കാനഡായില്‍, ഒട്ടാവായില്‍ മനോഹരമായി അലങ്കരിച്ച ഒരു സ്വീകരണമുറി. നിറയെ വെള്ള വസ്ത്രധാരികളായ യുവസുന്ദരിമാരും സുന്ദരന്മാരും. അഞ്ചോ ആറോ പൈതങ്ങളും. അലങ്കരിച്ച ഒരു വെളുത്ത ഇരിപ്പിടത്തില്‍ പ്രസന്നവതിയും തേജസ്വിയുമായ അവരുടെ മാതാവ് 'ലൂലു' ആസനസ്ഥയായിരിക്കുന്നു. മുറിയില്‍ വളരെയധികം പൂച്ചെണ്ടുകള്‍ ശ്രദ്ധയോടെ അലങ്കരിച്ചരിക്കുന്നു. ഒരു വിവാഹാഘോഷ പാര്‍ട്ടിക്കുള്ള ഒരു കൂട്ടമുണ്ടവിടെ. ആനന്ദം അലതല്ലുന്ന മുഖങ്ങള്‍. നര കയറിയ തലയും, ഗാംഭീര്യം തുടിക്കുന്ന മുഖവുമായി ഒരാള്‍ ലൂലുവിന്റെ സമീപത്തു നില്പുണ്ട്
മേയ് മാസത്തിലെ രണ്ടാം ഞയറാഴ്ചയാണല്ലോ 'മദേഴ്സ് ഡേ' ആയി നാം ആചരിക്കുന്നത്. . ഈ വര്‍ഷത്തെ 'മദേഴ്സ് ഡേ'യില്‍ ഒരു പ്രത്യേക കുടുംബത്തെപ്പറ്റി എഴുതണമെന്ന ആഗ്രഹം തോന്നി.. കാനഡായില്‍ 39 വര്‍ഷമായി ആ കുടുംബം താമസിക്കുന്നു. കേരളത്തിലാണു മൂലകുടുംബം.
അവിടെ ഒന്‍പതു മക്കളില്‍ ഏഴു പേര്‍ ഡോക്ടേഴ്സ്, ഒരാള്‍ ഐ.എ.എസ് എട്ടാമത്തെ പുത്രഭാര്യയാണ് 'ലൂലു.' കോളജൂ പ്രൊഫസറായ ഗൃഹനാഥന്‍ 'ടോം', കഴിഞ്ഞ 40 വര്‍ഷങ്ങളായി കാനഡായില്‍ എത്തിയിട്ട്, കമ്പ്യുട്ടര്‍ സയന്‍സ് പി.എച്.ഡി ആണ്്, കോളജ് പ്രൊഫസര്‍ ടോമിന്റെ എകവരുമാനമാണ് ആ കുടുംബത്തിന്റെ ആശ്രയം..
39 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ വിവാഹത്തിനായി എയര്‍പോര്‍ട്ടില്‍ വച്ചു ഞാനും എന്റെ ഭര്‍ത്താവും കൂടി യാത്ര അയച്ചതോര്‍ക്കുന്നു. വിവാഹിതനായി തിരികെ വന്നിട്ട് മിക്കപ്പോഴും ഞങ്ങള്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. സുന്ദരിയും സുശീലയുമായ 'ലൂലു' ഉത്തമയായ, ത്യാഗമയിയായ കുടുംബിനിയായി, പതിനൊന്നു മക്കളുടെ മാതാവായി, ആറു പെണ്ണും അഞ്ച് ആണും, സന്തുഷ്ടമായ കുടുംബം. നാട്ടില്‍ നിന്നും ബന്ധുക്കളൊക്കെ അന്വേഷിക്കും ഇത്രയും കുട്ടികളെ എന്തിനാ, എങ്ങനെ വളര്‍ത്തും എന്നൊക്കെ. ദൈവം തരുന്നതാണ്, ദൈവത്തിന്റെ ദാനമാണ് മക്കള്‍ എന്നു മറുപടി കൊടുക്കും. ഓരോ കുഞ്ഞിന്റെ ജനനവും അവര്‍ക്ക് ആഘോഷമായിരുന്നു എന്നാണ് ലൂലുവിന്റെ ഭാഷ്യം.
മൂത്ത മകള്‍ക്ക് 38 ഉം ഇളയ കുട്ടിക്ക് 25 ഉം ആണ് ഇപ്പോള്‍ പ്രായം. ഓരോ വയസിനിളപ്പമാണ്് ഓരോ കുട്ടിയും. 11 മക്കളെയും കൂട്ടി കേരളത്തിലുമൊക്കെയായി ഒരു തവണ മാത്രം യാത്ര പോയതൊഴിച്ചാല്‍ തികച്ചും ഭര്‍ത്താവിനെയും മക്കളെയും നോക്കി ജീവിക്കുന്ന ഒരമ്മ.. നാലു പെണ്‍മക്കളും ഒരു മകനും വിവാഹിതരായി., അവരുടെ വീടിനടുക്കലാണ്് വിവാഹിതരായ മക്കളുടെയും താമസം. ഏതാവശ്യത്തിനും എല്ലാ മക്കളും വിളിപ്പുറത്തുണ്ടാവും.
നാലു കിടക്കമുറികളുള്ള മനോഹരമായ ഒരു ചെറിയ വീട്ടിലാണ്് ഇതുവരെയും ഇത്രയും മക്കളുമായുള്ള താമസം, അത് എത്ര സംതൃപ്തവും ആനന്ദപ്രദമായിരുന്നുവെന്ന് ലൂലു സന്തോഷത്തോടെയാണ് പറയുന്നത്. താഴെയുള്ള സഹോദരങ്ങളെ നിയന്ത്രിക്കുന്നതും, വീട്ടിലെ ജോലികളും അവരുടെ കടമകളും മൂത്ത കുട്ടിയോടാണു പറഞ്ഞേല്‍പ്പിച്ചിരുന്നത്. ഇത്രയും മക്കളുണ്ടെങ്കിലും യാതൊരു ശബ്ദകോലാഹലങ്ങളോ മത്സരങ്ങളോ ഒന്നുമില്ലാത്ത ഭവനം. സന്ധ്യയ്ക്കും പ്രഭാതത്തിലും ലിവിംഗ് റൂമില്‍ പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടും. ഓരോരുത്തര്‍ക്കും അവരവരുടെ ബൈബിള്‍ കയ്യിലുണ്ടാകും. ഓരോരുത്തരുടെയും ബൈബിള്‍ ഭാഗം പ്രായക്രമമനുസരിച്ചു വായിക്കണം. അവരവര്‍ വായിക്കുന്ന വേദഭാഗത്തെപ്പറ്റി അവര്‍ വിശദീകരിക്കണം. ചിട്ടയായ വേദവായനയും, പാട്ടും, ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനയും ആരെയും അതിശയിപ്പിക്കും. ധാരാളിത്വമോ അല്ലലോ ഇല്ലാതെ സംതൃപ്തിയോടെ, സമാധാനത്തോടെ കഴിയുന്ന കുടുംബം.
ഭക്ഷണമുണ്ടാക്കുന്നതില്‍, വിളമ്പുന്നതില്‍, മേശ ഒരുക്കുന്നതില്‍ , വീടു വൃത്തിയാക്കുന്നതില്‍, അവരവരുടെ ബെഡ് വിരിക്കുന്നതില്‍ അങ്ങനെ ഓരോരുത്തരുടെയും പ്രായവും പ്രാപ്തിയുമനുസരിച്ചു ഓരോ കുട്ടിയും സഹായിക്കുന്നതിനാല്‍ ഒരു ജോലിയും അവര്‍ക്ക് ഭാരമായില്ല. അനുസരണം, പരസ്പര ബഹുമാനം, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ഇവയാണ് ആ കുടുംബ ഭദ്രതയ്ക്ക് നിദാനം. പഠിത്തത്തിലും ഏവരും മുന്‍പന്തിയില്‍, അതിനാല്‍ വിദ്യാഭ്യാസം സൗജന്യം. അഞ്ചുപേര്‍ ഡോക്ടേഴ്സ്, കൂടുതല്‍ പേരും എന്‍ജിനീയേഴ്സ് ആയെന്ന് ലൂലു പറഞ്ഞു.
'മദേഴ്സ് ഡേയ്ക്ക്' മക്കളൊത്തുകൂടിയതാണ്്. ഇന്ന് അവര്‍ ഏറ്റം സന്തോഷിക്കുന്ന ദിവസമാണ്. ഓരോരുത്തരും അമ്മയെ ആദരിക്കുന്നതില്‍ ഇന്നു മത്സരമാണ്, എല്ലാവരും ആവശ്യത്തിലേറെ സമ്പത്തില്‍, സമൃദ്ധിയില്‍, വിദ്യാസമ്പത്തില്‍, ദൈവകൃപാ നിറവില്‍, ദൈവത്തിന് നന്ദി ചൊല്ലാതെ ഒരാഘോഷവും അവരുടെ ജീവിതത്തിലില്ല. സ്നേഹത്താല്‍ ബന്ധിതമായ
ഒരുസന്തുഷ്ട കുടുംബം. പുറത്തുനിന്നാരെയും ഒരാഘോഷങ്ങള്‍ക്കും കൂട്ടാറില്ല, അവരുടെ കുടുംബം ഇന്ന് ഒരു വലിയ കൂട്ടമാണ്. ഇതാണ് ഭൂമിയിലെ സ്വര്‍ഗം.
അമ്മ അവരുടെ ദൈവമാണ്.
''I am a very happy and blessed mother with my family of eleven children. I had a little hard time when they were young, but my husband was so caring and helpful in everything, as well as all my children too. I did not have a social life, but my family was every thing for me. Birthdays, Christmas, graduation etc. were our happiest days, no expensive gifts, they knew that we cannot afford, but satisfaction was their merit. My children walked with God, so they never failed, I reap well what I sowed'.
പതിനൊന്ന് മക്കളെ പെറ്റു വളര്‍ത്തിയൊരമ്മ
പതിനൊന്നും കതിരായി കായായി കനിയായി
പതിവായിട്ടര്‍ത്ഥനയില്‍ മക്കളെ പോറ്റിയതാല്‍
പുതുതലമുറകള്‍ക്കെന്നും ദീപശിഖ 'അമ്മ' !
മത്സരവും വഴക്കുമില്ലാത്ത ഭവനം, പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും , ദൈവത്തെ ഭയപ്പെട്ടും അവന്റെ കന്നകളെ ആചരിച്ചും ജീവിക്കുന്ന ഭവനം എത്ര അനുഗ്രഹിക്കപ്പെട്ടത്. അമ്മയുടെ മാറിടമാണ് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് എറ്റം വലിയ സര്‍വ്വകലാശാല. നല്ല അമ്മമാര്‍ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നു.
Happy Mothers' day to all blessed mothers!

‘ചെറിയ കുടുംബം സന്തുഷ്ട കുടുംബം’ എന്ന ആശയം നിറഞ്ഞു നിൽക്കുന്ന ഈ സമൂഹത്തിൽ വലിയതും, സന്തുഷ്ടവുമായ ഈ കുടുംബത്തെ, വ്യത്യസ്തമായ അമ്മയെ പരിചയപ്പെടുത്തിയത് മനോഹരമായിരിയ്ക്കുന്നു. മാതൃദിനാശംസകൾ