Image

മാറുന്ന നാട്, ഒരു ചിന്ത, ചിന്തനീയം (കവിത: ജോസ് വിളയില്‍)

ജോസ് വിളയില്‍ Published on 22 May, 2019
മാറുന്ന നാട്, ഒരു ചിന്ത, ചിന്തനീയം (കവിത: ജോസ് വിളയില്‍)
വാമനന്‍ വന്നു പടിയടച്ചു, കാര്‍മുകില്‍വര്‍ണ്ണനും വന്നു പിന്നെ
ധര്‍മയുദ്ധം നടത്തി നീങ്ങി, അതില്‍ ധര്‍മ്മിഷ്ഠരും കുറെ ചത്തൊടുങ്ങി.
ഇനി കല്‍ക്കിയൊന്നിങ്ങു വരികെ വേണ്ടൂ, വെട്ടി നിരത്തി ചുടലയാക്കാന്‍
ഈറ്റുനോവായ് പല ദിക്കിലെങ്ങും, ദീനരോദനമിങ്ങു കേള്‍ക്കയായി.

മാറ്റം കാലത്തിന്റെ ന്യായമാണ്, മാറ്റിത്തിനൊത്തു നീ മാറിടേണം
മാറിയില്ലേലിഹത്തില്‍ നിന്നും, മാറ്റിടും നന്നായറിഞ്ഞുകൊള്‍കെ
ചില മാറ്റത്തിന്‍ ഭാഗമായി മാറുകെന്നാല്‍, മനസാക്ഷി വിലയായി നല്‍കുകത്രെ
മാറ്റം സുനാമിപോല്‍ വന്നുവെന്നാല്‍, ഉയരെ നീ നിന്നങ്ങു രക്ഷനേടാന്‍
ഉറപ്പുള്ള ഗോപുരമൊന്നു കൊണ്ടും, ചിലപ്പോള്‍ നിനക്കോ കഴിയാതെ പോകും

കാലത്തിനൊത്തു നീ കൊലംതുള്ളീം, സത്യം അറിയാന്‍ നീ വിട്ടുപോയി
കരുതലില്ലാത്ത മനുജരെന്നാല്‍, "കുരുതി' സ്വയം ചെയ്തങ്ങു പോന്നപോലെ.
സ്വാതന്ത്ര്യമെന്ന മധുവതുണ്ടും, മര്‍ത്യരോ മത്തുപിടിച്ചതിന്‍ വില കളഞ്ഞു
മരുന്നതായ് കാണേണ്ട മധുവതിന്നോ, അധികമമൃത് വിഷമായപോലെ
മൂല്യങ്ങള്‍ ഓരോന്നായി ഒലിച്ചുപോമോ, എന്നു ചിലര്‍ക്കങ്ങു പേടി ആയി

കടുകോളം പോരുന്ന ചോര്‍ച്ച ആയി പിന്നെ നെല്ലായി നെല്ലിക്ക തേങ്ങ പോലെ
ഇന്നതാന വലിപ്പമായി, ആ ചോര്‍ച്ചയടച്ചു കാക്കാന്‍, ആരാലുമിന്നോ കഴികയില്ല
ആരാന്റെ കണ്ടത്തില്‍ മടപൊട്ടിയപ്പോള്‍, കണ്ടങ്ങുമാറി രസിച്ചിടുന്നോര്‍,
തന്റെ വയലും വിളകളെല്ലാം, വെള്ളംകയറി, നശിക്കുമെന്നോര്‍ത്തിടാത്ത
മുഢരെ കൊണ്ടോലിയിടിച്ചു നില്‍പ്പൂ, ചിലര്‍ നിറമുള്ള മേല്‍മുണ്ട് കാട്ടിയിന്ന്.

നൂറ്റാണ്ടുകളായി കാത്തിരുന്ന, ചില സ്വാര്‍ത്ഥ ജാതി- മത ചിന്തയതൊന്നിനാലോ
ആരവം കാട്ടി പിടിച്ചൊതുക്കി, നിന്റെ ആയുസുനിന്നു വിലയിടുന്നു.
ഇനി പരിതാപ കാലമെന്നാരേലും ചൊല്ലിയെന്നാല്‍, കാര്യമുണ്ട് ചില ആശങ്കയും
നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍, മാറി ഇടവേള പോല്‍ കുറച്ചാശ്വസിക്കാം.

പിന്നെ സടകുടഞ്ഞെഴുന്നേറ്റു ദംഷ്ട്രകാട്ടി, കുടല്‍മാലയൊന്നു പുറത്തെടുക്കാന്‍,
നരസിംഹം പോലെ പതിയിരിക്കും, തൂണിലും തുരുമ്പിലുമെന്നപോലെ, ഇന്ന്-
മുക്കിലും മൂലയ്ക്കും, പിന്നെ, നിന്റെ വീട്ടിലെ വിഡ്ഢി പെട്ടിക്കകത്തുമെല്ലാം
സംഘടിച്ചെതിര്‍ക്കുവാന്‍ കരുത്തതില്ല, അന്നേപ്പോല്‍ കഷ്ട- നഷ്ടതാ കാരണവും.
ആര്‍ജവം ഇല്ല ഒരൂര്‍ജ്ജമില്ല, ആരോ ചാവികൊടുത്തു നടത്തുന്ന പാവ പോലെ

പത്രം വായിക്കുന്ന കുട്ടികളിന്നെത്രപേര്‍? അയലത്താരെന്നറിയുന്നോരെത്രപേര്‍?
സാമൂഹ്യ സേവനം എത്രമാത്രം? സാമൂഹ്യനീതി വിദ്യാലയ വീക്ഷണമോ?
തിന്മ കണ്ടാല്‍ പ്രതികരണശേഷി ഉണ്ടോ?, ഇടപെടുവാന്‍ മനസ്സില്‍ നന്മയുണ്ടോ?
സ്വാര്‍ത്ഥത ഇല്ലാതെ നന്മ ചെയ്തും, ഇനീം പുനസംഘടിപ്പിക്കാന്‍ നിനക്കായിടേണം.
ഓരോ കുടുംബവും എന്ന പോലെ, നിന്‍ സമൂഹോം നിന്നുത്തരവാദിത്വമല്ലോ
തമ്മില്‍ കരുതുക, സ്‌നേഹിക്കുക,. നിന്റെ നാടിന്റെ മാനോം നീ കാത്തിടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക