കുടുംബ ജീവിതത്തിലെ സുഖം ദമ്പതികളുടെ ആരോഗ്യത്തിലാണെന്ന വസ്തുത ഓര്‍ക്കാറില്ല. ചില രോഗങ്ങള്‍ക്ക് മരുന്ന് മാത്രം പോരാ. വേദവേദ്യമായിട്ടുള്ള ചികിത്സ വേണം. ജ്യോതിശാസ്ത്രത്തിലും വേദങ്ങളിലും വിധികളുണ്ട്. ഓരോ വേദത്തിനും മന്ത്രം ബ്രാഹ്മണം എന്നു രണ്ട് ഭാഗങ്ങള്‍. ആയുര്‍വ്വേദവും ധനുര്‍വ്വേദവും ഉപവേദങ്ങള്‍. ക്ഷുദ്രകര്‍മ്മങ്ങളുണ്ടെങ്കില്‍ പരിഹാരക്രിയ ചെയ്യണം. അതിന്, ഒരു ജ്യോത്സ്യനെ കാണണം. അങ്ങിനെ ഡോക്ടര്‍ ഉപദേശിച്ചപ്പോള്‍, ജ്യോതിഷത്തില്‍ എനിക്ക് താല്പര്യമില്ലെന്നു ഞാന്‍ പറഞ്ഞു. അത് കാര്യമാക്കാതെ അയാള്‍ തുടര്‍ന്നു: നിങ്ങള്‍ ഇന്നും കാണാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്നു. വിശ്വാസം മലയേയും മാറ്റുമെന്ന് ക്രിസ്തുവും പഠിപ്പിച്ചു. പിശാചിന്റെ ചതിമൂലം പാപം ഉണ്ടായെന്നും അതില്‍നിന്നും മനുഷ്യനെ രക്ഷിക്കാന്‍ യേശു അവതരിച്ചുവെന്നും വിശ്വാസം. അതുകൊണ്ട്, പൈശാചികശക്തികള്‍ ഇല്ലെന്നു പറയാന്‍ സാധിക്കില്ല. ഇവിടെ വരുന്നവരെല്ലാം സൗഖ്യം പ്രാപിക്കണമെന്ന താല്‍പര്യം എനിക്കുണ്ട്. കാണാത്ത കാര്യമാണ് രോഗകാരണമെങ്കില്‍, കണ്ടു പിടിച്ചു ചികിത്സിക്കണ്ടെ? ജ്യോത്സ്യനെ കാണുന്നത് ഒരു കുറ്റമാണോ? നടക്കുന്ന കാര്യമല്ലെ?
അയാളുടെ വശ്യവും വിദഗ്ദവുമായ വിശദീകരണം എന്നെ ഏറെ വശീകരിച്ചു എന്നുതന്നെ പറയാം. ജ്യോത്സ്യനെ കാണുന്നതിനുള്ള എന്റെ ജിജ്ഞാസയും വളര്‍ന്നു. ഒഴിഞ്ഞുമാറുവാന്‍ സാധിച്ചതുമില്ല.
ഡോ്ക്ടര്‍, ജീവനക്കാരന്‍ നടേശനെ എന്നോടൊപ്പം അയച്ചു. ഉച്ചക്കു മുമ്പ് ഞങ്ങള്‍ കൃഷ്ണക്കണിയാരുടെ വീട്ടിലെത്തി. കാവിമുണ്ടുടുത്ത നെറ്റിയില്‍ കളഭക്കുറിയിട്ട കണിയാന്‍, എന്നെ സ്വകാര്യമുറിയില്‍ ഇരുത്തി. പേരും വിലാസവും ചോദിച്ചു. അത് കൊടുക്കാന്‍ മടിച്ചപ്പോള്‍ സൗമ്യതയോടെ പറഞ്ഞു. ഫലമറിയാന്‍ അവരവരുടെ പേരും വിവരവും വേണം. നാനാജാതിക്കാരും, വിദേശമലയാളികളും, പള്ളീലച്ചന്മാരും പോലും ഇവിടെ വരാറുണ്ട്. ജ്യോതിശാസ്ത്രപ്രകാരവും കവിടിക്കണക്കനുസരിച്ചുമുള്ള കാര്യങ്ങളാണ് പറയുന്നത് അതില്‍ വിശ്വാസം വേണം.' വാങ്ങിയശേഷം അയാള്‍ തുടര്‍ന്നു.
ആകാശത്തുദിച്ച നക്ഷത്രം നോക്കി, ബേതലെഹേമിലെത്തി, ഉണ്ണിയേശുവിന്റെ മുന്നില്‍ കാഴ്ചവെച്ചവര്‍, വിദ്വാന്മാരായ ജ്യോത്സ്യന്മാരായിരുന്നു. ആത്മജീവികളുടെ അസ്തിത്വത്തെപ്പറ്റി താങ്കള്‍ക്കറിയാമോ? പിശാചിന്റെ മനുഷ്യരോടുള്ള ശത്രുതയും, ഈശ്വരനോടുള്ള മത്സരവും ബൈബിളിലുണ്ടല്ലോ. ചെകുത്താന്‍ ഹവ്വയെ ചതിച്ചതും, അവളുടെ ആദ്യപുത്രന്‍ സ്വന്തം അനുജനെ അടിച്ചുകൊന്നതും അസൂയമൂലമല്ലെ? 'അസൂയ അസ്ഥികള്‍ക്കു ദ്രവത്വം' എന്നാണല്ലോ സദൃശവാക്യം. അസൂയ ഒരു വിനാശകശക്തിയാണ്. അസൂയയോടു കൂടിയ ക്രോധം നിമിത്തം മനുഷ്യന്‍ ചെയ്യുന്ന ദ്രോഹങ്ങളുടെ ഹേതു ദുഷ്ടാത്മാക്കളാണ്. അനേകരില്‍ നിന്ന് യേശു ഭൂതങ്ങളെ പുറത്താക്കിയല്ലോ. മനുഷ്യനെ ഭൂതങ്ങളുടെ വലയിലാക്കുന്നതും, കഷ്ടനഷ്ടങ്ങള്‍ കലഹം വശീകരണം വ്യവഹാരം തുടങ്ങിയ തകര്‍ച്ചകളില്‍ ബന്ധിക്കുന്നതിനും, പ്രതിഫലം വാങ്ങി ആഭിചാരം ചെയ്യുന്നവരുണ്ട്. അസൂയക്കാരോ, ശത്രുക്കളോ, ദോഷങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കാം. താല്‍പര്യമില്ലെങ്കില്‍ പോകാം.'
കണിയാന്‍ ധ്യാനത്തിലെന്നപോലെ കണ്ണടച്ചിരുന്നു. എന്റെ മനസ്സ് ചഞ്ചലിച്ചു. ഒരിക്കലും ചെയ്തിട്ടില്ലാത്തകാര്യം. വേണം വേണ്ടാ എന്ന ചിന്ത. ഒരു സംശയത്തോടെ ചോദിച്ചു: ഞാന്‍ ആര്‍ക്കും ദോഷം ചെയ്യാറില്ല. പിന്നെങ്ങനെ ശത്രുക്കളുണ്ടാകും? എ്‌നെ ഞെട്ടിച്ച മറ്റൊരു ചോദ്യമായിരുന്നു മറുപടി: യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതെങ്ങനെ? അയാളില്‍ പിശാച് കടന്നതുകൊണ്ടെന്ന് സുവിശേഷം വെളിവാക്കുന്നില്ലെ? ക്രിസ്തു നിര്‍ദോഷിയും നീതുമാനുമാണെന്ന് അറിഞ്ഞിട്ടും, ക്രൂശിക്കുവാന്‍ പീലാത്തോസ് വിധിച്ചു. തിന്മയുടെ നിര്‍ബന്ധംകൊണ്ടല്ലെ? കുടുംബസമാധാനം ദുഷ്ടജനം കവര്‍ന്നെടുക്കും'. ആഭിചാരദോഷങ്ങളെക്കുറിച്ചും അയാള്‍ ദീര്‍ഘമായി സംസാരിച്ചു. എന്റെ മനസില്‍ അപായഭീതി നിറഞ്ഞു. പിന്നെ മടിച്ചില്ല. സമ്മതിച്ചു.
കണിയാന്‍ കവിടിക്രിയക്കൊരുങ്ങി. കവിടിക്കണക്കെടുത്തു. എഴുത്തോലയെടുത്തു മൗനമായി വായിച്ചു. ഒരു പഴുത്ത അടക്ക മുന്നില്‍ വച്ചു തിരിച്ചു. അതിന്റെ കറക്കം നിന്നപ്പോള്‍, കടലാസ്സില്‍ എന്തോ കുറിച്ചു. തളിര്‍വെറ്റില നടുവേ കീറി. വീണ്ടും ചേര്‍ത്തുവച്ചുഫലം നോക്കി. ആകാംക്ഷയുടെ ഒരു മണിക്കൂറോളം ഓടിപ്പോയി. എന്നെ സൂക്ഷിച്ചു നോക്കി. ആകാംക്ഷയുടെ ഒരു മണിക്കൂറോളം ഓടിപ്പോയി. എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: ഒരു നേര്‍ച്ചക്കടമുണ്ട്. മറന്നതാവാം. മറുനാടുകളില്‍ പോകുന്നവരിലധികവും നേര്‍ച്ച നല്‍കാമെന്നു പ്രാര്‍ത്ഥിച്ചു പറയും. ഉദ്ദിഷ്ടസ്ഥാനത്തെത്തുമ്പോള്‍ ഓര്‍ക്കാത്തവരുണ്ട്. കഷ്ടനഷ്ടങ്ങള്‍ക്കും കുടുംബകലഹത്തിനും സാധ്യത. ഒറ്റിക്കൊടുക്കുന്ന ബന്ധുക്കള്‍. മിത്രങ്ങളായി അഭിനയിക്കുന്ന ശത്രുക്കള്‍. ആശുപത്രിയും കോടതിയുമൊക്കെക്കാണുന്നു. അസൂയാദോഷമാണ് മുന്നില്‍. ഇവയെല്ലാം ഭൂതാവിഷ്ടമാണ്. വേദമന്ത്രത്താലും കര്‍മ്മത്താലും ഒഴിച്ചുകളയാനോ വഴിതിരിച്ചുവിടാനോ സാധിക്കും. ക്രിസ്തു ഏറെ രോഗികളെ സൗഖ്യമാക്കിയത് വാക്കുകള്‍കൊണ്ടാണ്. മരിച്ച് അടക്കപ്പെട്ട ലാസറിനോട് 'പുറത്ത് വരിക' എന്ന് മാത്രമേ പറഞ്ഞൊള്ളൂ. ലാസര്‍ ഉയിര്‍ത്തെഴുന്നേറ്റു. ചിലരെ തൊട്ടുസൗഖ്യമാക്കി. മറ്റൊരിടത്ത്, ക്രിസ്തു നിലത്ത് തുപ്പി ചേറുണ്ടാക്കി കുരുടന്റെ കണ്ണില്‍ പുരട്ടി ശിലോഹം കുളത്തില്‍ കഴുകുവാന്‍ പറഞ്ഞു. ആ കല്പന അനുസരിച്ചപ്പോള്‍ അന്ധന് കാഴ്ച കിട്ടി. ഇതിന്റെ അര്‍ത്ഥമെന്താണ്? ചില രോഗത്തിന് പരിഹാരക്രിയ വേണമെന്നല്ലെ? ദൈവഭക്തിയുള്ളവര്‍ക്ക് പ്രതികാരബുദ്ധിയില്ല. എന്നാലും, ക്രോധം മനുഷ്യരിലുണ്ടാകും. ഇവിടെ, ആഭിചാരവൃത്തിയും, കുഴിമാടസേവയും, മുറിച്ചുകുത്തും, വഴിപാടുമൊക്കെ കാണുന്നു. എന്തുരോഗം വന്നാലും ദൈവവിശ്വാസമുണ്ടെങ്കില്‍ സൗഖ്യം കിട്ടുമെന്നു കരുതുന്നവരുണ്ട്. അങ്ങിനെയുള്ളവര്‍ മരുന്നും രക്തവും സ്വീകരിക്കാതെ മരിച്ചിട്ടില്ലെ? താങ്കളും പരിഹാരക്രിയ ചെയ്യിക്കണമെന്നാണ് എന്റെ ഉപദേശം.
കണിയാന്‍ നല്‍കിയ ആപല്‍ സൂചന ആഴമുള്ളതെന്നു തോന്നി. തള്ളാനും കൊള്ളാനും വയ്യാത്തൊരവസ്ഥ. മൗനമായിരുന്നു ചിന്തിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: താല്പര്യമെങ്കില്‍ ഞാനൊരു കാര്‍മ്മികനെ പരിചയപ്പെടുത്താം. വിദഗ്ധനും വിശ്വസ്തനുമാണ്. ഉടനെ ചെയ്യിക്കുന്നതാണ് ഉത്തമം' എന്റെ ഇളകിയ മനസ്സിന് നിഷേധിക്കുവാന്‍ സാധിച്ചില്ല. ഞാന്‍ നടേശനു പ്രതിഫലം നല്‍കി. അയാള്‍ മടങ്ങിപ്പോയി.
കൃഷ്ണക്കണിയാരുടെ സുഹൃത്ത് സുഹിലിനോടൊപ്പമായിരുന്നു എന്റെ അനന്തരയാത്ര. കാറ്റും ചാറ്റമഴയും ഉണ്ടായിരുന്നു. വഴിയില്‍, കുഴികളും ചെളിയും. മൂന്നാംമണിനേരത്ത്, ഗ്രാമത്തിലുള്ള ഒരു പഴയവീടിന്റെ മുറ്റത്തെത്തി. വാതില്‍ തുറന്നു ഹാജിയാര്‍ വരാന്തയില്‍ വന്നുനിന്നു. കണിയാന്‍ കൊടുത്ത കുറിപ്പ് സുഹില്‍ അയാളെ ഏല്‍പിച്ചു. അതു വായിച്ചെങ്കിലും, മൂന്ന് ദിവസം കഴിഞ്ഞ് വന്നാല്‍ മതി എന്ന് ഉപദേശിച്ചു. ഞങ്ങള്‍ നിരാശരായി. വിദേശത്ത് പോകേണ്ടതിനാല്‍ വീണ്ടും വരില്ലെന്നും, അന്നുതന്നെ വേണ്ടത് ചെയ്യണമെന്നും പറഞ്ഞു. ഹാജി പരിചിതനാകയാല്‍, സുഹിലും നിര്‍ബന്ധിച്ചു. കാര്‍മ്മികന്‍ മുറിക്കുള്ളില്‍ കടന്നു. ആരോടോ ടെലിഫോണില്‍ സംസാരിച്ചു. മടങ്ങിവന്നു. രാത്രി ഒന്‍പതുമണിക്ക് തിരിച്ചെത്തണമെന്ന് പറഞ്ഞു. മുന്‍കൂര്‍ തുക വാങ്ങി.
ഞാനും സുഹിലും പട്ടണത്തിലെത്തി. സ്വകാര്യ സാധനങ്ങള്‍ വാങ്ങി. വിദേശമലയാളികള്‍ ഹാജിയാരെ കാണാന്‍ വരാറുണ്ടെന്ന് സുഹില്‍ അപ്പോഴും പറഞ്ഞു. മടങ്ങിയെത്തിയപ്പോള്‍, ഹാജിയാരും സഹകാര്‍മ്മികനും വെള്ളവസ്ത്രവും തലക്കെട്ടും ധരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. നിര്‍ദ്ദേശങ്ങള്‍ തന്നശേഷം, കര്‍മ്മങ്ങള്‍നടത്തുന്ന മുറിയില്‍, ആഴിക്കഭിമുഖമായി എന്നെ കസേരയില്‍ ഇരുത്തി. അരികെ, കാലുകള്‍കെട്ടിയ ഒരു പൂവന്‍ കോഴി. സഹകാര്‍മ്മികന്റെ കയ്യില്‍ തിളങ്ങുന്ന വാള്‍. വിവിധ നിറത്തിലുള്ള സുഗന്ധപ്പൊടി എടുത്ത് ഹാജിയാര്‍ ആഴിയില്‍ വിതറി. മൂന്ന് കോഴിമുട്ടകള്‍ ഊതിയശേഷം, ഓരോന്നായി തീക്കുഴിയില്‍ എറിഞ്ഞു. അവ പൊട്ടുന്ന ശബ്ദം. തൊണ്ടോടുകൂടിയ ഒരു പച്ചത്തേങ്ങയുടെ മുകളില്‍ എന്നെ ഇരുത്തി. ഇടത്തും വലത്തും നിന്ന് ഇരുവരും കൈകളില്‍ പിടിച്ചു. എന്റെ കാലുകള്‍ ഉയര്‍ത്തിയപ്പോള്‍, അവര്‍ ചുറ്റിനടന്നു. തേങ്ങാ സ്വയം തിരിയുന്നതുപോലെ തോന്നി. അതിനുശേഷം, സഹകാര്‍മ്മികന്‍ കോഴിയെ എടുത്തു വീടിനുവെളിയില്‍ പോയി. അപ്പോള്‍, പട്ടിമോങ്ങുന്നശബ്ദം കേട്ടു. അഗ്നികുണ്ഠത്തിലെ ചൂടും, പുകയും, മുറിക്കുള്ളില്‍ കെട്ടിനിന്ന രൂക്ഷഗന്ധവും എന്നെ തളര്‍ത്തി. ഉള്ളില്‍ ആകുലത. അനിയന്ത്രിത ഭയം.
കര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നെ സ്വീകരണമുറിയില്‍ ഇരുത്തി. സഹകാര്‍മ്മികന്‍ ഒരു കറുത്ത സഞ്ചിയില്‍ അഞ്ചു പൊതിക്കെട്ടുകള്‍ കൊണ്ടുവന്നു. മുന്നില്‍ നിരത്തിവച്ചു. ഒന്നാമത്തേതില്‍ നാല് കുരിശുകള്‍. രണ്ടാമത്തേതില്‍, ഒന്ന്-പത്ത്-നൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍. പ്രത്യേകതരം ഭസ്മം കലര്‍ത്തിയ കുന്തുരുക്കമായിരുന്നു മൂന്നാം പൊതിയില്‍. നാലാമത്തേതില്‍, കറുത്തചരടില്‍ കോര്‍ത്ത സ്വര്‍ണ്ണ ഏലസ്സി. അഞ്ചാമത്തേതില്‍ വേദമന്ത്രം ചൊല്ലികെട്ടിവച്ച ചന്ദനത്തിരി. അവ ഓരോന്നിനെക്കുറിച്ചും ഹാജിയാര്‍ വിശദീകരിച്ചു: അമേരിക്കയിലുള്ള വീടിനുവെളിയില്‍, നാല് ദിക്കുകളിലും, ഭിത്തിയോട് ചേര്‍ത്ത് കുരിശുകള്‍ കുഴിച്ചിടണം. സ്വീകരണമുറിയുടെ നടുവില്‍, ആരും കാണാത്തവിധത്തില്‍ നോട്ടുകള്‍ സ്ഥാപിക്കണം. കുന്തുരുക്കം തലയില്‍ ചുമന്ന്, ആരാധിക്കുന്ന പള്ളിയില്‍ പ്രവേശിച്ചു, നേര്‍ച്ചയായി നല്‍കണം. ഓരോ ദിവസവും, സന്ധ്യക്ക് മൂന്ന് ചന്ദനത്തിരികള്‍ വീതം വാതിലിനുനേരെ കത്തിച്ചുവെക്കണം. ഏലസ്സ് അരയില്‍കെട്ടണം. ആറ് ദിവസത്തേക്ക് അതില്‍ മറ്റാരും തൊടാതെ സൂക്ഷിക്കണം. നിര്‍ദ്ദേശങ്ങള്‍ നിഷ്ടയോടെ പാലിയ്ക്കണം.
യാത്ര പറഞ്ഞപ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. സുഹിലിനെ അയാള്‍ വീട്ടില്‍ കൊണ്ടുപോയി. പ്രതിഫലം കൊടുത്തു. ഒറ്റപ്പെട്ടപ്പോള്‍, പിന്നിട്ട പതിനഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിച്ചതെന്തെന്ന് ഓര്‍ത്തു. അപരിചിതവും അവിസ്മരണീയവുമായ അനുഭവം! ചെയ്തത് നന്മയോ തിന്മയോ എന്ന സംശയം. ഒരു മാസ്മരവിദ്യക്കടിമപ്പെട്ടുവെന്ന തോന്നല്‍. അന്നമ്മയെ അറിയിച്ചാല്‍ രഹസ്യം ചോര്‍ന്നുപോകുമെന്ന വിചാരം. മറച്ചുപിടിച്ചാല്‍, അതു വഞ്ചനയാവുമോ? വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തും. പിറ്റേന്ന് ശനിയാഴ്ച. അന്ന്, പതിവ് പോലെ അവള്‍ ജോലിക്ക് പോകും. മടങ്ങിവരുന്നതിനുമുമ്പേ, കുരിശും രൂപയും കുഴിച്ചിടാം. ഏലസ്സും ധരിക്കാം. അന്ന് സന്ധ്യക്ക് ചന്ദനത്തിരി കത്തിക്കണം. ഞായറാഴ്ച രാവിലെ കുന്തുരുക്കം കൊടുക്കാം. അതുകൊണ്ട്, ഭാര്യയോട് പറയരുതെന്ന് തീരുമാനിച്ചു.
അന്ന്, ഒരു മണിക്കൂര്‍ താമസിച്ചായിരുന്നു വിമാനം ഇറങ്ങിയത്. ജോസ്‌മോന്‍ എന്നെ കാത്ത് നില്പുണ്ടായിരുന്നു. വഴിയില്‍ ഗതാഗതക്കുരുക്ക്. വീട്ടിലെത്തിയപ്പോള്‍ രാത്രി. പെട്ടികള്‍ വീട്ടിനുള്ളില്‍വച്ചിട്ട് മകന്‍ മടങ്ങിപ്പോയി. അപ്പോള്‍ത്തന്നെ, ഹാജി തന്ന സഞ്ചി, ഭാര്യ കാണാതെ എന്റെ അലമാരയില്‍വച്ചുപൂട്ടി. കുളികഴിഞ്ഞുവന്നു പ്രേയസിയോടു കുശലം പറഞ്ഞെങ്കിലും, ഉല്‍കണ്ഠ മാറിയില്ല. അത്താഴം കഴിഞ്ഞയുടനെ, തലവേദനയും തളര്‍ച്ചയുമുണ്ടെന്നു നടിച്ചു ഞാന്‍ കിടക്കയില്‍ കിടന്നു. അപ്പോള്‍, നാട്ടില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങളെടുക്കാന്‍, അന്നമ്മ പെട്ടികളുടെ താക്കോല്‍ ചോദിച്ചു. യാത്രക്കുപയോഗിച്ച കോട്ടിന്റെ പോക്കറ്റില്‍ ഉണ്ടെന്നു പറഞ്ഞിട്ട്, ഞാന്‍ ഉറങ്ങി. ദൂരയാത്രകഴിഞ്ഞു വരുമ്പോള്‍, മുട്ടിക്കൂടിക്കിടന്നുകൊണ്ട്, കണ്ടതും കേട്ടതുമൊക്കെ ഭാര്യയോട് പറയുമായിരുന്നു. അന്ന് അതുണ്ടായില്ല.
പിറ്റേന്ന്, രാവിലെ ചായ തന്നിട്ട് അന്നമ്മ പറഞ്ഞു: ഇന്ന് ഞാന്‍ ജോലിക്ക് പോകുന്നില്ല. ഉച്ചയൂണിന് ജോസ്‌മോന്‍ വരും. അതുകേട്ടു ഞാന്‍ ഞെട്ടി. ഉ്‌ദ്ദേശിച്ച പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ദേഷ്യവും നിരാശയും. മുറിക്കുള്ളിലും മുറ്റത്തും ഉഴറി നടന്നു. സത്യത്തില്‍ നിന്നും വഴിതെറ്റിപ്പോയെന്ന വിചാരം, കുരിശും നോട്ടുകളും കുഴിച്ചിടാതെ, അരയില്‍ ഏലസ്സ് കെട്ടിക്കൊണ്ട് കുന്തുരുക്കവുമായി ആരാധനയ്കകു പോകാമോ? സംശയം.
ഉച്ചയ്ക്ക് മകനും മരുമകളും കൊച്ചുമോളും വന്നു. അപ്പോള്‍ അസ്വസ്ഥത മാറി. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷിച്ചു. ആഹ്ലാദവേള! അത് അന്തിവരെ നീണ്ടു. മകനും കുടുംബവും മടങ്ങിയപ്പോള്‍, വീണ്ടും വ്രണിത വിചാരം. അപ്പോള്‍, അന്നമ്മയുടെ പരാതി: 'ഇപ്രാവശ്യം ദേവാലയത്തിനുവേണ്ടി ഒന്നും കൊണ്ടുവന്നില്ല. നാട്ടില്‍ പോയി വരുമ്പോള്‍ എന്തെങ്കിലും കൊടുക്കുന്ന പതിവുണ്ടായിരുന്നു.' അത് കേള്‍ക്കാത്ത പോലെ ഞാന്‍ മുറ്റത്തിറങ്ങി ഗേറ്റിങ്കലെത്തി. നിലാവില്‍, നിഴലുകള്‍ വീണ വഴിയിലൂടെ നടന്നു. അപ്പോഴും, കൃഷ്ണക്കണിയാരുടെ വാചാലമായ വാക്കുകള്‍ ഓര്‍ത്തു. വീട്ടില്‍ മടങ്ങിയെത്തിപ്പോള്‍ ടെലിവിഷന്റെ മുമ്പിലിരുന്നു. വീണ്ടും ആലോചിച്ചു. ആ നേരത്ത് മനസ്സിലൊരു ബുദ്ധിയുപദേശം: സഹധര്‍മ്മിണി സണ്‍ഡേസ്‌ക്കൂള്‍ ടീച്ചറാണ്. പതിവ്‌പോലെ അവളോടൊപ്പം പള്ളിയില്‍ പോകരുത്. കുര്‍ബാന കഴിഞ്ഞ് തിരിച്ചെത്തുന്നതിനു മുമ്പ് കുരിശും നോട്ടും കുഴിച്ചിടണം. ഏലസ്സ് കെട്ടണം. പിറ്റേ ഞായറാഴ്ച കുന്തുരുക്കം കൊടുത്താല്‍ മതി.'
അത്താഴം ഉണ്ടില്ല. വിശപ്പില്ലെന്നു പറഞ്ഞു. ഉറങ്ങാന്‍ കിടന്നപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.
അതിരാവിലെ അന്നമ്മ ഉണര്‍ത്തി. ആരാധനയക്ക് പോകുവാന്‍ വിളിച്ചു. എന്നിട്ടും എഴുന്നേറ്റില്ല. വരുന്നില്ലെന്നും ഒറ്റയ്ക്ക് പോയാല്‍ മതിയെന്നും പറഞ്ഞു. വീണ്ടും മയങ്ങി. ഉണര്‍ന്നപ്പോള്‍, ഭാര്യ അരികില്‍ നില്‍ക്കുന്നതുകണ്ടു. അസ്വസ്ഥനായി ചോദിച്ചു: 'നീ എന്താ പോകാഞ്ഞത്?' ഇച്ചായനു നല്ല സുഖമില്ല. വര്‍ത്തമാനവും പെരുമാറ്റവും കണ്ടാല്‍ അതു മനസ്സിലാക്കാം. ഇനി അടുത്ത ഞായറാഴ്ച ഒന്നിച്ചു പോകാം.' വീണ്ടും ഞാന്‍ വിഷണ്ണനായി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ഹാജിയാരുടെ നിര്‍ദ്ദേശം നിറവേറ്റാന്‍ കഴിയുന്നില്ല. പിറ്റേന്ന് തിങ്കളാഴ്ച. ജോലിക്ക് ചേരേണ്ട ദിവസമാണ്. പക്ഷേ എങ്ങനെ പോകും. കുരിശും രൂപയും കുഴിച്ചിടണ്ടെ? അതിന് അവധിയെടുക്കണം. മറ്റൊരു ഉപായവും കണ്ടില്ല.
അന്നമ്മ അരികില്‍ വന്നിരുന്നു. സൗമ്യതയോടെ ചോദിച്ചു: ഇച്ചായന്‍ ആലോചിക്കുന്നതെന്താണ്? നാട്ടില്‍ പോയപ്പോള്‍ സല്‍സ്വഭാവം. ഇപ്പോള്‍ മറ്റൊരു ഭാവം'. എനിക്ക് ദേഷ്യം വന്നു. ഉറക്കെ ചോദിച്ചു: ഇതു പറയാനാണോ നീ പള്ളിയില്‍ പോകാഞ്ഞത്? 'ആലോചന, പൊരുത്തമില്ലാത്ത പെരുമാറ്റം, മറച്ചുവെക്കാനുള്ള തന്ത്രപ്പാട്, മറവി, സന്തോഷമില്ലായ്മ ഇതൊക്കെ കാണുന്നവര്‍ക്ക് എന്ത് തോന്നും? അങ്ങനായിരുന്നു അവളുടെ മൊഴി. ഞാന്‍ വഴങ്ങിയില്ല. 'നീ ഓരോന്ന് ഗണിച്ചുപറയുന്നു. എനിക്ക് ഒരു മാറ്റവുമില്ല. പറഞ്ഞു ജയിക്കാനാണ് നിന്റെ ശ്രമം.' , അവള്‍ തുടര്‍ന്നു: 'എനിക്ക് ജയിക്കണ്ടാ, ഇച്ചായന്‍ അസ്വസ്ഥനാണ്. അതിന്റെ കാരണമറിഞ്ഞാല്‍ മതി.' അപ്പോഴും അഭിനയിച്ചു, മന്ദഹസിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. 'ഞാനൊന്നും മറച്ചിട്ടില്ല. അഥവാ, എന്ത് മറച്ചുവെന്ന് നീ തന്നെ പറയണം.' അന്നമ്മയുടെ മുഖം പെട്ടെന്ന് ചുവന്നു. ശാന്തതവെടിയാതെ ഒരാരോപണം: 'കണ്ണില്‍ നോക്കി കള്ളം പറയാനും മടിയില്ല.' പെട്ടെന്നുണ്ടായ അത്ഭുതവും സന്ദേഹവും ഒളിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അസ്വസ്ഥതയോടെ നിഷേധിച്ചു: 'നീ പറയുന്നത് ശരിയല്ല. തൊഴിലാളി മുതലാളി ബന്ധം പോലെയല്ല നമ്മുടെ ബന്ധമെന്ന് നിനക്കറിയാം. പിന്നെ, നിന്റെ നിയന്ത്രണവും ഭരണവും എനിക്കിഷ്ടമല്ല.' അപ്പോള്‍, ഉളളില്‍ തട്ടിയ മറ്റൊരു പിടിവാദം: ദൈവത്തില്‍ വിശ്വസിക്കുകയും ദുഷ്ടദൂതന്മാരെ ആശ്രയിയ്ക്കുകയും ചെയ്യുന്നത് നമ്മുടെ വിശ്വാസത്തിനു ചേര്‍ന്നതാണോ? ഞാന്‍ മണ്ടിയാണെന്നു കരുതണ്ടാ.'
മറുപടി പറയാതെ, പെട്ടെന്ന് ഞാന്‍ മുറ്റത്തിറങ്ങി. മനസ്സില്‍ ഒതുക്കാനാവാത്തൊരു സംശയം. മടങ്ങിവന്നു അലമാറ തുറന്നു. ഹാജിയാര്‍ തന്ന സഞ്ചി പരിശോധിച്ചു. അതില്‍ ആരും തൊട്ടിട്ടില്ലെന്നു തിട്ടം വരുത്തി. വീണ്ടും മുറ്റത്തേക്ക് നടന്നു.
പടിയിറങ്ങുന്നതിനുമുമ്പ് നിന്നു. അന്നമ്മ കരയുന്നു! ഒരു കലഹത്തിലേക്ക് കാര്യം നീങ്ങുന്നുവെന്നു തോന്നി. എ്‌നിട്ടും, ഈര്‍ച്ചയോടെ താക്കീത് നല്‍കി. 'ധിക്കാരം കൂടുന്നു. ക്രോസ് ചെയ്യണ്ടാ.' അവള്‍ മുന്നില്‍വന്നുനിന്നു. ശാന്തത വിടാതെ ഉറപ്പിച്ചു പറഞ്ഞു: കുടുംബത്തെ ബാധിക്കുന്ന വിഷയമറിയാന്‍ എനിക്കവകാശമില്ലെ? ഈ ഭവനത്തില്‍ ചെകുത്താനെ കുടിയിരുത്തുന്നത് എനിക്കിഷ്ടമല്ല. കഴുത്തില്‍ കുരിശുമാലയിട്ട് അരയില്‍ ഏലസ്സ് കെട്ടി മദ്ബഹായില്‍ ധൂപം വീശുന്നവരും കുര്‍ബാന അനുഭവിക്കുന്നവരും കണ്ടേക്കാം. ഇച്ചായന് അങ്ങനെ ചെയ്യുവാന്‍ കഴിയുമോ' ഞാന്‍ ജീവച്ഛവം പോലെയായി. തളര്‍ന്നു സോഫായില്‍ ഇരുന്നു. വിയര്‍ത്തു. അവള്‍ തുടര്‍ന്നു:
ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, പ്രശ്‌നക്കാരന്‍, മന്ത്രവാദി, മുഹൂര്‍ത്തക്കാരന്‍, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവന്‍, അഞ്ജനക്കാരന്‍ എന്നിങ്ങനെയുള്ളവരെ കാണരുതെന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ലെ?'
എന്തുകൊണ്ട് അവള്‍ അങ്ങനെ പറഞ്ഞുവെന്ന് ഞാന്‍ ചോദിച്ചില്ല. കുറ്റപ്പെടുത്താനോ രക്ഷപ്പെടാനോ വേണ്ട വാക്ക് കിട്ടിയില്ല. തര്‍ക്കം ഗുരുതരമാകുമെന്നും തോന്നി. രഹസ്യകാര്യം അവള്‍ അറിയരുതെന്ന നിശ്ചയം അപ്പോഴുമുണ്ടായിരുന്നു. പെട്ടെന്ന് ഹൃദയത്തില്‍ വീണ ഇടിത്തീയ് പോലൊരു മൊഴി: 'ഇച്ചായന്‍ ഒരു സഞ്ചികൊണ്ടുവന്നില്ലെ? അത് കണ്ടില്ല. എന്നാലും, അതിലുള്ളത് എന്തെന്ന് എനിക്കറിയാം' എങ്ങനെ എ്ന്നു ചോദിക്കാന്‍ തോന്നി. എങ്കിലും മൗനിയായിരുന്നു. മറച്ചത് വെളിച്ചത്തായി. ഒരാള്‍കൂടി രഹസ്യം അറിഞ്ഞിരിക്കുന്നു! ഇനി സത്യം പറഞ്ഞില്ലെങ്കില്‍ സംശയിക്കും. കുടുംബസമാധാനം നശിക്കും. അവള്‍ വീണ്ടും നിര്‍ബന്ധിച്ചു. പിന്നെ ഒളിച്ചില്ല. അവധികാലത്ത് സംഭവിച്ചതെന്തെന്ന് ഞാന്‍ വിവരിച്ചു. എന്നിട്ട് ചോദിച്ചു: നീ ഇക്കാര്യം എങ്ങനറിഞ്ഞു?
അന്നമ്മ മന്ദഹസിച്ചുകൊണ്ട് മൊഴിഞ്ഞു: 'അതൊരു നീണ്ട കഥയാ. ആദ്യം മറ്റൊരു കാര്യം പറയട്ടെ. ദൈവത്തെയും ചെകുത്താനേയും ഒരുപോലെ സേവിക്കരുതെന്ന് വിലക്കുണ്ട്. സഞ്ചിയിലുള്ള സാധനങ്ങളില്‍ ആവാഹിച്ചിരിക്കുന്നത് എന്തായാലും നമ്മള്‍ക്ക് വേണ്ടാ. ഇത്രനാളും നമ്മെ നയിച്ചതു ദൈവകൃപയാണ്. അതുമതി.'
എന്റെ ഉള്ളം പശ്ചാത്താപത്താല്‍ വിങ്ങി. കണ്ണ് നിറഞ്ഞു. പിന്നെ സംശയിച്ചില്ല. വിദൂരതയിലേക്ക് കാര്‍ ഓടിച്ചു പോയി. പടിഞ്ഞാറോട്ടൊഴുകുന്ന നദിക്കു വിലങ്ങനെ പണിത മേല്പാലത്തിലെത്തി. അതിന്റെ കൈവരിയില്‍ പിടിച്ചു നിന്നു. ഹാജിയാര്‍ തന്ന സാധനങ്ങള്‍ ഓരോന്നും ഒഴുക്കുവെള്ളത്തില്‍ എറിഞ്ഞു. സഞ്ചിയും ഉപേക്ഷിച്ചു. അതിന് സാക്ഷിയായി അരികത്ത് നിന്ന അന്നമ്മ സംതൃപ്തിയോടെ പറഞ്ഞു. 'അങ്ങിനെ, ഒരു ബാധ ഒഴിഞ്ഞു'. എന്റെ ആന്തരീകദുരിതം അവസാനിച്ചതില്‍ എനിക്ക് ആത്മസന്തോഷത്തിന്റെ ആന്ദോളനം.
വീട്ടില്‍ മടങ്ങിയെത്തി, ചായ കുടിച്ചപ്പോള്‍ ഭാര്യ പറഞ്ഞു: ഇച്ചായന്‍ നാളെ രാവിലെ ഡോക്ടറെ കാണണം. ഇച്ചായന് അസുഖമുണ്ടെന്ന് എനിക്കറിയാം. കൂടെക്കിടന്നാലും, തൊട്ടാലും, തോണ്ടിയാലും അറിയത്തില്ല. മറവിരോഗമാണെന്നുതോന്നുന്നു. പാരവശ്യം കൊണ്ടുണ്ടാകുന്നതാവാം' എന്നു പറഞ്ഞുകൊണ്ട് കിടപ്പുമുറിയിലേക്കു പോയി. മടങ്ങിവന്നു, മടക്കിയ കടലാസ് നീണ്ടിക്കൊണ്ട് തുടര്‍ന്നു: ഇതു വായിച്ചാല്‍ രോഗമുണ്ടെന്നു മനസ്സിലാകും.' ഞാന്‍ കടലാസ് വാങ്ങി നിവര്‍ത്തിയപ്പോള്‍ അതിശയിച്ചു!
ഹാജിയാര്‍ സഞ്ചിയില്‍ത്തന്നെ സാധനങ്ങള്‍ എങ്ങനെ ഉപയോഗിക്കണെന്ന വിവരവും, ചിലവാക്കിയ തുകയുടെ കണക്കും, വിമാനത്തിലിരുന്നു തുന്നിക്കുറിച്ചു കോട്ടിന്റെ പോക്കറ്റില്‍ ഞാന്‍ സൂക്ഷിച്ചിരുന്നു!