പുതിയോരുദയം കൊതിക്കുന്നവര്‍ക്കുമേല്‍
പുലരിവന്നെത്തുന്നുണര്‍ത്തുപാട്ടായ് ദ്രുതം
ഏറെപ്പകര്‍ന്നു നല്‍കേണ്ടതാണൊരുമതന്‍
പുലര്‍കാല വന്ദനം; നാടിന്റെ സ്പന്ദനം.
നിശ്വാസമൊന്നുമേ വേണ്ട,യീ വിശ്വസ്ത
സേവകരുലകിന്നുദയമായ്.ത്തീര്‍ന്നവര്‍
നവകാല നരനായി നില്‍ക്കിലും ധീരരായ്
വര്‍ത്തിയ്ക്ക!നിത്യവുമാത്മാര്‍ത്ഥ തോഴരായ്.
നിശ്ശബ്ദരാകാതുയര്‍ന്നു ചിന്തിക്കുകില്‍
നിസ്വാര്‍ത്ഥ പാതയാണേവം പ്രയോജനം
ചെങ്കതിര്‍കൊണ്ടുണര്‍ത്തീടുമിക്കവിതയാല്‍
നിന്നകം നന്നായ് തുടിക്കട്ടെ മേല്‍ക്കുമേല്‍.
ബന്ധനംകൊണ്ടു തകര്‍ക്കുവാനാവില്ല!
ബന്ധുരംതന്നെയാ കയ്പ്പും കലര്‍പ്പതും
സ്പന്ദനംമാത്രം മതിയെന്റെ നെഞ്ചിലെ
പ്പന്തം കൊളുത്തുവാനെന്നെഴുതട്ടെഞാന്‍.
സന്ധ്യകൊണ്ടല്ല!യീ നാടിന്‍ വിളക്കുകാല്‍
ചിന്തകൊണ്ടൊന്നായ് തെളിച്ചുയര്‍ത്തീടണം
ചന്തമീ ഹൃത്തങ്ങളില്‍നിന്നു സന്തതം
പകരുന്നുദാരമായ് ഞങ്ങളിപ്പുലരികള്‍.
പഴിപറഞ്ഞിഴയുന്നവര്‍ക്കിന്നൊരുമതന്‍
വഴിതെളിച്ചേകിടാം വരികയെന്‍ കൂട്ടരേ,
മഴവില്ലുപോല്‍ മറയാനുള്ളതല്ല!യീ
ജീവിതം പൊഴിമുറച്ചൊന്നായിടാംക്ഷണം.
ശിക്ഷണം കൊണ്ടുണര്‍ത്തീടുന്നൊരക്ഷരം
പക്ഷംപിടിച്ചു തകര്‍ക്കാതിരിക്കണം
വിപ്ലവക്കതിരേകിടുന്നിതാ; പകരമായ്
രക്തനക്ഷത്രമുയരട്ടെ മനസ്സിലും!!