ഒര്‍ലാന്റോ : പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമം 2019 ജൂലൈ 25 മുതല്‍ 28 വരെ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടും. ലക്ഷക്കണക്കിനു ആഭ്യന്തര യാത്രികരും വിദേശ സഞ്ചാരികളും ദിവസേന സന്ദര്‍ശിക്കുന്നതും ലോക വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതുമായ വിശ്വവിഖ്യാതമായ ഡിസ്‌നി വേള്‍ഡ് - സീ വേള്‍ഡ് തീം പാര്‍ക്കുകള്‍ക്ക് സമീപമുള്ള ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയമാണ് കോണ്‍ഫ്രന്‍സിനായി സംഘാടകര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഒത്തുചേരലിനും ആത്മീയ ആരാധനയ്ക്കും സംഗമവേദിയാകുന്ന ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ ആന്റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ ( ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ആന്റണി റോക്കി ലേക്ക്‌ലാന്റ് ഐ.പി.സി സഭയുടെ അസോസിയേറ്റ് പാസ്റ്ററാണ്. പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജില്‍ നിന്നും വേദവചന പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ദൈവസഭകളില്‍ ശുശ്രൂഷകനായും, ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ സീനിയര്‍ ശുശ്രൂഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: അലക്‌സ്, ആന്‍ഡ്രു, ആന്‍സണ്‍.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ സി.എം. ഏബ്രഹാം അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ സജീവ അംഗമാണ്. എം.ടി.എ സര്‍വ്വീസില്‍ ഭൗതീക ജോലി നിര്‍വ്വഹിക്കുന്നതിനോടൊപ്പം വിവിധ മിഷന്‍ - ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നു. ഭാര്യ: ഷീബ. മക്കള്‍: സാറ, ഷാര്‍ലിന്‍, കെസിയ.
ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജോണ്‍സന്‍ ഏബ്രഹാം ഡാളസ് ഹെബ്രോന്‍ ഐ.പി.സി സഭയുടെ സജീവ പ്രവര്‍ത്തകനാണ്. കാല്‍നൂറ്റാണ്ടിലധികമായി അമേരിക്കയില്‍ നടത്തപ്പെടുന്ന വിവിധ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്ററായും മിഡ് വെസ്റ്റ് റീജിയന്‍ പി.വൈ.പി.എ യുവജന സംഘടനയുടെ പ്രസിഡന്റായും പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഡയാന ഏബ്രഹാം. മക്കള്‍: ഗബ്രിയെല്‍, അനബെല്‍.
ലേക്ക്‌ലാന്റ് ഐ.പി.സി സഭാംഗം ബ്രദര്‍ ഫിന്‍ലി വര്‍ഗീസാണ് യൂത്ത് കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്‌ളോറിഡ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. 16 മത് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രതിനിധിയായിരുന്നു.
സഹോദരി വിഭാഗം കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്ത സിസ്റ്റര്‍ ജെസ്സി മാത്യൂ, പാസ്റ്റര്‍ ബെന്നി മാത്യൂവിന്റ സഹധര്‍മ്മിണിയും ടൊറന്റോ യുണൈറ്റഡ് ക്രിസ്ത്യന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സഭാംഗവുമാണ്. ഭാരതത്തിലും വിദേശ രാജ്യങ്ങളിലുമായി ആത്മീയ ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. മക്കള്‍: കെവിന്‍, ജോനാഥന്‍, നോയല്‍.
ചതുര്‍ദിന കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 9 മുതല്‍ 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.