ജീവിതത്തോട് സാദൃശ്യമുള്ള പല സിനിമകളും പുസ്തകങ്ങളും പലരെയും
അമ്പരപ്പിച്ചിട്ടുണ്ട്. ഇതിലെവിടെയോ ഞാനുണ്ടല്ലോ എന്ന് അവര്‍ അവരോടു തന്നെ
പറഞ്ഞിട്ടുണ്ട്, എന്നാല്‍ മറ്റാരുടെയും ജീവിതവുമായി സാമ്യമില്ലാത്ത ഒരു കഥ,
പത്തൊന്‍പത് വയസ്സുള്ള ഒരു പയ്യന്‍ ജീവിതം കൊണ്ട് അനുഭവിച്ചും കണ്ടും
തീര്‍ത്ത കഥ സിനിമയായി പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കൃഷ്ണം
എന്നാണു ചിത്രത്തിന്റെ പേര്. സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്,
യാഥാര്‍ത്ഥജീവിതത്തിലെ ആ പതിനേഴു വയസ്സുകാരന്‍ തന്നെയാണ് സിനിമയിലെയും
നായകന്‍. അതേ, ജീവിതത്തിലെ വേഷങ്ങള്‍ ആടിയതു പാതിയില്‍ അഴിച്ചു വച്ച്
സിനിമയിലേയ്ക്ക് അക്ഷയ് എന്ന പത്തൊന്പതുകാരന്‍ വേഷം കെട്ടിയാടുന്നു.
"ഇതെന്റെ ജീവിതമാണ്" എന്ന് അക്ഷയ് ഉറക്കെ വിളിച്ചു പറയുന്നു. ഒരുപാട്
പ്രത്യേകതകളുണ്ട് കൃഷ്ണം എന്ന ചിത്രത്തിന്. നായകനായ അക്ഷയ് കൃഷ്ണന്‍
സംസാരിക്കുന്നു.
ഇതെന്റെ ജീവിതം, എന്റെ സിനിമ
ഇതെന്റെ അനുഭവങ്ങള്‍ തന്നെയാണ്, പക്ഷെ ഈ സിനിമയില്‍ നായകന്‍ എന്ന ഒരു
പ്രയോഗമില്ല, നായകന്‍ ഈ സിനിമയിലെ വൈകാരികമായ മുഹൂര്‍ത്തങ്ങളാണ്. അതി
തീവ്രമായ വൈകാരിക രംഗങ്ങളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ജീവിതം സിനിമയാക്കുമ്പോഴുള്ള റിസ്കുകള്‍ ഒക്കെയും ആ ചിത്രത്തിലുണ്ട്. പക്ഷെ
അതിനെ എങ്ങനെ കണ്ടെടുക്കുന്നു എന്നതിലാണ് കാര്യം. നമ്മുടെ ജീവിതത്തില്‍
എല്ലാവര്‍ക്കും പല തരത്തിലുള്ള അനുഭവങ്ങളുണ്ടാകാം, സന്തോഷം, ദുഃഖം തുടങ്ങി
എല്ലാം, അതിന്റെ ഒക്കെ അങ്ങേയറ്റത്തെ നിന്നാണ് കൃഷ്ണം പ്രേക്ഷകരോട്
സംസാരിക്കുന്നത്. പതിനെട്ടു വയസായ ഒരു പയ്യന്‍, അവന്‍ വളരെ
നോര്‍മലായിരുന്നു, അവന്റെ ജീവിതം സാധാരണ പോലെയായിരുന്നു, അതിലേക്കാണ്
അപ്രതീക്ഷിതമായി കുറേ അനുഭവങ്ങള്‍ കയറി വരുന്നത്. അതാണ് ഈ സിനിമ. വൈകാരികത
വച്ചു കൊണ്ട് തന്നെയാണ് നമ്മള്‍ പ്രേക്ഷകരെ പ്രതീക്ഷിക്കുന്നത് . സിനിമ
എന്നാല്‍ ഏതെങ്കിലും ഒരു വസ്തു പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഉണ്ടാവണം,
നമ്മള്‍ ഇതിലെ ഹൃദയത്തില്‍ തട്ടിയുള്ള നിമിഷങ്ങള്‍ വച്ചാണ് അത് ചെയ്യാന്‍
ഉദ്ദേശിച്ചിരിക്കുന്നത്.
ഇടവേള കഴിഞ്ഞും അതിനു മുന്‍പും
സിനിമയുടെ ഇടവേളക്ക് മുന്‍പ് എന്താണോ സിനിമ പറഞ്ഞത് അതിന്റെ നേരെ വിപരീതമായ
ഒരു അനുഭവമാണ് ഇടവേളയ്ക്കു ശേഷം. അതുവരെ ക്യാംപസ് കഥയായി മുന്നോട്ടു
പോകുന്ന , ക്യാംപസിലെ എല്ലാ വിധമായ അനുഭവങ്ങളെയും കാണിക്കുന്ന ഒരു ചിത്രം
ഇടവേളയ്ക്കു ശേഷം മറ്റൊരു ചിത്രമായി തീര്‍ന്നത് പോലെ തോന്നും. പക്ഷെ ഇത്
അനുഭവമാണ്, ജീവിതമാണ്.
എല്ലാത്തിനും തുടക്കം ആ നൃത്തം
ഞാനന്ന് പ്ലസ് റ്റു നു പഠിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ്. ആ
പ്രായത്തിലുള്ള ഏതൊരു യുവാവിനെയും പോലെ വളരെയധികം എനെര്‍ജിയുള്ള പ്രായം,
അവസ്ഥ. സ്കൂള്‍ ക്യാംപസില്‍ ആളാവാനും പെണ്‍കുട്ടികളുടെ മുന്‍പില്‍ പേര്
കിട്ടാനും എന്തും ചെയ്യുന്ന മാനസിക അവസ്ഥ. അന്നേ ഡാന്‍സ് വലിയ
ഇഷ്ടമായിരുന്നു. സ്കൂളില്‍ നൃത്ത പരിപാടികള്‍ ചെയ്യും. എല്ലാ തവണത്തേയും
പോലെ ആ വര്‍ഷവും കൂട്ടുകാരുടെ കൂടെ ഒരു നൃത്തം വര്‍ഷാവസാന പരിപാടിയ്ക്ക്
പദ്ധതിയിട്ടിരുന്നു. അതിന്റെ പ്രാക്ടീസിങ് സമയത്താണ് ചെറിയ വയറു വേദന
തുടങ്ങുന്നത്. ഒരു ചെറിയ വേദന, ഞാനത് അത്ര കാര്യമാക്കിയില്ല. പിന്നീട്
വേദനയും വയറ്റിലെ മുഴയുടെ വലിപ്പവും ഒരുപോലെ കൂടി വന്നു. പക്ഷെ
എനിക്കാരോടും പറയാന്‍ തോന്നിയില്ല, വീട്ടില്‍ പറഞ്ഞാല്‍ ഡാന്‍സ് പ്രാക്ടീസ്
അതോടെ അവസാനിക്കും, ക്യാംപസിലെ എന്റെ പേര് പോയിക്കിട്ടും, മാത്രമല്ല
വിശ്വസിച്ചു കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളെ ചതിച്ചതു പോലെയാകും. അതും
വച്ച് കൊണ്ട് പ്രാക്ടീസ് ചെയ്തു. ഒടുവില്‍ ആനുവല്‍ ഡേയ്ക്ക് വേദിയില്‍
പതിനഞ്ചു മിനിറ്റോളം ഡാന്‍സ് കളിച്ചു, അതോടെ ഞാന്‍ നിലത്തു വീണു. വീട്ടില്‍
എത്തിയപ്പോഴും ഡാന്‍സ് കളിച്ചതിന്റെ ക്ഷീണമായിരിക്കും എന്നാണ് ആദ്യം
എല്ലാവരും വിചാരിച്ചത്, പക്ഷെ ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍
'അമ്മ മുന്നിലിരുന്നു കരയുന്നു . ഷര്‍ട്ടില്ലാതെ എന്നെ കാണാന്‍ അത്ര
ബുദ്ധിമുട്ടായിരുന്നു. മുഴയുടെ വലിപ്പം അത്രത്തോളം വലുതായിരിക്കുന്നു.
അപ്പോഴാണ് ഈ പ്രശ്‌നം അവരറിഞ്ഞത്. അച്ഛന്‍ പെട്ടെന്ന് തന്നെ എന്നെയും
കൂട്ടി ആശുപത്രിയിലേയ്ക്ക് പോയി. ആദ്യം അവര്‍ പരിശോധിച്ച് പറഞ്ഞത് ഹെര്‍ണിയ
ആണെന്നായിരുന്നു, അതിനു ഓപ്പറേഷനും നടത്തി, പക്ഷെ സംഭവം അതിലും
കോമ്പ്‌ലിക്കേറ്റഡ് ആയിരുന്നു. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു
അനുഭവമായിരുന്നു ഡോക്ടര്‍ക്കും. പ്രശ്‌നങ്ങള്‍ വരാന്‍
കിടക്കുന്നതേയുണ്ടായിരുന്നുള്ളൂ, ഹെര്‍ണിയ ഒരു തുടക്കം മാത്രമായിരുന്നു. ആ
സസ്‌പെന്‍സ് സിനിമയില്‍.
ഞാന്‍ തന്നെ നായകന്‍!
ആ പ്രായത്തിലുള്ള ഏതൊരു യുവാവിനെയും പോലെ സിനിമ ഇഷ്ടമായിരുന്നു.
അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ പ്രായത്തിലുള്ള നല്ലൊരു
ശതമാനം ചെറുപ്പക്കാര്‍ക്കും അത് ആരോടും പറയാത്ത ഒരു മോഹമാണ്. സന്ദര്‍ഭം
കിട്ടിയാല്‍ പ്രയോഗിക്കാന്‍ താല്പര്യമുള്ള മോഹം. എന്റെ മോഹം കൂടുന്നതിന്
മുന്‍പ് ജീവിതം മറ്റൊരു തരത്തിലേക്ക് വീണു. ആശുപത്രി, വീട്, അസുഖങ്ങള്‍,
ഓപ്പറേഷനുകള്‍, അച്ഛന്‍, 'അമ്മ... മറ്റൊന്നും ചിന്തിക്കാന്‍ ആവില്ലാരുന്നു.
അതില്‍ നിന്നൊക്കെ പുറത്തു കടന്ന ശേഷം അച്ഛന്‍ ഒരു സിനിമ ചെയ്യാന്‍
പോകുന്നു എന്ന് പറഞ്ഞു. അതിന്റെ ചര്‍ച്ചയ്ക്കു വേണ്ടി സംവിധായകന്‍ ദിനേശ്
ബാബു വരുന്നുണ്ട്, എന്നൊക്കെ പറഞ്ഞു. അവരുടെ ചര്‍ച്ച കേള്‍ക്കാന്‍ വേണ്ടി
ചെന്നിരുന്നതാണ്, പക്ഷെ പറഞ്ഞു വന്നപ്പോള്‍ എന്റെ കഥ, എന്റെ കഥ എന്ന്
പറഞ്ഞൂടാ, എന്റെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, ഈ സിനിമ എന്റെ
അച്ഛന്‍ എനിക്ക് തന്ന ഒരു സമ്മാനമാണ്. അപ്പോഴൊന്നും ആരുടേയും മനസ്സില്‍
നായകനായി ഞാനില്ല, എന്റെ മനസ്സിലുമില്ല. ചര്‍ച്ചയ്ക്കിരിക്കുമ്പോഴാണ്
സംവിധായകന്‍ എന്നോട് പ്രധാന വേഷത്തില്‍ ഞാന്‍ തന്നെ അഭിനയിച്ചാല്‍ പോരെ
എന്ന് ചോദിക്കുന്നത്. എന്റെ ജീവിതം ഞാന്‍ തന്നെ അഭിനയിക്കുക, സംഭവം
രസകരമായി തോന്നി. ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു.
ആ സസ്‌പെന്‍സ് പറയില്ല!
എന്റെ ജീവിതത്തിലെ വലിയൊരു രഹസ്യമാണ് ഈ സിനിമ. ഒരുപക്ഷെ ഞാന്‍
ആശുപത്രിയില്‍ കിടന്ന പല സമയങ്ങളിലും എന്റെ കുടുംബത്തിലും ജീവിതത്തിലും
നടന്ന പലതും ഞാനറിഞ്ഞിട്ടില്ല. ആ അനുഭവങ്ങളാണ് ഈ സിനിമയുടെ ജീവന്‍. പല
രംഗങ്ങളും ഷൂട്ട് ചെയ്യുന്ന സമയത്തും ഞാന്‍ പോയില്ല, എനിക്കത് സിനിമയായി
തന്നെ കണ്ടാല്‍ മതി. അച്ഛനും അമ്മയും നേരിട്ട അനുഭവങ്ങള്‍ അവര്‍ അങ്ങേയറ്റം
മനോഹരമാക്കി എനിക്കായി കരുതി വയ്ക്കും എന്നുറപ്പുണ്ട്. മറ്റൊന്ന്
ഡോക്ടര്‍മാര്‍ വരെ പോയിന്റ്‌റ് സീറോ വണ്‍ ചാന്‍സ് ജീവിക്കാന്‍ പറഞ്ഞ ഒരു
വ്യക്തി ജീവിതത്തിലേയ്ക്ക് മടങ്ങി വന്ന അനുഭവമാണ്. എനിക്ക് തീര്‍ച്ചയായും
പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു, ആരോടും പറയാനാവില്ല, ഡോക്ടര്‍മാരോട് മാത്രം
പറഞ്ഞു. ഞാന്‍ ജീവിച്ചിരിക്കുമെന്നു അവര്‍ ആരും കരുതിയിട്ടില്ല. ഏതു
നിമിഷവും മരിച്ചു പോകാവുന്ന ഒരാള്‍ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് ,
അതിന്റെ പല നിമിഷങ്ങളും ഈ സിനിമയിലുണ്ട്. എങ്കിലും എനിക്ക് പോലും അറിയാത്ത
ഒരു സസ്‌പെന്‍സ് ആണ് ഈ സിനിമ യഥാര്‍ത്ഥത്തില്‍.
മഴവില്ലിന് ശേഷം ദിനേശ്
എക്‌സീരിയന്‍സ് ഉള്ള ആരെക്കൊണ്ടെങ്കിലും മതി ഈ സിനിമ എടുക്കാന്‍ എന്ന്
അച്ഛന് ആഗ്രഹമുണ്ടായിരുന്നു, പലരെയും സമീപിച്ചു, അങ്ങനെയാണ് ദിനേശ് ബാബു
വന്നെത്തുന്നത്. മഴവില്ല് എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം മറ്റു ഭാഷകളില്‍
നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്, അച്ഛന് ഈ സിനിമയിലൂടെ പറയാന്‍
ഉദ്ദേശിച്ച ആ സസ്‌പെന്‍സ് എലമെന്റ് ദിനേശ് ബാബുവിന് മാത്രമേ വണ്‍ ലൈനായി
പറയാനായുള്ളൂ. അങ്ങനെയാണ് കൃഷ്ണം ചെയ്യാനായി അദ്ദേഹമെത്തുന്നത്.
നിര്‍മ്മാണം അച്ഛന്‍ തന്നെയാണ്.
കൃഷ്ണം കരയിപ്പിക്കും!
അച്ഛന്‍ പി എന്‍ ബല്‍റാം, ബിസിനസുകാരനാണ്, 'അമ്മ മിനി ബല്‍റാം. രണ്ടു
ചേട്ടന്മാര്‍ കൂടി ഉണ്ട് എനിക്ക്. ഏട്ടന്മാര്‍ രണ്ടു പേരും പുറത്തായിരുന്ന
സമയത്താണ് എനിക്ക് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുന്നത്. ഞാനും അമ്മയും
അച്ഛനുമാണ് വീട്ടില്‍, അതുകൊണ്ട് അവരുമായി ഞാന്‍ നല്ല കൂട്ടായിരുന്നു.
'അമ്മ ഇപ്പോള്‍ സന്തോഷത്തിലാണ്, കാരണം ഞാനിപ്പോള്‍ ഹാപ്പിയാണ് അതുകൊണ്ട്.
പക്ഷെ അമ്മെ സിനിമ കാണിക്കാന്‍ ചിലപ്പോഴെ കൊണ്ട് പോകൂ, 'അമ്മ ആ സീനുകള്‍
വീണ്ടും കാണുമ്പൊള്‍ എങ്ങനെ റിഇയാക്ട് ചെയ്യുമെന്ന് ഊഹിക്കാന്‍
പോലുമാകുന്നില്ല. എന്തായാലും അമ്മയുടെ ഒപ്പം ഞാനിരിക്കില്ല, ചിലപ്പോള്‍ ആ
നിമിഷത്തെ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല. ഇതൊരു കുടുംബ
ചിത്രമാണ്, അതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകരോടാണ് പറയാനായുള്ളതും. കൃഷ്ണം
ഒരു കോമഡി പടമല്ല, ഹീറോ സംഭവമായുള്ള സിനിമയുമല്ല, ഇത് നിങ്ങളെ
കരയിപ്പിക്കും, കാരണം ചില ജീവിതങ്ങള്‍ അങ്ങനെയാണ്, സത്യങ്ങള്‍
സ്വീകരിക്കാതെ പറ്റില്ലല്ലോ.
കഥാപാത്രങ്ങളായി അവര്‍ തന്നെ വേണം!
ഈ കഥ സിനിമയാക്കണം എന്ന് വിചാരിച്ചപ്പോഴേ അച്ഛന്റെ മനസ്സില്‍ സായികുമാര്‍
സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് വരുന്ന പല ഭാവങ്ങളൊക്കെ, എത്ര
അനായാസമാണ് അദ്ദേഹത്തിന്റെ അഭിനയം. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ആള്‍
ഒക്കെ ആയിരുന്നു. സായ് കുമാര്‍ സാറാണ് അച്ഛനായി അഭിനയിക്കുന്നത്. 'അമ്മ
ശാന്തികൃഷ്ണ മാം ആണ്. സിനിമയുടെ ആദ്യ പകുതിയില്‍ െ്രെബറ്റ് ആയി ഇരിക്കുന്ന
ഒരു സ്ത്രീ രണ്ടാം പകുതിയില്‍ ഡള്‍ ആണ്. എന്റെ അമ്മയും അതുപോലെ ആണ്,
സുന്ദരി, അമ്മയുടെ ഓരോ അവസ്ഥയിലെ മുഖവും എനിക്കറിയാം. ശാന്തികൃഷ്ണ മാമിനു
പലപ്പോഴും എന്റെ അമ്മയുടെ ഛായ ഉണ്ടായിരുന്നു.
സിനിമ ഉടന്‍ റിലീസ്
അടുത്ത മാസമാണ് കൃഷ്ണം റിലീസ് ചെയുന്നത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍
ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാട്ട് പുറത്തിറങ്ങി. സന്ധ്യ
ഹരിപ്രസാദിന്റെ വരികള്‍ക്ക് ഹരിപ്രസാദാണ് സംഗീതം.രഞ്ജി പണിക്കര്‍ സാറാണ്
സിനിമയില്‍ ഡോക്ടര്‍ ആയി അഭിനയിക്കുന്നത്. പ്രതീക്ഷയോടെയാണ് ഞങ്ങളെല്ലാം
ഇരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു സിനിമ എന്ന് പ്രിവ്യു കണ്ടവര്‍ പറഞ്ഞു.
ഒരുപക്ഷെ ജീവിതത്തില്‍ ഒരാള്‍ അനുഭവിച്ച കാര്യങ്ങള്‍ ആ ആള്‍ തന്നെ
സിനിമയിലും അഭിനയിക്കുക, അങ്ങനെയും ആദ്യമായാകും!