Image

ഹാപ്പി ന്യൂ ഇയര്‍ (കഥ: സുഭാഷ് പേരാമ്പ്ര)

Published on 30 October, 2018
ഹാപ്പി ന്യൂ ഇയര്‍ (കഥ: സുഭാഷ് പേരാമ്പ്ര)
1
ഇന്ന് 2017 ഡിസംബര്‍ 31,ഈ വര്‍ഷത്തെ അവസാനത്തെ ദിവസമാണ്.വൈകുന്നേരം 6 മണിയായപ്പോള്‍ വാന്‍സെയില്‍സ് സൂപ്പര്‍വൈസര്‍ വസീഫ് ഫോണ്‍ വിളിച്ച് മുഹമ്മദ് എല്‍ ബറോഡിയെ 8 മണിക്ക് എച്ച്. ആര്‍. ഓഫീസില്‍ പോയി മീറ്റ് ചെയ്യണമെന്ന് പറഞ്ഞു. എനിക്കറിയാമായിരുന്നു എന്തിനാണ് എച്ച്. ആര്‍.മാനേജറായ ബറോഡി എന്നെയും എന്റെ കല്‍ക്കട്ടകാരനായ സഹപ്രവര്‍ത്തകന്‍ അസ്ദാക്കിനെയും വിളിപ്പിക്കുന്നതെന്ന്.

ന്യൂ ഇയറിന്റെ തിരക്കിലാണ് എല്ലാവരും, ഞാന്‍ ഒരു മണിക്കൂറില്‍ അധികമായി വണ്ടി പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നു.ദേരയിലെ പിസ്സ ഹട്ടിനു മുമ്പിലെ പാര്‍ക്കിംങ്ങിലും കെ.എഫ്.സി യുടെ മുമ്പിലെ പാര്‍ക്കിംങ്ങിലും
മാറിമാറി നോക്കിയിട്ടും
പാര്‍ക്കിംഗ് കിട്ടിയില്ല.
എന്റെ മുമ്പില്‍ ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലായ ഹയാത്ത് റീജന്‍സിയുണ്ട് അവിടെ ആളുകള്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന തിരക്കിലായിരിക്കും. ഒരിക്കല്‍ ഞാനും അവിടെ എന്റെ പഴയ കമ്പനിയുടെ നോമ്പുതുറക്കല്‍ വിരുന്നിന് ആതിഥേയനായിരുന്നു. പിസ്സാഹട്ടില്‍ നിന്നും കെ. എഫ്. സി. യില്‍ നിന്നും ആളുകള്‍ ന്യൂ ഇയര്‍ ആവേശത്തില്‍ വളരെ സന്തോഷത്തോട് ഭക്ഷണം കഴിക്കുന്നത് എനിക്ക് കാണാമായിരുന്നു......

2
കഴിഞ്ഞ വര്‍ഷം ന്യൂ ഇയര്‍ ഞാന്‍ ശരിക്കും ആഘോഷിച്ചതാണ്....
ഞാനും എന്റെ ഏട്ടന്റെ (കസിന്‍) സുഹൃത്തായ മാനേട്ടനും ഭാര്യ റീനേച്ചിയും പിന്നെ വിസിറ്റില്‍ വന്നിരുന്ന എന്റെ രണ്ട് അനിയന്മാരും (കസിന്‍സ് )കൂടി.ലോകത്തെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിങ്ങായ് (829.8ാ ഉയരം,1.8ാ ആന്റിന അടക്കം ), ദുബൈയുടെ അഭിമാനമായ ബുര്‍ജ് ഖലീഫയില്‍ പോയി വെടിക്കെട്ട് കണ്ടു രാത്രി ഒരുപാട് വൈകിയാണ് റൂമില്‍ തിരിച്ചെത്തിയത്. ഞാന്‍ ആദ്യമായാണ് ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാന്‍ പോയത്, കണ്ടപ്പോള്‍ നേരത്തെ പോവേണ്ടതായിരുന്നു എന്ന് തോന്നിയിരുന്നു അത്രമാത്രം മനോഹരമാണ് ഇരുട്ടില്‍ ആകാശത്തു വാരിവിതറുന്ന നിറങ്ങളും നിറക്കൂട്ടുകളും..

ഞാന്‍ നില്‍ക്കുന്ന പിസ്സ ഹട്ടിനു മുമ്പിലെ പാര്‍ക്കിങ്ങില്‍ നിന്നും നോക്കിയാല്‍ കഴിഞ്ഞ രണ്ടര മാസം ഞാന്‍ രാവിലെയും വൈകീട്ടും പോയി പഞ്ച് ചെയ്യാറുള്ള
അല്‍ മാവാറെഡ് ഇലക്ട്രോണിക്‌സ് കാണാം.ഇനി എന്തായാലും
അങ്ങോട്ട് പോവേണ്ടതില്ല. അവിടെയും കുറച്ച് നല്ല ഓര്‍മ്മകള്‍..സൗഹൃദങ്ങള്‍ എന്തിന്നോ വേണ്ടി ബാക്കിവെച്ചു.......

3
ഒടുവില്‍ പാര്‍ക്കിംഗ് കിട്ടിയപ്പോള്‍ പിസ്സ ഹട്ടിന് മുമ്പിലൂടെ ഞാന്‍ ബറോഡിയുടെ ഓഫീസിലേക്ക് നടന്നു.എന്റെ കമ്പനിയുടെ മറ്റൊരു സ്ഥാപനമായ ബാവാസെല്‍ ഫോണ്‍സിന്റെ പുറകിലുള്ള ബില്‍ഡിംങ്ങില്‍ ഒന്നാമത്തെ നിലയിലെ ബറോഡിയുടെ ഓഫീസില്‍ എത്തി.അവിടെ
ബറോഡിയും അസ്ദാക്കും എന്നെ കാത്തിരിക്കുകയായിരുന്നു. ബറോഡി ആരോടോ ഫോണ്‍ വിളിക്കുന്ന തിരക്കില്‍ അസ്ദാക്ക് എന്നോട് കൈകൊണ്ടു ആഗ്യ ഭാഷയില്‍ ചിരിച്ചു കൊണ്ട് "കലാസ്സ് " എന്ന് പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കുറച്ച് ദിവസമായി കേള്‍ക്കുന്ന റൂമറുകള്‍ക്കു ഒരു അന്ത്യം വന്നു.ബറോഡി ഈജിപ്ത്യനാണ് പക്ഷെ കണ്ടാല്‍ ഈജിപ്ത്യനാണെന്ന് ആരും പറയില്ല.സാധാരണ
ഈജിപ്ത്യസില്‍ നിന്നും വ്യത്യസ്തനായി ഇരുനിറമായ് നീണ്ടു വലിയ തടിയില്ലാതെ ഒത്ത ശരീരം.ആകെ മൊത്തം ബറോഡിയുടെ പേഴ്‌സണാലിറ്റിയും എളിമയും എനിക്ക് ഒരുപാട് ഇഷ്ട്ടമായി.
ഫോണ്‍ വിളി കഴിഞ്ഞ ശേഷം ബറോഡി വികാരനിര്‍ഭയനായി.


" I am sorry to inform you guys that  we are going to windup Vansales,since  there is no profit yet".
 
ബറോഡി തന്ന ടെര്‍മിനേഷന്‍ ലെറ്റെറില്‍ സൈന്‍ ചെയ്തു ശേഷം കമ്പനിയുടെ ബില്ലോങ്ങിങ്‌സ്
എല്ലാം തിരിച്ചു കൊടുത്തപ്പോള്‍ പിന്നെ റൂമില്‍ പോവാന്‍ വണ്ടിയില്ല, കൈയില്‍ ഒരു ദിര്‍ഹം പോലും ഇല്ല. മറ്റുവഴികളില്ലെന്നറിഞ്ഞപ്പോള്‍ ബറോഡി റൂമില്‍ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു....

4
ബറോഡിക്ക് ഇന്ന് വേദനജനകമായ ഒരു ദിവസം തന്നെയാണ്.ഞാനടക്കം ആറു പേരെയാണ് ഇന്നു കമ്പനി ടെര്‍മിനേറ്റ് ചെയ്തത്.ബറോഡി തന്റെ ആരാച്ചാര്‍ ജോലിയെപ്പറ്റി തന്റെ ജീവിതത്തെ പറ്റി
റൂമിലേക്കുള്ള
മടക്കയാത്രയില്‍ ഞങ്ങളോട് മനസ്സ് തുറന്നു. നാല്പത്തിമൂന്ന് വയസ്സായ ബറോഡി
ഇപ്പോഴും ക്രോണിക് ബാച്ചിലറാണ്.ഷാര്‍ജ റോളയില്‍ സഹോദരിക്കൊപ്പമാണ് താമസം.അദ്ദേഹം പത്ത് വര്‍ഷം മുന്‍പ് ആദ്യമായി യു. എ. യില്‍ വന്നപ്പോള്‍ ഉണ്ടായ മറ്റൊരു അനുഭവവും ഞങ്ങളോട് ഇടയില്‍ പങ്കുവെച്ചു.ആദ്യ ജോലിയിലെ ആദ്യ അസ്സൈന്മേന്റ് 350 തൊഴിലാളികളെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും പിരിച്ചു വിടുക എന്നുള്ളതായിരുന്നു.എഴുതാനും വായിക്കാനും ഒന്നും അറിയാത്ത തൊഴിലാളികളോട് അവര്‍ക്ക് അറിയാവുന്ന ഭാഷായില്‍ ഒരു പരിഭാഷകന്റെ സഹായത്തോടെ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ പൊട്ടിക്കരയുന്ന തൊഴിലാളികള്‍ക്ക് മുമ്പില്‍ വികാരഭരിതനായ ബറോഡി തനിക്ക് ഈ പണിചെയ്യാന്‍ കഴിയില്ലെന്ന് അവിടുത്തെ എച്ച്. ആര്‍. മാനേജറോട് പറഞ്ഞു അന്ന് തന്നെ രാജിവെച്ചു.

ഞങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം മറ്റൊരു സംഭവം കൂടി പറഞ്ഞു.
"കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ ഒരു കമ്പനിയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. അത് കൊണ്ട് നിങ്ങള്‍ ഒരു കാരണവശാലും വിഷമിക്കരുത്. ഇത് നിങ്ങളുടെ നന്മക്ക് വേണ്ടി മാത്രമുള്ളതാണെന്ന കരുതുക.. "

മുമ്പ് ഞാന്‍ ബറോഡിയുമായി അധികം സംസാരിച്ചിട്ടില്ല.പക്ഷെ ബറോഡി എന്ന എച്ച്. ആര്‍. മാനേജറില്‍ എനിക്ക് നല്ലവനായ ഒരു മനുഷ്യ സ്‌നേഹിയെ കൂടി കാണാന്‍ കഴിഞ്ഞു.
മറ്റുള്ളവരുടെ വേദന കാണാന്‍ കഴിയുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് ബറോഡി.
എന്നെ അജ്മാനില്‍ വിടേണ്ട റോളയില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ അദ്ദേഹത്തിനോട് അപേക്ഷിച്ചു.ടാക്‌സിക്ക് കൊടുക്കാന്‍ 50 ദിര്‍ഹം അദ്ദേഹത്തില്‍ നിന്നും കടം വാങ്ങി.ഒരിക്കലും മറക്കില്ലെന്നും അങ്ങയെപോലെ ഒരു നല്ല മനുഷ്യന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവനാണെന്നും പറഞ്ഞു അദ്ദേഹത്തെ സ്‌നേഹത്തോടെ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ചു കൊണ്ട് യാത്ര പറഞ്ഞു ...........

5
റോളയില്‍ നിന്നും ഒരു ടാക്‌സി പിടിച്ച് അജ്മാനിലേക്കു വരുന്ന വഴിയില്‍ ഷാര്‍ജ മുബാറക്ക് സെന്ററിന്റെ അടുത്ത് അസ്ദാക്കിനെ ഇറക്കി.പിന്നെ പാകിസ്താനി ടാക്‌സി െ്രെഡവര്‍ക്കു വഴി പറഞ്ഞു കൊടുത്തു. അയാളോട് സൗഹൃദസംഭാഷണങ്ങള്‍ നടത്തുന്നതിന്റെ ഇടയില്‍ ടാക്‌സി െ്രെഡവര്‍ ജോലിയെപ്പറ്റി തിരക്കി.ദിവസവും 300 ദിര്‍ഹം പെട്രോള്‍ ചിലവ് കഴിച്ച് ഷാര്‍ജയിലുള്ള എമിരെറ്റ്‌സ് ടാക്‌സി കമ്പനിയില്‍ കൊടുക്കണം.അപ്പോള്‍ തനിക്ക് 3800 ദിര്‍ഹം ബേസിക് സാലറി കിട്ടും. പിന്നെ 400 ദിര്‍ഹം കൊടുത്താല്‍ സാലറി 5000 ദിര്‍ഹമാവും.രാവിലെ 5 മണിക്ക് പോയി രാത്രി 11 മണിവരെ ജോലിചെയ്താലെ ദിവസവും 400 ദിര്‍ഹം കൊടുക്കാന്‍ കഴിയൂ..ഒരു ദിവസം പോലും അവധി എടുക്കാന്‍ കഴിയില്ല.അവധിയെടുത്താല്‍ തന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റുമെന്നും പറഞ്ഞു ഹസ്സന്‍ സര്‍ദാര്‍ ഖാന്‍.

6
അല്‍ഖോര്‍ ടവര്‍ കോംപൗണ്ടിന്റെ അടുത്ത് ടാക്‌സി ഇറങ്ങി ഹസ്സന്‍ സര്‍ദാര്‍ ഖാനോട് യാത്ര പറഞ്ഞു റൂമിലോട്ട് നടക്കുമ്പോഴാണ് ഞാന്‍ എന്നെ പറ്റി ചിന്തിച്ചു തുടങ്ങിയത്. നാളെ മുതല്‍ ഇനി എവിടെയും പോവാനില്ല. ഈ മാസത്തെ ശമ്പളത്തില്‍ നിന്നും 50,000 രൂപ ഉഷേച്ചിക്കു കൊടുക്കാനുള്ളത് എന്തായാലും കൊടുക്കണം, അവളുടെ വീടിന്റെ മെയിന്‍ വാര്‍പ്പ് ഉണ്ട്.പിന്നെ മക്കളുടെ 3ൃറ ടെര്‍മ് സ്കൂള്‍ ഫീസും പിന്നെ അഞ്ചു മാസത്തെ വെഹിക്കിള്‍ ഫീസും കൂടി 15,000 രൂപ,വീടിന്റെ പഞ്ചായത്തിലുള്ള നികുതിയും താലൂക്കിലുള്ള ആഡംബര നികുതിയും ചേര്‍ത്ത് 5000 രൂപ,ഭാര്യ ബബിയുടെ കെ.എസ്. എഫ്. ഇ. ചിട്ടി ഇന്നത്തില്‍ രണ്ട് മാസത്തേതു ചേര്‍ത്ത് 10,000 രൂപ, അമ്മക്ക് വീട്ടിചിലവിനു 6000 രൂപ, അച്ഛന് എന്റെ പണം പയറ്റ് ആവശ്യത്തിന് 12,500 രൂപ ...... പിന്നെ ഇവിടെ റൂമിന്റെ റെന്റ് മെസ്സ്,കൂടാതെ അല്ലറ ചില്ലറ കടം വാങ്ങിയതും കൊടുക്കാനുണ്ട്...
ഇങ്ങനെ നീണ്ടു പോകുന്നു പ്രാരബ്ധങ്ങള്‍....
ഈ മാസം എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കാം.ജോലി പോയതില്‍ വിഷമമില്ല, ഒരു കണക്കിന് ഭാഗ്യമായി കരുതാം.
എനിക്ക് ആദ്യമേ ആ കമ്പനി മാനേജ്‌മെന്റ് ഇഷ്ടമല്ലായിരുന്നു. പിന്നെ പാക്കിസ്താനി മാനേജര്‍ നജീബ് സര്‍ ഉള്ളത് കൊണ്ട് മാത്രം ഇത്രയും നാള്‍ പിടിച്ചു നിന്നു.അദ്ദേഹം ഒരു ജെന്റില്‍മാന്‍ തന്നെയാണ്.ഉന്നത വിദ്യഭ്യസമെല്ലാം യു.കെ.യില്‍ ആണ് കഴിഞ്ഞത്.

പക്ഷെ അടുത്ത മാസം എങ്ങനെ പിടിച്ച് നില്‍ക്കുമെന്ന് ഓര്‍ക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല....
ആരെയും അറിയിക്കാതെ എങ്ങനെയെങ്കിലും അടുത്ത ജോലിയില്‍ കയറണം.വീട്ടില്‍ അമ്മയും,ബബിയും,അച്ഛനും അറിഞ്ഞാല്‍ പ്രശ്‌നമാണ്. അവര്‍ക്കും എന്തെങ്കിലും ഒരു കാരണം കിട്ടിയാല്‍ മതി ടെന്‍ഷന്‍ ആവാന്‍.വെറുതെ അവരെക്കൂടി വിഷമിപ്പിക്കേണ്ട. അല്‍ഖോര്‍ ടവര്‍ ആ2 വിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ എവിടെയോ ഒരു പിടച്ചില്‍ തോന്നാതിരുന്നില്ല...............
ലോകം ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ ഉയരുന്നു.
ഈ പടവുകള്‍ കയറിക്കഴിഞ്ഞാല്‍.
എന്റെ വഴികള്‍ അവസാനിക്കുന്നു.
മുമ്പില്‍ ഒരു ശൂന്യത മാത്രം..............

സുഭാഷ് പേരാമ്പ്ര
ഹാപ്പി ന്യൂ ഇയര്‍ (കഥ: സുഭാഷ് പേരാമ്പ്ര)
ഹാപ്പി ന്യൂ ഇയര്‍ (കഥ: സുഭാഷ് പേരാമ്പ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക