(ഏറെ വര്‍ഷങ്ങള്‍ കോളേജ് അദ്ധ്യാപികയായി ജോലി ചെയ്ത് ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ-സാന്‍ ഹോസെയില്‍ വിശ്രമ ജീവിതം നയിക്കുന്നു ശ്രീമതി ശ്രീദേവി കൃഷ്ണന്‍. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന ഇവര്‍2016ഇല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച ഏറ്റവും വലിയ ക്രോഷെ ബ്ലാങ്കെറ്റ് നിര്‍മ്മിച്ച മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് സംഘത്തിലെ അംഗമായിരുന്നു.
മ്യുസിങ്ങ്സ് ഓഫ് എ സെന്‍സിറ്റീവ് ഇന്ത്യന്‍ വുമണ്‍, സിലിക്കണ്‍ കാസ്സില്‍,യു മേ ബി റൈറ്റ്, ഐ മേ ബി ക്രേസി ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്നീ മൂന്നു പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.ഐ. ടി മേഖലയില്‍ ജോലിക്കായി കുടിയേറിയ യുവ സമൂഹത്തിന്റെ സാംസ്‌കാരിക ക്ലേശങ്ങള്‍ പ്രതിപാദിക്കുന്ന 'സിലിക്കണ്‍ കാസ്സില്‍' ഇംഗ്ലീഷ് ചലച്ചിത്രമായി പകര്‍ത്തപ്പെട്ടിട്ടുമുണ്ട് .
ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സാമുദായിക യാഥാസ്ഥികത്വത്തിന്റെ ചങ്ങലകള്‍ ഭേദിച്ച് അന്യജാതിക്കാരനായകൃഷ്ണന്‍ എന്ന നേവല്‍ ഓഫീസറോടൊത്ത് ജീവിതമാരംഭിച്ച നിമിഷങ്ങള്‍ഈ ഏകാന്തമായ ക്രിസ്മസ് കാലത്ത് ആര്‍ദ്രമായി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയാണ്. വൈധവ്യം ഏല്‍പ്പിക്കുന്ന മൗന നൊമ്പരങ്ങള്‍).
ടെലിഗ്രാമിള്ളില്‍ വന്നൊരു ശ്രീരാഗം: ശ്രീദേവി കൃഷ്ണന്‍
(തയ്യാറാക്കിയത് - ബിന്ദു ടിജി)
നക്ഷത്രങ്ങള്‍ മിന്നുന്ന ആകാശത്തെ വെല്ലുവിളിക്കാനെന്ന വണ്ണം താഴെ ഭൂമിയും ഒരുങ്ങിക്കഴിഞ്ഞു. ദീപാലങ്കാരത്തില്‍ കുളിച്ചു നില്‍ക്കുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ ലയിച്ചു ചേരുമ്പോള്‍ ആകാശം ഭൂമിയിലേക്കിറങ്ങി വന്ന പ്രതീതിയാണ് . ഈ മായക്കാഴ്ച ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍ ചിലവഴിച്ച എനിക്കൊരു അത്ഭുതമായി എന്ന് പറയേണ്ടതില്ല . ഇതൊന്നു കണ്ട് അത്ഭുതപ്പെടാന്‍ പോലും തനിക്കു അവകാശമില്ല എന്ന് തോന്നും മക്കളുടെ പ്രതികരണം.
അമ്മേ.. ഇത് അമ്മയുടെ കോട്ടയമല്ല ഇന്ത്യയിലെ നഗരങ്ങളുമായി അമേരിക്കന്‍ കാഴ്ചകളെ താരതമ്യപ്പെടുത്തല്ലേ എന്ന് പറഞ്ഞു അവര്‍ ചിരിക്കുമ്പോള്‍ ഓരോ ജനറേഷനും അവരുടെ പിന്‍തലമുറയെക്കാള്‍ ഏറെ സ്മാര്‍ട്ട് ആകുന്നു എന്ന സത്യം ഉള്ളിലൊരു രസമുണര്‍ത്തി . തനിക്കതില്‍ തെല്ലും ദുഃഖമില്ല അത് അങ്ങനെതന്നെ യാവണം .
തന്റെ കോളേജ് പഠനകാലത്ത് ബോംബെ കാണാന്‍ പോയ മലയാളിയുടെ അതിശയത്തെ കളിയാക്കിയിരുന്ന അതെ അവസ്ഥ ഇന്ന് തനിക്കും വന്നു ചേര്‍ന്നല്ലോ എന്ന ചിന്ത ഒരു കോളേജ് അധ്യാപികയായി വിരമിച്ച തനിക്കു നേരിയ ചമ്മല്‍ സമ്മാനിച്ചു എന്ന് മാത്രം . ഇന്ന് ഇതൊന്നും തന്നെ പിടിച്ചു കുലുക്കാന്‍ പോന്ന തമാശകള്‍ അല്ല.
ഈ നടപ്പില്‍താനെന്തേ ആകാശത്തേക്ക് അറിയാതെ നോക്കി പോകുന്നു ഏതോ ഒരു ഒറ്റനക്ഷത്രത്തെ തുറിച്ചു നോക്കുന്നു. കൃഷ്ണന്‍ ഇല്ലാത്ത നാലാമത്തെ ക്രിസ്മസ് ആണിത് . ഓര്‍മ്മകളുടെ ഓളങ്ങളില്‍ കുഞ്ഞു കുമിളകള്‍ വിടരുന്നു ഒപ്പം പൊലിഞ്ഞുപോകുന്നു.മറക്കാനാവാത്ത ഒരു പ്രണയ പുഞ്ചിരി ടെലിഗ്രാമിന്റെ ചിറകില്‍ എന്റെ വീട്ടിലെത്തിയത് ഒരു ക്രിസ്മസ് തലേന്ന് ആയിരുന്നു .
കോട്ടയത്ത് യാഥാസ്ഥിതിക നായര്‍ കുടുംബത്തില്‍ എന്റെജനനം . മരുമക്കത്തായം എന്നൊക്കെ പേര് പറഞ്ഞു വിളിക്കുമെങ്കിലും 'അമ്മപുരുഷ മേധാവിത്തത്തിന്റെമുന്നില്‍ തല കുനിച്ചു നില്‍ക്കുക തന്നെയായിരുന്നു എന്റെ കുട്ടിക്കാലത്ത് . കാണുമ്പോള്‍ മടുപ്പ് തോന്നുമെങ്കിലും അനുസരിക്കാതെ തരമില്ല. ശുദ്ധ വെജിറ്റേറിയന്‍ ആയിരുന്ന അച്ഛന്‍ ഞങ്ങള്‍ക്കിഷ്ടമുള്ള നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളൊന്നും വീട്ടില്‍ ഉണ്ടാക്കാന്‍ സമ്മതിച്ചിരുന്നില്ല. വല്ലപ്പോഴും അമ്മൂമ്മ നല്‍കുന്ന ഇറച്ചി കറിയുടെ സ്വാദ് നുണഞ്ഞിരിക്കുമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ .
ക്രിസ്മസ് അതിനുള്ള ഒരു അവസരമാണ്. അയല്‍ വീട്ടിലെ ക്രിസ്ത്യാനി സ്‌നേഹിതര്‍ അന്ന് വീട്ടിലേക്കു പങ്കുവെച്ചു തരുന്നകള്ളപ്പവും സ്വാദുള്ള മട്ടന്‍ കറിയും കാത്തിരിക്കാന്‍ തന്നെ വല്ലാത്ത ഒരാനന്ദം . നാല് വശത്തുള്ള അയല്‍ക്കാര്‍ എല്ലാവരും ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ അറിയാതെ ചിന്തിച്ചു പോയിട്ടുണ്ട് ഭക്ഷണത്തിനു കൊതിപൂണ്ട എന്റെ സ്‌കൂള്‍ നാളുകളില്‍ .
എന്‍ട്രന്‍സും ട്യൂഷനും ഒന്നും ഇല്ലായിരുന്ന ഒരു സുവര്‍ണ്ണകാലമായിരുന്നു അത്. കൗമാരത്തിന്റെ പടിവാതില്‍ കടന്ന് കോളേജില്‍ എത്തിയപ്പോള്‍ ഒരു കോളേജ് അദ്ധ്യാപികയാവുക എന്ന സ്വപ്നത്തിന്റെ ചിറകില്‍ പറക്കാന്‍ തുടങ്ങി . ഓരോ മനുഷ്യന്റെ ഭാവിയും ഏറെ മുന്‍കൂട്ടി ഈശ്വരന്റെ കണക്കു പുസ്തകത്തില്‍ എഴുതി സൂക്ഷിച്ചിരിക്കും. അത് നിറവേറ്റാന്‍ ദൈവം തന്നെ സ്വപ്നങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ തുന്നിച്ചേര്‍ക്കുന്നു .
പൗലോ കൊയ്ലോ മനോഹരമായി പറഞ്ഞു വെച്ചത് തെറ്റാന്‍ തരമില്ലല്ലോ. എം എ പരീക്ഷ റാങ്കോടെ പാസ്സായ ഞാന്‍ ഏറെ ചങ്കുറപ്പോടെയാണ് കലാലയത്തിന്റെ പടിവാതില്‍ ഇറങ്ങി പോന്നത് . തീര്‍ച്ചയായും കേരളത്തിലെ ഏതെങ്കിലും ഒരു പ്രമുഖകോളേജില്‍ തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള യുവതി . യഥാര്‍ത്ഥ ലോകം സ്വപ്നങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്ന്ഓര്‍മ്മിപ്പിച്ചു കൊണ്ട് സാമുദായിക അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം എന്നെ നിഷ്‌കരുണം പുറം തള്ളി .
ഓരോ സമുദായത്തിനും അവരുടെ വിഭാഗത്തില്‍ ആയിരിക്കണം ഉദ്യോഗാര്‍ത്ഥി എന്നതിന് പുറമെ ചാരിറ്റബിള്‍ സഹായം എന്ന പഞ്ചസാരയില്‍ പൊതിഞ്ഞ് കോഴ രഹസ്യമായി ഏല്‍പ്പിക്കുവാനും അയാള്‍ സന്നദ്ധനായിരിക്കണം . മനുഷ്യര്‍ ഓരോരോ വര്‍ഗ്ഗീയ കമ്പാര്‍ട്‌മെന്റിലേക്കു അടക്കപ്പെടുന്നു എന്ന സത്യം എന്നെ വേദനയോടെ പൊതിഞ്ഞു .കേരളത്തില്‍ ജോലി സാധ്യമല്ല എന്ന ഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളിലേക്കു ഞാന്‍ അപേക്ഷകള്‍ അയച്ചു
അങ്ങനെ ഹൈദരാബാദില്‍ ഒരു കോളേജ് അധ്യാപികയായി . ഇത്രയേറെ അടഞ്ഞ വാതിലുകളിലൂടെ ഈശ്വരന്‍ നടത്തിയത്ജീവിതത്തിന്റെ പരമ പ്രകാശത്തെ എന്നിലേക്കടുപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്നത് കാലക്രമേണ എനിക്ക് മനസ്സിലായി .
അന്ന് നേവല്‍ ഓഫീസര്‍ആയിരുന്ന കൃഷ്ണനെ ഞാന്‍ കണ്ടുമുട്ടന്നത് ഹൈദരാബാദില്‍ വെച്ചാണ്. ആദ്യനോട്ടത്തില്‍ നാമ്പെടുത്ത അനുരാഗം . മതം, ഭാഷ, സംസ്ഥാനം എല്ലാം പ്രണയത്തിന്റെ ആവേശത്തില്‍ വലിച്ചെറിഞ്ഞു . ഒരു ക്രിസ്മസ് അവധിക്കു നാട്ടില്‍ വന്നപ്പോള്‍ അമ്മയോടും അച്ഛനോടും സംസാരിച്ച് അനുഗ്രഹം വാങ്ങാന്‍ ഏറെ പ്രതീക്ഷയോടെ ശ്രമിച്ചു . നിരാശയായിരുന്നു ഫലം . ജാതിയും മതവും നോക്കാതെ ഇറങ്ങിയ 'ഒരുമ്പെട്ടവള്‍' ആയി മാറി ഞാന്‍ . ഏതായാലും പുറകോട്ടു പോകാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു .
അന്ന് നിമിഷം പ്രതി വിവരങ്ങള്‍ കൈമാറാന്‍ സ്മാര്‍ട്ട് ഫോണ്‍ സംവിധാനമില്ലല്ലോ . തുടര്‍ച്ചയായി എഴുതുന്ന എഴുത്തുകള്‍ മാത്രമാണ് ആശ്രയം . അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ല എന്ന ബോധ്യത്തില്‍ ക്രിസ്മസ് തലേന്ന് ഞാന്‍ എന്റെ പെട്ടികള്‍ പാക്ക് ചെയ്തു . തിരിച്ചു പോകാനുള്ള തീരുമാനത്തില്‍.
അപ്പോഴാണ്പോസ്റ്റുമാന്‍ ഓടിക്കിതച്ചു വരുന്നത് . നിങ്ങള്‍ക്ക് ടെലിഗ്രാം ഉണ്ട് .അന്ന് കമ്പി വന്നാല്‍ ആരോ മരിച്ചു എന്നാണ്ഏവരുടെയും ധാരണ . അമ്മയുടെ സഹോദരി രോഗിണി ആണ് അവര്‍ അപകടത്തിലായിക്കാണും എന്നപരിഭ്രമത്തില്‍
വീട്ടിലുണ്ടായിരുന്ന ബന്ധുക്കളിലൊരാള്‍ ടെലിഗ്രാം തുറന്നു ഉറക്കെ വായിച്ചു .
'യു ആര്‍ ബോണ്‍ ഫോര്‍ മി ഡാര്‍ലിംഗ് . ഐ ആം ഇന്‍ ഹെല്‍ വിതൗട് യു,
വേര്‍ആര്‍ യു കം ബാക്ക് സൂണ്‍ ' യുവേഴ്‌സ് ലവിങ്ങ് കൃഷ്'
ചുറ്റും നിന്ന ബന്ധുക്കള്‍അന്തം വിട്ടു. അച്ഛനും അമ്മയും നാണിച്ചു തല താഴ്ത്തി . അതോടെ ആ വീട്ടില്‍ നിന്ന് എന്നെന്നേക്കും ആയി ഞാന്‍ പടിയിറക്കപ്പെട്ടു
കൃഷ്ണനോടൊപ്പം നീണ്ട നാല്പത്തിയാറുവര്‍ഷം ഒന്നാവാന്‍ വേണ്ടി മാത്രം!
കൃഷ്, ' മുത്തുച്ചിപ്പി പോലുള്ള കത്തിനുള്ളില്‍ ഇന്ന് കുട്ടികള്‍ കിന്നാരം പങ്കു വെയ്ക്കുമ്പോള്‍ ശര വേഗമുള്ള ടെലെഗ്രാമിനുള്ളില്‍ അന്ന് നീയയച്ച ശ്രീരാഗം!
പിന്നിട്ടഓരോ ക്രിസ്മസ് രാവുകളിലും ഇതോര്‍ത്തു നമ്മള്‍ ചിരിച്ചിരുന്നു. പക്ഷേ ഇന്ന് മഞ്ഞുമൂടിയ ചിരിയോടെ ഞാനിവിടെ ഒറ്റയ്ക്ക്.... നിന്നെയോര്‍ത്ത് .