Image

നഴ്‌സിംഗ് രംഗത്ത് റോള്‍ മോഡലായി ഡോ. നിഷ ജേക്കബ് (മീനു എലിസബത്ത്)

Published on 12 May, 2018
നഴ്‌സിംഗ് രംഗത്ത് റോള്‍ മോഡലായി  ഡോ. നിഷ ജേക്കബ് (മീനു എലിസബത്ത്)
'ഏത് കോളജിലാ പഠിക്കുന്നെ ' കേരളത്തിലെ ചില ടിവി ചാനലുകളില്‍ സ്ഥിരം കാണാറുള്ള ഒരു പരസ്യത്തില്‍ കാണുന്ന ഒരു വാചകമാണിത്. ഡാളസിലെ ഞങ്ങളുടെയെല്ലാം പ്രിയ കൂട്ടുകാരി നിഷ ജയ്ക്കബിനെ കണ്ടാലും, ആരും ചോദിച്ചു പോകും ഈ ചോദ്യം. 

ഡാളസിലെക്കുള്ള തിരിച്ചു വരവിലാണ് നിഷ ജേക്കബ് എന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയുവാനും, ഇടപഴകുവാനുമുള്ള അവസരം ലഭിച്ചത്. മിക്ക കമ്മ്യൂണിറ്റി പരിപാടികളിലും, ഡാന്‍സും തിരുവാതിരയുമൊക്കെ കൂട്ടുകാരികളെ പഠിപ്പിക്കുന്നത് നിഷയുടെ നേതൃത്വത്തിലായിരിക്കും. പകല്‍ പന്ത്രണ്ടു മണിക്കൂറോ അതിലധികമോ ഒക്കെ ജോലി കഴിഞ്ഞാവും, വരവ്. ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ പറഞ്ഞു തന്നു, ഞങ്ങളെ പ്രാക്റ്റിസ് ചെയ്യുവാന്‍ വിട്ടിട്ടു, നിഷ അടുക്കളയില്‍ പോയി കറികള്‍ ഉണ്ടാക്കും. മക്കളുടെ ഹോം വര്‍ക്കില്‍ ഒന്ന് കണ്ണോടിക്കും. അതിനിടെ കുട്ടികള്‍ക്കുള്ള ഭക്ഷണവും വിളമ്പിക്കൊടുത്തു അടുത്തിരുന്നു അവരെ കഴിപ്പിക്കുവാനും സമയം ഉണ്ടാക്കും. ഡാന്‍സു പ്രാക്റ്റിസിന് വരുന്നവര്‍ക്കുള്ള സ്‌നാക്കും, ചായയും, എപ്പോളെ റെഡി.

രണ്ടായിരത്തിപ്പതിനാറിലാണ് താന്‍ ഡോക്ടറേറ്റ് എടുക്കുവാന്‍ പോകുന്ന കാര്യവും, ഇനി അടുത്ത രണ്ടു വര്‍ഷത്തേക്ക് കാര്യങ്ങളൊക്കെ അല്‍പ്പം തിരക്കിലായിരിക്കുമെന്നൊക്കെ നിഷ ഞങ്ങള്‍ കൂട്ടുകാരോട് പറയുന്നത്. പക്ഷെ, ആ വര്ഷവും, ഈ തിരക്കൊക്കെ വെച്ച് തന്നെ  നിഷ ഞങ്ങളെ തിരുവാതിര പഠിപ്പിച്ചു. നിഷ എന്ന വ്യക്തി മറ്റു പലരില്‍ നിന്നും വ്യത്യസ്തയാകുന്നതില്‍ ചില കാര്യങ്ങള്‍ ഇത് മാത്രം.

തിരക്ക് പിടിച്ച നേഴ്‌സിങ് കരിയറിലും നിഷ ജീവിതത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്ന വിധം അത്ഭുതകരവും, മറ്റുള്ളവര്‍ക്ക് ഒരു മാതൃകയുമാണ്. നല്ലൊരു സംഗീതജ്ഞയും, നര്‍ത്തകിയും, പ്രസംഗികയും, അഭിനേതാവുമായ നിഷ നിരവധി തവണ സ്വന്തമായി കഥാപ്രസംഗം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായും, മറ്റു പല ചാരിറ്റബിള്‍ സംഘടനകളില്‍ വോളന്റിയറായും, ഗായകസംഘത്തിലും എല്ലാം നിഷ തന്റെ  സാന്നിധ്യം അറിയിക്കുന്നു. ഡാളസിലെ പ്രമുഖ അസ്സോസിയേഷനുകളിലെല്ലാം തന്നെ നിഷയുടെ സജ്ജീവ സാന്നിധ്യമുണ്ടു. ഡാളസിലെ പാട്ടു കൂട്ടമായ ഡാളസ് മെലഡിയുടെ ഒരു പരിപാടിയില്‍ പോലും, നിഷയും കുടുംബവും പങ്കെടുക്കാതിരുന്നിട്ടില്ല .

ലോകം നേഴ്സുമാരെ ആദരിക്കുന്ന ഈ ദിവസങ്ങളില്‍ എന്ത് കൊണ്ടും പരിചയപ്പെട്ടിരിക്കേണ്ട ഒരു വ്യക്തിത്വമാണ് ഡോ. നിഷ ജേക്കബ്. കഴിഞ്ഞ പതിനഞ്ചിലേറെ വര്ഷങ്ങളായി  ഡാളസില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നിഷയുടെ നഴ്‌സിംഗ് കരിയര്‍ തുടങ്ങുന്നത് ഇന്ത്യയിലെ ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ ന്യൂറോ ഐ സി യു നഴ്‌സായിട്ടാണ്. പിന്നീട് അമേരിക്കയിലെത്തിയ നിഷ ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാര്‍ക്കെറ്റിങ്ങില്‍ എം ബി എ യും തുടര്‍ന്നു ഫാമിലി നേഴ്സ് പ്രാക്റ്റീഷനര്‍ ഡിഗ്രി എടുക്കുകയും ചെയ്തു. 2016 ല്‍ ടെക്‌സാസ് വുമണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും, നേഴ്‌സിങ്ങില്‍ ഡോക്ടറേറ്റ് നേടിയ നിഷ ഡാളസിലെ യു ടി സൗത്ത് വെസ്റ്റേണ്‍ ഹോസ്പിറ്റലില്‍ എൻഡോക്രനോളജി സ്‌പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു. പ്രമേഹവും ഹൃദ്രോഗവും, പ്രമേഹവും ഡിപ്രഷനും ഈ വിഷയങ്ങളിലെ നിഷയുടെ നിരവധി പഠനങ്ങള്‍ അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്‍ ജേര്ണലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

'യൂ റ്റി സൗത്ത് വെസ്റ്റ് മെഡിക്കല്‍ സെന്ററിലെ എന്‍ഡോക്രിന്‍ ആന്‍ഡ് ഡയബറ്റിക് മാനേജമെന്റ് ടീമില്‍ ജോലി ചെയ്യുവാന്‍ കഴിയുന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി ഞാന്‍ കാണുന്നു. എന്റെ പല റിസേര്‍ച് പ്രോജെക്ട്കട്ടുകളിലും, മെന്റോര്‍ ആയി സഹായിച്ച ഡോക്ടര്‍ ചാന്‍ ഹാങ് റി യെ നന്ദി പൂര്‍വ്വം സ്മരിക്കുന്നു. ഡയബറ്റിക് മാനേജ് മെന്റിലും, ക്ലിനിക്കല്‍ റിസേര്‍ച്ചിലും, കൂടുതല്‍ ശ്രദ്ധ ചെലുത്തി മുന്നോട്ടു നീങ്ങുവാനും രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട നൂതന ചികിത്സാ രീതികള്‍ നല്‍കുവാനാണ് ശ്രമം'.

നേഴ്‌സിങ്ങിലേക്കു കടന്നു വരുന്ന പുതിയ തലമുറയുടെ തീരുമാനത്തെ നിഷ  സ്വാഗതം ചെയ്യുന്നു

പുതുതായി നേഴ്‌സിങ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളോട് നിഷയ്ക്ക് എന്ത് ഉപദേശം ആണ് കൊടുക്കുവാനുള്ളത്. ?

1. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രൊഫഷനോട് താല്‍പ്പര്യവും, ധൈര്യപൂര്‍വ്വമുള്ള സമീപനവും, ഉണ്ടായിരിക്കണം.
2 . നാം എന്തായി തീരണം എന്നതിനുള്ള വ്യക്തമായ ധാരണയും, ലക്ഷ്യത്തിലെത്താനുള്ള പരിശീലനവും, ഉണ്ടാക്കി എടുക്കണം. നമ്മെ കൃത്യമായി ഗൈഡ് ചെയ്യുവാന്‍ കഴിവുള്ള നേതൃത്വ പരിശീലകര്‍ (മെന്റോര്‍ ) മാരെ കണ്ടെത്തുന്നത് വളരെ ഗുണം ചെയ്യും.
3 . നേഴ്‌സിങ് രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന അനുദിന മാറ്റങ്ങളും, പുരോഗതിയും, ശ്രദ്ധയിലുണ്ടായിരിക്കണം.
4 . പ്രൊഫഷണല്‍ നെറ്റ് വർക്കിലൂടെ ഈ രംഗത്തെ ഉന്നതരായ വ്യക്തികളുമായി ഇടപഴകാനും, കൂടുതല്‍ അറിവ് നേടുവാനുമുള്ള ആഗ്രഹം ഉണ്ടായിരിക്കണം.

ഇത്രയൊക്കെയാണ് വളരെ ബേസിക് ആയി എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളത്. നിഷയുടെ വാക്കുകളാണിവ.

നേഴ്‌സിങ്ങില്‍  ഉപരിപഠനത്തിനുള്ള കഴിവുണ്ടെങ്കിലും, പല കാരണങ്ങള്‍ കൊണ്ടും, മടിച്ചു നില്‍ക്കുന്ന മലയാളി  നഴ്‌സ്മാരോട് എന്താണ് നിഷയ്ക്ക് പറയാനുള്ളത്. ?

'നല്ല ശതമാനം ഇന്ത്യന്‍ വംശജരായ കുട്ടികളും, ഇന്ന് നേഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പലപ്പോഴും, പലര്‍ക്കും, ഇത് ഒരു ജോലി എന്നതിലുപരി കരിയറില്‍ അധികം  ഉയരാന്‍ കഴിയാതെ പോകുന്നു. 'നഴ്‌സായിട്ട്  ജോലിയുണ്ട്, ഇനി എന്തിനു  പഠിക്കണം , ഇതൊക്കെ മതി' എന്നുള്ള ഒരു കംഫേര്‍ട്ട് സോണില്‍ നിന്നും, പുറത്തു വരാനള്ള ഒരു വൈമനസ്യവും ഭയവുമാണ് ഈ ചിന്താഗതിക്ക് കാരണം. ഏത് പ്രൊഫഷനിലും, എന്ന പോലെ വൈദ്യ ശാസ്ത്ര രംഗത്തെ പുതിയ അറിവുകള്‍ സമ്പാദിക്കുക  (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍) നൂതന വിവര സാങ്കേതികതയില്‍ പ്രാഗല്‍ഭ്യം നേടുക, മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് വളര്‍ത്തി എടുക്കുക ഈ വക യോഗ്യതകള്‍ ഉണ്ടെങ്കില്‍ മാത്രമേ നേഴ്‌സിങ് പ്രഫഷനില്‍ കൂടുതല്‍ ഉയര്‍ച്ചയും, വിജയവും, കൈ വര്‍ക്കുവാന്‍ കഴിയു.'

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ പ്രൊഫഷണല്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ചെയര്‍ പേഴ്സണ്‍ , നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ കമ്മിറ്റി മെമ്പര്‍ എന്നി ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന നിഷ അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്ക്രോണോളജി, നോര്‍ത്ത് ടെക്‌സസ് നേഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ഇവയിലെ സജ്ജീവ അംഗവുമാണ്.

നിഷ സ്വന്തം മാതാപിതാക്കളെ സ്‌നേഹിക്കുന്ന രീതിയും, കെയര്‍ ചെയ്യുന്ന രീതിയും, അടുത്ത് നിന്ന് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള ഒരുമ, സ്‌നേഹം എല്ലാം അവരെ മറ്റുള്ളവരില്‍ നിന്നും, വ്യത്യസ്തമാക്കുന്നു.

നിഷയുടെ ജീവിത വിജയത്തിനു നല്ല സപ്പോര്‍ട്ട് കൊടുക്കുന്ന ഭര്‍ത്താവ് ബിന്‍സെന്റ്, മക്കള്‍, സ്‌നേഹത്തിന്റെ നിറകുടങ്ങളായ ചെറിയാന്‍ സാറിനെയും സാറാ ടീച്ചറിനെയും പോലെയുള്ള രണ്ടു വ്യക്തികളുടെ ശിക്ഷണത്തിലുള്ള വളര്‍ത്തല്‍, തന്റെ രണ്ടു സഹോദരന്‍മാരുടെയും, കുടുംബത്തിന്റെയും, സ്‌നേഹം ഇവയല്ലാം തന്നെ നിഷയുടെ ജീവിത വിജയത്തിന് പിന്നിലുണ്ടെന്ന് നമുക്ക് മനസിലാക്കാവുന്നതാണ്.

ഫര്‍മസിസ്റ്റായ ഭര്‍ത്താവ് ബിന്‍സെന്റ് ജയ്ക്കബിനോടും, മക്കളായ ബെന്നറ്റിനും, ജെയിടനും ഒപ്പം ഡാലസില്‍ താമസിക്കുന്ന ഡോക്ടര്‍ നിഷാ, പത്തനാപുരം പിടവൂര്‍ ആലുംമൂട്ടില്‍ ചെറിയാന്റെയും (റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) , സാറാ ചെറിയാന്റെയും (റിട്ടയേര്‍ഡ് ടീച്ചര്‍) മകളാണ്.

ചെറുപ്രായത്തില്‍ തന്നെ, തന്റെ ഇഷ്ടമേഖലയായ ആതുര സേവന രംഗത്ത്, ഇത്രയധികം ശോഭിക്കുന്ന നിഷ തന്റെ റോള്‍ മോഡലായി കാണുന്നത് അമ്മ സാറാ ടീച്ചറിനെയാണ്.
ഇന്റര്‍നാഷണല്‍ നേഴ്സ്സസ് വാരം ആഘോഷിക്കുന്ന ഈ ദിവസങ്ങളില്‍ ലോകമലയാളികള്‍ക്കു അഭിമാനത്തോടെ പറയാവുന്ന പേര് തന്നെയാണ് ഡോക്ടര്‍ നിഷാ ജെയ്ക്കബ് .  
നഴ്‌സിംഗ് രംഗത്ത് റോള്‍ മോഡലായി  ഡോ. നിഷ ജേക്കബ് (മീനു എലിസബത്ത്)
നഴ്‌സിംഗ് രംഗത്ത് റോള്‍ മോഡലായി  ഡോ. നിഷ ജേക്കബ് (മീനു എലിസബത്ത്)

നഴ്‌സിംഗ് രംഗത്ത് റോള്‍ മോഡലായി  ഡോ. നിഷ ജേക്കബ് (മീനു എലിസബത്ത്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക