Image

അരുള്‍ജ്യോതി (കഥ: സുഭാഷ് പേരാമ്പ്ര)

Published on 24 October, 2018
അരുള്‍ജ്യോതി (കഥ: സുഭാഷ് പേരാമ്പ്ര)
1
*ഞാന്‍* നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു, ഒരു വേനലവധിക്കാലത്ത്
എന്റെ വീടിന് താഴത്തെ റോഡില്‍ കരിച്ചോല കൊണ്ടു കെട്ടിയുണ്ടാക്കിയ കുട്ടികളുടെ പീടിക കച്ചവടമുണ്ട്. എല്ലാ വേനലവധിക്കും ഒരു പതിവ് കാഴ്ചയാണത്. ഒരു കരിച്ചോല പീടിക എന്റെ മനസ്സിലും ഒരു മോഹമായി മുളപ്പൊട്ടിനിന്നിരുന്നു കുറെക്കാലം. പക്ഷെ ഒറ്റക്ക് റോഡില്‍ പോയിരിക്കുന്നത് അച്ഛമ്മക്കും അച്ഛച്ചനും പേടിയായിരുന്നതുകൊണ്ട്
അവരുടെ അളവറ്റ സ്‌നേഹത്തിനു മുന്‍പില്‍ ആ മോഹം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

എന്റെ വീടിന്റെ കോണിയിറങ്ങി (ഓര്‍മ്മകളുടെ പടവുകള്‍) ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ്, പൊട്ടന്‍വെള്ളം വീണ് കുണ്ടും കുഴിയുമായി, ഇരുവശത്തെ കൊള്ളുകളില്‍ കാട്ട് വള്ളികളും ശീവോതികളും പടര്‍ന്നു നില്‍ക്കുന്ന, തെങ്ങുകള്‍ വഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു ഇടുങ്ങിയ ഇടവഴിയിലൂടെ നേരെ നടന്നാല്‍ ഒരു പറമ്പ് കഴിഞ്ഞ് പിന്നെ റോഡാണ്. പുതുതായി ടാര്‍ ചെയ്ത റോഡിനു ഇരുവശത്തുമായി മൂന്നാല് കരിച്ചോല പീടികകളുണ്ട്. അതില്‍ ഇടവഴി അവസാനിക്കുന്നതിന് മുന്‍പിലായിട്ട് റോഡിന്റെ എതിര്‍വശത്തായി കുഞ്ഞിരാമേട്ടന്റെ കൊള്ളിനോടും ഒരു ഇലക്ട്രിക് പോസ്റ്റിനോടും ചേര്‍ന്നു കൊണ്ടുള്ളത് രാജുവേട്ടന്റെ കരിച്ചോല പീടികയാണ്. അത് കഴിഞ്ഞു അതേ വശത്ത് കുഞ്ഞിരാമേട്ടന്റെ മകന്‍ ഷിനോജേട്ടന്റെയും പിന്നെ എതിര്‍വശത്തായി സ്റ്റാര്‍ കഫെ സുനിയേട്ടന്റെയും പീടികകള്‍ ഉണ്ടായിരുന്നു.

2
ഏറ്റവും അടുത്ത് രാജുവേട്ടന്റെ പീടികയായത് കൊണ്ട് ഞാന്‍ സ്ഥിരമായി അവിടെയാണ് പോവാറ്. വീട്ടില്‍ നിന്ന് ആരെങ്കിലും പൈസ തന്നാലോ അല്ലെങ്കില്‍ പറങ്കി അണ്ടി പെറുക്കിക്കൊണ്ടു പോയോ അവിടുന്ന് മിഠായി വാങ്ങി കഴിക്കുക എന്നത് വേനലവധികാലത്തെ ഒരു പ്രധാന പരിപാടിയാണ്. അവിടെ മഞ്ഞനിറത്തിലുള്ള കോയല്‍, പിന്നെ ചുവന്ന നിറമുള്ള തേന്‍ കിനിയുന്ന തേന്‍ മിഠായി, എള്ളുണ്ട, അരിയുണ്ട, കടലമിഠായി, ഓറഞ്ച് മിഠായി, റോജാപാക്ക്, പലതരത്തിലുള്ള അച്ചാറുകള്‍, പിന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അരുള്‍ജ്യോതി മിഠായി. കുറച്ച് മിഠായികള്‍ ഹോര്‍ലിക്‌സിന്റെയോ മറ്റോ കുപ്പികളില്‍ ഇട്ടുവെച്ചിടട്ട് ബാക്കി കരിച്ചോലപീടികയുടെ കവാടത്തിനു മുന്‍പില്‍ വഴിയാത്രക്കാര്‍ക്ക് കാണാവുന്ന രീതിയില്‍ തൂക്കിയിട്ടിട്ടുണ്ടാവും.

3
അഞ്ചു പൈസയും പത്തു പൈസയുമാണ് മിഠായികളുടെ വില.
അരുള്‍ജ്യോതിയല്ലാതെ കരിച്ചോല പീടികയില്‍ നിന്നും മറ്റ് മിഠായികള്‍ വാങ്ങികഴിച്ചതായി ഓര്‍മ്മയില്ല. എന്റെ അരുള്‍ജോതിക്കൊതി അറിയാവുന്ന സ്‌നേഹനിധിയായ രാജുവേട്ടന്‍ പൈസ ഇല്ലാതെയും വാത്സല്യത്തോടെ മടിയിലിരുത്തി എനിക്ക് മതിവരുവോളം അരുള്‍ജ്യോതി മിഠായികള്‍ തരാറുണ്ടായിരുന്നു. സ്‌നേഹം കൂടുമ്പോള്‍ എന്റെ മൃദുലമായ കവിളുകളില്‍ തുരുതുരെ ചുംബിക്കും.

സ്വന്തമായി പീടികയില്ലാത്തതിന്റെ വിഷമവും അതിന് അച്ഛച്ചനോടും അച്ഛമ്മയോടും തോന്നിയ പരിഭവവും രാജുവേട്ടന്റെ ഈ നിര്‍ലോഭ സ്‌നേഹത്തിനും പിന്നെ എനിക്ക് അദ്ദേഹം അവിടെ തന്നിരുന്ന സ്വാതന്ത്ര്യത്തിനും മുന്‍പില്‍ മെല്ലെ മെല്ലെ അലിഞ്ഞില്ലാതായി. ആളുകള്‍ വരുമ്പോള്‍ സാധനങ്ങള്‍ എടുത്ത് കൊടുക്കുകയും പൈസ വാങ്ങിവെക്കുകയും ചെയ്യുന്നത് എനിക്ക് നല്ല രസമായിരുന്നു.

രാജുവേട്ടന്‍ വളരെ പൊക്കം കുറഞ്ഞു ചുരുണ്ട മുടിയുള്ള ആളായിരുന്നു. എന്നെക്കാള്‍ നാലഞ്ചു വയസ്സ് കൂടുതല്‍ ഉണ്ടെങ്കിലും തോറ്റ് തോറ്റ് പഠിക്കുന്നത് കൊണ്ടു പിന്നീട് ഞാന്‍ ഹൈസ്കൂള്‍ എത്തിയപ്പോള്‍ എന്റെ ഒന്നോ രണ്ടോ വര്‍ഷം മാത്രം സീനിയര്‍ ആയിരുന്നു.

4
എനിക്ക് ഒന്നിനെ പറ്റിയും കാര്യമായി ഒന്നും അറിയില്ലാത്ത കാലം. അച്ഛന്‍ അടുത്തില്ലാത്ത കുട്ടി വഴിപിഴച്ചു പോയാലോ എന്ന പേടി കാരണം വീട്ടില്‍ നിന്നും പുറത്ത് പോയി കളിക്കാനോ മറ്റ് കുട്ടികളുമായി അധികം കൂട്ട്കൂടി നടക്കാനോ ഉള്ള സ്വാതന്ത്ര്യവുമില്ല. ആ അവധിക്കാലത്ത് തന്നെയാണ് എന്റെ അടുത്ത രണ്ട് ബാല്യകാല സുഹൃത്തുകളായ ദിനേശും മണിയും ഞങ്ങളുടെ വീട്ടുപറമ്പിനും കലൂര്‍ ഗോപാലന്‍ കുട്ട്യാട്ടന്റെ പറമ്പിനും ഇടയിലുള്ള ആള്‍സഞ്ചാരമില്ലാത്ത കാട്ടിടവഴിയിലെ അവരുടെ ചില സ്ഥിരം കളികളില്‍ എന്നെയും കൂട്ടിയത്. അവര്‍ ചെയ്യുന്ന പോലെത്തന്നെ ചുക്ക് മണി പിടിച്ചു എന്തൊക്കെയോ ചെയ്യാന്‍ പറഞ്ഞതും, ഞാന്‍ ചെയ്തതും, വേദനിച്ചപ്പോള്‍ അമ്മയുടെ അടുത്ത് പോയി പരാതി പറഞ്ഞതും, അമ്മ അവരെ വഴക്ക് പറഞ്ഞിട്ടാണെന്നു തോന്നുന്നു പിന്നെ അവര്‍ എന്നെ കളിക്കാന്‍ കൂട്ടാണ്ടായതും..... പിന്നെ അവരുടെ വീട്ടുപറമ്പില്‍ കരിച്ചോലപ്പന്തല്‍ കെട്ടി, ഉണ്ണിക്കാമ്പ് കൊണ്ട് ട്യൂബും ഘടിപ്പിച്ച്, അവര്‍ ചോറും കൂട്ടാനും പീടികകച്ചവടവും
കളിക്കുമ്പോള്‍ ഞാന്‍ കൊള്ളിന്റെ വക്കത്ത് എന്നേയും വിളിക്കുന്നതും കാത്ത് എന്നും കൊതിയോടെ നോക്കിനില്‍ക്കും. കൂട്ടുകാരുമായുള്ള കളികളിലെ സ്വകാര്യതകള്‍ അമ്മയുമായി പങ്ക് വെച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങി. അതു കൊണ്ടല്ലേ എന്നെ അവര്‍ കളിക്കാന്‍ കൂട്ടാത്തത്. കൂട്ടുകാരുടെ ഈ ഒറ്റപ്പെടുത്തല്‍ ഞാന്‍ രാജുവേട്ടന്റെ പീടികയില്‍ സ്ഥിരമായി പോവാനുള്ള മറ്റൊരു കാരണമായി.

5
ആയിടയ്ക്ക് ഉണ്ടായ മറ്റൊരു സംഭവവും ഓര്‍മ്മയിലുണ്ട്. എന്റെ അയല്‍വാസി ആയിരുന്ന ബഷീര്‍ക്കന്റെ മകന്‍ സംസൂന്റെ ചുക്കാമണിയില്‍ എന്റെ ദിനേശും മണിയും അവന്റെ സമ്മതത്തോടെ ഇഞ്ചിയും കുരുമുളകും
പറമ്പിലെ കരിങ്കല്ലിന്റെ മുകളില്‍ വെച്ചു പൊടിച്ച് ഇരുവശത്തും മട്ടലിന്റെ ചെറിയ കഷ്ണങ്ങള്‍ വെച്ചു ഒരു തുണികൊണ്ടു വരിഞ്ഞു കെട്ടി. ഞാന്‍ കാഴ്ചക്കാരനായി നോക്കിനില്ക്കുന്നു. സംസുവിന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം.... അല്പസമയം കഴിഞ്ഞതും അവന്‍ "എന്റോമ്മാ...ഉമ്മാ.. മ്മാ... എന്ന് നിലവിളിച്ചുകൊണ്ട് സുന്നത്ത് ചെയ്ത ചുക്കാമണിയും പിടിച്ച് കണ്ടംനിറയെ ഓടാന്‍ തുടങ്ങി. സുഖംകിട്ടാന്‍ കൂട്ടുകാര്‍ പറഞ്ഞ രീതിപരീക്ഷിച്ചിട്ട് നീറ്റലു പുകച്ചിലും കൊണ്ട് ഓടി നടക്കുന്ന സംസുവിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ചിരിവരും. അവനും ഇപ്പോള്‍ ഗള്‍ഫിലാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടിരുന്നു.

6
അമ്മ ആഴ്ചയില്‍ ഒരിക്കല്‍ ജോലി സ്ഥലത്ത് നിന്നും വരുമ്പോള്‍ എപ്പോഴും പുറകെ നടന്നു ഒരുപാട് സംശയങ്ങള്‍ ചോദിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടികിട്ടാത്ത ഒരുപാട് സംശയങ്ങള്‍.

"അമ്മേ ..............
എങ്ങനെയാ പെണ്ണുങ്ങള്‍ പ്രസവിക്കുന്നത്............?
വയറു കീറി കുട്ടി പുറത്ത് വരുന്നതാണോ....!!!!!!
എങ്ങനെയാ കുട്ടികള്‍ ഉണ്ടാവുന്നത്..............???
കല്യാണം കഴിച്ചവര്‍ക്കല്ലേ കുട്ടികള്‍ ഉണ്ടാവൂ... !!!!
അപ്പൊ മാലയിടുമ്പോഴാണല്ലേ വയറ്റില്‍ കുട്ടി ഉണ്ടാവുന്നത്....... ?????
എന്നാലും മാലയിടുമ്പോള്‍ എങ്ങനെയായിരിക്കും കുട്ടികള്‍ ഉണ്ടാവുന്നത്...?
അപ്പൊ പിന്നെ രണ്ടാമതും കുട്ടിയുണ്ടാവുന്നതോ.....?
അമ്മയ്‌ക്കെന്താ ഞാനല്ലാതെ വേറെ കുട്ടി ഉണ്ടാവാത്തത്......??
ഞാന്‍ ചോറും കൂട്ടാനും വെച്ചു കളിക്കുമ്പോള്‍ കുട്ടുകാരികള്‍ക്കു മാലയിട്ടാല്‍ എനിക്കും കുട്ടികള്‍ ഉണ്ടാവുമോ....?''

എന്റെ ഇമ്മാതിരി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അമ്മക്ക് പ്രാന്ത് പിടിക്കും. ''ഇഞ്ഞി മിണ്ടാണ്ട് ആടെ കുത്തിരിഞ്ഞൊ ചെക്കാ..... അതൊക്കെ ഇണക്ക് വലുതാവുമ്പോള്‍ മനസ്സിലാവും'' എന്ന് പറഞ്ഞു അമ്മ ദേഷ്യം പിടിച്ച് ഒഴിഞ്ഞു മാറുകയാണ് പതിവ്...

7
ഏഴാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് ബയോളജി ടീച്ചര്‍ മനുഷ്യരിലെ പ്രത്യുത്പാദനത്തെ പറ്റി ക്ലാസ്സ് എടുത്തത്. ടീച്ചര്‍ എനിക്ക് അത്രയൊന്നും മനസ്സിലാവാത്ത ഭാഷയായ ഇംഗ്ലീഷില്‍ "ഞാന്‍ ഒന്നും അറിയില്ലേ രാമനാരായണ" എന്ന രീതിയില്‍ പലര്‍ക്കും ദഹിക്കാത്ത മട്ടില്‍ പറഞ്ഞങ്ങുപോയി. പിന്നെ വടകരക്കാരന്‍ സഹപാഠിയുടെ ഒന്നുമുടുക്കാത്ത പുസ്തകത്തില്‍ നിന്ന് കിട്ടിയ വികലമായ ചില അറിവുകളില്‍ നിന്നും, സഹപാഠികള്‍ ആരെങ്കിലുമൊക്കെ കൊണ്ടുവരുന്ന "മുത്തുച്ചിപ്പിയില്‍" നിന്നും വായിച്ചെടുക്കുന്ന ത്രസിപ്പിക്കുന്ന കഥകളില്‍ നിന്ന് പരസ്പരം പങ്ക് വെക്കുന്ന അറിവില്ലായ്മയില്‍ നിന്നും ഒരു കാര്യം വ്യക്തമായി തുടങ്ങി. മാലയിട്ടതു കൊണ്ടൊന്നും കാര്യമില്ല. വേറെ എന്തൊക്കെയോ "തോന്ന്യാസങ്ങള്‍" ഉണ്ട് കല്യാണം കഴിഞ്ഞാല്‍ പിന്നെ.!!!

8
ഏഴാം ക്ലാസ്സ് കഴിഞ്ഞുള്ള വേനലവധിക്ക് കോഴിക്കോട് അമ്മയുടെ വീട്ടില്‍ പോയി നില്ക്കുന്ന കാലത്ത് മൂത്തമ്മയുടെ മകന്‍ ഗോട്ടി കളിച്ചു കൂട്ടുകാരനുമായി തല്ലുംപിടി കൂടുമ്പോള്‍ പിഴച്ചു പറഞ്ഞു പോയ വാക്കുകളാണ് എന്റെ ആദ്യ പരീക്ഷണശാലയില്‍ പാഠപുസ്തകമായി മാറിയത്.

ആ പ്രായത്തില്‍ ജീവിതത്തില്‍ വീണ് കിട്ടിയ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍....
അനുഭൂതികള്‍.....
എന്തെന്നറിയാത്ത വേലിയേറ്റങ്ങള്‍ മനസ്സിനെ ആനന്ദിപ്പിച്ച നാളുകള്‍......
അമ്മവീട്ടിലെ കുളിമുറിയുടെ ഓല മറയ്ക്കുള്ളിലും.....
സിമെന്റ് തേക്കാത്ത വീടിന്റെ കല്‍ച്ചുവരുകള്‍ക്കുള്ളിലും.....
പുതപ്പിനടിയിലും.....
തുളുമ്പിത്തൂവിപ്പോയ സ്വപ്നങ്ങള്‍........!!!
വേഗം വലുതാവാന്‍..... വല്യാളാവാന്‍... മീശകിളിര്‍ക്കാന്‍ വേണ്ടി കരടി നെയ്യ് തേച്ചും....
വളരാത്ത രോമങ്ങള്‍ വടിച്ചും.... നടന്നത്.....

വീട്ടുകാരെ കാണുമ്പോള്‍ എന്തോ വലിയ പാപം ചെയ്തപോലെ കുറ്റബോധം തോന്നി മുഖം കുനിച്ച് നടന്ന നാളുകള്‍.....

9
അപ്പോള്‍ എപ്പോഴോ ആണ് എനിക്ക് കല്ലൂര്‍ ഗോപാലന്‍ കുട്ട്യാട്ടന്റെ പറമ്പിന്റെടുത്തെ കാട്ടിടവഴിയിലെ
എന്റെ കൂട്ടുകാരുടെ അന്നത്തെ ബാല്യകാല
കേളികള്‍ മനസ്സിലായിത്തുടങ്ങിയത്........

പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു വേനലവധിക്കാലത്ത് വീട്ടിനെടുത്ത് വഴിയോരത്ത് പീടികക്കച്ചവടം നടത്തുന്ന പുതിയ കുട്ടികളെ കണ്ടപ്പോഴാണ് അരുള്‍ജ്യോതിമിഠായി തിന്ന് നടന്ന ആ പഴയ വേനലവധി വീണ്ടും മനസ്സിലേക്കു വന്നത്.....

അന്നാണ് അരുള്‍ജ്യോതി വെറുതേ തരാറുണ്ടായിരുന്ന വിരലുകളുടെ, മടിയിലിരുത്തി തലോടിയ കൈകളുടെ, ചുംബിച്ച ചുണ്ടുകളുടെ പൊരുള്‍ മനസ്സിലായത്........

ഇപ്പോള്‍ കൗമാരം തുളുമ്പി നില്ക്കുന്ന രാജുവേട്ടന്റെ മകളെ കാണുമ്പോള്‍ എനിക്ക് സ്‌നേഹം തോന്നാറുണ്ട്............... അത് പണ്ട് അവളുടെ അച്ഛന്, ഒന്നുമറിയാത്ത ഒരു പത്തു വയസ്സുകാരന്റെ കുഞ്ഞു തുടകളോട്.....
നിഷ്കളങ്കമായ കവിളുകളോട്.... തോന്നിയ സ്‌നേഹമല്ല.......

എന്റെ ആര്‍ഷമോളുടെ കണ്ണുകളില്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ കാണാനാഗ്രഹിക്കുന്ന സ്വപ്നങ്ങളാണ് അവളുടെ കൗതുകക്കണ്ണുകളില്‍ എനിക്ക് കാണാന്‍ കഴിയുന്നത്..........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക