അമ്മദിനത്തിലെന്‍ ഹൃത്തിലോടിയെത്തിയൊരായിരം
അന്‍പിന്‍ ഉറവാകുമെന്നമ്മതന്നോര്‍മകള്‍ തെന്നലായ്
ആഴത്തിലെന്നുള്ളിലെന്നമ്മ പഠിപ്പിച്ച ശൈശവത്തിന്‍
അറിവാണെന്നെ ഞാനാക്കുന്നതെന്ന ബോധമാണൂ സത്യം
സ്‌നേഹമാണമ്മ, സത്യമാണമ്മ വഴികാട്ടിയാണമ്മയേവര്‍ക്കും
സ്വരമാധുര്യമാണമ്മ, കാതിനും പിന്നെ ഹൃത്തിനും സുഖമേകി
പാടിയ പാട്ടുകളേകിയ സ്വാന്തനം മറക്കുവാന്‍ കഴിയുമോ
പടുവൃദ്ധനായാലും പിണമായാലും വാനോളമുയര്‍ന്നാലും
മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കൈക്കും പിന്നെ
മധുരിക്കുമെന്നമ്മ ചൊല്ലിയത് സത്യമെന്നുപഠിപ്പിച്ചനുഭവം
താണ നിലത്തെ നീരോടൂ, അവിടെ ദൈവം തുണ ചെയ്യൂ...
താങ്ങിനടത്തുന്ന ദൈവസ്‌നേഹം കോരിചൊരിഞ്ഞതമ്മയല്ലേ?
"കള്ളം പറയരുതെന്ന്" ചൊല്ലി എന്നമ്മ ചൂരല് കഷായം ചൂടോടെ
കൈവെള്ളയില്‍ മിഴികള്‍ നിറഞ്ഞൊഴുകുവോളം തന്നതും
കൂട്ടുകാരൊത്തു പണ്ടൊരുത്സവത്തിനു പാവയെ മോട്ടിച്ച
കാര്യമറിഞ്ഞതു തിരികെനല്‍കുവോളം കെട്ടിയിട്ടടിച്ചതും...
നാലുമണിയടിച്ചപ്പോള്‍ പള്ളിക്കൂടം പിരിഞ്ഞെല്ലാവരും പോയിട്ടും
നോക്കിമടുത്തു കാണാത്ത മകനെ തേടി സ്കൂള്‍പറമ്പിലോടിയെത്തി
വട്ടുകളിച്ചു കൂട്ടുകാരുമായി വട്ടുകേറിയിരിക്കുമെന്നെ ചെവികളിന്‍
വണ്ടു മൂളിപ്പിച്ചു കരയിച്ചു വീട്ടിലെത്തിച്ചതും മറ്റാരുമല്ലമ്മമാത്രം
പശുവിനെ അഴിച്ചോന്നു കാലാട്ടുവാന്‍, പോളച്ചിറയില്‍ ഇറക്കി
പുല്ലൊന്നു തീറ്റിക്കുവാന്‍, കുളിപ്പിച്ചതിന്‍ പാലൊന്നു കറക്കുവാന്‍
പഠിപ്പിച്ചത് മറ്റാരുമല്ലായെന്നമ്മ മാത്രമെന്നോര്‍ക്കുമ്പോളെന്നുള്ളം
പറക്കുന്നു നാട്ടിലേക്കിരുചിറകുവിരിച്ചു പറക്കും കഴുകുപോല്‍
പഠിക്കണം പഠിച്ചുമോന്‍ വലിയ ആളാവണമെന്നു ചൊന്നതും
പഞ്ചസാരയിട്ടൊരുഗ്ലാസ്സ് പാലുമിരു മൊട്ടയും പുഴുങ്ങി മേശയില്‍
സാദാ സമയം മടികൂടാതെ ഉറക്കമൊഴിച്ചും നല്‍കി പഠിപ്പിക്കാന്‍
സ്‌നേഹമാകുമമൊരമ്മക്കുമാത്രമേ കഴിയുകയുള്ളീയിഹത്തില്‍.