Image

സ്ത്രീസമത്വം (മിനികഥ: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 08 January, 2019
സ്ത്രീസമത്വം (മിനികഥ: ഡോ. ഇ.എം. പൂമൊട്ടില്‍)
പുരോഗമനവാദികളായ ചെറുപ്പക്കാരുടെ സംഘടന ഒരു വലിയ സ്ത്രീസമത്വ റാലി സംഘടിപ്പിച്ചു. റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തിലെ മുഖ്യപ്രഭാഷകന്‍ നാട്ടിലെ സമുന്നതനായ സാംസ്കാരിക നേതാവായിരുന്നു. സ്ത്രീസമത്വത്തെ ആധാരമാക്കി നേതാവ് നടത്തിയ ദീര്‍ഘമായ പ്രസംഗം കേട്ട് ശ്രോതാക്കള്‍, പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍ കോരിത്തരിച്ചു. പ്രസംഗം ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നായി ജനസാഗരം!

സമ്മേളനം കഴിഞ്ഞ് കാറിലേക്ക് നടന്നുനീങ്ങുന്ന നേതാവിനോട് യാത്ര പറയുവാന്‍ സംഘടനാ സെക്രട്ടറിയും പ്രസിഡന്റും ഒപ്പം നടന്നു. നേതാവ് കാറില്‍ കയറുന്നതിനു മുമ്പായി സെക്രട്ടറി ഒരു ചെറിയ പരിഭവം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി: സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ സാറിന്റെ ഭാര്യയേയും ഞങ്ങള്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. എന്തുപറ്റി? മാഡം വരാഞ്ഞത് കഷ്ടമായിപ്പോയി! ഇതുകേട്ട് നേതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: നിങ്ങളൊക്കെ പുതിയ നേതാക്കന്മാര്‍, ജീവിതം എന്തെന്നു പഠിച്ചുവരുന്നതേയുള്ളൂ. അവളെ ഞാന്‍ മനപ്പൂര്‍വ്വം കൊണ്ടുവരാതിരുന്നതാ. കാരണം തുറന്നുപറയട്ടെ, എന്റെ പ്രസംഗം കേട്ട് അവള്‍ക്കെങ്ങാനും മാനസാന്തരം ഉണ്ടായാല്‍ എന്റെ അനുഭവം പിന്നെന്താ? സമായസമയത്ത് നല്ല ഭക്ഷണം കിട്ടാതെവരും, വേണ്ട സമയത്ത് വസ്ത്രങ്ങള്‍ അലക്കി തേച്ച് കിട്ടാതെവരും. ഇതൊക്കയല്ലേ? പിന്നെ മറ്റൊരു കാര്യം: ഭര്‍ത്താക്കന്മാര്‍ പോകുന്ന സ്ഥലത്തെല്ലാം ഭാര്യമാരും ഒപ്പം ചെന്നാല്‍ പിന്നെവിടെയിരുന്നടേ അവന്മാര്‍ക്ക് വേണ്ടുന്ന സ്വാതന്ത്ര്യം?
മുതിര്‍ന്ന നേതാവിന്റെ പ്രതികരണം കേട്ട് യുവ നേതാക്കന്മാര്‍ ഞെട്ടി. കഷ്ടം! സ്ത്രീകള്‍ തുല്യ പങ്കാളികള്‍, സന്തത സഹചരര്‍, പളുങ്കുപാത്രങ്ങള്‍, മണ്ണാങ്കട്ട എന്നൊക്കെ വേദിയില്‍ നിന്നു വിളിച്ചൂകൂവിയത് ഈ കാലമാടന്‍ തന്നെയായിരുന്നോടെ! അമര്‍ഷഭാവത്തില്‍ അവരിരുവരും ചോദിച്ച ഒരേയൊരു ചോദ്യം ഇതായിരുന്നു.
P R Girish Nair 2019-01-08 09:42:47
ഇന്ന് കേരളത്തിൽ രാഷ്ട്രീയക്കാർ കാട്ടിക്കൂട്ടുന്ന കോലാഹലം പൂമൊട്ടിൽ സാർ ഒരു ചെറുകഥ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പാവം സാക്ഷതരായ കഴുതകൾക്ക് തിരിച്ചറിയാനുള്ള വിവേകം ഇനിയും ഉണ്ടായിട്ടില്ല. സാറിന്റെ കവിതകൾ പോലെ ചെറുകഥകളും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനം.
Easow Mathew 2019-01-10 13:39:27
പ്രസംഗം ആദര്‍ശധീരം; പ്രവര്‍ത്തനം അധമം! ഇത്തരം നേതാക്കന്‍മാരുടെ തനിനിറം ഹാസ്യരൂപത്തില്‍ തുറന്നു കാണിക്കുന്ന ഈ മിനിക്കഥയുടെ പൊരുള്‍ വിശദീകരിച്ച്  പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച ശ്രീ ഗിരീഷ് നായരോടുള്ള നന്ദി അറിയിക്കുന്നു. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക