Image

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

രാജന്‍ വാഴപ്പള്ളില്‍ Published on 08 April, 2019
സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്
മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകക്ക് പുതിയ പള്ളിക്കെട്ടിടമായി. ഡോവറില്‍ നിന്നും 10 മൈല്‍ ദൂരത്തായി മൗണ്ട് ഒലീവ് ടൗണ്‍ഷിപ്പിലാണ് പുതിയ പള്ളിക്കെട്ടിടം.

പുതിയ പള്ളിക്കെട്ടിടത്തിന്റെ താത്ക്കാലിക കൂദാശ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത മാര്‍ച്ച് 23, ശനിയാഴ്ച നിര്‍വഹിച്ചു. കാതോലിക്ക പതാക ഉയര്‍ത്തിയായിരുന്നു പരിപാടികളുടെ തുടക്കം. തുടര്‍ന്ന് മെത്രാപ്പോലീത്തയെ ഭക്തസമൂഹം ദേവാലയത്തിലേക്ക് ആനയിച്ചു. സന്ധ്യാ നമസ്ക്കാരത്തിനു ശേഷം താത്ക്കാലിക കൂദാശ നടന്നു. പിന്നീട് നടന്ന ഹൃസ്വമായ സമ്മേളനത്തില്‍ വികാരി ഫാ. ഷിബു ഡാനിയല്‍ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷപ്രസംഗത്തില്‍ മാര്‍ നിക്കോളോവോസ്, സെന്റ് തോമസ് ഇടവകയ്ക്ക് ദൈവം ചെയ്ത കൃപകളെ അനുസ്മരിച്ചു. ദൈവത്തോട് അടുത്തു നില്‍ക്കുന്ന ഒരു സമൂഹത്തെ ദൈവം ഒരിക്കലും കൈവിടില്ല എന്നതിന്റെ തെളിവാണ് തീ പിടിച്ച്, നൂറാം ദിവസം മൗണ്ട് ഒലീവിലെ പുതിയ ദേവാലയം കൂദാശ ചെയ്യപ്പെട്ടതിലൂടെ വെളിവാകുന്നതെന്ന് മാര്‍ നിക്കോളോവോസ് പറഞ്ഞു. കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, ഇടവക ട്രസ്റ്റി ഫിലിപ്പ് തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ കൃതജ്ഞത പറഞ്ഞു.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ സജി എം. പോത്തന്‍, സന്തോഷ് മത്തായി, മുന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളില്‍, ഫാമിലി കോണ്‍ഫറന്‍സ് ഭാരവാഹികളായ സണ്ണി വറുഗീസ്, സാജന്‍ പോത്തന്‍, മുന്‍ വികാരി ഫാ. കെ. കെ. ജോണ്‍, ന്യൂജേഴ്‌സിയിലെ സഹോദര ഇടവക വികാരിമാരായ ഫാ. സണ്ണി ജോസഫ്, ഫാ. ഷിനോജ് തോമസ്, ഡീക്കന്‍ ബോബി വറുഗീസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

മാര്‍ച്ച് 14ന് റിയല്‍ എസ്റ്റേറ്റ് അറ്റോര്‍ണിയുടെ ഓഫീസില്‍ നടന്ന ക്‌ളോസിങ്ങിലാണ് ഹോളി ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഭാരവാഹികളില്‍ നിന്ന് സെന്റ് തോമസ് ഇടവക വികാരി, ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പള്ളിക്കെട്ടിടം എഴുതി വാങ്ങിയത്.

പിറ്റേന്നു വൈകുന്നേരം പുതിയ പള്ളിക്കെട്ടിടത്തില്‍ നടന്ന പ്രാര്‍ത്ഥനയോഗത്തിന് ഭദ്രാസന ചാന്‍സലര്‍ ഫാ. തോമസ് പോള്‍, ഫാ. എല്‍ദോ ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ പള്ളിക്കെട്ടിടം വാങ്ങുന്നതിനു ഇടവക ജനങ്ങള്‍ കാണിച്ച താത്പര്യത്തിനും ഉത്സാഹത്തിനും ഫാ. തോമസ് പോള്‍ അഭിനന്ദനം രേഖപ്പെടുത്തി. ബൈബിളിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് പ്രോത്സാഹജനകമായ വാക്കുകളാണ് ഫാ. തോമസ് പോള്‍ ഉപയോഗിച്ചത്.

പുതിയ ദേവാലയത്തില്‍ മാര്‍ച്ച് 24ന് വി. കുര്‍ബാനയ്ക്ക് മുന്‍ വികാരി ഫാ. കെ.കെ. ജോണ്‍ മുഖ്യ കാര്‍മ്മികനായിരുന്നു. വികാരി ഫാ. ഷിബു ഡാനിയല്‍ സഹ കാര്‍മ്മികനായിരുന്നു. വി. കുര്‍ബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ ഫാ. കെ. കെ. ജോണ്‍ ഇടവക അംഗങ്ങള്‍ക്ക് മേല്‍ പ്രശംസകള്‍ ചൊരിഞ്ഞു. റോബിന്‍സണ്‍ ക്രൂസോയുടെ കഥ ഉദ്ധരിച്ചു കൊണ്ട്, ഏകാന്തമായ ആ ദ്വീപില്‍ ഉണ്ടായ തീയാണ് റോബിന്‍സണ്‍ ക്രൂസോയുടെ മോചനത്തിനു കാരണമായതെന്ന് ജോണ്‍ അച്ചന്‍ സൂചിപ്പിച്ചു. ഡോവറില്‍ ഉണ്ടായ തീപിടുത്തം ദൗര്‍ഭാഗ്യകരമാണെങ്കിലും അതു ദൈവത്തിന്റെ പദ്ധതിയായി കാണേണ്ടതുണ്ടെന്നും ഇടവക ജനങ്ങള്‍ ദൈവഹിതം തിരിച്ചറിഞ്ഞ് ദൈവത്തോട് നന്ദിയുള്ളവരായി തീരണമെന്നും കൂട്ടിച്ചേര്‍ത്തു.

1990ല്‍ വെസ്റ്റ് ഓറഞ്ചില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെട്ട ഇടവകയാണ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക. 2000ലാണ് ഡോവറില്‍ പള്ളിക്കെട്ടിടം വാങ്ങി മാറിയത്. ഇടവകാംഗങ്ങള്‍ കൂടി വന്ന പശ്ചാത്തലത്തില്‍ കെട്ടിടം വിപുലീകരിക്കാന്‍ പദ്ധതി തയ്യാറാക്കി വരവെയാണ് ദൗര്‍ഭാഗ്യകരമായ തീപിടുത്തം 2008 ഡിസംബര്‍ 13ന് ഉണ്ടായത്. അത്ഭുതകരമായ രീതിയില്‍ അന്നേക്ക് അഞ്ചാം ദിവസമാണ് മൗണ്ട് ഒലീവിലെ ഹോളി ബാപ്റ്റിസ്റ്റ് ചര്‍ച്ച് വില്‍പ്പനയ്ക്ക് എത്തിയത്. മുപ്പതാം ദിവസം കോണ്‍ട്രാക്ട് ചെയ്യപ്പെടുന്നു. മൂന്നു മാസം തികഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റ് ക്ലോസിങ് ചെയ്യപ്പെടുന്നു. 100ാം ദിവസം കൂദാശ ചെയ്യപ്പെടുന്നു. 101ാം ദിവസം ആദ്യ വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നു ഇടവക വികാരി ഫാ. ഷിബു ഡാനിയലിന്റേതാണ് ഈ വാക്കുകള്‍. ഫാ. ഷിബു ഡാനിയേലിനൊപ്പം ട്രസ്റ്റി ഫിലിപ്പ് തങ്കച്ചന്‍, സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, കമ്മിറ്റിയംഗങ്ങളായ തോമസ് കുട്ടി ഡാനിയല്‍ (ജോയിന്റ് ട്രസ്റ്റി), ജോളി കുരുവിള (ജോയിന്റ ് സെക്രട്ടറി), സുനോജ് തമ്പി, ജോസ് വിളയില്‍, മാത്യു സി. മാത്യു, ബെനോ ജോഷ്വാ, റൂബി എബ്രഹാം, ഡോ. മാത്യു ഏലിയാസ് എന്നിവരും പ്രവര്‍ത്തിക്കുന്നു. ബില്‍ഡിംഗ് റീ മോഡലിങ് കമ്മിറ്റിയില്‍ വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവരോടൊപ്പം ഷാജി വറുഗീസ്, ബെനോ ജോഷ്വാ, സന്തോഷ് തോമസ്, ജോസ് വിളയില്‍, തോമസ് കുട്ടി ഡാനിയല്‍ പ്രത്യേക ക്ഷണിതാവായി സഭാ മാനേജിങ് കമ്മിറ്റിയംഗം ജോസഫ് ഏബ്രഹാം എന്നിവരും പ്രവര്‍ത്തിക്കുന്നു.

തീപിടുത്തത്തെ തുടര്‍ന്ന് വിഷമത്തിലായിരുന്ന ഇടവക ജനങ്ങള്‍ക്ക് പുത്തനുണര്‍വ്വ് കിട്ടിയത് ഭദ്രാസന അസംബ്ലി അംഗം കൂടിയായ ഷാജി വറുഗീസ് മൗണ്ട് ഒലീവിലെ പള്ളിക്കെട്ടിടം വില്‍പ്പനക്കുണ്ട് എന്നറിയിച്ചതിലൂടെയാണ്. തുടര്‍ന്നെല്ലാം ധൃതഗതിയിലായിരുന്നു. ഭദ്രാസന അധ്യക്ഷന്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അനുമതിയോടെ ഇടവക ജനങ്ങള്‍ വികാരി ഫാ. ഷിബു ഡാനിയേലിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ മറ്റ് ഇടവകകളില്‍ സഹായ അഭ്യര്‍ത്ഥനയുമായെത്തി. ഏറ്റവും മികച്ച സഹകരണമാണ് മറ്റു ഇടവകകളില്‍ നിന്നും കൂടാതെ മറ്റ് പല അഭ്യുദയാകാംക്ഷികളില്‍ നിന്നും ലഭിച്ചതെന്ന് ഫാ. ഷിബു ഡാനിയല്‍ ചൂണ്ടിക്കാട്ടി. ഇടവക ജനങ്ങളും ആത്മാര്‍ത്ഥമായി സഹകരിച്ചു. സംഭാവനയായും വായ്പയുമായും എല്ലാവരും ഒത്തുചേര്‍ന്നു.

ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുശാസിക്കുന്ന വിധത്തില്‍ മദ്ബഹാ ക്രമീകരിക്കുവാനും മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണികളും നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഇടവക ഭാരവാഹികള്‍. സഭാ മാനേജിങ് കമ്മിറ്റി അംഗം കൂടിയായ എന്‍ജിനീയര്‍ ജോസഫ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് വികാരി ഷിബു ഡാനിയല്‍ അറിയിച്ചു.

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്
സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക