Image

എന്റെ സ്‌നേഹം (ഓര്‍മ്മകള്‍ 1 : ബിന്ദു ടിജി)

Published on 25 November, 2018
എന്റെ സ്‌നേഹം (ഓര്‍മ്മകള്‍ 1 : ബിന്ദു ടിജി)

'കുത്താന്‍ വരുന്ന മദയാനയെ പോലും മയക്കി മെരുക്കി കൂട്ടിലാക്കുന്ന മാന്ത്രിക മയക്കു വെടിയാണ് സ്നേഹം. അല്ലെങ്കില്‍ ജാനുവിനെ പോലെ ഒരു പെണ്ണിന് വിശ്വന്‍ എന്ന കൊള്ളക്കാരന്റെ മേല്‍ ഇത്രമേല്‍ സ്വാധീനം ഉണ്ടാകുമായിരുന്നില്ലലോ . നാടും വീടും വിറപ്പിച്ച് പകല്‍ കൊള്ള പോലും നടത്തിയിരുന്ന വിശ്വന്‍ മോഷണം ഉപേക്ഷിച്ചു ഗൃഹസ്ഥനായി മാറിയത് ജാനുവിന്റെ സ്നേഹം കൊണ്ട് മാത്രമായിരുന്നില്ലേ. മരണത്തിനു പോലും പറിച്ചു മാറ്റാന്‍ കഴിയാത്തത്ര ആഴത്തില്‍ സ്നേഹത്തിന്റെ വേരുകള്‍ സഞ്ചരിക്കാറുണ്ട് . ഹൃദയത്തില്‍ മാത്രം വിരിയുന്ന പൂക്കളും ഫലങ്ങളും നല്‍കുന്ന അദൃശ്യ വൃക്ഷം എന്നപോലെ സ്നേഹവും.'

കൈക്കുഞ്ഞു മായി ആത്മഹത്യക്കു പുറപ്പെട്ട ജാനുവിനെ ഒരു സന്ധ്യക്ക് ചന്തയില്‍ സാമാന്യം ഭേദപ്പെട്ട ഒരു അടിപിടി കഴിഞ്ഞു വരുന്ന വഴിക്ക് വിശ്വന്‍ തലമുടിക്ക്കുത്തി പിടിച്ച് ചിറക്കല്‍ ഗവേണ്‍മെന്റ് ഹെല്‍ത്ത് സെന്ററിന്റെ മുന്നിലുള്ള പഞ്ചായത്ത് കിണറ്റുകരയില്‍ നിന്ന് വലിച്ചൊരേറു കൊടുത്തു . 'എടീ നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ചിട്ടു വേണോ നിനക്ക് ചാവാന്‍ 'എന്ന് നിര്‍ദ്ദാക്ഷിണ്യം പുലമ്പികൊണ്ട്.'

പോകാനെനിക്കൊരു ഇടവുമില്ല ചാവാനും കൂടി സമ്മതിക്കാത്ത ദുഷ്ടന്‍ - എന്ന് ജാനു തിരിച്ചു പറഞ്ഞത് കേട്ട നാട്ടുകാരുണ്ട് . വിശ്വന്‍ ഞങ്ങള്‍ക്കെല്ലാം സുപരിചിതനാണ്. പക്ഷെ ജാനു മറ്റേതോ നാട്ടില്‍ നിന്ന് 'മരിക്കാനൊരു കിണറു 'നോക്കി ഇവിടെ എത്തിപെട്ടതാണ് (ചിലര്‍ താമസിക്കാന്‍ ഒരു മുറി അന്വേഷിക്കും, മറ്റു ചിലര്‍ മരിക്കാനൊരു കിണറും ) .

മരണക്കിണര്‍ എന്ന് ആ പഞ്ചായത്തു കിണറിനു പേര് വന്നെങ്കിലും അത് സത്യത്തില്‍ ജാനുവിനെ സംബന്ധിച്ച് ജീവിത കിണര്‍ ആയിരുന്നു .' ഈ പെണ്ണിനെ ഈ രാത്രി നിങ്ങളാരുടെയെങ്കിലും വീട്ടില്‍ കിടത്തുമോ , നാളെ വെളുക്കുമ്പോള്‍ ഇവളെ പറഞ്ഞു വിടേണ്ട കാര്യം ഞാനേറ്റു, ' എന്ന് വിശ്വന്‍ കൈ ചൂണ്ടി ചോദിച്ചത് രംഗം കണ്ടുനിന്ന പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ കേട്ടുവെങ്കിലും ചില സിനിമകളില്‍ കാണാറുള്ളത് പോലെ സകലരും നിമിഷനേരം കൊണ്ട് അപ്രത്യക്ഷരായി. അന്ന് മുതല്‍ ജാനു വിശ്വന് ഭാര്യയായി . പെണ്ണുകാണലും അവലോസുണ്ട തിന്നലും ഉറപ്പിക്കലും സമ്മതവും കെട്ടും ഒന്നിച്ചു ആ ജീവിത കിണറ്റൂ കരയില്‍ വെച്ചു നടന്നു

ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് ഈ സംഭവം അയല്‍ക്കാര്‍ ചൂടുള്ള വാര്‍ത്തയായി ചര്‍ച്ച ചെയ്തിരുന്നത്. വിശ്വന്‍ എന്ന ഗജ പോക്കിരി എന്റെ വീടിന്റെ പുറകു വശത്തെ അയല്‍വാസി ആയിരുന്നു . ഇടയ്ക്കിടെ ഞങ്ങളുടെ പുറകുവശത്തെ കുളിമുറി തുറക്കുന്ന ശബ്ദം രാത്രി പത്തു മണിയോടെ കേള്‍ക്കും .. അമ്മ ഉടനെ 'ഈശോ രക്ഷിക്ക ' എന്ന് പറഞ്ഞു തിരുഹൃദയത്തെ നോക്കും . വിശ്വന്‍ മോഷണത്തിന് ഇറങ്ങുന്നതിനു മുമ്പ് അല്പം വിശുദ്ധ വെള്ളം സേവിച്ചതിനു ശേഷം ജാനുവിന്റെ നടുവിന് നോക്കി കുരിശു വരയ്ക്കും . എന്നാലേ പോകുന്ന കാര്യം വിജയിക്കൂ . അതാണ് വിശ്വന്റെ 'വിശ്വാസം '. കുരിശുവര അല്പം കടുപ്പം കൂടുമ്പോള്‍ ജാനു ഓടി അഭയം പ്രാപിക്കുന്നതാണ് ഞങ്ങളുടെ കുളിമുറിയില്‍ . ജാനു അങ്ങനെ ഓടിപ്പോകുന്ന ദിവസങ്ങള്‍ വിശ്വന് മോഷണം ചാകര എന്നാണ് അവരുടെ ആചാരം അഥവാ വിശ്വാസം.

'വിശ്വന്‍ തല്ലുമ്പോള്‍ നീയിനി ഞങ്ങളുടെ കുളിമുറിയില്‍ കയറി ഒളിക്കരുത്. ഇനി നീ വന്നാല്‍ ഞാന്‍ ആ കുളിമുറി താഴും താക്കോലും ഇട്ടു പൂട്ടും നീ പിന്നെ എങ്ങനെ കേറും ' എന്ന് അമ്മ സ്നേഹ ബുദ്ധ്യാ ജാനുവിനെ ഉപദേശിച്ചപ്പോഴാണ് 'പൂട്ടരുതമ്മാ ' എന്ന സംബോധനയോടെ അവരുടെ ഈ വിശ്വാസത്തെ അഥവാ ആചാരത്തെ പറ്റി ജാനു തമിഴ് കലര്‍ന്ന മലയാളത്തില്‍ അമ്മയോട് പറഞ്ഞത് . വിശ്വാസം അത് തൊട്ടു കളിക്കാന്‍ അമ്മ ഒരുങ്ങില്ല . അതുകൊണ്ട് വാതില്‍ പൂട്ടിയില്ല പകരം അമ്മ ആ നേരങ്ങളില്‍ 'പെണ്ണ് വേഗം ഇറങ്ങി പോകണമേ ' എന്ന് ലുത്തിനിയ ചൊല്ലി . (വിശ്വന് മോഷണം നല്ല കോളാവണേ എന്നു കൂടി ഈ പ്രാര്‍ത്ഥനക്കു ഒളിഞ്ഞ അര്‍ത്ഥം ദൈവം തമ്പുരാന്‍ വായിച്ചെടുത്തു കാണും )

അതല്ല എന്റെ പ്രശ്നം ഈ മങ്ങിയ ഓര്‍മ്മ സ്‌ക്രീനില്‍ എന്നപോലെ എന്റെ കണ്മുന്നില്‍ തെളിയുന്നു . അവരുടെ ജീവിതത്തെ എക്സ്ട്രാപോളേ റ്റ് ചെയ്ത് എക്സ് വൈ ഏക്സിസ് ലേക്ക് രേഖകള്‍ നീളുന്നു. ജാനുവിന്റെ ഭര്‍ത്തൃപൂജയാല്‍ വിശ്വന്‍ മര്യാദക്കാരനാകുന്നു വീടിനടുത്തുള്ള ഇടവഴിയിലൂടെ ജാനുവിന്റെ അന്ന് മരിക്കാത്ത കൈകുഞ്ഞ് പട്ടുപാവാട ഇട്ട സുന്ദരിയായും വിശ്വനും ജാനുവിനും കൂടി ജനിച്ച കണ്ണന്‍ എന്ന ആണ്‍കുട്ടി വിശ്വന്റെ കൈവിരല്‍ പിടിച്ചും പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ ജാനുവും കൂടി കുറുമ്പിലാവ് കോട്ടം തിരുവാണിക്കാവ് ക്ഷേത്രത്തില്‍ ഭരണി ഉത്സവം കഴിഞ്ഞ് ബലൂണ്‍, കിലുക്കം, കുപ്പിവള എന്നിവയുമായി നടന്നു പോകുന്നു .

'ഒരു പെണ്ണിന്റെ സ്നേഹത്തിന് ഇത്ര ശക്തിയോ, ആ വിശ്വന്‍ എങ്ങനെ നടന്നവനാ ആ ജാനുന്റെ ഭാഗ്യം . പെണ്ണിന്റെ ഭാഗ്യം പെരുവഴിയിലാ' എന്ന് അമ്മയും അയലത്തെ പെണ്ണുങ്ങളും മൂക്കത്തു വിരല്‍ വെച്ച് നോക്കുന്നു . നാലു നേരവും വെച്ചും വിളമ്പിയും തുണിയലക്കി കൊടുത്തും തളര്‍ന്നിട്ടും ഭാര്യക്ക് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന് ഭാര്യയുടെയോ സ്നേഹം തരി പോലും അനുഭവിക്കാന്‍ യോഗമില്ലാത്ത ആഢ്യ സമൂഹത്തിനു ഈ കാഴ്ച്ച ലോകാത്ഭുതങ്ങളില്‍ ഒന്നായ് മാറുന്നു .

'ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ മാറ്റാന്‍ പറ്റില്ല പെണ്ണുങ്ങള്‍ക്കേ ആണുങ്ങളെ മാറ്റാന്‍ പറ്റൂ 'എന്ന് ഐശുമ്മ തലയില്‍ രണ്ടും കയ്യും വെച്ച് ഒരു യൂണിവേഴ്സല്‍ ഫിലോസഫി പറഞ്ഞപ്പോള്‍ 'എന്നിട്ടെന്താ കുഞ്ഞു മുസ്ലിയാര്‍ ജമീലാന്റെ പെരയില്‍ പോണത് ' എന്ന് തന്റെ മാപ്ലയുടെ ദുര്‍ന്നടത്തത്തെ പറ്റി ചുണ്ടത്തു കുത്തി ചോദിച്ച് അവരെ കാര്‍ത്തി ചേച്ചി നാണിപ്പിക്കുന്നു . ഇന്നസെന്റ് ന്റെ തല്ലു കൊണ്ട് ലളിതച്ചേച്ചി ചില സിനിമകളില്‍ നാണിച്ചു പോകാറുള്ള അതേ മുഖ ഭാവത്തോടെ ഐശുമ്മ വേലിക്കരികില്‍ നിന്ന് സ്വന്തം വീട്ടിലേക്കു മണ്ടുന്നു . എന്തിനീ സിനിമ എന്റെ കണ്ണില്‍കൂടി സീന്‍ ബൈ സീന്‍ ഓടിപ്പോകുന്നു .

പെട്ടെന്നാണ് ഇത് സംഭവിച്ചത് . ഒന്‍പതാം ക്ലാസ്സിലെ ഒരു ദിവസം അതെ എന്റെ പതിനാലു വയസ്സില്‍ ഞാനറിയാതെ എന്റെ ആദ്യ കഥ പിറന്നു വീണു!

ചില സിനിമ പാട്ട് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു ബ്ലാക്ക് ഔട്ട് പോലെ ബോധം മറയും അപ്പോള്‍ തന്നെ ഒന്നിച്ചു കുറച്ചു വരികള്‍ ചിന്തയില്‍ മിന്നിമായും. നിമിഷങ്ങള്‍ക്കുള്ളില്‍ ബോധം തെളിയും ഞാന്‍ എവിടെയും കേള്‍ക്കാത്ത വരികള്‍ പിന്നെ സംശയമായി ഇത് ഞാന്‍ മറ്റെവിടെയോ കേട്ടതാണോ അല്ലെങ്കില്‍ പാരഡിയാണോ തറ തുടയ്ക്കുമ്പോഴും തുണിയലക്കുമ്പോഴും പാത്രം മോറുമ്പോഴും ഇത് സംഭവിച്ചിട്ടുണ്ട് . നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിയും വരികള്‍ എവിടെ നിന്നോ വരും എങ്ങോട്ടോ പോകും . അവ കാത്തുനില്‍ക്കില്ല . പിന്നെ ഓര്‍ത്താല്‍ കിട്ടില്ല . പക്ഷേ ഈ കാഴ്ച്ച അങ്ങനെ അല്ല കൃത്യ മാണ്. പിന്നെയും ഓര്‍ക്കുമ്പോള്‍ കിട്ടുന്നുണ്ട് . ഇത് വന്നത് ദൂരെ നിന്ന് ഒഴുകി വന്ന സിനിമ ഗാനത്തില്‍ നിന്നല്ല , ഒന്‍പത് ബിയുടെ വരാന്തയിലേക്ക് തുറക്കുന്ന ജനലഴിക്കിടയിയിലൂടെ എന്നെത്തേടിയ തിളക്കമുള്ള രണ്ട് കണ്ണുകളില്‍ നിന്നാണ് . അന്നുവരെ എന്റെ അച്ഛനും അമ്മയും ബന്ധുക്കളും വീടും അവിടുത്തെ അലമാരികളിലെ പുസ്തകങ്ങളും എന്നോട് പറയാത്ത ഭാഷ ആ കണ്ണുകളില്‍ ഞാന്‍ വായിച്ചു, 'സ്നേഹം'. വീടിനും ബന്ധുക്കള്‍ക്കും പത്തു പൈസക്ക് പോലും വിലയില്ലാത്ത എനിക്കൊരു ആരാധകന്‍ ജനിച്ചിരിക്കുന്നു . ആ സത്യം എന്നെ ബോധം കെടുത്തി ഭ്രാന്ത് പിടിപ്പിച്ചു . സതീഷ് അവനാണ് കണ്ണുകളുടെ ഉടമസ്ഥന്‍ .

ജില്ലാ യുവജനോത്സവത്തില്‍ ചിത്രം വരയിലും ക്ലേ മോഡലിംഗ് ലും ഒന്നാം സ്ഥാനം വാങ്ങുന്നവന്‍. മലയാളം മാഷുടെ അരുമ ശിഷ്യന്‍ . മാഷുടെ ഒരു വിനോദമായിരുന്ന സാഹിത്യ സമാജത്തിന്റെ ലീഡര്‍. വീക്കിലി ഡൈജസ്റ്റ് എന്ന ക്ലാസ്സ് സാഹിത്യ വാരികയുടെ എഡിറ്റര്‍ . അതിസുന്ദരമായ കൈയ്യക്ഷരം . അവനു കയ്യക്ഷരം മാത്രമേ സ്വന്തമായുള്ളൂ . പരീക്ഷയില്‍ മാര്‍ക്കിന്റെ കാര്യമൊക്കെ പരുങ്ങലാണ് . അവന്റെ കലാവിരുതുകള്‍ക്കൊപ്പം പക്വതയാര്‍ന്ന പെരുമാറ്റവും കൃത്യനിഷ്ഠയും കണ്ടിട്ടാണ് ഈ മഹനീയ പദവിയില്‍ അവനെ മലയാളം മാഷ് പ്രതിഷ്ഠിച്ചത്. അവന്‍ ക്ലാസ്സിലെ താരമാണ്, കാരണം ഈ ചിത്രപ്പണി തന്നെ .

ഞങ്ങള്‍ പെണ്‍കുട്ടികള്‍ നെയിം സ്ലിപ്പില് അവനെ കൊണ്ട് പേരെഴുതിക്കാന്‍ കാത്തു നില്‍ക്കും. നിമിഷ നേരം കൊണ്ട് വിചിത്ര ലിപികളില്‍ പേരെഴുതി ഒരു പൂവും അവന്‍ വരച്ചു തരും . അന്ന് ഞാനും എന്റെ നെയിം സ്ലിപ് അവനു കൈമാറി. മറ്റു പെണ്‍കുട്ടികള്‍ക്ക് നിമിഷം കൊണ്ട് വരച്ചു കൊടുത്ത അവന്‍ എന്റെ മാത്രം മാറ്റി വെച്ച് 'കാപ്പിരി തലച്ചീ , സ്പ്രിങ് റോളേ പിന്നെ തരാടീ ' എന്ന് ദയയില്ലാതെ പറഞ്ഞു.

എത്ര പഠിച്ചിട്ടും കാര്യമില്ല . ഞങ്ങള്‍ പഴുവില്‍ സ്‌കൂളില്‍ ഉള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ സ്നേഹിക്കണമെങ്കില്‍ ഭാഗ്യം വേണം. സൗന്ദര്യം വേണം . നീളന്‍ മുടി വേണം. ഞാന്‍ തന്നെ നട്ടു നനച്ചുണ്ടാക്കുന്ന മുല്ല, കനകാംബരം, റോസാ ചെടികള്‍ ഇതൊക്കെ പൂവിടുമ്പോള്‍ മാല കോര്‍ത്ത് ഞാന്‍ തലമുടി അലങ്കരിക്കും . ഒരു കാര്യവുമില്ല. ചുരുണ്ട് കട്ടിയുള്ള നീളമില്ലാത്ത എന്റെ തലമുടിയുടെ സൗന്ദര്യം 'പ്രേമം' സിനിമ അന്ന് റിലീസ് ആവാത്തത് കൊണ്ട് ആണ്‍കുട്ടികള്‍ക്ക് അറിയില്ലായിരുന്നു .

അന്നത് സ്പ്രിങ് /കാപ്പിരി മുടി എന്നൊക്കെ നിന്ദിക്കപ്പെട്ടിരുന്നു . അന്നത്തെ കാലത്ത് അത്തരം തലമുടിയില്‍ കൂടി ക്രഷ് ജനിക്കില്ല . പകരം മുകളില്‍ പറഞ്ഞ ഇരട്ടപ്പേരുകള്‍ വീഴാന്‍ കാരണമാകും .

സ്‌കൂള്‍ മുറ്റം അടിച്ചുവാരുന്ന രീതിയില്‍ ഉള്ള നീളന്‍ പാവാടക്കാരികള്‍ ചന്ദനക്കുറിയും കുളിപ്പിന്നലും നീളന്‍ മുടിയും ആയി വരുന്നവര്‍ ഒക്കെ മാത്രമേ സുന്ദരികള്‍ എന്ന പട്ടികയില്‍ ചേര്‍ക്കപ്പെടുകയുള്ളൂ . ഒപ്പനയില്‍ മണവാട്ടിയാവാന്‍ ക്ഷണിക്കപ്പെടുകയുള്ളൂ . എന്നെ സ്നേഹിക്കാന്‍ കുറെ ടീച്ചര്‍മാരുണ്ട്, അവര്‍ക്കു സൗന്ദര്യം പ്രശ്നമല്ല . ഉത്തരക്കടലാസില്‍ മാര്‍ക്ക് മാത്രമാണ് അവരുടെ നോട്ടം . പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ അപ്പര്‍ ്രൈപമറി പഠന കാലത്ത് ഉത്തരക്കടലാസ് ശരിയുത്തരങ്ങളാല്‍ നിറച്ചിട്ടും എനിക്ക് പ്രയോജനമില്ലായിരുന്നു . കന്യാസ്ത്രികളില്‍ ആരും എന്നോട് സ്നേഹം കാട്ടിയില്ല . അവിടെ പണം വേണം, സ്വാധീനവും സൗന്ദര്യവും വേണം സ്നേഹം കിട്ടാന്‍ . പഴുവില്‍ അങ്ങനെ അല്ല. എന്നെ കണ്ടാല്‍ മാലാഖയുടെ പോലെ എന്നാണ് ടീച്ചര്‍മാര്‍ പറയുക, പക്ഷേ അത് കേള്‍ക്കുമ്പോള്‍ അമ്മ പറയും 'അസ്സലായി അവള്‍ 'വൈക്കോല്‍ മാലാഖ' യാണ്' അവിടെയും തലമുടി ചതിച്ചു

ജീവിതത്തില്‍ സ്നേഹം കിട്ടാന്‍ പഠിക്കുക മാത്രമേ എനിക്ക് ആയുധമായുള്ളൂ എന്ന് അക്കാലത്ത് കുറേശ്ശേ എന്റെ തലയില്‍ വെളിച്ചം വെച്ച് തുടങ്ങിയിരുന്നു .

കണക്കു നോട്ട് പുസ്തകത്തിന്റെ ഉള്ളിലാണ് നെയിം സ്ലിപ്പുകള്‍, ടീച്ചര്‍ വരുമ്പോഴേക്കും പുസ്തകം കിട്ടണം. ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ മുഖത്ത് നോക്കാതെ ഒരാള്‍ പുസ്തകം എന്റെ ഡെസ്‌കില്‍ എറിഞ്ഞു പോകുന്നു . ഭയങ്കരം, അഹങ്കാരി , എന്റെ പുസ്തകം എറിഞ്ഞിരിക്കുന്നു. നെയിം സ്ലിപ്പില് ഭംഗിയായി പേരെഴുതി കിട്ടാന്‍ ഇത്രയും നിന്ദ അവനില്‍ നിന്ന് സഹിക്കണം എന്നോര്‍ത്ത് വിഷമിച്ച് ഞാന്‍ പുസ്തകം തുറന്നു .

വിശ്വസിക്കാനാവാത്ത കാഴ്ച്ച. നെയിംസ്ലിപ് ചിത്രങ്ങള്‍ക്കു പുറമെ കണക്കു നോട്ട് പുസ്തകത്തിന്റെ ഒന്നാം പേജില്‍ മനോഹരമായ റോസാ പൂവും മറ്റൊരു കടലാസ്സില്‍ എന്റെ ഛായാചിത്രവും . ഈശ്വരാ എന്റെ പടം അവന്‍ വരച്ചിരുന്നു ഏഴെട്ടു വരകള്‍ കൊണ്ട്. എന്റെ ദുഃഖം നിറഞ്ഞ മുഖം , എത്ര എണ്ണ കുടിച്ചാലും വിശപ്പ് മാറാതെ പാറി പറക്കുന്ന അളകങ്ങള്‍ പഴയ മുത്തുകള്‍ കോര്‍ത്ത് ഞാന്‍ സ്വയം ഉണ്ടാക്കുന്ന മണിമാല വരെ അവന്‍ വരച്ചിരുന്നു .

ഒരു കണ്ണാടിയിലും ഇത്ര കൃത്യമായി ഞാന്‍ എന്നെ കണ്ടിട്ടില്ല . ആരും . വല്ലാത്തൊരു ബ്ലാക്ക് ഔട്ട് തുടര്‍ന്ന് എനിക്ക് സിനിമ പാട്ട് കേള്‍ക്കുമ്പോള്‍ തോന്നാറുള്ള നിമിഷ നേരത്തെ ബോധക്ഷയം. സതീഷ് എവിടെ, ഞാന്‍ അവന്റെ ബെഞ്ചിലേക്ക് നോക്കി കണ്ടില്ല. ചുറ്റും കണ്ണോടിച്ചു , അതാ വരാന്തയില്‍ എന്റെ നേര്‍ക്കുള്ള ജനലഴി പിടിച്ച് എന്നെ മാത്രം നോക്കി ചിരിച്ചുകൊണ്ട് അവന്‍ . ഞാന്‍ കണ്ട് എന്നുറപ്പാക്കിയതോടെ പന്ത് കളിക്കുന്ന കൂട്ടുകാരെ ലക്ഷ്യം വെച്ച് അവന്‍ ഓടി പോയി . തലച്ചോറിനുള്ളില്‍ ആരോ ബള്‍ബ് കത്തിച്ചപോലെ ഒരു പ്രകാശം . ആ പ്രകാശം മായും മുന്‍പ് ഇവിടെ നിന്നെന്നറിയാതെ കുത്തിയൊഴുകി വന്ന വരികള്‍ കാഴ്ച്ചകള്‍ ആണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ചേര്‍ത്തത് . അതാണെന്റെ ആദ്യ കഥയുടെ ഫ്രെയിം വര്‍ക്ക്.

എടീ ബിന്ദു നിന്റെ നെയിംസ്ലിപ്പിലെ പടം കാണട്ടെ എന്ന നദീറയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു 'എനിക്ക് ഒരു കുഞ്ഞു പൂവാണ് ചെക്കന്‍ വരച്ചത് . നിന്റെ നോക്കട്ടെ , ചെക്കന് പക്ഷഭേദം ഉണ്ട് . ബടുക്കൂസ് . കോഴിക്കോട്ടു നിന്ന് പഴുവില്‍ വന്നു താമസമാക്കിയ നദീറയുടെ സങ്കര ഭാഷ എനിക്ക് പണ്ടേ അരോചകമായിരുന്നു . ഒരു വര അതിനപ്പുറവും ഇപ്പുറവും കുളവും കരയുമാണെന്നു സങ്കല്‍പ്പിച്ച് ഞങ്ങള്‍ കളിക്കുന്ന കളി പോലെ തന്നെ ജീവിതവും . ചില വരകള്‍ ഭൂപടത്തില്‍ സമുദ്രം സൃഷ്ടിക്കുന്നു ചിലത് മരുഭൂമികളും .

ഉച്ചയൂണിനു ബെല്ലടിക്കും വരെ സതീഷ് എനിക്ക് ആരുമില്ലായിരുന്നു . ബെല്ലടിച്ചതിനു ശേഷം അവന്‍ എനിക്ക് എല്ലാമായി . ആ സതീഷിനെകുറിച്ചാണ് നദീറയുടെ പാഴ്മൊഴി. ഒരു വിധം പണിപ്പെട്ട് ഞാന്‍ നെയിം സ്ലിപ്പ് മാത്രമെടുത്ത് കാണിച്ചു കൊടുത്തു . 'കണ്ടാ നിനക്കും ചെറിയ പൂവ് സിന്ധുവിനു മാത്രം വലിയ പടം.' സതീഷ് സ്നേഹം കൊണ്ട് വരയ്ക്കുന്ന പടങ്ങളെ നദീറ എത്ര നിസ്സാരമായാണ് കരി വാരി എറിഞ്ഞു നശിപ്പിക്കുന്നത്. 'അത് വലിയ നെയിം സ്ലിപ് ല്‍ വലിയ പടം ചെറിയതില്‍ ചെറുത്, അതാണവന്‍ ചെയ്തത് '. സ്വയമറിയാതെ പറഞ്ഞു . എത്ര വേഗമാണ് ഞാന്‍ അവന്റെ പക്ഷത്തേയ്ക്കു ചാഞ്ഞത്.

പില്‍ക്കാലത്ത് നിത്യജീവിതത്തില്‍ എത്രയെത്ര നദീറമാരെ കണ്ടിരിക്കുന്നു . ഒരു പ്രത്യേക സംഗതിയോടുള്ള അമിതാവേശം അഥവാ പാഷന്‍ കൊണ്ട് ചെയ്യുന്ന സല്‍പ്രവര്‍ത്തികളെ രാഷ്ട്രീയ കഴുകന്മാര്‍ തക്കം പാര്‍ത്തു നോക്കിയിരുന്നു തകര്‍ക്കുന്നത് കാണുമ്പോള്‍ , ആ കുഞ്ഞു നദീറമാര്‍ വലുതായി വന്നവരാണ് ഇവരൊക്കെ എന്നോര്‍ക്കാറുണ്ട് . ചിലര്‍ക്ക് സ്നേഹം ജന്മവാസനയായി കിട്ടുമ്പോള്‍ മറ്റു ചിലര്‍ക്ക് കൗശലവും അസൂയയും കൂടെപിറപ്പാകുന്നു . പ്രമേഹവും മറ്റു പാരമ്പര്യ രോഗങ്ങളും പോലെ തന്നെ മനുഷ്യന്റെ മനോവ്യാപാരങ്ങളും. ജീവിത പരിചയം കൊണ്ട് അല്പമൊക്കെ അതിനെ മുന്‍കൂട്ടി കണ്ട് സുരക്ഷിത മാര്‍ഗ്ഗം സ്വീകരിക്കാമെങ്കിലും ഹൃദയത്തിന്റെയോ തലച്ചോറിന്റെയോ ലളിതമായ തന്മാത്രഘടന പലപ്പോഴും എന്നെ നിസ്സഹായയാക്കി വിഡ്ഢിയാക്കാറുണ്ട് .

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക