Image

വീരചക്രം (ആക്ഷേപ ഹാസ്യം-കവിത : ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം) Published on 19 February, 2019
വീരചക്രം (ആക്ഷേപ ഹാസ്യം-കവിത : ജോസഫ് നമ്പിമഠം)
പൊന്നിയങ്ങാട്ടെ പണിക്കരുചേട്ടന്‍ 
പണിയൊന്നും കിട്ടാഞ്ഞു പട്ടാളത്തിപ്പോയി
 
പട്ടാളം പണിക്കരവധിക്കു വന്നപ്പൊള്‍ 
പട്ടാളം ഭാര്യ ജാനകിയമ്മക്കും
പട്ടാളം മക്കളഞ്ചട്ടുപേര്‍ക്കും 
ഉടുതുണിക്കെല്ലാം മറുതുണി വന്നു
 
ഉറുന്പരിച്ചോരാ മേലൊക്കെ 
മാംസം പൊതിഞ്ഞു നിറഞ്ഞപ്പോള്‍
ഒരുമയോടാവരോലപ്പുരമേക്കേറിനിന്നു 
തൊണ്ടതുറന്നങ്ങു വിളിച്ചുകൂവി 

'ഭാരതമാതാവിനിന്നു സിന്ദാബാദ് ! 
 പന്നീടെ മക്കള്‍ക്കൊക്കെയും മൂര്‍ദ്ധാബാദ് !!

കാര്‍ഗിലിലെങ്ങാണ്ട് യുദ്ധം മൂത്തപ്പോള്‍ 
'നായീന്റെ മോനും' 'പന്നീടെ മോനും'
റമ്മും കുടിച്ചങ്ങു 
തമ്മിലടിച്ചു ചത്തുവീണു

പട്ടാളം മക്കളനാഥരുമായി
പട്ടാളം ഭാര്യ വിധവയുമായി
 
വീരമൃത്യു വരിച്ചൊരു 
പണിക്കരുചേട്ടനും പന്നീടെമോനും
സര്‍ക്കാര്‍ ബഹുമതിയായി 
കിട്ടിയൊരോ വീരചക്രം!

പണിക്കരുചേട്ടനും, പന്നീടെമോനുമിന്ന്   
സ്വന്തം കുടുംബ ചരിതങ്ങളിലുറങ്ങുന്ന 
ഹിസ്റ്ററി മാത്രം, നന്നങ്ങാടികളി
ലൊതുങ്ങുന്നൊരസ്ഥികൂടങ്ങള്‍ മാത്രം

യുദ്ധം ജയിച്ചൊരാ 
നേതാക്കളൊക്കെയും
മന്ത്രിക്കസേരയിലിരുന്നങ്ങു തിളങ്ങി 
കൊടിവെച്ചകാറില്‍ പറന്നങ്ങു മിനുങ്ങി 

നാറാണം കവലേലേ 
ഭ്രാന്തന്‍ നാരായണന്‍മാത്രം 
പാതിമയക്കത്തിലാരൊടെന്നില്ലാ
താരായുന്നകേട്ടു... 
 
'എന്തൂട്ടാണെടോയീ വീരമൃത്യു? 
 എന്തൂട്ടാണെടോയീ വീരചക്രം?

അതുകേട്ടു ഞാനും, 
ആരോടെന്നില്ലാതുത്തരം ചൊല്ലി
  
അത്,
ഭരണത്തിന്‍ ചക്രം കറക്കുന്ന 
വിക്രമന്മാരുടെ കൈയ്യിലെ   
സുദര്‍ശന ചക്രമെടോ 

ആ ചക്ക്രം 
ഊരിപ്പോകാതിരിക്കാന്‍  
തിരുകിവെക്കുന്ന 
മണ്ടന്മാരുടെ മണ്ടകളാണെടോ.
                 ****

(1999 ല്‍  ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗിലില്‍ ഏറ്റുമുട്ടിയപ്പോള്‍ എഴുതിയ കവിത)  

'രാജാവിനെതിരെ ജനവികാരം ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധം ഉണ്ടാവുക എന്നത് ഒരു രാജ തന്ത്രമാണ്'  ഒ.വി വിജയന്‍  ധര്‍മ്മപുരാണം
 
'എല്ലാ യുദ്ധങ്ങളുടെയും ഒടുക്കത്തില്‍, ജയഭേരിയേക്കാള്‍ ഉച്ചത്തില്‍ ഉയരുന്നത് അമ്മമാരുടെയും മക്കളുടെയും നിലവിളിയാണ്. യുദ്ധങ്ങള്‍ ഭരണകൂടങ്ങളുടെ ആവശ്യങ്ങളാണ്. ഒരു ജനതയും ഒരിക്കലും യുദ്ധം ആവശ്യപ്പെട്ടിട്ടില്ല'  സഖറിയ 

'നമ്മുടെ മിക്ക രാഷ്ട്രീയ കക്ഷികളും യുദ്ധത്തെ കാണുന്നത് തങ്ങള്‍ക്കു കിട്ടാവുന്ന വോട്ടുകളുടെ ഏറ്റക്കുറച്ചിലിന്റെ കണക്കുവെച്ചാണ്. അധികമായി  കിട്ടാവുന്ന വോട്ടുകളില്‍ ഒരു കണ്ണ്, നിലപാടു പിഴച്ചു പോയാല്‍ കിട്ടാതെയാകുന്ന വോട്ടുകളില്‍ മറ്റേ കണ്ണ്. മൂന്നാമതൊരു കണ്ണുണ്ടായിട്ടു വേണ്ടേ പ്രാണ നഷ്ടം  കണ്ടു കരയാന്‍ '   സി രാധാകൃഷ്ണന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക