അഴലിരുള്‍ തുരക്കാന്‍ പ്രകാശമായ്
നീയെന്റെയരികത്തുതന്നെ നില്‍ക്കേണം.
അകമുറിവുണക്കുന്നൊരൗഷധം
പോലെന്റെയകതാരിലൊട്ടി നില്‍ക്കേണം.
പ്രകീര്‍ത്തിച്ചു ഗീതികള്‍ പാടിയില്ലെ
ങ്കിലും, അറിയേണമെന്നിലെസ്‌നേഹം.
അകലമറിയാത്തൊരീ ജന്മയാത്ര
ക്കന്ത്യനിമിഷംവരെ കൂടെവേണം.
എന്നിലുരുവാകുന്ന മൗനത്തിനര്‍ത്ഥം
ഗ്രഹിക്കുവാനറിയുന്നവന്‍ നീ.
അരികത്തണഞ്ഞില്ലയെങ്കിലെന്തെ
പ്പൊഴും അകതാരിലുണ്ട് നീമാത്രം.
അകലങ്ങള്‍ഭേദിച്ചനുസ്യൂതമെന്നിലേ
ക്കൊഴുകിയെത്തുന്നനിന്‍സ്‌നേഹം,
ഈ സ്‌നേഹതീരത്തിനപ്പുറത്തൊരു
ലോകമറിയുവാനില്ലാശതെല്ലും.
സ്വാര്‍ത്ഥസ്‌നേഹത്താല്‍ തളച്ചില്ല നീ
യെന്റെ ബന്ധിച്ച ചിറകുകളഴിച്ചുവിട്ടു.
വിശ്വാസദൃഢതയാലേകിടും സ്വാതന്ത്ര്യ
മൊരുപോറലേല്‍ക്കാതെ കാത്തിടാംഞാന്‍.
പകരമായ് നല്‍കുവാനില്ലെന്നിലീ
പതിരില്ലാ സ്‌നേഹമല്ലാതെയൊന്നും.
പതിവുപോലതു മാത്രമേകിടാമെന്നിലെ
പകലസ്തമിച്ചിടും നാള്‍വരേയ്ക്കും