്നോട്ട് നടന്നു നീങ്ങി.
കുറച്ചു പിന്നിലായി ഒരു വിന്‍ഡോ സീറ്റ് ആണ് കിട്ടിയത്. ആളുകള്‍ ഇനിയും
കയറുന്നുണ്ട് . അവസാന ബസ് ആയതിനാല്‍, സീറ്റുകള്‍ കഴിഞ്ഞാലും പതിനഞ്ചോളം
പേര്‍ക്ക് നിന്ന് പോകാവുന്ന തരത്തില്‍ വലിയ ബസ് ആണ് വരുന്നത്.
എല്ലാവരും കയറി.
ഒരാള്‍ക്ക് സീറ്റ് കിട്ടിയില്ല .
ഏതാണ്ട് അന്‍പതു വയസ്സു തോന്നിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. അവരെ
കണ്ട് പരിചയമുണ്ട് . അവര്‍ സീറ്റ് ഇല്ലെന്നു കണ്ട് അവിടെ മുന്‍വശത്തു തന്നെ
നില്‍പ്പായി.
ഇത് അസാധാരണമൊന്നുമല്ല.
ഇവിടെ പെണ്ണുങ്ങള്‍ക്ക് പ്രത്യേകിച്ച് സീറ്റ് ഒന്നുമില്ല.
( വികലാംഗര്‍ക്ക് അല്ലെങ്കില്‍ വീല്‍ചെയറില്‍ വരുന്നവര്‍ക്ക് ഉണ്ട്.).
നാട്ടിലെപ്പോലെ ചെറുപ്പക്കാര്‍ അല്ലെങ്കില്‍ ചെറുപ്പക്കാരികള്‍ കുറച്ചു
പ്രായമായവര്‍ക്ക് ചാടിയെണീറ്റു സീറ്റ് കൊടുക്കുന്ന കീഴ്വഴക്കം ഇവിടെയില്ല.
അത് ആരും പ്രതീക്ഷിക്കുന്നുമില്ല. അവരും നിത്യേന ജോലിക്കു വേണ്ടി യാത്ര
ചെയ്യാന്‍ ആരോഗ്യമുള്ള ഒരു യാത്രക്കാരി എന്ന രീതിയില്‍ ആണ് ആരും കാണുക.
അത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ബസ് പുറപ്പെടുന്നതും കാത്ത് ഇരുന്നു.
പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു കൊണ്ട് സുന്ദരി െ്രെഡവര്‍
സീറ്റില്‍ നിന്നെണീറ്റു വന്നു. പിന്നില്‍ ഏതെങ്കിലും സീറ്റ് ഒഴിവുണ്ടോ
എന്ന് വിളിച്ചു ചോദിച്ചു.
ഞാനടക്കം യാത്രക്കാര്‍ ഇല്ലെന്നു മറുപടി പറഞ്ഞു.
ഒരു നിമിഷം ആലോചിച്ചു നിന്നിട്ട്, ഞങ്ങളെ ഒട്ടൊന്നു ഞെട്ടിച്ചു കൊണ്ട് അവര്‍ വീണ്ടും പറഞ്ഞു .
"ആരെങ്കിലും ദയവു ചെയ്തു ഈ സ്ത്രീക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാമോ ?
നിങ്ങളെക്കാള്‍ പ്രായമുള്ള അവരെ ഇങ്ങനെ നിറുത്തിക്കൊണ്ട് െ്രെഡവ് ചെയ്യാന്‍
എനിക്ക് സാധിക്കില്ല ".
അപേക്ഷാസ്വരവും, അതെ സമയം ആജ്ഞാശക്തിയും സ്ഫുരിക്കുന്ന വാക്കുകള്‍.
ഇത് പ്രതീക്ഷിക്കാത്തതാണ്.
ആദ്യം ഒരമ്പരപ്പ് ( അതോ ചമ്മലോ?) തോന്നിയെങ്കിലും, പിന്നെ എനിക്ക് അവരോട് ബഹുമാനം തോന്നി.
ഇവര്‍ ആണ് സ്ത്രീ.
കരുതലും, സ്‌നേഹവും , അതിനൊപ്പം ആവശ്യത്തിന് തന്റേടവും ഉള്ള സ്ത്രീ.
മറ്റു യാത്രക്കാരുടെ മുഖങ്ങളിലും ഏറെക്കുറെ അതേ ചിന്ത തന്നെയെന്ന് എനിക്ക് വായിച്ചെടുക്കാനായി.
യാത്രക്കാരി ഉടനെ പറഞ്ഞു " അയ്യോ , വേണ്ട . എനിക്ക് ഒരു കുഴപ്പവുമില്ല.
ആവശ്യത്തിനുള്ള ആരോഗ്യമുണ്ട്. അപ്പോള്‍ പിന്നെ എന്തിനാണ് മറ്റു യാത്രക്കാരെ
ബുദ്ധിമുട്ടിക്കുന്നത് ? എനിക്ക് 55 വയസ്സേ ഉള്ളൂ. ദൈവം സഹായിച്ചു
കൂടുതല്‍ അവശതകളൊന്നുമില്ല. താങ്കളുടെ ഈ ശ്രദ്ധക്കും കരുതലിനും നന്ദി..വളരെ
നന്ദി . പക്ഷെ ഞാന്‍ നിന്നോളാം. ഒരു ബുദ്ധിമുട്ടുമില്ല”.
ഇതാ വേറൊരു സ്ത്രീ രത്‌നം.
യാത്രക്കാര്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു.
കൂടുതല്‍ പറയാന്‍ അനുവദിക്കാതെ തൊട്ടു പിന്നില്‍ സീറ്റിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ ചാടിയെണീറ്റു. ഇന്ത്യക്കാരന്‍.
ഒരു നിമിഷം മുന്‍പ് ആ യുവാവ് ഹെഡ് ഫോണ്‍ ഫിറ്റ് ചെയ്തു സംഗീതം കേള്‍ക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നാല്‍, കണ്മുന്നില്‍ അരങ്ങേറിയ സംഭവം അയാളില്‍ കുറ്റബോധവും ചമ്മലും
ഉണ്ടാക്കിയെന്ന് വ്യക്തം. എങ്കിലും പെട്ടെന്ന് തന്നെ അത് മറി കടന്ന് അയാള്‍
ആ യാത്രക്കാരിയെ നിര്‍ബന്ധിച്ചു സീറ്റില്‍ ഇരുത്തി.
എന്നിട്ടു കമ്പികളില്‍ പിടിച്ചു നില്‍പ്പായി.
"താങ്ക് യു , ഐ അപ്പ്രീസിയേറ്റ് ഇറ്റ് ", സുന്ദരി െ്രെഡവര്‍ പറഞ്ഞു.
എന്നിട്ടു വീണ്ടും മനോഹരമായി ചിരിച്ചു.
പിന്നെ അവരുടെസീറ്റില്‍ കയറി .
ബസ് മുന്നോട്ടു കുതിച്ചു.
യാത്രക്കാരി പിന്നെയും ആ ചെറുപ്പക്കാരനോട് വേണ്ടായിരുന്നു എന്ന് പറയുന്നത് കേള്‍ക്കാമായിരുന്നു.
……
……
ഒരു നാല്പത്തി അഞ്ചു മിനുട്ടു കഴിഞ്ഞു കാണും .
പതിവിലും കൂടുതല്‍ ട്രാഫിക് ആയതു കൊണ്ട് ബസ്സ് ഇഴഞ്ഞാണ് പോകുന്നത്.
ഇനിയും ഒരു മുപ്പതു മിനുട്ടു കൂടെ എടുക്കും.
പലരും സീറ്റില്‍ ഇരുന്നുറക്കമാണ്.
യാത്രക്കാരിയുടെ അനക്കമൊന്നുമില്ല. അവരും മയങ്ങുകയാണെന്നു മനസ്സിലായി.
എനിക്ക് ഉറങ്ങുന്ന ശീലമില്ല.
ചെറുപ്പക്കാരന്‍ നിന്ന് നിന്ന് ഒരു പരുവമായിട്ടുണ്ട് . അവന്‍ കുറെ നേരം
വലതുവശത്തെ സീറ്റില്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്നതും , പിന്നെ
ഇടത്തോട്ട് ചായുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ട് .
ഇനിയും അവനെ നിര്‍ത്തിക്കൂടാ.
ഒരു അര മണിക്കൂര്‍ നില്‍ക്കാനുള്ള ബാദ്ധ്യത എനിക്കുമുണ്ട് .
ഞാന്‍ പതിയെ എണീറ്റു.
എന്റെ അരികത്തിരുന്നവനെ ക്ഷമാപണം ചെയ്തുണര്‍ത്തി എണീപ്പിച്ചു , അയാളോട്
എന്റെ സീറ്റില്‍ ഇരിക്കാന്‍ അഭ്യര്‍ത്ഥിച്ചു . ആദ്യം എനിക്ക് വട്ടാണെന്ന
രീതിയില്‍ നോക്കിയെങ്കിലും കാര്യം മനസ്സിലായപ്പോള്‍ ഒരു പുഞ്ചിരി തന്നു.
പിന്നെ , ഞാന്‍ ആ നല്ല ചെറുപ്പക്കാരന് കേള്‍ക്കാവുന്ന സ്വരത്തില്‍ വിളിച്ചു.
അയാള്‍ തിരിഞ്ഞു നോക്കി ..
ആദ്യം "വേണ്ട" എന്ന് പറയാനാഞ്ഞു, എന്നാല്‍ എന്റെ അടുത്ത വിളി മുഴുമിപ്പിക്കുമ്പോഴേക്കും ആശാന്‍ വേച്ചു വേച്ചു വന്നു.
പിന്നെ അനേകവര്ഷങ്ങളായി ഇരിക്കാനാഗ്രഹിച്ച പോലെ തളര്‍ന്നിരുന്നു.
" താങ്ക് യു , സൊ സൊ മച്ച് .. ഞാന്‍ ശരിക്കും തളര്‍ന്നു" അയാള്‍ പറഞ്ഞു .
" എനിക്കറിയാം " ഞാന്‍ പുഞ്ചിരിയോടെ അവനെ നോക്കി പ്പറഞ്ഞു.
പിന്നെ മുന്നോട്ടു നോക്കി നില്‍പ്പാരംഭിച്ചു.
സുന്ദരിയായ അമരക്കാരിയുടെ ഭദ്രമായ കൈകളില്‍ ബസ് അപ്പോഴും അതിന്റെ ലക്ഷ്യം തേടി മുന്നോട്ടു പോയിക്കൊണ്ടിരുന്നു...
***ശുഭം***