തൂമഞ്ഞിന്‍ ശകലങ്ങള്‍
പൊഴിയുകയായ്
ഹേമന്ത പുതുമഴയായ്
തൂവെള്ള പൂവിതളുകള്‍
പോലവ നിറയുകയായ്
പുല്‍നാന്പുകളില്‍
പുല്‍ത്തകിടികളില്‍
തൂമഞ്ഞിന്‍ ശകലങ്ങള്‍
പൊഴിയുകയായ്
ഹേമന്ത പെരുമഴയായ്
പാറിപ്പതിയുകയായ്
അപ്പൂപ്പന്‍ താടികള്‍ പോല്‍,
പറ്റിപ്പടരുകകയായ്
മേല്‍ക്കൂരകളില്‍,
തെരുവീഥികളില്‍,
കാട്ടില്‍, മേട്ടില്‍
ചെറുകാറ്റേറ്റവ
പാറിനടന്നൂ പാരിടമാകെ
എന്നിലെയുണ്ണിയുണരുകയായ്
മഞ്ഞിന്‍ കണികകള്‍
നാവാല്‍ നൊട്ടിനുണക്കാന്‍,
മഞ്ഞിന്‍ മാനുഷനെയുണ്ടാക്കാന്‍,
മഞ്ഞിന്‍ കട്ടകളില്‍
തട്ടിച്ചാടി നടക്കാന്‍,
എന്നിലെയുണ്ണിയുണരുകയായ്
ഇറങ്ങിനടന്നൂ ഹിമമഴയില്‍ ഞാന്‍..
ഇറങ്ങിനടന്നൂ ഹിമമഴയില്‍ ഞാന്‍..
മഞ്ഞിന്‍ കണികകള്‍
നാവിന്‍തുന്പിലലിഞ്ഞു നയന്നൂ
കോട്ടണ്‍ കാന്‍ഡികള്‍ പോലെ
മഞ്ഞിന്‍ പൂവേ കുഞ്ഞിപ്പൂവേ
തൊട്ടാലലിയും പഞ്ഞിപ്പൂവേ
എന്തൊരു ചന്തം നിന്നെ കാണാന്‍
എന്തൊരു ചന്തം നിന്നെക്കാണാന്‍!
വെള്ളപുതച്ചൊരു
വെണ്‍മണല്‍ തീരം പോലെ,
പഞ്ഞി നിറച്ചൊരു തലയിണ
പൊട്ടിപ്പാറിയപോലെ,
പുത്തന്‍ മഴയിലരിക്കൂണുകള്‍
പൊട്ടിവിരിഞ്ഞതുപോലെ,
പൂവാന തുന്പികള്‍
പാറിനടക്കും പോലെ
മാനത്തെ മാലാഖ കുഞ്ഞുങ്ങള്‍
കുഞ്ഞിത്തലയിണകള്‍
പൊട്ടിച്ചങ്ങു കളിക്കുകയാണോ ?
വെണ്‍മേഘ ചെമ്മരിയാടുകള്‍
രോമക്കെട്ടു പൊഴിക്കുകയാണോ ?
വീണ്ടും വരുമോ
മഞ്ഞിന്‍ മഴയേ
ഹേമന്ത പുതുമഴയായ്
കുളിരണിയിക്കാന്‍?
മേഘപ്പൂവേ,
ഹൈമവതപ്പൂവേ,
ആകാശക്കൊന്പില്‍ പൂക്കും
തുന്പപ്പൂവേ,
കുഞ്ഞിക്കാലടിവെച്ചീ
തിരുമുറ്റം മൂടാന്‍
വരുമോ വീണ്ടും നീ
വരുമോ വീണ്ടും നീ ?