Image

ഓര്‍മ്മകളുടെ പടവുകള്‍ (കഥ: സുഭാഷ് പേരാമ്പ്ര)

Published on 04 July, 2018
ഓര്‍മ്മകളുടെ പടവുകള്‍ (കഥ: സുഭാഷ് പേരാമ്പ്ര)
എന്നും സന്ധ്യക്ക് ഇടവഴിയില്‍ നിന്നും നീട്ടിവിളി വരും...
കമലേ............
ഉഷേ...............
സുധേ............
ടോര്‍ച്ചിങ്ങോട്ട് അടിക്കപ്പോ...
എടേലേക്കു.. !!
ഇപ്പിള്ളര്‍ വിളിച്ചാലും കേക്കൂല്ല !!!
ആരെങ്കില്ലും ഒരാള്‍ കോണിപ്പടിയില്‍ നിന്നും നീട്ടി ടോര്‍ച്ചടിക്കുമ്പോള്‍ ദൂരെ അച്ഛമ്മ ചമ്മലില്‍ തപ്പി തടഞ്ഞു ഇരുട്ടില്‍ ഇടുങ്ങിയ ഇടവഴിയിലൂടെ പാതി ദൂരം പിന്നിട്ടിട്ടുണ്ടാവും... ചിലപോഴൊക്കെ അനുഗമിച്ചുകൊണ്ടു കൂടെ അച്ഛച്ചനും കാണും.
ഞാന്‍ ഉമ്മറത്ത് നിന്നും നോക്കുമ്പോള്‍ ഓര്‍മ്മകളുടെ
പടവുകള്‍ കയറി കോണിപ്പടിയില്‍ നിന്നും ഉയര്‍ന്നുവരുന്ന പുല്ലും കെട്ട് അതിന് മുകളില്‍ ചെരുത്തിവെച്ച അരിവാള്‍... പിന്നെ പഴകിയ പച്ചക്കറികള്‍ നിറച്ച ചാക്ക്... കായിത്തോട് കഞ്ഞിവെള്ളം നിറച്ച പാനിയും... പിന്നെ ഒരുകൂട്ടം കവറുകള്‍ നിറയെ പലചരക്കു സാധനങ്ങളും ചിലപ്പോള്‍ കുറച്ചു മീനും....

അച്ഛമ്മയുടെ ശബ്ദം കേട്ടാല്‍ എനിക്കും പശുവിനും ക്ഷമ കെടും..... പശു ഉച്ചത്തില്‍ നിലവിളിക്കും.... !
ഞാന്‍ ബുസ്തകം മടക്കിവെച്ചു പുറകിലെ ചായ്പ്പിലേക്കു ഓടും...
അവിടെ ഉഷേച്ചി ദോശക്കല്ലും ചൂടാക്കി മൂസക്ക ഹോട്ടലില്‍ നിന്നും ഇറക്കിവിട്ട ചിലവാക്കാത്ത പലഹാരങ്ങള്‍ ചൂടാക്കുന്നുണ്ടാവും..... അതുകിട്ടാന്‍ വേണ്ടി അച്ഛമ്മ അവിടെ അല്ലറ ചിലറ സഹായങ്ങള്‍ ചെയ്തുകൊടുക്കും.....

അച്ഛമ്മയുടെ വരവും കാത്ത്
ചായപ്പൊടി വെള്ളവുമായി ദോശക്കലും അടുപ്പത്തു വച്ച് കാത്തിരിക്കുന്ന കുറേ ഒഴിഞ്ഞ വയറുകളുണ്ട്..... പേരക്കുട്ടിയുടെ ഗണത്തില്‍ എനിക്ക് മാത്രമേ ഈ ഭാഗ്യം സിദ്ധിച്ചിട്ടുള്ളു....

പൊറോട്ടയും... കായപ്പവും.... ബോണ്ടയും.. പത്തിലും.. സുഗീനുമെല്ലാം ഞാന്‍ ആദ്യമായി കഴിക്കുന്നത് അച്ഛമ്മ മൂസക്കയുടെ കടയില്‍ നിന്നും കൊണ്ടുവരുന്ന ചിലവാകാത്ത പലഹാരങ്ങളില്‍ നിന്നാണ്.
അച്ഛമ്മ പകലന്തിയോളം പുല്ലരിഞ്ഞു... പശുവിനെ വളര്‍ത്തി... പാല്‍ വിറ്റു തളര്‍ന്നു അവശയായി കൊണ്ടുവരുന്ന പലഹാരങ്ങളുടെ രുചി പിന്നീടൊരിക്കലും ഇന്നു വരെ ജീവിതത്തില്‍ ഒരു ഭക്ഷണത്തിനും കിട്ടിയില്ല.
ഇന്നും അതിന്റെ ഒന്നും രുചി നാവുവിട്ടുപോയിട്ടില്ല...
അതില്‍ ദാരിദ്ര്യത്തിന്റെയും.. ഇല്ലായ്മയുടെയും അധ്വാനത്തിന്റെയും രുചി ഉണ്ടായിരുന്നു......
പഴകിയ പച്ചക്കറികള്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പച്ചക്കറികള്‍ മിക്കവാറും ഞങ്ങളുടെ കറി കഷ്ണങ്ങള്‍ ആയിമാറി....
അച്ഛമ്മ സുന്ദരിയായിരുന്നു... ദരിദ്ര്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അന്തസ്സ് കൈവിട്ടില്ല.... മകളാല്‍ അച്ഛമ്മ സമ്പന്നയായിരുന്നു. അച്ഛാച്ചന്റെ ഉത്തരവാദിത്തമില്ലായ്മ അച്ഛമ്മക്ക് കൂടുതല്‍ പ്രാരാബ്ദതകള്‍ നല്‍കി. ദാരിദ്രിത്തോടും ഇല്ലായ്മയോടും അച്ഛമ്മ തോറ്റുകൊടുക്കാതെ പടപൊരുതി....പെണ്മക്കളെ പറ്റി മുബൊക്കെ അച്ഛമ്മക്ക് വലിയ വേവലാതി ആയിരുന്നു.. എപ്പോഴും എന്നോട് പറയുമായിരുന്നു എന്റെ കാല ശേഷം അവര്‍ക്കു നീ ഉണ്ടാകണം ഒരു തുണയായി.. നീ അവരുടെ ആങ്ങളയെ പോലെ തന്നെയാ.. അങ്ങനെയാ നീ ഇവര്‍ക്കിടയില്‍ വളര്‍ന്നത്.
എഴുതാനും വായിക്കാനും അറിയാത്ത അച്ഛമ്മ പ്രായമായപ്പോള്‍ സ്വന്തം താല്പര്യം കൊണ്ടു ഒരു കുട്ടിയുടെ ആകാംഷയോടെ വാക്കുകള്‍ എഴുതിയും വായിച്ചും തുടങ്ങി...
എപ്പോഴും ഗള്‍ഫിലേക്ക് വരുമ്പോള്‍ ഞാന്‍ അനുഗ്രഹം വാങ്ങാന്‍ പോവുമ്പോള്‍ വിതുമ്പി കൊണ്ട് അച്ഛമ്മ പറയും
"നിനക്ക് നല്ലതേ വരൂ മകനെ "..... വര്‍ഷങ്ങള്‍ കഴിയും തോറും ആ വാക്കുകള്‍ വ്യക്തമാകാതായി..
പിന്നീട് വാക്കുകളും വിതുമ്പലുകളും പുറത്തുവരാതെ ഉള്ളില്‍ കിടന്നു തേങ്ങി.... ആ കാലുകളില്‍ പിടിച്ചു അനുഗ്രഹം വാങ്ങാതെ ഒരിക്കലും ഞാനാ ഓര്‍മ്മകളുടെ പടവുകള്‍ ഇറങ്ങിട്ടില്ല....
മുത്തുകള്‍ ചിതറി പോവാതിരിക്കാന്‍ ഒരുമിച്ചു കോര്‍ത്തിണക്കിയ ഒരു കണ്ണിയായിരുന്നു അച്ഛമ്മ. ആ ഒമ്പതു മുത്തുകള്‍ അച്ഛമ്മയുടെ സമ്പത്തു തന്നേ ആയിരുന്നു..
എത്ര തിരക്കാണെങ്കിലും അച്ഛമ്മയെ കാണാനും പരിചരിക്കാനും എല്ലാരും വരുമായിരുന്നു... ഇനിയിപ്പോ തിരക്കിനിടയില്‍ ആര്‍ക്കൊക്കെ വരാനാവും.. ആര്‍ക്കറിയാം..... അച്ഛന്റെയും അമ്മയുടെയും കാലശേഷം പലപ്പോഴും കൂടെപ്പിറപ്പുകള്‍ അകന്നു പോവാറുണ്ട്. ബന്ധങ്ങള്‍ അറ്റ് പോവാറുണ്ട്.
ഓര്‍മ്മയുടെ പടവുകള്‍ കയറി അച്ഛമ്മയുടെ പുല്ലും കെട്ടും.. കഞ്ഞിവെള്ളം നിറച്ച പാനിയും.... പഴകിയ പച്ചക്കറികളും..
കൊണ്ട് വരാത്തത് പത്തിരുപത്തഞ്ചു കൊല്ലമായി..
എങ്കിലും................. ഇനിയൊരിക്കലും ആ ഓര്‍മ്മയുടെ പടവുകള്‍ കയറി അച്ഛമ്മ വരില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഇന്നലെ രാത്രി അമ്മ അച്ഛമ്മയുടെ മരണവിവരമറിക്കാന്‍ വിളിച്ചപ്പോള്‍ നേരം വെളുക്കും വരെ ഉറക്കൊഴിഞ്ഞു കുറേ ഓര്‍മ്മകളില്‍ വേദനിച്ചു ഇരിക്കേണ്ടിവന്നു........
ഇനി ഒരു യാത്രക്ക് അനുഗ്രഹ വര്‍ഷം പൊഴിയാന്‍ സ്‌നേഹനിധിയായ ആ അച്ഛമ്മ ഇല്ല......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക