Image

ദീപാ നിശാന്ത്, സുനിതാ ദേവദാസ്, ശാരദക്കുട്ടി..... സിപിഎമ്മിന്‍റെ കനലില്‍ വെള്ളമൊഴിച്ചവര്‍ ഇവരൊക്കെയാണ് (2019 തിരഞ്ഞെടുപ്പ് അവലോകനം)

കലാകൃഷ്ണന്‍ Published on 25 May, 2019
ദീപാ നിശാന്ത്, സുനിതാ ദേവദാസ്, ശാരദക്കുട്ടി..... സിപിഎമ്മിന്‍റെ കനലില്‍ വെള്ളമൊഴിച്ചവര്‍ ഇവരൊക്കെയാണ് (2019 തിരഞ്ഞെടുപ്പ് അവലോകനം)
ശബരിമല കേരളത്തില്‍ സിപിഎമ്മിനെ തിരിച്ചടിച്ചു എന്നതിന് രണ്ട് തര്‍ക്കമില്ല. എന്നാല്‍ സിപിഎമ്മും അവരുടെ സൈബര്‍ ബുദ്ധിജീവികളും ഇപ്പോഴും ശബരിമലയല്ല പ്രശ്നം എന്ന് ന്യായീകരിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണ്. 
ദേശിയ തലത്തില്‍ എല്ലായിടത്തും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കി എന്നു മാത്രം വിലയിരുത്തുക. അതിന് കാരണം കേരളത്തില്‍ പ്രധാന കക്ഷിയായ ഇടതുപക്ഷത്തോട് പ്രതികൂല മനോഭാവം ജനങ്ങള്‍ക്കുണ്ടായിരുന്നു എന്നത് തന്നെയാണ് കാരണം. എം.ബി രാജേഷിനെപ്പോലെ, സമ്പത്തിനെപ്പോലെ മികച്ച സ്ഥാനാര്‍ഥികള്‍ പോലും തോറ്റുപോയ സാഹചര്യമാണ് ഉണ്ടായത്. 
രണ്ട് യുഡിഎഫിന്‍റെ വിജയം വലിയ മാര്‍ജിനുകളിലാണ്. പത്തോളം സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം. അതായത് ജനങ്ങള്‍ ഇടതുപക്ഷത്തെ അടപടലം തള്ളിക്കളഞ്ഞു. 
അതിന് ഒരു കാരണം മാത്രമേയുള്ളു. കേരളത്തിലെ ഭൂരിപക്ഷ വിശ്വാസി സമൂഹം സിപിഎമ്മിന് എതിരായി ചിന്തിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനം ഇത്രയും ഭീകരമായ തോല്‍വിക്ക് കാരണമാകുമോ എന്ന് ന്യായമായും സംശയിക്കാം. അതിന് ഗ്രൗണ്ട് റിയാലിറ്റി എന്തെന്ന് മനസിലാക്കേണ്ടതുണ്ട്. 
കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ പോലും വാരഫലം വലിയ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കുന്ന ഒരു നാടാണ് നമ്മുടേത്. ഇപ്പോഴും വിവാഹം കഴിക്കാന്‍ ജാതകം ഒത്തു നോക്കുന്നവരുടെ നാട്. ഒരേ ജാതിയില്‍ പെട്ടവര്‍ തമ്മില്‍ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു എന്ന ഉദ്ദേശത്തോടെ ജാതി തിരിച്ച് വിവാഹ പരസ്യം നടത്തുന്നവരുടെ നാട്. എന്തിന് സ്വര്‍ണം മേടിക്കാന്‍ പോലും അക്ഷയ ത്രിത്രിയക്ക് കാത്തിരിക്കുന്നവരുടെ നാട്. പിന്നെ വിദ്യാഭ്യാസം ഉണ്ടായി എന്നതും ഗള്‍ഫ് പണം ജീവിത നിലാവരം വര്‍ദ്ധിപ്പിച്ചു എന്നതും കണ്ടിട്ട് ഇവിടയങ്ങ് പുരോഗമിച്ചു പോയി എന്ന് കരുതിയാല്‍ എന്ത് ചെയ്യും. 
എത്രത്തോളം സാക്ഷരത നേടിയാലും യാതൊരു സയന്‍റിഫിക് ടെമ്പറുമില്ലാത്ത ജനതയാണ് കേരളത്തിലെ ബഹുഭൂരിപക്ഷവും. ഹിന്ദു ജനവിഭാഗം മാത്രമല്ല മുസ്ലിം കമ്മ്യൂണിറ്റിയും ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയും ഇക്കാര്യത്തില്‍ കണക്കാണ്. സ്വര്‍ഗത്തിലെ ഹൂറിമാരുടെ കണക്ക് മുസ്ലിം സമുദായത്തെ വിളിച്ചിരുത്തി പ്രസംഗിക്കുന്ന മതപുരോഹിതന്‍മാര്‍ ഇന്ന് നിത്യകാഴ്ചയാണ്. 
അപ്പോള്‍ ചോദിക്കും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം നടത്തിയതും ഇതേ നാട്ടിലായിരുന്നില്ലേ എന്ന്. അവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സവര്‍ണ്ണര്‍ക്ക് മാത്രം ക്ഷേത്രപ്രവേശനം എന്നത് ആചാരം പോലെയൊന്നായിരുന്നുവെങ്കിലും സവര്‍ണ്ണ അധികാരത്തിന്‍റെ പ്രയോഗമായി അതിനെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണര്‍ അനുഭവിക്കുകയും ദുരിതപ്പെടുകയും ചെയ്തിരുന്നു.  എന്നിട്ടും ക്ഷേത്ര പ്രവേശനം വിളമ്പരം വന്നിട്ട് 12 കൊല്ലമെടുത്തു അത് യാഥാര്‍ഥ്യമാകാന്‍. 
എന്നാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ല എന്നതിനെ ഒരു സവര്‍ണ്ണ അധികാരമായി ആരും കാണുന്നില്ല എന്നതാണ് യഥാര്‍ഥ്യം. ശബരിമല അയ്യപ്പന്‍ എന്ന ദൈവത്തിന്‍റെ പുരാണവുമായി ബന്ധപ്പെട്ട ഒരു ആചാരമായിട്ടാണ് അതിനെ കാണുന്നത്. സവര്‍ണ്ണരും അവര്‍ണ്ണരും അടങ്ങുന്ന നാനാ ജാതിക്കാരും അങ്ങനെ തന്നെയാണ് കാണുന്നത്. അതിന് പിന്നിലെ ലിംഗനീതിയുടെ പ്രശ്നത്തെ അവര്‍ കാണുന്നില്ല എന്നത് തന്നെയാണ് കാര്യം. 
ഇവിടെ സുപ്രീം കോടതി സ്ത്രീപ്രവേശനം സാധ്യമാക്കണം എന്ന് പറയുമ്പോള്‍ ഈ വിധി നടപ്പക്കാന്‍ ജനത്തെ ബോധവല്‍കരിക്കാന്‍ സമയം ആവശ്യപ്പെടുക എന്നതായിരുന്നു ഒരു പ്രായോഗിക ബുദ്ധിയുള്ള സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. 
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും ശാസ്ത്രസാഹിത്യ പരിഷിത്തുമൊന്നും ഇപ്പോള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന സാഹചര്യമാണ്. മിനിമം പത്രത്തിലെ വാരഫലത്തെയെങ്കിലും കളിയാക്കാന്‍ അവര്‍ക്ക് കഴിയാറില്ല. ഒരു ആചാരത്തെ, ജനരീതിയെ മാറ്റിയെടുക്കേണ്ടത് അതിന്‍റെ വോരോട്ടത്തില്‍ തുടങ്ങി പരിഷ്കരിച്ചുകൊണ്ടാണ്. അല്ലാതെ നേരെ ചെന്ന് തലവെട്ടുകയല്ല വേണ്ടത്. യുവതി പ്രവേശനത്തെ പിന്തുണച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ ചെയ്തതും ഇതേ കാര്യമാണ്. നേരെ ചെന്ന് തലയങ്ങ് വെട്ടി. 
സര്‍ക്കാരിന്‍റെ ഉദ്ദേശ ശുദ്ധിയൊന്നും ജനത്തിന് വ്യക്തമായില്ല. എന്നാല്‍ ജനത്തിന് അറിയാമായിരുന്നത് ബിജെപിക്കാര്‍ ഇരട്ടത്താപ്പുകാരായിരുന്നു എന്നതാണ്. പത്തനംതിട്ടയില്‍ പോലും ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയെങ്കില്‍ ജനത്തിന് അറിയാം വര്‍ഗീയയെ വിളിച്ച് വീട്ടില്‍ കയറ്റരുതെന്ന്. 
സിപിഎമ്മിന്‍റെ കുഴിതോണ്ടിയ രണ്ടാമത്തെ വിഭാഗം ദീപാ നിശാന്ത് മുതല്‍ സുനിതാ ദേവദാസും ശാരദക്കുട്ടിയും അടങ്ങുന്ന പ്രായോഗിക രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത ഇടതു സൈബര്‍ ആക്ടീവിസ്റ്റുകളാണ്. സിപിഎമ്മിനെ പുകഴ്ത്തലാണ് ഇവരുടെ അടിസ്ഥാന സ്വഭാവം. സിപിഎം ആളെക്കൊന്നാല്‍ പോലും മിണ്ടില്ല. പക്ഷെ ലോകം മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് തങ്ങളെപ്പോലെ ചിന്തിച്ചുകൊള്ളണം എന്നതാണ് ഇവരുടെ പിടിവാശി. ദിപാ നിശാന്ത് മുതലായവര്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്തോറും ജനങ്ങള്‍ സിപിഎമ്മിനെ വെറുത്തു എന്ന് വേണം മനസിലാക്കാന്‍. രമ്യാ ഹരിദാസ് എന്ന പുത്തന്‍ സ്ഥാനാര്‍ഥി രണ്ട് തവണ മികച്ച വിജയം നേടിയ പി.കെ ബിജുവിനെ മലര്‍ത്തിയടിച്ചെങ്കില്‍ അതില്‍ ദീപാ നിശാന്തിന്‍റെ റോള്‍ ചില്ലറയല്ല. 
ഇങ്ങനെ സഹായിക്കാന്‍ കെട്ടിക്കയറി വരുന്നവരെ സിപിഎം ആദ്യം ആട്ടിയോടിക്കണം. പിന്നീട് ജനത്തോട് ഇടപെടാന്‍ തയാറാവണം. ഒറ്റ ദിവസം കൊണ്ട് ഇതുവരെയില്ലാത്ത സയന്‍റിഫിക് ടെമ്പറിലേക്കും തോമസ് ഐസക്കിന്‍റെ ബൗദ്ധികതയിലേക്കും മുഴുവന്‍ മലയാളിയും വളര്‍ന്നോണം എന്ന് വാശിപിടിക്കരുത്. മറാന്‍ ജനത്തിനും അവസരം നല്‍കണം. അവസരം ഒരുക്കണം. മാറാന്‍ തയാറാകുമ്പോള്‍ മാറ്റത്തിന് വഴിയൊരുക്കണം. ഇനിയൊരു ശബരമല കൂടി ആവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഇടതുപക്ഷം ഉണ്ടാവില്ല എന്ന് ഓര്‍ക്കണം. ഇക്കണ്ട ദീപാ നിശാന്തൊക്കെ അപ്പോഴേക്കും നല്ല സംഘി സ്തുതിപഠാകരായി മാറിയിട്ടുണ്ടാകും എന്ന് മനസിലാക്കണം. 
അല്ലെങ്കിലും പോത്തിന് എന്ത് ഏത്ത വാഴ.
Join WhatsApp News
നാണക്കേട് 2019-05-25 16:12:20
അങ്ങാടിയിൽ തോറ്റാൽ അമ്മയോട് .
josecheripuram 2019-05-27 10:00:18
"KALAKRISHNAN<KALAKKI>"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക