വാനില്‍ മിന്നിത്തിളങ്ങിയ മനോഹര നക്ഷത്രമേ
വരണ്ടുവോ നിന്നാത്മാവ്, കറുത്തുവോ നിന്‍ മുഖം
കനിവറ്റുവോ നിന്‍ ഹൃദയം, ചതഞ്ഞുവോ മാനസം
കെട്ടുപോയോ നിന്‍ ശോഭ, മങ്ങിയോ മുഖ പ്രകാശം
കരിഞ്ഞു പോയ നക്ഷത്രമാണ് നീയെങ്കിലും പ്രിയാ
കനലുപോലെരിയുന്നീലെ മാനസം നൊമ്പരത്താല്‍
കദന കഥകള്‍ വീണ്ടുമോര്‍ത്തു വിഹായസ്സിലെങ്ങോ
കഴിയുന്നു നിറമറ്റൊരു പഴകിയ തംബുരുവും തലോടി
ചന്ദ്രന്‍ വിതുമ്പി നിഴലാകുമാ കാര്‍മേഘവുമേന്തി
ചതിയോര്‍ത്തില്ലെന്നു നിശബ്ദം ചൊല്ലവേ, സൂര്യന്‍
ചിരിയുമായെത്തി പൊരിഞ്ഞ താപത്താല്‍ വീണ്ടും
ചിരംജീവിതാനെന്നു ചൊല്ലി തുടച്ചു നിന്‍ കണ്ണുനീര്‍
സന്ധ്യതന്‍ ശാലീന സൗന്ദര്യ മൊഴുകുമീ പുഴവക്കില്‍
സൂര്യനുമായവള്‍ ചുംബനങ്ങള്‍ പങ്കുവെക്കവേ ഓര്‍ക്കാം
പണ്ടുമറന്നൊരാ പ്രേമ ഗാനം, മിഴികളിലഴകുമായെന്‍
പൂങ്കാവില്‍ വഴിതെറ്റിയെത്തിയ വിചിത്രമാം പക്ഷീ...
പ്രസാദമരുളുമാ ഗാനത്തിന്‍ വരികളിന്‍ ചരണം ചാലിച്ചു
പ്രിയ സൂര്യാ നിന്‍ സ്‌നേഹ കിരണങ്ങള്‍ മാറിലേറ്റി മന്ദം
കയറുമൊരു മുല്ലവള്ളിയായി പടര്‍ന്നു പുഷ്പിക്കുവാന്‍
കൊമ്പുകള്‍ മെല്ലെ ചായ്ച്ചു തരുമോയീഘോര വനാന്തരേ..

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല