Image

മനസ്സിലാക്കൂ കപട ഭക്തിക്കാരാ....(പി.സി. മാത്യു)

Published on 23 April, 2019
മനസ്സിലാക്കൂ കപട ഭക്തിക്കാരാ....(പി.സി. മാത്യു)
ശത്രുവിനെ സ്‌നേഹിക്കാന്‍ ചൊന്നതാരെന്നറിയുമോ?
ശതകോടികളിലൊരുദേവനതേശുമാത്രമെന്നറിയുമോ?
സ്‌നേഹിക്കേണമെന്തിനെന്‍ ശത്രുവിനെ, പകരം ഞാന്‍
സംഹരിക്കയല്ലേ വേണ്ടതു മാലോകരെ ചൊല്ലുക ഉത്തരം?

ഒരായിരം ചോദ്യങ്ങളെന്‍ മുമ്പിലൊരു മുഴു ചിഹ്നമായി
ഒരുമിച്ചു നിന്ന് കൂക്കിവിളിക്കുംപോലെന്‍ മനസ്സതില്‍
ചിലന്തിവലച്ചുരുളഴിച്ചു കുരുങ്ങി നിസ്സഹായനായി....
ചിതറിയ ചിന്തകളെ തളക്കുവാന്‍ വൃഥാ ശ്രമിക്കവേ....

ഓടിയെത്തിയൊരു ദൈവ വചനം "മേശയൊരുക്കാം
ഒരിക്കല്‍ നിന്‍ ശത്രുവിന്‍ മുമ്പാകെ, നിര്‍ത്താം തല
ഉയര്‍ത്തി, നാണം കെടുത്താതെ നിന്നെയും നിന്‍
ഉദാത്തമാം തത്വ സംഹിതകളും, കൂട്ടുകാരെയും."

പകരം നീ നല്‍കുമോ നിന്‍ മേശയില്‍ നിന്നുമവന്
പതിവായാഹാരമാളവിലധികം തികയുവോളവും 
ഇല്ലെങ്കില്‍ നീയോഗ്യനല്ലെന്‍ മേശയില്‍ ഭക്ഷിക്കുവാന്‍
ഇനിയെങ്കിലും മനസിലാക്കുക കപട ഭക്തിക്കാരാ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക