Image

ചില നോവുബാല്യങ്ങള്‍ (കവിത: മഞ്ജുള ശിവദാസ്)

Published on 20 April, 2019
ചില നോവുബാല്യങ്ങള്‍ (കവിത: മഞ്ജുള ശിവദാസ്)
വിത്തുകളുമായാരുമിതു
വരെയെത്തിടാഞ്ഞിട്ടോ?
കദനവെയിലില്‍ കനവു
വിത്തുകള്‍ മുളയ്ക്കാഞ്ഞിട്ടോ?

ഇളംനെഞ്ചിലെ കിനാ
പ്പാടത്തൊരിയ്ക്കല്‍പോലും,
കുരുത്തില്ലൊരു കനവുപോലും,
കനല്‍ പെയ്ത്തല്ലേ.

സ്‌നേഹനനവായ് പെയ്തി
റങ്ങാനെത്തിയില്ലാരും,
നൊന്തുപെറ്റവള്‍ സമത്വത്തിനു
കൊടിപിടിക്കാന്‍ പോയ്.

ജീവിതത്തളിര്‍ മുളയില്‍
നുള്ളിയ കൈകളപ്പോഴും,
പ്രഹരമാരി ചൊരിഞ്ഞു
രക്ഷകവേഷധാരികളായ്.

നിഷ്കളങ്കത മുറ്റിനിന്ന
മുഖങ്ങളില്‍ ഭയവും,
തളിരുണങ്ങിയ തനുവില്‍
മുറിവുകളേറ്റ പാടുകളും.

എന്തിനെന്നറിയാതെ
ദണ്ഡനമേറ്റു മരവിച്ചാ
കുഞ്ഞുമനസ്സില്‍ നിര്‍വി
കാരത വന്നു ചേക്കേറി.

കനിവുവറ്റിയ ലോകത്തോ
ടൊരിയ്ക്കല്‍പോലും,
കനിവിനായവര്‍ കുഞ്ഞു
കൈകള്‍ നീട്ടിയതുമില്ല.

ഏതു ജന്മം ചെയ്ത
പാതക ഫലമായാലും,
ബാല്യമിങ്ങനെ നോവിലൊഴു
കാനനുവദിക്കാമോ?

മൃത്യു മുക്തിയുമായ്
വരുന്നതുവരേയ്ക്കും ബാല്യം,
രക്ഷകര്‍ക്കു നടുക്കു
നിന്നു ദഹിച്ചുതീരണമോ?

വിദ്യയേറിയ വിരുത
രധികം പാര്‍ക്കുമിടമത്രേ,
ശൂന്യമായ വിവേകമോ
ഈ വിദ്യതന്‍ നേട്ടം?

പടിയിറങ്ങിയ മനുഷ്യത്വം
തിരികെ വന്നില്ലേല്‍,
ബാലശാപമൊരിടിത്തീ
യായ് നാടെരിച്ചേയ്ക്കാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക