വൈദീകവൃത്തിയില്‍ പതിറ്റാണ്ടുകള്‍ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതം നയിക്കുന്ന ഒരു കോര്‍എപ്പിസ്‌ക്കോപ്പയില്‍ നിന്നും 'ചില മദമിളകിയ അച്ചന്മാര്‍' എന്ന പ്രയോഗം കേട്ടപ്പോള്‍ ഞെട്ടാതിരുന്നില്ല. അല്‍പ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകള്‍ ഫോണിലൂടെ വ്യക്തമായി കേള്‍ക്കാനും കഴിഞ്ഞിരുന്നു. വിരിപ്പിനടിയില്‍ കിടക്കുന്ന എല്ലാ കീടങ്ങളും പുറത്തു വരണേ എന്നാണ് തന്റെ പ്രാര്‍ഥന എന്നാണ് സഭയുടെ ഉന്നത സമിതിയായ മാനേജിങ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരു ഗള്‍ഫുകാരന്റെ ഭാര്യക്ക് നിരന്തരം ശല്യമായിരുന്ന ഒരു പാതിരിയെ ഈ അടുത്ത കാലത്താണ് വിരട്ടി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളിയുടെ ബേസ്‌മെന്റില്‍ വച്ച് തോമസ് കൈപിടിച്ച് നിറുത്തി, ' എന്താ ഈ കേള്‍ക്കുന്നത്, ഈ കഥകള്‍ വിശ്വസിക്കാമോ, ഞങ്ങള്‍ ശരിക്കു ഉറങ്ങിയിട്ട് കുറെ ദിവസങ്ങള്‍ ആയി. വല്ലാതെ ഉലച്ചു കളഞ്ഞു.. തോമസിന്റെ കണ്ണില്‍ നിന്നും ഒഴുകുന്ന കണ്ണുനീരും, ചുണ്ടിലെ വിറയലും കൈയിലെ പിടിയുടെ മുറുക്കവും , ഒരു സാധാരണ വിശ്വാസിയുടെ ആത്മനൊമ്പരത്തിന്റെ തുടിപ്പുകളായിരുന്നു. ഇത്തരം ഒരു വലിയ കൂട്ടം നിഷ്‌കളങ്കരായ സാധാരണക്കാരുടെ ഹൃദയത്തിലൂടെ കടുന്ന പോയ തീപിടിപ്പിച്ച കത്തിയാണ് ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നത്.
പൗരോഹിത്യത്തിനു ഇത്രയും വില നഷ്ട്ടപ്പെട്ട സമയമില്ല. വൈദീകര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറുന്നു എന്നത് സമുന്നത കോടതിയുടെ ഭാഷയാണ്. എന്നാല്‍ ആദരിക്കപ്പെടേണ്ട വിശുദ്ധിയുള്ള ഒരു കൂട്ടം പുരോഹിതര്‍ ബലിയാടുകളായി ഇകഴ്ത്തപ്പെടുന്നതില്‍ അസഹിഷ്ണുതരായ ഒരു വലിയ കൂട്ടം വിശ്വാസികളും ഉണ്ട്. കാലപ്പഴക്കത്തില്‍ എല്ലാ നിരയിലും കടന്നുവരാവുന്ന പുഴുക്കുത്തുകള്‍ അക്കമിട്ടു നിരത്തി വെടിപ്പാക്കുകയാണ് അഭികാമ്യം. ആദിമ കാലം തൊട്ടേ തിരഞ്ഞെടുക്കപ്പെട്ടവരോ സ്വയം നേടിയെടുത്തവരോ ആയ അഭിഷിക്തരായവരെല്ലാം വെടിപ്പോടെ ശുശ്രൂഷിക്കുന്നു എന്ന് പറയാനാവില്ല. ഭക്തിയുടെ മറവില്‍ യുക്തിനഷ്ട്ടപ്പെട്ട, ചഞ്ചലചിത്തരായ ലോലഹൃദയരെ, ഭീതിയും പ്രലോഭനവും നീട്ടി നിരന്തരമായി ചൂഷണം ചെയ്യുന്ന പ്രകൃതം എല്ലാ അധികാര കേന്ദ്രങ്ങളിലും കാണാനാവും. എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചു ദിശാബോധം നല്‍കേണ്ട പ്രകാശ ഗോപുരങ്ങള്‍ നിരാശ ഗോപുരങ്ങളായി അധപ്പതിക്കുന്നത് കാണേണ്ടി വരുന്നു.
വിധിയുടെ ബലിമൃഗങ്ങള്‍ പലതരം
സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഒരു യോഗത്തിലേക്ക് ഒരു വൈദികനെ ക്ഷണിക്കാന്‍ ജോസിനെയും എന്നെയുമാണ് നിയോഗിച്ചിരുന്നത്. ആശ്രമത്തിലാണ് വൈദികന്‍ താമസിക്കുന്നത്. ജോസ് വളരെ അസ്വസ്ഥനായി തിടുക്കത്തില്‍ പുറത്തേക്കു വരുന്നു, ബാ നമുക്ക് പോകാം എന്ന് എന്നോട് പറഞ്ഞു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല. അയാളുടെ ഒരു വൃത്തികെട്ട നോട്ടം, അടിമുടി അയാള്‍ കൊതിയോടെ തന്നെ നോക്കുകയായിരുന്നു', തിരികെ യാത്രയില്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല അത്രയ്ക്ക് തളര്‍ത്തിക്കളഞ്ഞു ആ വൈദീകന്റെ നോട്ടം. ആ വൈദീകന്‍ ഒരു ബോയിസ് റെസിഡന്‍സ് സ്‌കൂളിന്റെ വാര്‍ഡന്‍ ആയിരുന്നു. അദ്ദേഹം പിന്നീട് മെത്രാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു എന്നും കേട്ടിരുന്നു. ആ വൈദീകനും ജോസും ഇന്ന് ജീവനോടില്ല. ഒരു അപകടത്തില്‍ മരണപ്പെട്ട ജോസിനെ ഓര്‍ക്കുമ്പോള്‍, ആശ്രമത്തില്‍ നിന്നും പുറത്തേക്കു വന്ന ആ ചെറുപ്പക്കാരന്റെ മുഖം ഒരിക്കലും മറക്കാനാവില്ല.
കുറച്ചുനാള്‍ മുന്‍പ് ഒരു സംഘടനയുടെ ചാരിറ്റിവിതരണം നടത്തുവാനായി തൃശൂര്‍ ഉള്ള ഒരു സഭാ കേന്ദ്രത്തില്‍ പോയി. ഉന്നതനായ ഒരു വൈദീകനും കൂടെ കുറെ വൈദീകരും ഉള്ള ഒരു മീറ്റിങ്ങായിരുന്നു. മീറ്റിംഗിന് ശേഷം പ്രധാന വൈദീകന്‍ കൈ പിടിച്ചു കുലുക്കി, കൈ വിടുന്നില്ല, പിന്നെ ചൂണ്ടു വിരല്‍ കൊണ്ട് കൈയ്യില്‍ തടവാന്‍ തുടങ്ങി, ഒരുവിധം അവിടെനിന്നു രക്ഷപെട്ടു എന്ന് പറയാം. പീഡനം എന്ന് പറയുമ്പോള്‍ അല്‍പ്പം തൊലി വെളുപ്പു ഉള്ള ആണ്‍ കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പീഡനങ്ങള്‍ അറിയാതെ പോകുന്നു. പുരോഹിതന്മാരില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ഒക്കെ ആണുങ്ങള്‍ നേരിടുന്ന ഓക്കാനം വരുന്ന ഇത്തരം പ്രവൃത്തികള്‍ എവിടെയും രേഖപ്പെടുത്തുന്നില്ല, പക്ഷെ ചിരിച്ചു തള്ളുന്നതിനു മുന്‍പേ, നമ്മുടെ ആണ്‍കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്.
ദിശാബോധം നക്ഷപെട്ട ചില വൈദികര്‍
വിളിക്കു യോഗ്യമായതു പ്രവര്‍ത്തിക്കാതെ വിനോദയാത്രകള്‍, വിശുദ്ധനാട് സന്ദര്‍ശനം,ട്രാവല്‍ ഏജന്‍സി, ഭൂമി ഇടപാടുകള്‍, കൊയര്‍ പരിപാടികള്‍, റിയല്‍ എസ്‌റ്റേറ്റ്, ഉണര്‍വ് കണ്‍വന്‍ഷനുകള്‍, ധ്യാനം, കൗണ്‍സിലിംഗ് തുടങ്ങി നിരവധി ഉടായിപ്പു പ്രസ്ഥാനങ്ങളുമായി ഊരു ചുറ്റുന്നവര്‍ വര്‍ധിച്ചു വരുന്നു. വിശുദ്ധകുര്‍ബാന കൃത്യവും യുക്തവും ആയി നടത്തണം എന്ന് കര്‍ക്കശമുള്ള ഒരു വൈദികന്‍ ഒരു ഞായറാഴ്ച പതിനേഴു മിനിട്ടു താമസിച്ചാണ് പ്രഭാത പ്രാര്‍ഥന തുടങ്ങിയത്. വിശുദ്ധസ്ഥലത്തു നില്‌കേണ്ടവരും കാര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നെങ്കിലും, പ്രാര്‍ഥന തുടങ്ങാന്‍ താമസിച്ചതിന്റെ കാരണം ശിശ്രൂകര്‍ക്ക് കൃത്യമായി മനസിലായി. അന്ന് ധരിക്കേണ്ട തിരുവസ്ത്രത്തിന്റെ മാച്ചിങ് വേഷത്തില്‍ ഒരു തരുണീമണി വന്നു നേരിട്ട് നിന്നപ്പോഴാണ് പ്രാര്‍ഥനകള്‍ ആരംഭിച്ചത്. വലിയ നോമ്പിലെ ധ്യാനവും കുമ്പസാരത്തിനും ശേഷം വൈകിട്ട് വൈദികന്റെ മുറിയില്‍ വിവാഹിതയായ സ്ത്രീ കൂസലില്ലാതെ കയറുകയും വിളക്ക് അണയുകയും ചെയ്യുന്നത് കണ്ടതായി ഒരാള്‍ ഊമകത്തയച്ചു. ആ കത്ത് ഇപ്പോഴും വിശുദ്ധ ഗ്രന്ഥത്തില്‍ വച്ചിരിക്കുന്നു. എന്നെങ്കിലും ദൈവം ഇതൊക്കെ കാണാതിരിക്കുമോ? പിടിക്കപ്പെടും എന്ന് അറിഞ്ഞയുടന്‍ അവധിയില്‍ പ്രവേശിച്ചു ഒളിഞ്ഞും വളഞ്ഞും നിന്ന് കുര്‍ബാന അര്‍പ്പിക്കുന്നവരെയും ചിലര്‍ക്കറിയാം.
ഏതോ പാശ്ചാത്യ സെമിനാരിയില്‍ നിന്നും എങ്ങനെയോ ഒരു പ്രബന്ധം എഴുതിച്ചു പണം കൊടുത്തു നേടുന്ന ഡോക്ടറേറ്റ് ബിരുദവുമായി സെമിനാരിയില്‍ ആദ്ധ്യാപകരായി എത്തുന്ന ഉഡാപ്പി ജാഡപണ്ഡിതര്‍ക്കു വൈദികവിളിക്ക് യോഗ്യമായ പരിശീലനം നല്കാന്‍ പറ്റില്ല. നവാഗതര്‍ക്കുള്ള റാഗിങ്ങും ആഭാസത്തരങ്ങളും ഒട്ടും കുറവല്ല സെമിനാരികളില്‍ എന്ന് കേള്‍ക്കുന്നു. അലമ്പ് കണ്ടു വിശുദ്ധ കുര്‍ബാന നിര്‍വഹിക്കാന്‍ എത്തിയ ഒരു മെത്രാന്‍ സഹികെട്ടു പുറത്തു പോയി എന്നും കേട്ടിരുന്നു. സെമിനാരി പ്രിന്‍സിപ്പലിന്റെ മുറി അടിച്ചു പൊളിക്കുക തുടങ്ങി നിരവധി വഷളത്തങ്ങളുടെ കേന്ദ്രമായി ഇത്തരം വൈദിക പരിശീലന കേന്ദ്രങ്ങള്‍ മാറിപ്പോയെങ്കില്‍ കാര്യമായ തകരാറു എവിടെയാണെന്ന് ചിന്തിക്കണം. പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ച ഒരു അധ്യാപകനെ വിരട്ടി രാജിവപ്പിക്കാനും ചിലര്‍ തയ്യാറായി. എന്താണ് ഇവിടെ പരിശീലിപ്പിക്കുന്നതെന്നു വിശ്വാസികള്‍ക്ക് അറിയില്ല. പാവങ്ങള്‍ ഓരോ വര്‍ഷവും കനത്ത സംഭാവനകള്‍ നല്‍കി ഇവ നിലനിര്‍ത്തുന്നു.
വിശുദ്ധ ആരാധനയില്‍ സംബന്ധിക്കുമ്പോള്‍ ധരിക്കേണ്ട തിരു വസ്ത്രങ്ങള്‍ അവ അയോഗ്യമായ ഒരു സ്പര്‍ശ്ശനം പോലും ഏല്‍ക്കാത്ത ഉടയാടകളാണ്. എന്നാല്‍ കാന്‍ഛീപുരം പട്ടു സാരി പൊതിഞ്ഞപോലെ വിവിധ വര്‍ണങ്ങളില്‍ മിനുക്കുകള്‍ പിടിപ്പിച്ചു തങ്ങള്‍ ഏതോ ദൈവീക ദൂതന്മാരാണെന്നു കാണിക്കുവാന്‍ കാട്ടുന്ന വിലകുറഞ്ഞ ഷോ കാണുമ്പൊള്‍ തല കുനിഞ്ഞു പോകും അല്ലാതെ അവര്‍ എറിഞ്ഞു തരുന്ന സമാധാന ശരങ്ങള്‍ സ്വീകരിക്കാനല്ല കുനിയേണ്ടി വരുന്നത്. പെരുനാളുകള്‍ക്കു ശേഷം പട്ടില്‍ പൊതിഞ്ഞ തിരുവസ്ത്രങ്ങളുമായി വടിയും മുടിയും പിടിച്ചു നില്‍ക്കുന്ന ഈ കൂട്ടരെ കണ്ടാല്‍ വെഞ്ചാമരവും വെങ്കുറ്റകുടയൂം ചൂടിനില്‍ക്കുന്ന തൃശൂര്‍ പൂരം പോലും തോറ്റുപോകും. മനുഷ്യനെ പേടിപ്പിക്കാന്‍ കടുത്ത കറുപ്പും തീപിടിച്ച ചുവപ്പും സ്വര്‍ണ്ണ അടയാഭരങ്ങളുമായി എവിടെയും കടന്നു പോകുന്ന ഇവരുടെ മുഖത്തെ ഭാവങ്ങള്‍ കണ്ടാല്‍ സാക്ഷാല്‍ ദൈവ പുത്രന്‍ പോലും കുരിശില്‍ തൂങ്ങാന്‍ വെമ്പല്‍ കൊള്ളും.
സേവനത്തിനും ശിശ്രൂകള്‍ക്കും ഉള്ള സന്നദ്ധതയാണ് ഇടക്കെട്ടുകൊണ്ടു ഉദ്ദേശിക്കുന്നതെങ്കില്‍, മറ്റുള്ളവരുടെ പാദം തുടക്കുവാനാണ് ഇടക്കെട്ടില്‍ തിരുകിയ തൂവല എങ്കില്‍ തെറ്റി. സാധാരണക്കാര്‍ കഴിക്കാന്‍ പറ്റാത്ത മുന്തിയ ഭക്ഷണം ഏറ്റവും മോടികൂടിയ പാത്രത്തില്‍ തരുണീമണികള്‍ വിളമ്പിക്കൊടുത്താലേ തൃപ്തി വരുകയുള്ളൂ. എല്ലാവരോടും സ്‌നേഹം സമാധാനം എന്ന് പറയുന്ന ഈ ന്യൂ ജനറേഷന്‍ വൈദികരുടെ മുഖത്തു ക്രൂരതയാണ് എപ്പോഴും നിഴലിച്ചു നില്‍ക്കുന്നത്. പരമ പുച്ഛമാണ് സാധാരണ ജനത്തിനോട്. കര്‍മ്മത്തിനു മദ്ധ്യത്തില്‍ പരിശുദ്ധം എന്ന് വിശേപ്പിക്കുന്ന സന്നിധിക്കു പുറം തിരഞ്ഞുനിന്ന് നടത്തുന്ന വാചക കസര്‍ത്തുകള്‍ കുറിവച്ചതും ഉഗ്രവിഷമുള്ള ബാണങ്ങളുമായി മാറുമ്പോള്‍ ജനം എങ്ങനെ കണ്ണടച്ച് സഹിക്കും?.
ആടുകളെ തിന്നു ജീവിക്കുന്ന ഇടയന്മാര്‍
വൈദികരെ നിയന്ത്രിക്കേണ്ട മെത്രാന്മാര്‍ ആരോടും വിധേയത്വമില്ലാതെ ആരും അറിയാതെ മാസങ്ങളോളം കറങ്ങി നടക്കുന്നു. യൂറോപ്പില്‍ കോളേജ് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുന്നു, മലര്‍പ്പൊടി വിതരണം, ബ്ലേഡ് മഫിയയോടു കൂടി ഫ്‌ലാറ്റ് കച്ചവടം തുടങ്ങി നിരവധി ഉഡായിപ്പുകള്‍. അമേരിക്കയില്‍ വര്‍ഷത്തിന്റെ കൂടുതല്‍ മാസങ്ങളും കഴിച്ചു കൂട്ടുന്ന മെത്രാന്മാരുമുണ്ട്. ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍, പകല്‍ വീട്ടില്‍ മെത്രാനുണ്ട്, അതുകൊണ്ടു പിള്ളേരെ ബേബി സിറ്റര്‍നെ ഏല്പിച്ചില്ല എന്ന് പറഞ്ഞു. ഒരു ബാര്‍ബെക്യു പാര്‍ട്ടിയില്‍ നരച്ച താടിയുള്ള ഒരാളെ ഒന്ന് ഫോക്കസ് ചെയ്തു നോക്കാന്‍ ഒരു സുഹൃത്ത് പറഞ്ഞു, ജീന്‍സും ടീഷര്‍ട്ടും ഇട്ടു നില്‍ക്കുന്ന ആ രൂപത്തിന് നാട്ടിലെ ഒരു മെത്രാന്റെ അതേ മുഖം!.
നിങ്ങള്‍ ജീവിക്കുന്നപോലെ എനിക്ക് കഴിഞ്ഞാല്‍ മതി, ഏതു പാതിരാത്രിയിലും കടന്നു വരാന്‍ അനുവദിക്കുന്ന വാതിലുകള്‍ തുറന്നിട്ട ദിവ്യരായ ചില വന്ദ്യ പിതാക്കന്മാരുടെ സ്‌നേഹസ്മരണകളില്‍ ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. ദുഃഖങ്ങളിലും വിഷമതകളും അറിയാതെ കടന്നു വന്നിരുന്ന നിറഞ്ഞ സാന്നിധ്യത്തിന് പകരം ന്യൂ ജെന്‍ പിതാക്കന്മാര്‍ക്കു അപ്പോയ്ന്റ്‌മെന്റ് കൂടിയേ കഴിയുള്ളൂ. അഥവാ അപ്പോയ്ന്റ്‌മെന്റ് കിട്ടിയാല്‍ തന്നെ കൊടുക്കുന്ന ചെക്കിന്റെ വലിപ്പമനുസരിച്ചു വാച്ചില്‍ നോക്കി ഒഴിവാക്കുന്ന ബന്ധങ്ങള്‍. സന്ധ്യക്കുശേഷം ആളുകളെ കാണാന്‍ മടിക്കുന്നതിന്റെ കാരണം ചിലര്‍ക്കെങ്കിലും അറിയാം, ഒക്കെ സഭയോടുള്ള സ്‌നേഹത്തില്‍ സഹിക്കുന്നു.
ഒരു ധ്യാന പ്രസംഗത്തിന് ശേഷം കുമ്പസാരം നടക്കുകയാണ്. ധ്യാനം നടത്തിയ മെത്രാനോട് കുമ്പസാരിക്കണം എന്ന് അപേക്ഷിച്ചു. ഇല്ല, ഞാന്‍ കുമ്പസാരിപ്പിക്കാറില്ല അച്ചനോട് പറയൂ എന്ന് പറഞ്ഞു കടന്നു പോയി. എനിക്ക് ചില തെറ്റിദ്ധാരണ ഉള്ളത് തിരുമേനിയെക്കുറിച്ചാണ് അതാണ് ചോദിച്ചത് എന്ന് പറഞ്ഞു എന്നാലും തലകുലുക്കി കടന്നു പോയി. ഞാന്‍ അവിടെ വെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി എന്നെ കുമ്പസാരിപ്പിക്കാനായി വന്നു. മുട്ടുകുത്തി കണ്ണടച്ചു നമ്രശിരസ്‌കനായി. യാതൊരു ഫോര്‍മല്‍ പ്രാര്‍ഥന കൂടാതെ, പറ എന്താണ് കുറ്റങ്ങള്‍? അത് തിരുമേനി ..ചിലകാര്യങ്ങള്‍ ..ഓക്കേ , നമുക്ക് അടുത്ത മുറിയില്‍ പോയി സംസാരിക്കാം എന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി. തിരുമേനിയുടെ സ്വകാര്യ ട്രസ്റ്റുകളും , ബ്ലേഡ് കാരുമായുള്ള ബന്ധങ്ങളും, സഹോദരന്‍ പണം ചില പ്രത്യേക പ്രോജെക്റ്റുകളില്‍ ഇന്‍വെസ്റ്റ് ചെയ്തത് തുടങ്ങി എല്ലാം ശരിയാണ് എന്ന് സമ്മതിക്കുക മാത്രമല്ല, ആര്‍ക്കും ചോദിക്കാനുള്ള ഒരു അവകാശവും ഇല്ല എന്നും സഭാ നേതൃത്വം വെറും കഴിവില്ലാത്ത സംവിധാനം ആണെന്നും തുടങ്ങി എന്റെ ഉള്ളിലെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം തന്നു. ഒന്നും ഒരു മറയില്ലാതെ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഒരേ മറുപടി ഇവിടെ ഒന്നും നടക്കില്ല ..നടക്കില്ല... ഒക്കെ ഇങ്ങനെ ഉരുണ്ടു പോകും. വൈദികര്‍ പിഴച്ചാലോ മെത്രാന്‍ പിഴച്ചാലോ, ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത തമോഗര്‍ത്തം !!!
മനുഷ്യപുത്രന്‍ സദാചാരപ്പോലീസുകളെ വിലക്കി 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ ' എന്ന് പറഞ്ഞു പാപികളെ നേടാന്‍ ശ്രമിച്ചപ്പോഴും, വെള്ള തേച്ച ശവക്കല്ലറകള്‍ എന്ന് കടുത്ത ഭാഷയില്‍ പൗരോഹിത്യ നേതൃത്വത്തെ വിറപ്പിച്ചിരുന്നു. ബാഗും തൂക്കി ഇവരുടെ പുറകെ നടക്കുന്ന വിവരദോഷികളായ വിശ്വാസികള്‍ പൂവന്‍കോഴിയെ തലയില്‍ വച്ചുകൊണ്ടു നടക്കുകയാണ് എന്ന സത്യം തിരിച്ചറിയണം. അതെപ്പോഴാ തലയില്‍ കാഷ്ഠിച്ചു വയ്ക്കുന്നതെന്നറിയില്ല ഇതുവരെ സഭയുടെ അകത്തളങ്ങളില്‍ ഇത്തരം അഭിപ്രായങ്ങള്‍ പിച്ചി ചീന്തപ്പെട്ടിട്ടുണ്ടെങ്കില്‍, ഇന്ന് നാടുമുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിവന്ന ജീര്‍ണതയാണ്. സഭയിലെ ഒട്ടനവധിപ്പേരുടെ കണ്ണീരിന്റെ പ്രതികരണമാണ് ഈ വരികള്‍ എന്ന് തിരിച്ചറിയാനുള്ള ആത്മാര്‍ഥത ഉണ്ടായാല്‍ തിരുത്തലുകള്‍ ഉണ്ടാവും, എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സേവനോല്‍സുകാരായി , നിരാഹങ്കാരികളായി , സ്വകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു വൈദീകനിര ഉറപ്പാക്കണം. ഒരുവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് മഹാ കഷ്ടമാണ്. അസുരന്മാരില്‍ നിന്നും സഭക്ക് മോചനം നേടണമെങ്കില്‍ ഒരു പാലാഴിമഥനം തന്നെ വേണ്ടി വരും.
ഏലിയാവ് നമ്മുക്ക് സമ സ്വഭാവം ഉള്ള മനുഷ്യൻ . എന്നാൽ ഏലിയാവ്
പ്രാർത്ഥിച്ചപ്പോൾ ആറു മാസം ദേശത്തു മഴ പെയ്തില്ല .
തപസ്സ് അനുഷ്‌ഠിച്ചു മനുഷ്യനാൽ അസാധ്യമായതു നേടിയ
ഋഷിവര്യന്മാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് . ഇവരുടെ ഒക്കെ
അനുഗാമികൾ എന്ന് സമൂഹം കരുതുന്ന പുരോഹിതന്മാരും
അവരെ ഭരിക്കുന്ന തിരുമേനികളും ഇത്തരം ആഭാസം കാട്ടിയാൽ
ജനം പ്രതികരിച്ചേ പറ്റൂ .
സഭ തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.
ഇനിയും അമാന്തിച്ചാൽ ആരാധനാലയങ്ങൾ മാത്രം ശേഷിക്കും.
കുറേശ്ശേ കുറേശ്ശേ ഭക്ത ജനം സ്ഥലം വിടും. അല്ലങ്കിൽ തന്നെ
ഇപ്പോഴത്തെ യൗവനക്കാർക്കു ഇതിനോട് താൽപ്പര്യം കുറഞ്ഞു
വരികയാണ് . ഇങ്ങനെത്ത സംഭവങ്ങൾ അതിനു
ആക്കം കൂട്ടും