Image

നടവഴികളിലൂടെ ... (ഭാഗം: 3: നിധുല മാണി)

നിധുല മാണി Published on 15 May, 2019
നടവഴികളിലൂടെ ... (ഭാഗം: 3: നിധുല മാണി)

അടുത്തയിടെ മലയാള സാഹിത്യത്തിന്റെ ഭാവിയെ കുറിച്ച് പല കുറിപ്പുകളും വായിക്കുകയുണ്ടായി .. മനുഷ്യരുടെ മനസ്സില്‍ ഇടമുള്ള ഒരു ഭാഷക്ക് മരണമുണ്ടോ ? ഇല്ല എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. മലയാളി മനസ്സുകളില്‍ ഇപ്പോഴും മലയാളം തങ്ങളുടെ മാതൃഭാഷ തന്നെയാണ്.പ്രവാസികള്‍ക്കിടയി ലും മലയാള സാഹിത്യം തളരുകയല്ല , മറിച്ചു വളരുക തന്നെയാണ്.

അതിനു കാരണ ഭൂതരായി ഒട്ടേറെ സാമൂഹ്യമാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ഉണ്ട്. എന്നാല്‍ ഭാഷ ഉള്ളിലുള്ള ഏതൊരു സാഹിത്യകാരനും എഴുത്തിനെ സാമൂഹിക പരിഷ്‌കരണത്തിനായിട്ടുപയോഗിക്കേണ്ടതുണ്ട്. അതിന് രാജ്യമോ ജീവിത ശൈലിയോ ഒരു തടസമല്ല .

മലയാളം അറിയാതെ വളരുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോളെങ്കിലും അനാഥത്വം അനുഭവിക്കുന്നില്ലേ എന്ന സന്ദേഹം ശരിയാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ തങ്ങളുടെ ആകുലതകള്‍ പങ്കുവെയ്ക്കാനുള്ളതല്ല മറിച്ചു പ്രവാസികള്‍ക്കിടയിലുള്ള ഓരോ, മാധ്യമവും ,കൂട്ടായ്മയും കുട്ടികള്‍ക്ക് അവരുടെ മുന്‍തലമുറക്കാരെ അറിയാനുള്ള അവസരം സൃഷ്ടിക്കലാണ് . മലയാളി സംഘടനകളിലൂടെ ലക്ഷ്യമിടുന്നതും അതുതന്നെ. മലയാളം അറിഞ്ഞില്ലേലും മലയാളികളായ മാതാപിതാക്കളെ മനസിലാക്കാനുള്ള അവസരമാണ് . കൂട്ടായ്മകള്‍ ഏതുമാകട്ടെ അവരുടെ ആരോഗ്യവും സമ്പത്തും ചിന്തയും സമൂഹത്തിലെ ഒരാള്‍ക്ക് കൂടി ഉപകാരപ്പെടുന്നുവെങ്കില്‍ അവരില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം അവര്‍ പൂര്‍ത്തിയാക്കുകയാണ്. അതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.

സ്വയമേ ജീവിക്കുക എന്നത് എല്ലാ മൃഗങ്ങളും ചെയ്യുന്നു.എന്നാല്‍ സാമൂഹ്യമായി ജീവിക്കാന്‍ മനുഷ്യന് മാത്രമേ സാധ്യമാകുകയുള്ളൂ. അത് അവന്റെ ബൗദ്ധിക ശക്തി കൊണ്ടുതന്നെയാണ്.

നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കുട്ടികള്‍ക്ക് കണ്ടു പഠിക്കാന്‍ ഉതകുന്നതാകുമ്പോള്‍ അവര്‍ മലയാളികളെയും ആ സംസ്‌കാരത്തെയും അറിഞ്ഞു സ്‌നേഹിക്കുവാന്‍ പഠിക്കുകയാണ്.

പ്രവാസി ജനതയുടെ നന്മകള്‍ ഉള്‍ക്കൊണ്ട് രണ്ടു സംസ്‌കാരവും തിരിച്ചറിഞ്ഞു ഓരോന്നിലേയും നന്മകള്‍ ഉള്‍ക്കൊള്ളുകയാണ്.പ്രതിഭകളെ വളര്‍ത്തുന്നതോടോപ്പോം സാമൂഹ്യ പരിഷ്‌കരണവും അവരിലൂടെ സാധ്യമാകും.

പണ്ട് കാലത്തെ അപേക്ഷിച്ചു പ്രവാസികള്‍ മലയാളം പഠിക്കുവാനും മലയാള സംസ്‌കാരം അറിയാനുമുള്ള ഔല്‍സുക്യം പ്രകടമാക്കുന്നുണ്ട് എന്നുള്ളതും ആശക്ക് വക നല്‍കുന്നു.

ഒരു സ്ഥലം അറിയണമെങ്കില്‍ ആ സ്ഥലത്തെ ഗന്ധമറിയണം എന്ന് ഒരു മാനസിക വിദഗ്ധന്‍ പറഞ്ഞതോര്‍ക്കുന്നു.നമ്മള്‍ വസിക്കുന്ന ചുറ്റുപാടും ഭൂപ്രകൃതിയും അറിയുക എന്നത് നമ്മള്‍ സ്വാഭാവികമായും ചെയ്യുന്നു. ആ സ്ഥലത്തെ ഇഷ്ടപ്പെടാന്‍ അവിടം അറിയുക പ്രധാനമാണ്. അതു പോലെ തന്നെ നമ്മള്‍ കൂട്ടുകാരെയും അറിഞ്ഞു തിരഞ്ഞെടുക്കുന്നു.

എന്നാല്‍ എന്തുകൊണ്ട് മക്കള്‍ക്ക് നമ്മെ അറിയാന്‍ അവസരം കുറയുന്നു .

നമ്മെ അറിയാന്‍ നമ്മുടെ മനസ്സിന്റെ ഭാഷ അറിയേണ്ടതുണ്ട്, നമ്മുടെ മാതൃ ഭാഷ അറിയേണ്ടതുണ്ട്.

ഒരു പതിറ്റാണ്ടിനു മുന്‍പുണ്ടായിരുന്ന കുട്ടികള്‍ മലയാളം അറിയില്ല എന്ന് പറഞ്ഞപ്പോള്‍ മലയാളം സ്ഫുടമായി പറയാന്‍ പഠിക്കുന്ന ഇന്നത്തെ കുട്ടികള്‍ പ്രതീക്ഷ നല്‍കുന്നു.

പ്രവാസികളായ കുട്ടികള്‍ മലയാളം പഠിക്കാന്‍ ഉത്സാഹം കാണിക്കുന്നു എന്നത് ആശാവഹമാണ് .മലയാളം പഠിപ്പിക്കുവാന്‍ വിവിധ സംഘടനകളും മുന്‍പോട്ടു വരുന്നു എന്നുള്ളതും അഭിനന്ദനാര്‍ഹമാണ്,മലയാളത്തിന്റെ ചെറു തളിരുകള്‍ അങ്ങിങ്ങായി മുളക്കുന്നുണ്ട് .ചെറിയ പക്ഷം മലയാളം കേട്ടാല്‍ മനസിലാവുന്ന മലയാളിയുടെ ഭക്ഷണത്തിന്റെ രുചിയും സംഗീതവുമറിയുന്നവര്‍ പുതു തലമുറയില്‍ ഇടം പിടിക്കുന്നു.

ഏതൊരു വിശ്വ സാഹിത്യം പരിശോധിച്ചാലും ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു പശ്ചാത്തലവും അതോടൊപ്പം ഉണ്ടാകും . പല സാഹിത്യ കൃതികളും സാംസ്‌കാരിക ഉന്നമനത്തിലേക്കുള്ള മനന പ്രക്രിയക്ക് ഉതകുന്നവയാണ് .അതിനെ ആലങ്കാരികമായി പല ബിംബങ്ങളിലൂടെയും സംവേദനം ചെയ്യുക എന്നത് തന്നെയാണ് oro കവിതയുടെ ലക്ഷ്യവും . കാവ്യാത്മകത കൂടുന്തോറും മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലുന്നു.ഈ ഉദ്യമത്തില്‍ ഊന്നുന്ന ഓരോ കൃതിയും .സാഹിത്യത്തിന് അനുയോജ്യമാണ്.

എങ്കിലും പ്രവാസികള്‍ക്കിടയില്‍ ഭാഷ പാണ്ഡിത്യം കൂടുന്നതിനുള്ള സാഹചര്യം കുറവായതിനാല്‍ ഭാഷ പാണ്ഡിത്യമുള്ളവരുടെ ക്ലാസ്സുകള്‍ സാഹിത്യ വാസനയുള്ള വ്യക്തികള്‍ക്ക് സഹായകമാകും.

ഒ എന്‍ വി യുടെ കവിതകള്‍ പരിശോധിച്ചാല്‍ എപ്പോഴും പ്രകൃതിയുടെ ഭാവങ്ങളെ എത്ര മനോഹരമായിട്ടുണ് മനുഷ്യ ഭാവങ്ങളോട് തുലനം ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ സാധിക്കും ഋതുമതിയായ കന്യകയെ ഒരു ദലം മാത്രം വിടര്‍ന്ന പനിനീര്‍ പൂവിനോട് ഏറ്റവും സുന്ദരമായി സാമ്യപ്പെടുത്തിയ കവി ഭാവന . കവിതയിലൂടെ സൃഷ്ടിക്കുന്ന അലൗകികവും അനശ്വരവുമായ പ്രണയഭാവമാണ് തൊടാതെ ഞാന്‍ നോക്കി നിന്നു എന്ന് പറയുന്നിടത്തു കാണാന്‍ സാധിക്കുന്നത്.

എത്ര കേട്ടാലും മതി വരാത്ത അനശ്വര ഗാനങ്ങള്‍ മനോഹരമായ കവിതകള്‍ കൂടിയാണ്.

എങ്കിലും ഭാഷ ജ്ഞാനവും ഓരോ വ്യക്തിക്കും കവിത സുന്ദരമാക്കുവാന്‍ ആവശ്യമാണ് .അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് തുടങ്ങുന്ന മറ്റൊരു കവിത ;സുഗതകുമാരി ടീച്ചറുടെ പെണ്മനസ്സിന്റെ നോവിനെ രാത്രി മഴയുടെ വിവിധ ഭാവങ്ങളില്‍ ഉള്‍കൊണ്ട ഭാവന.ഇങ്ങനെയുള്ള അനശ്വരങ്ങളായ കവിതകളില്‍ കൂടി സഞ്ചാരം നടത്താന്‍ ഒരു വേദി ഒരുക്കുകയാണ് പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്യുവാന്‍ കഴിയുന്നത്.സാഹിത്യ വാസനയുള്ളവര്‍ക്ക് അങ്ങനെയുള്ള ഒരു വേദി ഉണ്ടാക്കിയെടുത്താല്‍ തീര്‍ച്ചയായും അവരും മലയാള സാഹിത്യത്തില്‍ ഇടം നേടും.

എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതാതെ ,എഴുത്തിലൂടെ സാമൂഹിക പരിഷ്‌കരണത്തിന് സംസ്‌കരണത്തിന് ലക്ഷ്യമിട്ടാല്‍ അതില്‍ ഒരു കലയുമുണ്ട്.പുതിയ തലമുറ നല്ല വേരോട്ടതോടെ വലിയ മരങ്ങളായി തീരുവാനുള്ള ചേരുവകള്‍ നമുക്ക് ചേര്‍ത്ത് കൊടുക്കാം. ആ വേരുകള്‍ എല്ലാ അറിവുകളും നിറക്കാന്‍ അവരെ പ്രാപ്തരാകട്ടെ. അവരിലൂടെ മലയാള ഭാഷ വികസിക്കട്ടെ.

മലയാളമേ വരിക നീ
ഉള്ളം നിറച്ചു വരിക വീണ്ടും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക