MediaAppUSA

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-7: സാംസി കൊടുമണ്‍)

Published on 08 July, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-7: സാംസി കൊടുമണ്‍)
കെന്നഡി എയര്‍പോര്‍ട്ടില്‍ കുഞ്ഞമ്മ രണ്ട ു കൂട്ടുകാരികളുമായി എത്തി ആലീസിനെ അമേരിയ്ക്കയിലേക്കു സ്വാഗതം ചെയ്തു. അപ്പാര്‍ട്ടുമെന്റില്‍ അവള്‍ നാലാമത്തവളായി. കുഞ്ഞമ്മയും കൂട്ടുകാരികളും പങ്കുവച്ച വിശേഷങ്ങളില്‍ നിന്നും ഒരു കാര്യം ഉറപ്പായി. സ്വപ്നംപോലെ സുതാര്യമല്ല കാര്യങ്ങളെന്ന്.

നമ്മുടെ സര്‍ട്ടിഫിക്കറ്റുകൊണ്ട ് ഇവിടെ നമുക്കു നേരിട്ടു ജോലി കിട്ടില്ല. ഇവിടുത്തെ ആര്‍.എന്‍. പരീക്ഷ പാസ്സാകണം. ചിലയിടങ്ങളിലൊക്കെ പെര്‍മിറ്റില്‍ ആളെ ജോലിക്കെടുക്കും. അല്ലെങ്കില്‍ നഴ്‌സസ് എയ്ഡായി ചെയ്യണം. മിക്കവരുടെയും തുടക്കം അങ്ങനെയാണ്. കുഞ്ഞമ്മ ആര്‍. എന്‍. പരീക്ഷ ഒന്നെഴുതി തോറ്റു. രണ്ട ാമത്തെ ഊഴത്തിനായി തയ്യാറെടുക്കുന്നു. ആലീസ് ഒന്നാം ദിവസം തന്നെ തിരിച്ചറിയുകയായിരുന്നു. വരാന്‍ പോകുന്ന ദിവസങ്ങളുടെ ചൂടും തീയും. ആ തിരിച്ചറിവിന്റെ വേദന ഓരോ ദിവസവും കൂടിക്കൊണ്ടേ യിരുന്നു. കാര്യങ്ങള്‍ വിശദമായി ജോണിച്ചായനെഴുതി. ഒന്നു കാണുവാന്‍ കൊതി. അടുത്തിരുന്നൊന്നു തേങ്ങുവാന്‍ മനസ്സു വെമ്പുന്നു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ. മോള്‍ എങ്ങനെയിരിക്കുന്നു? കരയുന്നുണ്ട ാവുമോ? ഇനി എന്നാണൊന്നു കാണുക. ഭൂമിയില്‍ ഒറ്റപ്പെട്ടുപോയോ? ഇലകൊഴിഞ്ഞ മരം! അറിയപ്പെടാത്തവര്‍ചുറ്റും. എല്ലാം നഷ്ടപ്പെട്ടവള്‍. ചുവരുകള്‍ തീര്‍ത്ത തടവറ.

ആഴ്ചകളെടുത്തു എല്ലാം ഒന്നു നേരെയാകുവാന്‍. “നമുക്ക് കരയാനും ദുഃഖിച്ചിരിക്കാനും നേരമില്ല. മുന്നില്‍ നിന്നും പിന്നില്‍ നിന്നും സമ്മര്‍ദ്ദമാണ്. എല്ലാം നേരെയാകും. രണ്ട ുദിവസത്തെ വിശ്രമം. അതുകഴിഞ്ഞാല്‍ നമുക്ക് അന്വേഷണം തുടങ്ങാം. ഇവിടുത്തെ ജീവിതം ഇങ്ങനെയൊക്കെയാണ്. അതു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല. ബാബുച്ചാന്‍ എഴുതിയിരിക്കുന്നു. നീ അവിടെ സുഖിച്ചു ജീവിക്കയല്ലേയെന്ന്. ഞാന്‍ മറുപടിയൊന്നും എഴുതിയില്ല. എന്തെഴുതാന്‍. സുഖം!..” കുഞ്ഞമ്മ ആ വാക്ക് വെറുതെ സ്വയം ആവര്‍ത്തിച്ചു. കുഞ്ഞമ്മ എന്തോ ആലോചനയില്‍ നിന്നും ഉണര്‍ന്നവളെപ്പോലെ ചോദിച്ചു.

“”ആലീസേ.... നീ കണ്ട ിരുന്നോ പോരുന്നതിനു മുമ്പ്? ഒരു കോലം ആയിക്കാണും.’’

“”കണ്ട ിരുന്നു. പുള്ളിക്കാരനൊരു കുഴപ്പവുമില്ല. എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. പഴയതുപോലെ കളിതമാശകളൊക്കെ പറഞ്ഞു നടക്കുന്നു.’’ ആലീസ് പറഞ്ഞു. കുഞ്ഞമ്മ അല്പനേരം എന്തോ ആലോചിച്ചിരുന്നു. എന്നിട്ട് വിഷയം മാറ്റാനെന്നപോലെ പറഞ്ഞു.

“”നമുക്ക് നാളെ വെളിയിലൊക്കെ ഒന്നു പോകണം. അത്യാവശ്യം വേണ്ട തുണിയും മറ്റു സാധനങ്ങളും വാങ്ങണം.’’

അവര്‍ അവരവരുടെ ലോകങ്ങളിലേക്കു ചുരുങ്ങി. ഒരു വഴികാട്ടിയായി കുഞ്ഞമ്മ ഉള്ളതെത്ര നന്നായി. അല്ലെങ്കില്‍ അറിയപ്പെടാത്ത ഈ നാട്ടില്‍...? ഇവിടെ ഇതിനു മുമ്പു വന്നവരൊക്കെ. അവരുടെ അതിജീവന വഴികള്‍...?

ബൈബിള്‍ സ്റ്റഡിക്കായി വന്നവരായിരുന്നോ മുമ്പന്മാര്‍. കുഞ്ഞമ്മ അങ്ങനെയാണു പറഞ്ഞത്. പിന്നെ ഹയര്‍ സ്റ്റഡീസിനായി വന്ന ചിലരൊക്കെ. ഇവരൊക്കെയാണു മുന്‍ഗാമികള്‍. അവിടെയും ഇവിടെയും ചെറു ജോലികളുമായി അവര്‍ പിന്‍ഗാമികള്‍ക്കായി കാത്തിരിക്കുന്നു. അവര്‍ വഴികാട്ടികള്‍.

രാവിലെ ബ്രെഡ്ഡും പീനട്ട് ബട്ടറുമായി ബ്രെയ്ക്ക്ഫാസ്റ്റു കഴിച്ച്, കുഞ്ഞമ്മ കൊടുത്ത പാന്റ്‌സും ഉടുപ്പുമിട്ട് ആലീസ് പുതിയ സമൂഹത്തില്‍ തന്റെ അസ്തിത്വം ഉറപ്പിക്കാന്‍ തയ്യാറായി.

എല്ലാം പുതുമയുള്ള കാഴ്ചകള്‍, തിരക്കുള്ള തെരുവുകള്‍. ആരെയും ശ്രദ്ധിക്കാതെ അവനവനിലേക്കൊതുങ്ങുന്ന ആള്‍ക്കൂട്ടം. ആഗസ്റ്റുമാസത്തിലെ പ്രഭാതത്തിനു നല്ല ചൂട്! അവര്‍ തണല്‍ മരങ്ങള്‍ക്കു കീഴെ ബസ് സ്റ്റോപ്പില്‍ നിന്നു. കുഞ്ഞമ്മ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേ യിരുന്നു. ബസ്സിന്റെ നമ്പര്‍ നോക്കണം. എങ്ങോട്ടാണു പോകേണ്ട തെന്നു വായിക്കണം. ടോക്കണ്‍ ഇടുന്ന വിധം. സ്വര്‍ണ്ണ നാണയം പോലുള്ള ടോക്കണ്‍ കൈയിലിട്ട് ആലീസ് എന്തെന്നില്ലാതെ തിരുമ്മി. അതവളുടെ മനസ്സിന്റെ അസ്വസ്ഥതകള്‍ ആയിരുന്നു. കുറഞ്ഞ കാത്തുനില്‍പ്പിനൊടുവില്‍ “ബി. മുപ്പത്തിയൊന്ന്’ അവര്‍ക്കായി നിന്നു, നാലഞ്ചാളുകള്‍ കയറാന്‍. ആലീസ് ഏറ്റവും പുറകിലായി കയറി. വൃത്തിയുള്ള യൂണിഫോം ധരിച്ച വെള്ളക്കാരനായ ഡ്രൈവര്‍ വിഷ് ചെയ്തു. “”ഗുഡ്‌മോണിങ്ങ് മാഡം.” അതൊരനുഭവമായിരുന്നു. ഡല്‍ഹിയിലെ ബസ്സില്‍ കീടങ്ങളെപ്പോലെ യാത്ര ചെയ്തവര്‍ക്ക്.... “”ഗുഡ്‌മോര്‍ണിങ്” അവള്‍ പ്രത്യഭിവാദ്യം ചെയ്തു. അവള്‍ ടോക്കണ്‍ ഇടാനുള്ള സ്ഥലം തപ്പുമ്പോള്‍ ഡ്രൈവര്‍ ഒരു ചെറു പുഞ്ചിരിയോടെ അവളെ ഫെയര്‍ ബോക്‌സ് കാണിച്ചു കൊടുത്തു. അപ്പോഴേക്കും കുഞ്ഞമ്മ ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു. ബസ്സില്‍ ആകെ പത്തിരുപത്തഞ്ചുപേര്‍ കാണും. രണ്ട ു പേര്‍ക്കിരിക്കാവുന്ന സീറ്റുകളില്‍ ഓരോ സീറ്റ് ഒഴിവായിക്കിടക്കുന്നു. കുഞ്ഞമ്മ അങ്ങനെയുള്ള ഒരു സീറ്റില്‍ ഒരു കറുത്ത വര്‍ക്ഷക്കാരനൊപ്പം ഇരിക്കുന്നു. ആലീസ് എവിടെയിരിക്കണമെന്നറിയാതെ പരുങ്ങി. ഡ്രൈവര്‍ ആലീസ് ഇരിക്കുന്നതും കാത്ത് അവളെ നോക്കുന്നു. കുഞ്ഞമ്മ കാണിച്ചുകൊടുത്ത സീറ്റില്‍ ഒരു വെള്ളക്കാരനൊപ്പം ആലീസ് എങ്ങും തൊടാതിരുന്നു.

പുതിയ അനുഭവങ്ങളുടെ കളിത്തൊട്ടിലിലൂടെ അവള്‍ പിച്ചവയ്ക്കുകയായിരുന്നു. ബസ് തിരക്കുള്ള തെരുവുകള്‍ പിന്നിട്ടു കൊണ്ടേ യിരുന്നു. ട്രാഫിക് ലൈറ്റിലെ ചുവന്ന കണ്ണുകള്‍ ഇടയ്ക്കിടെ അവരവരുടെ ഓട്ടത്തെ തടസ്സപ്പെടുത്തുകയും പച്ച ലൈറ്റ് ആവേഗിക്കുകയും ചെയ്തുകൊണ്ട ിരുന്നു. വഴിനീളെ അംബര ചുംബികളായ സൗധങ്ങളുടെ നീണ്ട നിര. ഇടമുള്ളിടത്തൊക്കെ ക്രിത്യതയോടെ നട്ടുപിടിപ്പിച്ച പച്ചപ്പുകള്‍. കടകളുടെ ഒരു സമുച്ചയത്തില്‍ കുഞ്ഞമ്മ അവളെ തോണ്ട ി വിളിച്ചു. അവള്‍ സ്വപ്നത്തിലോ ഉറക്കത്തിലോ ആയിരുന്നില്ല. കുടിയേറ്റ ഭൂമിയിലെ കാഴ്ചകളും അനുഭവങ്ങളും സ്വായത്തമാക്കുകയായിരുന്നു. അടയാളങ്ങള്‍ മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു. ഇനി ഈ വഴി ഒറ്റയ്ക്കു വരേണ്ട ി വരില്ലേ.... അപ്പോള്‍ അടയാളങ്ങള്‍ ആവശ്യമായി വന്നേക്കാം. ആരെയും കൂടുതല്‍ ആശ്രയിക്കാതെ.... ആര്‍ക്കും ഭാരമാകാതെ.... അവള്‍ അങ്ങനെ ഓരോന്നു ചിന്തിക്കുകയായിരുന്നു.

കടയുടെ വലിപ്പം അവളെ അത്ഭുതപ്പെടുത്തി. നിറയെ തുണിത്തരങ്ങള്‍. അവരവരുടെ അഭിരുചിക്കും അളവിനും, സാമ്പത്തികത്തിനും ചേരുന്നത് തിരഞ്ഞെടുക്കുക. ഏതെടുക്കും? എല്ലാം നല്ലത്. അവള്‍ കുഞ്ഞമ്മയെ നോക്കി. കുഞ്ഞമ്മ അവള്‍ക്കായി രണ്ട ു പാന്റ്‌സും രണ്ട ു ഷര്‍ട്ടും തിരഞ്ഞെടുത്തു. ഡ്രെസ്സിങ്ങ് റൂമില്‍ കയറി ഇട്ടുനോക്കി അളവുകള്‍ പാകമാണെന്നുറപ്പു വരുത്തി. കുഞ്ഞമ്മ ചില അത്യാവശ്യ സാധനങ്ങള്‍ കൂടി വാങ്ങി. “നമ്മളെക്കുറിച്ചുള്ള ഇവിടുത്തുകാരുടെ ഏറ്റവും വലിയ പരാതി നമ്മളെ വിയര്‍പ്പു നാറും എന്നുള്ളതാണ്. കുറെയൊക്കെ ശരിയുമാണ്.” ഡിയോഡറന്റും പെര്‍ഫ്യൂമും വാങ്ങി കുഞ്ഞമ്മ ക്യാഷ് കൗണ്ട റില്‍ പണമടíുന്നതിടയില്‍ പറഞ്ഞു.. ആലീസ് തന്റെ കയ്യിലുള്ള എട്ടു ഡോളര്‍ കുഞ്ഞമ്മയ്ക്കു നേരെ നീട്ടി. “അതു കയ്യിലിരിക്കട്ടെ. ഇനി ധാരാളം ചെലവുകള്‍ വരും.” അവള്‍ പറഞ്ഞു. പുതിയ ഭൂമിയില്‍ ആദ്യമേ തന്നെ കടക്കാരിയായിരിക്കുന്നു. അല്ലെങ്കില്‍ കുഞ്ഞമ്മയ്ക്കു താന്‍ എന്നും കടക്കാരിയല്ലേ. ഒരിക്കലും വീട്ടിത്തീരാത്ത കടങ്ങള്‍.

കടയില്‍നിന്നും ഇറങ്ങുമ്പോള്‍ കുഞ്ഞമ്മ പറഞ്ഞു. “”ഇത് ഇവിടുത്തെ ചെറുകിട മാളുകളിലൊന്നാ. സാധാരണക്കാരന്റെ ഷോപ്പിംഗ് സെന്റര്‍.’’ അവര്‍ മാളെല്ലാം ഒന്നു ചുറ്റിനടന്നു കണ്ട ു. നല്ല വൃത്തിയും വെടിപ്പും. എവിടെയും തിരക്ക്. ഇത്രയധികം ജനം എവിടെനിന്നു വരുന്നു. ഉത്സവപ്പറമ്പുപോലെ. അധികവും കറുത്ത വര്‍ക്ഷക്കാര്‍. തെരുവിന്റെ ഒരു മൂലയ്ക്ക് നാലഞ്ചു നീഗ്രോകള്‍ കൂടിനിന്നു ബിയര്‍ കുടിക്കുന്നു. ഇതിനുമുമ്പ് കണ്ട ിട്ടില്ലാത്ത കൂട്ടരെ ആലീസ് കൗതുകത്തോടെ നോക്കി. ചുരുണ്ട മുടി, പരന്ന മൂക്ക്, മോണ അല്പം പൊങ്ങി അങ്ങനെ പല ആകൃതിയിലുള്ളവര്‍. തലമുറകളായി അടിമത്വത്തിന്റെ ചങ്ങലകളില്‍ തളയ്ക്കപ്പെട്ടവരുടെ പിന്‍ഗാമികള്‍. അവരുടെ കണ്ണുകളില്‍ നീരസത്തിന്റെ ലാവ ഒലിക്കുന്നതുപോലെ. അവരുടെ നോട്ടം ഒട്ടും സൗഹാര്‍ദ്ദപരമായിരുന്നില്ല എന്നു ആലീസിനു തോന്നി. അകാരണമായ ഒരു ഭയം അവളെ ബാധിച്ചു. ഇരയെ കണ്ട ിട്ടെന്നപോലെയുള്ള ഒരുവന്റെ നോട്ടം! ആലീസ് കാഴ്ചകളിലെ കൗതുകങ്ങളില്‍ ലയിച്ച് കുഞ്ഞമ്മയില്‍ നിന്നും അല്പം പിന്നിലായിരുന്നു. അവള്‍ കുഞ്ഞമ്മയ്‌ക്കൊപ്പമെത്തി തിരിഞ്ഞു നോക്കി. ഇരയെ നഷ്ടപ്പെട്ടവനെപ്പോലെ അവന്‍ അവരെ തുറിച്ചു നോക്കുന്നു. അപകടം മണത്ത കുഞ്ഞമ്മ ആലീസിന്റെ കൈ പിടിച്ച് വേഗം നടന്നുകൊണ്ട ു പറഞ്ഞു. “”നാഗരികതയുടെ തിരുശേഷിപ്പുകളാണവര്‍. ഹോം ലെസ്സുകള്‍.’’

തിരികെ മുറിയിലെത്തിയിട്ടും ആലീസിന്റെ അങ്കലാപ്പു മാറിയിരുന്നില്ല. തനിക്കു ചുറ്റുമുള്ള രക്ഷാകവചം നഷ്ടമായിരിക്കുന്നതുപോലെ.... ആരെല്ലാമോ തന്നിലേക്കൊളിഞ്ഞു നോക്കുന്നു.... ഒക്കെ തോന്നലുകളായിരിക്കാം. പുതിയ ഭൂമിയെക്കുറിച്ചുള്ള ആശങ്കകള്‍ ആയിരിക്കാം. എല്ലാം ശരിയാകും. സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

അപ്പാര്‍ട്ടുമെന്റിലെ എട്ടാം നിലയില്‍ എണ്ണൂറ്റിപതിനാലാം നമ്പര്‍ റൂം പൂട്ടി താക്കോല്‍ ബാഗില്‍ തന്നെ ഇട്ടു എന്നുറപ്പു വരുത്തി ആലീസി ഒന്നു നിവര്‍ന്നു നിന്നു. ഒറ്റയ്ക്കുള്ള യാത്ര ആരംഭിക്കുകയാണ്. ട്രെയിന്‍ എടുക്കേണ്ട രീതി. ബസ്സുകളുടെ നമ്പര്‍, എത്തേണ്ട സ്ഥലത്തിന്റെ വിലാസം, അടയാളങ്ങള്‍, എല്ലാം കുഞ്ഞമ്മ വിശദമായി ഒരു കടലാസ്സില്‍ കുറിച്ചിരുന്നു. മനസ്സ് ഉല്‍കണ്ഠാപൂരിതമായിരുന്നു. ഇറങ്ങുന്നതിനുമുമ്പ് എല്ലാം ഒന്നുകൂടി നോക്കി. പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടിയെപ്പോലെ. അപ്പാര്‍ട്ടുമെന്റില്‍ നിന്നും ഇറങ്ങി വലത്തോട്ടു തിരിഞ്ഞ് റോഡ് മുറിച്ചു കടന്നാല്‍ ബസ്‌സ്റ്റോപ്പ്. അവിടെയുള്ള ഗ്രോസറി കട അടയാളമായി അവള്‍ മനസ്സില്‍ കുറിച്ചിട്ടു. തിരിച്ചുവരവിന് അടയാളങ്ങള്‍ ആവശ്യമാണെന്ന് അവള്‍ ഓര്‍ത്തു. ആവശ്യമാണ് അന്വേഷണങ്ങളെ തീവ്രമാçന്നത്. അവള്‍ ആവശ്യക്കാരിയായിരുന്നില്ല അത്യാവശ്യക്കാരിയായിരുന്നു. അതുകൊണ്ട ുതന്നെ ബസ്സിലെ തിരക്കോ, അപരിചിതരുടെ കണ്ണിലെ പരിഹാസമോ അവളെ നിരാശപ്പെടുത്തിയില്ല. ഓരോ ആശുപത്രികളിലും ആപ്ലിക്കേഷന്‍ കൊടുത്ത് അവരുടെ ഉപദേശങ്ങളുമായി പടിയിറങ്ങുമ്പോള്‍ ഫലം കടുത്ത നിരാശയായിരുന്നു. എല്ലായിടത്തുനിന്നും ഒരേ ഉത്തരങ്ങള്‍. പരീക്ഷ പാസ്സായി വരൂ. നേഴ്‌സസ് എയ്ഡിന്റെ ഒഴിവ് ഇപ്പോഴില്ല. വീണ്ട ും ശ്രമിക്കൂ. അവള്‍ തന്റെ പരിമിതമായ ഭാഷാ ജ്ഞാനംകൊണ്ട ് ഒരു ജോലി വേണം എന്നും എന്തു ജോലിയായാലും വിരോധമില്ല എന്നും ഒരുവിധം പറഞ്ഞൊപ്പിച്ചു. പക്ഷേ ഒരു വാതിലുകളും തുറന്നില്ല. മൂന്നാമത്തെ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോള്‍, കണ്ണുകള്‍ ഒഴുകാതിരിക്കാന്‍ അവള്‍ക്കു നന്നേ പാടുപെടേണ്ട ിയിരുന്നു. മടക്കയാത്രയില്‍ കുറിച്ചിട്ട അടയാളങ്ങള്‍ വഴികാട്ടിയായി. അവള്‍ വിങ്ങുന്ന ഹൃദയവുമായി വഴിയോരകാഴ്ചകള്‍ കാണാതെ സകല വിശുദ്ധന്മാരോടും കരുണയ്ക്കായി പ്രാര്‍ത്ഥിച്ചു. നിത്യ സഹായമായ മാതാവിനോടവള്‍ കേണു. തന്റെ പ്രിയനേയും ഭഎന്റെ കുഞ്ഞിനെയും നീ കാത്തുകൊള്ളേണമേ.... നിന്റെ ഈശോയെപ്പോലെ ഞാനും എന്റെ ജീവിതം പലര്‍ക്കായി വീതിച്ചിരിക്കുന്നു.’

അന്യലോകത്തുനിന്നും പൊട്ടിവീണ ഒരു കൗതുക വസ്തുവിനെയെന്നപോലെ ആളുകള്‍ തന്നെ നോക്കുന്നതവള്‍ അറിയുന്നുണ്ട ായിരുന്നു. അയഞ്ഞ പാന്റ്‌സും ശരീരം മൊത്തം മറയ്ക്കുന്ന ബ്ലൗസും എണ്ണമയമുള്ള നീളന്‍ മുടിയും തന്നെ ഈ പുതു ലോകത്തിലെ കാഴ്ചവസ്തുവാക്കുന്നു. അവള്‍ ചുറ്റുമുള്ളവരെ ഒളികണ്ണാല്‍ നോക്കി. സ്ത്രീകള്‍ മുടി ബോബു ചെയ്ത് മേക്കപ്പു ചെയ്ത് ഇല്ലാത്ത സൗന്ദര്യം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എല്ലാം കാഴ്ചകളാണല്ലോ. കമിതാക്കള്‍ കിടപ്പുമുറിയിലെന്നപോലെ കൂസലില്ലാതെ ഇണകളെ ചുംബിക്കുന്നു. എല്ലാം പുതിയ പുതിയ കാഴ്ചകള്‍. ആദ്യദിവസത്തെ കാഴ്ചകളും അനുഭവങ്ങളുമായി മുറിയില്‍ തിരിച്ചെത്തുമ്പോള്‍ കുഞ്ഞമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട ായിരുന്നു.

കുഞ്ഞമ്മ നല്ല ഒരു ചൂടു ചായ ഉണ്ട ാക്കി കൊടുത്തിട്ടു ചോദിച്ചു, “”എങ്ങനെ ഉണ്ട ായിരുന്നു. വഴിയൊന്നും തെറ്റിയില്ലല്ലോ?’’ ചൂടുചായയുടെ നിറവില്‍ അവള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ഒന്നും കഴിക്കാതെയുള്ള യാത്രയില്‍ അവള്‍ നന്നേ ക്ഷീണിച്ചിരുന്നു. നാളെ കുഞ്ഞമ്മയ്ക്ക് അവധി. യാത്ര ഒന്നിച്ചാവാമെന്നു അവര്‍ നിശ്ചയിച്ചു.

അന്വേഷണം രണ്ട ാം മാസം പിന്നിട്ടിട്ടും കാര്യങ്ങള്‍ എങ്ങുമെങ്ങും എത്തുന്നില്ല. കുഞ്ഞമ്മയുടെ ജീവിതഭാരങ്ങള്‍ക്കിടയില്‍ ഭാഗം പറ്റാനായി മറ്റൊരിത്തിക്കണ്ണിയായി എത്ര നാള്‍. മനസ്സിനു വല്ലാത്ത മടുപ്പ്. അറിയാവുന്ന വാതിലുകളെല്ലാം മുട്ടിനോക്കി. ഇനി വാതിലുകള്‍ ബാക്കിയില്ല. അവള്‍ക്ക് ഒന്നിലും താല്പര്യമില്ലാതെയായി. ഒറ്റപ്പെട്ടവളെപ്പോലെ മുറിയില്‍ അടിഞ്ഞുകൂടി. മറ്റുള്ളവര്‍, കുഞ്ഞമ്മയും മേരിയും സൂസിയുമൊക്കെ അവള്‍ക്കുവേണ്ട ി അന്വേഷിക്കുന്നുണ്ട ായിരുന്നു.

ജോണിച്ചായന്റെ കത്ത് കിട്ടിക്കൊണ്ട ിരുന്നു. പരാതികളും പരിഭവങ്ങളും. കാണാത്തതിലുള്ള വേദന, പുതിയ ഭൂമിയില്‍ തന്റെ സുരക്ഷിതത്വം.... അങ്ങനെ അങ്ങനെ.... ആ കത്തുകള്‍ പലവട്ടം വായിക്കും. എന്റെ ഹെലന്‍ എവിടെ? അവള്‍ കമിഴ്ന്നു വീണു നീന്തുമെന്ന് അമ്മ എഴുതിയിരുന്നു. അമ്മയും അപ്പനും അനാഥയാക്കിയ കുഞ്ഞ്. പകലിന്റെ യാഥാര്‍ത്ഥ്യങ്ങളും രാത്രിയിലെ സ്വപ്നങ്ങളുടെ താപവും അവളെ വല്ലാതെ തളര്‍ത്തുന്നു. ഇരുളു നിറഞ്ഞ മുറിയിലേക്ക്, ഒരു ദിവസം മേരി വന്നത് ഒരു നല്ല വാര്‍ത്തയുമായിട്ടായിരുന്നു. അവരുടെ നേഴ്‌സിംഗ് ഹോമില്‍ ഒരു ഒഴിവു വന്നിട്ടുണ്ട ്. നാളത്തന്നെ ഫോം പൂരിപ്പിച്ച് കൊടുക്കാനുള്ള തീരുമാനവുമായി. ഉള്ളില്‍ പ്രതീക്ഷയുടെ ഒരു തിരി. മേരിയുടെ ശുപാര്‍ശയില്‍ അധികം ചോദ്യങ്ങള്‍ ഉണ്ട ായില്ല. നേഴ്‌സിംങ് എയ്ഡായി ജോലിക്കു ചേര്‍ന്നു.

ജോലി! പുതിയ അറിവുകളുടെ കലവറയിലേക്കുള്ള കാല്‍വെപ്പായിരുന്നു. രോഗികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക. അവരെ രോഗികള്‍ എന്നു വിളിക്കാന്‍ പറ്റില്ല. അവര്‍ അന്തേവാസികളാണ്. യാത്രയില്‍ തളര്‍ന്നവരും അവശരായവരും, അന്ത്യനാളിന്റെ വിളിക്കായി കാക്കുന്നവരും ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഒഴിഞ്ഞവരും ഒഴിവാക്കപ്പെട്ടവരും എത്തിപ്പെടുന്ന സ്ഥലം. ചിലരെല്ലാം സ്വയം എഴുന്നേല്‍ക്കുന്നവര്‍, ഓര്‍മ്മയില്ലാത്തവര്‍, നിത്യമായ കോമയില്‍ പ്രവേശിച്ചവര്‍. തലയ്ക്ക് സ്ഥിരതയില്ലാത്തവര്‍ എല്ലാവരെയും സ്‌നേഹിച്ചു. ഇവിടെയുള്ള അന്തേവാസികള്‍ തന്റെ അന്നമാണെന്ന തിരിച്ചറിവ്. അന്നത്തെ സ്‌നേഹിക്കാതിരിക്കുവാന്‍ കഴിയില്ലല്ലോ? നിറവും ഭാഷയും നല്‍കുന്ന വേര്‍തിരിവുകള്‍ നമുക്ക് വേദന തോന്നാം. ആ വേദനങ്ങള്‍ ജീവിതത്തിന്റെ ഉപ്പും വളവുമായി കരുതിവെയ്ക്കാം. കണ്ണുനീര്‍ ഒന്നിനും പരിഹാരമല്ല എന്ന തിരിച്ചറിവില്‍ കണ്ണുകളെ ഒപ്പുമ്പോള്‍, മനുഷ്യനും അവന്റെ മനസ്സിന്റെ സഞ്ചാര വഴികള്‍ എത്ര ഇടുങ്ങിയതാണ്. ഐറിഷുകാരി മാര്‍ഗ്രറ്റ് എന്തിനാണതു പറഞ്ഞത്. സത്യമായും തന്നെ നാറുന്നുണ്ടേ ാ? ഉണ്ട ാകാം. “”ആലീസ് നീ എന്തു തരം ഡിയോഡറന്റാ ഉപയോഗിക്കുന്നത്. എനിക്ക് നിന്റെ മണം സഹിക്കാന്‍ കഴിയുന്നില്ല.” അവള്‍ ചെമ്പന്‍ മുടിയും കാറ്റില്‍ പറത്തി നടന്നകന്നു. നന്നായി മുറിച്ചിട്ട അവളുടെ മുടിയില്‍ നിന്നും എന്തോ പരിമളം ഉയരുന്നുണ്ട ായിരുന്നു. കുഞ്ഞമ്മ അനുഭവങ്ങളില്‍ നിന്നും പഠിച്ചിട്ടായിരിക്കാം തനിക്ക് ആദ്യം വാങ്ങി തന്നത് ഡിയോഡറന്റുകളാണ്. എന്നിട്ടും എന്തിനാണവളതു പറഞ്ഞത്. മൂന്നാം ലോകത്തിലെ പാവങ്ങളെ ആര്‍ക്കും എപ്പോഴും തൊഴിക്കാമല്ലോ. അവര്‍ അതിനു വിധിക്കപ്പെട്ടവരാണല്ലോ?

“”സാരമില്ല, കരയാതിരിക്കൂ. അവള്‍ വംശീയ വാദിയായിരിക്കാം. നീ നിന്റെ ജോലികള്‍ ഭംഗിയായി ചെയ്യൂ.’’ ഇടതുതോളില്‍ തട്ടി സാന്ത്വനിപ്പിച്ചുകൊണ്ട ് എമിലി ഏ—ബ്രം, ഹെഡ് നേഴ്‌സ് പറഞ്ഞു. എവിടെയും ദൈവത്തെ തൊട്ടവര്‍ തനിക്കു ചുറ്റുമുണ്ടെ ന്ന തിരിച്ചറിവില്‍ അവള്‍ കണ്ണുകള്‍ തുടച്ചു. അവള്‍ ഇതൊന്നും മറ്റാരോടും പറഞ്ഞില്ല. എല്ലാവര്‍ക്കും സമാനമായ അനുഭവങ്ങള്‍ ധാരാം പറയാനുണ്ട ാകും. കുടിയേറ്റ ഭൂമി അനുഭവങ്ങളുടെ കലവറയാണല്ലോ.

തണുപ്പ് പച്ചിലകളെ തലോടി തലോടി തന്റെ മാന്ത്രിക കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ട ു പോകാനെന്നവണ്ണം അതിന്റെ നിറം സ്വര്‍ണ്ണവര്‍ണ്ണം ആക്കിക്കൊണ്ട ിരുന്നു. പാകമായതിനെയൊക്കെ ചെറു കാറ്റാല്‍ തെരുവിനലങ്കാരമായി വിരിയ്ക്കുന്നു. വീഴാത്ത ഇലകള്‍ കൊമ്പില്‍ ഊഴവും കാത്തു നില്‍ക്കുന്നു. ശിശിരത്തിന്റെ ആരംഭം. കാറ്റിനു ചെറു തണുപ്പുണ്ടെ ങ്കിലും, ആ തണുപ്പ് സുഖകരമായിരുന്നു. പക്ഷേ തണുപ്പ് മെല്ലെ മെല്ലെ പടിവാതുക്കല്‍ മുട്ടി വിളിച്ചുതുടങ്ങിയെന്നവള്‍ അറിഞ്ഞു. ഇനി തണുപ്പിനെ അതിജീവിക്കാനുള്ള തുണിത്തരങ്ങള്‍ വാങ്ങണം. എന്നും പുത്തന്‍ ആവശ്യങ്ങള്‍. കിട്ടുന്നത് ഒരിക്കലും തികയുന്നില്ല. ആദ്യ ശമ്പളത്തില്‍ നിന്നും അന്‍പതു ഡോളര്‍ ജോണിച്ചായനും ഇരുപത്ത് അമ്മച്ചിക്കും അയച്ചു. ബാക്കി കുഞ്ഞമ്മയ്ക്ക് മുറിയുടെ വിഹിതം. വണ്ട ിക്കൂലിക്കുള്ളതു മാത്രം ബാക്കി. തനിയാവര്‍ത്തനങ്ങളുടെ ദിനരാത്രങ്ങള്‍. അവള്‍ കുഞ്ഞമ്മയും കൂട്ടുകാരും കാട്ടിക്കൊടുത്ത വഴികളിലൂടെ മുന്നേറി. ആര്‍.എന്‍. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍.

കാലം ഞെട്ടറ്റു വീഴുന്ന ഇലകളെപ്പോലെ അവളുടെ മുന്നില്‍ കൂടി പറന്നകന്നുകൊണ്ടേ യിരുന്നു. പരിഭവങ്ങളും പരാതികളുമായി ജോണിയുടെ കത്തുകള്‍ അവള്‍ക്ക് എരിതീയിലെ എണ്ണയായിരുന്നു. അമ്മയുടെ കത്തുകള്‍ മോളുടെ വിശേഷങ്ങള്‍ പറഞ്ഞു. അവള്‍ മിടുക്കിയാണ്. അമ്മയുടെ ആദ്യാക്ഷരം പറയാന്‍ തുടങ്ങി.... നഷ്ടപ്പെട്ട ചെറു സന്തോഷങ്ങള്‍. ഓരോ അമ്മയും ഓര്‍മ്മകളുടെ ചെപ്പുകളില്‍ സൂക്ഷിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ഒരമ്മയുടെ അവകാശങ്ങള്‍. വീണ്ടെ ടുക്കാന്‍ പറ്റാത്ത നഷ്ടപ്പെടലുകള്‍. ഈ തണുത്തു വിറങ്ങലിച്ച രാത്രികള്‍ക്കും ഉന്മേഷമില്ലാത്ത പകലുകള്‍ക്കുമിടയിലായി നഷ്ടപ്പെടുന്ന ഈ ജീവിതം അവളെ നൊമ്പരപ്പെടുത്തി.
(തുടരും...)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക