ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരത്തിന്റെ ചുവട്ടില്‍ ഒരു ഒരു പിടിമുറ്റാത്ത അപ്പൂപ്പന്‍ വേരില്‍ അവനെയും കാത്തു കാത്ത് അവള്‍ ഇരുന്നു. പ്രകൃതി മനോഹരമായ ഹോളി ഹില്‍ റാഞ്ചില്‍ വന്നെത്താമെന്നു അവന്‍ പറഞ്ഞതനുസരിച്ചാണ് അവള്‍ അവിടെ തന്നെതാന്‍ കാറോടിച്ചു രാവിലെ തന്നെ എത്തിയത്. ഹോളി ഹില്‍ റാന്‍ഞ്ച് അമേരിക്കയിലെ ഒരു മനോഹരമായ റിസോര്‍ട്ട് ആണ്. പോലീസ് സെക്യൂരിറ്റിയോടെ ആയിരം ഏക്കറിലധികം വരുന്ന റാഞ്ചില്‍ പ്രകൃതി ദത്തമായ ഒരു തടാകത്തിന്റെ ശാഖയോടൊപ്പം കുന്നുകളും കാടുകളും പൂന്തോപ്പുകളൂം ചെറിയ വീടുകളും കൊണ്ട് സമ്പന്നമാണെന്നു മാത്രമല്ല മിനി ഗോള്‍ഫ് ഉള്‍പ്പടെ, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ബാസ്‌കറ്റ് ബോള്‍, വോളി ബോള്‍, സ്വിമ്മിങ് പൂള്‍, പുല്തകിടികള്‍ മുതലാവയും അതിഥികളെ ആകര്‍ഷകരാക്കുന്നു. മാന്‍ പേടകളും, കേഴകളും, മുയലും പക്ഷികളും ഹോളി ഹില്ലിന്റെ പ്രത്യേകതയാണ്. ഫിഷിങ്ങ് ഇവിടെ എത്തുന്നവരുടെ ഒരു ഹോബി തന്നെ ആണ്. ഓണര്‍ഷിപ് ഉള്ളവര്‍ക്കുമാത്രമേ പ്രവേശനം ഉള്ളു എന്നത് പ്രത്യേകതയാണ്. അനുവാദത്തോടെ ഓണേഴ്‌സിന്റെ ഗുസ്റ്റുകള്‍ക്കും താമസിക്കാം.
മെര്‍ലിന്‍ തന്റെ ഐ ഫോണില്‍ വാട്‌സ് ആപ്പ് ക്ലോസ് ച്യ്തിട്ടു് സമയം നോക്കി. സന്ധ്യക്ക് ആറു മണിയോടെ എത്തുമെന്നാണല്ലോ അവന്‍ പറഞ്ഞിരുന്നത്. ഇവിടെ ഡേ ലൈറ്റ് സേവിങ് ആയതിനാല്‍ ഇരുട്ടാന്‍ എട്ടുമണിയെങ്കിലും ആകുമെന്നത് ആശ്വസമായി. ഇപ്പോള്‍ ആറു കഴിഞ്ഞു പത്തുമിനിട്ടുകൂടി മുമ്പോട്ടു പോയിരിക്കുന്നു. 'അഞ്ചു മിനുറ്റുകൂടി നോക്കാം പിന്നെ ഒന്നുകൂടി സെല്ലില്‍ വിളിച്ചു നോക്കാം' അവള്‍ മനസ്സില്‍ പറഞ്ഞു. ' ഐ വില്‍ ബി ദെയ്ര്‍ വിഥിന്‍ ഫൈവ് മിനിറ്റ് ഡാര്‍ലിംഗ്' പെട്ടെന്നാണ് അവള്‍ ടെക്സ്റ്റ് മെസ്സേജ് കണ്ടത്. ആ അഞ്ചു മിനിറ്റ് അവള്‍ക്കു അഞ്ഞൂറ് മൈല്‍ യാത്ര ചെയ്യുന്ന ദൂരം പോലെ തോന്നി. വീട്ടിലിരുന്നു മടുത്തപ്പോള്‍ ആണ് അവള്‍ക്കു പുറത്തേക്കിറങ്ങി പ്രക്രുതി ഒന്ന് ആസ്വദിക്കാന്‍ തോന്നിയത്. ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങളുടെ കാട്. അതിന്റെ ഇലച്ചിലില്‍നിടയില്‍ കൂടി സൂര്യ രസ്മികള്‍ ഭൂമിയില്‍ ശരങ്ങള്‍ പോലെ അരിച്ചിറങ്ങി നിലത്തു പതിച്ചു കൊണ്ടിരുന്നു. മനോഹാരിത പരത്തി വെളുത്ത പഞ്ഞി കെട്ടുകള്‍ പോലെ വെള്ളിമേഘങ്ങള്‍ വിശാലമായ നീലാകാശത്തു പറന്നു കളിക്കുന്നു. തൂവെള്ള നിറമുള്ള മുഴുത്ത മഗ്‌നോളിയ പൂക്കളുടെ ഗന്ധം അവളുടെ മൂക്കില്‍ തുളച്ചു കയറി. നാടന്‍ ഗന്ധരാജന്‍ പൂക്കളെ ഓര്‍ത്തുകൊണ്ട് അവള്‍ ഒരു പൂവ് ഇറുത്തെടുത്തു മണപ്പിച്ചു. ഹാ..എന്തൊരു വാസന...ഈ പൂവിന്റെ പൂമ്പൊടി തേനീച്ചകള്‍ ഒരു പ്രത്യേക സെല്ലില്‍ ശേഖരിക്കുമെന്ന് തേനീച്ച വളര്‍ത്തുന്ന എബ്രഹാം അങ്കിള്‍ പറഞ്ഞതവള്‍ പെട്ടെന്ന് ഓര്‍ത്തുപോയി.
വീണ്ടും അവള്‍ നോക്കെത്താത്ത ദൂരത്തു കണ്ണും നട്ട് അവനെ ഓര്‍ത്തിരുന്നു. അവന്‍ അടുക്കല്‍ ഉള്ളപ്പോള്‍ ഇത്രയുമില്ല, പക്ഷെ അകലെയാകുമ്പോള്‍....മനസിന്റെ അകത്തളത്തില്‍ മൊട്ടിട്ട വിരഹത്തിന്റ ഗര്‍ത്തത്തില്‍ നിന്നും പ്രേമത്തിന്റെ ഇളം മന്ദമാരുതന്‍ മെല്ലെ വീശുന്നതവള്‍ അറിഞ്ഞു. ഉത്തമ ഗീതത്തിലെ പ്രേമ പരവശയായ, സുന്ദരിയായ മെലിഞ്ഞു കറുത്ത പെണ്‍കുട്ടിയെ പോലെ എന്തിനോ വേണ്ടി അവള്‍ തിരഞ്ഞു. ശരിയാണ് പ്രേമത്തെ ഇളക്കുവാന്‍ പാടില്ലെന്നാണ് ഉത്തമ ഗീതത്തില്‍ എഴുതിയിരിക്കുന്നത്. കാത്തിരിപ്പിന്റെ വിരസതയില്‍ അവള്‍ പൈന്‍ മരത്തിന്റെ ഉണങ്ങിയ പൂക്കള്‍ നിരത്തി ഒരു പുതിയ പൂവിനു രൂപം നല്‍കി. അതോടൊപ്പം അവളുടെ അടുക്കളയില്‍ ഇലട്രിക് സ്‌റ്റോവില്‍ കഞ്ഞിയും പയറും തയാറായിക്കൊണ്ടിരുന്നു എന്ന് അവള്‍ ഓര്‍ക്കാന്‍ മറന്നില്ല. വേവാന്‍ സമയമുണ്ടല്ലോ....
ഒടുവില്‍ അവന്റെ ബെന്‍സിന്റെ ശബ്ദം അവളുടെ കാതുകളില്‍ ഇരമ്പലായി, പിന്നെ ഒരു നാദ സ്വരം പോലെ ഇമ്പമായി മാറി. 'റോബര്‍ട്ട് ' തന്റെ പ്രിയന്‍ ഇതാ എത്തുന്നു. ബിസിനസ് ട്രിപ്പുമായി ഒരുമാസമായി സിംഗപൂരിലായിരിന്നു അവന്‍. അവളുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ മിന്നലുകള്‍ ആയിരം കൊള്ളിമീന്‍ പോലെ മിന്നി മറഞ്ഞു. അവന്‍ എന്തുകൊണ്ടും സുന്ദരന്‍ തന്നെ. കറുത്ത ജീന്‍സും നേവി ബ്ലൂ ടി ഷര്‍ട്ടും ധരിച്ചു ചൂടിനെ നേരിടാന്‍ ഒരു സ്‌റ്റൈലന്‍ കൂളിംഗില്‍ഗാസും ധരിച്ചു അവന്‍ കാറില്‍ നിന്നും ഇറങ്ങുന്നത് അവള്‍ കൗതുകത്തോടെ നോക്കി നിന്നു. അവനെ താന്‍ കണ്ടില്ലെന്ന ഭാവത്തില്‍ അവള്‍ മുഖം കുനിച്ചിരുന്നു. 'അവന്‍ തന്നെ വിളിക്കട്ടെ' അവള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് മറ്റൊരു കലാരൂപം സൃഷ്ടിക്കുന്നതില്‍ തിരക്കിലായി. 'ഹായ് മെര്‍ലിന്‍...' അവന്‍ ഉറക്കെ വിളിച്ചു. അവള്‍ മുഖം ഉയര്‍ത്തി അവനെ നോക്കി. അവന്റെ സൗന്ദര്യത്തില്‍ എന്നും അവള്‍ യഥാര്‍ത്ഥത്തില്‍ ആകര്‍ഷയായിരുന്നു. എന്തൊരു പേഴ്‌സണാലിറ്റി.ഇവന്‍ പിന്നെയും വണ്ണം വച്ചുവോ...ഹോട്ടലിലെ തീറ്റിയായിരിക്കും.... അവള്‍ ഓര്‍ത്തു. എങ്കിലും അത് അവള്‍ പുറത്തു കാണിക്കാതിരിക്കാന്‍ ശ്രമിച്ചു. അവന്‍ തന്റെ അരികിലേക്ക് ഓടി എത്തും. തന്നെ കോരി എടുത്തു ഉമ്മവയ്ക്കും എന്നൊക്കെ അവള്‍ വിചാരിച്ചു.
പക്ഷെ അവന്‍ കാറിനു വെളിയില്‍ ഇറങ്ങി വീണ്ടും വിളിച്ചു ഹേ മെര്‍ലിന്‍... കമ്മോണ്‍...പെണ്ണെ , രണ്ടു കൈയും വിരിച്ചുകൊണ്ടു അവന്‍ നിന്നു. പിന്നെ ഒന്നും ആലോചിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അവന്റെ അരികിലേക്ക് ഒരു പ്രാവിനെ പോലെ അവള്‍ ചിറകടിച്ചു പറന്നു. അവന്‍ അവളെ വാരി പുണര്‍ന്നു. നിറുകയില്‍ ചുംബിച്ചു. യാക്കോബ് റേച്ചലിനെ കിണറ്റും കരയില്‍ വച്ച് ഉമ്മ വെച്ചതുപോലെ. വിദേശത്തു വന്നപ്പോള്‍ ആദ്യമായി തന്റെ ആടുകള്‍ക്ക് വെള്ളം കോരിക്കൊടുക്കാന്‍ തയ്യാറായ റേച്ചലിനെ യാക്കോബ് സ്‌നേഹിച്ചതുപോലെ...ഒരു വിശുദ്ധ പ്രേമത്തിന്റെ താളുകളിലേക്കു അവന്റെ മനസ് അറിയാതെ പറന്നുപോയി. അല്ലെങ്കിലും അവന് അവളെപ്പറ്റി ഒത്തിരി പറയാനുണ്ട്. വീട് വിട്ടാല്‍ പള്ളിയും പളളികഴിഞ്ഞാല്‍ വീടും പിന്നെ പള്ളിക്കൂടവും. അത്രമാത്രമേ ഈ പാറുക്കുട്ടിക്ക് അറിയത്തുള്ളൂവെന്ന് താന്‍ തമാശയായി പലപ്പോഴും പറയാറുണ്ട്....
'വരൂ നമുക്കു റൂമിലേക്ക് പോകാം' അവള്‍ പറഞ്ഞു. ഹോളി ഹില്‍ റാഞ്ചിന്റെ മനോഹരമായ കൊച്ചു വീട്ടിലേക്കു അവള്‍ അവനെ ആനയിച്ചു. 'കഞ്ഞിയും പയറും പാകത്തിന് വെന്തു റെഡിയായിരിക്കുന്നു. നല്ല ചമ്മന്തിയും ഉണ്ടാക്കാം നീ പോയി കുളിച്ചു ഫ്രഷ് ആയി വരൂ.' അവള്‍ അവനെ ബാത്ത് റൂം കാട്ടി കൊടുത്തു. ഹേയ് മെര്‍ലിന്‍ നീ പെട്ടി ഒന്ന് തുറന്നു നോക്ക് എന്തൊക്കെയാണ് ഞാന്‍ നിനക്കായി വാങ്ങി കൊണ്ട് വന്നിരിക്കുന്നത്. അവന്‍ കുളിക്കാന്‍ ബാത്ത് റൂമിലേക്ക് പോയി അവള്‍ പെട്ടിതുറന്നു അത്ഭുതത്തോടെ അവന്‍ കൊണ്ടുവന്ന പുതിയ സ്‌റ്റൈലന്‍ ചുരിതാറും സാരിയും മറ്റും കണ്ട് അവള്‍ അത്ഭുതം കൂറി. തന്റെ പ്രിയന്റെ സ്‌നേഹത്തില്‍ അവള്‍ അഭിമാനം കൊണ്ടു. എങ്കിലും കാശ് അനാവശ്യമായി സാധനങ്ങള്‍ വാങ്ങി ചിലവാക്കുന്ന ഈ ചെറുക്കന്റെ സ്വഭാവം മാറിയിട്ടില്ല, അവള്‍ ഓര്‍ത്തു. കുളി കഴിഞ്ഞെത്തിയ റോബര്‍ട്ട് നേരെ തന്നെ കാത്തിരുന്ന കഞ്ഞിയും പയറും തേങ്ങാ ചമ്മന്തിയും ആസ്വദിക്കാന്‍ തിടുക്കത്തോടെ അവളോടൊപ്പം ഇരുന്നു. നാടന്‍ ഭക്ഷണത്തിന്റെ നഷ്ടം വന്ന ഗൃഹാതുരത്യം വീണ്ടെടുത്ത് അവന്‍ പറഞ്ഞു ' എന്തൊരു രുചി'. നീ അടിപൊളി കുക്ക് ആണേ....പറയാതിരിക്കാന്‍ വയ്യ...പച്ച മത്തിയില്‍ ഇഞ്ചി ചേര്‍ത്ത് മസാല പുരട്ടി നീ വറത്തെടുക്കുന്ന മീനിന്റെ രുചി പലപ്പോഴും ഞാന്‍ ട്രാവല്‍ ചെയ്യുമ്പോള്‍ ഓര്‍ക്കാറുണ്ടെടി...നിന്റെ ആ തമിഴ് പാട്ടും...'രാസാത്തി..എന്നെ വിട്ടു പോകാതെടീ... ' അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി വിരിഞ്ഞു നിന്നു. കണ്ണുകള്‍ തിളക്കത്തോടെ അവന്‍ കഞ്ഞി ആര്‍ത്തിയോടെ കഴിക്കുന്നതും നോക്കി ഒപ്പം അവളും കഞ്ഞി പങ്കുവെച്ചു. അവന്‍ ഓര്‍ത്തുകാണുമോ ഒരു റിബ്ബ് ഗ്രില്ല് ചെയ്തതോ, നൂഡില്‍സോ മറ്റോ ഉണ്ടായിരുന്നെങ്കില്‍ എന്ന്? ഗ്രില്ലിങ് ഒക്കെ അവന്റെ വകുപ്പല്ലെ, അല്ലെങ്കില്‍ തന്നെ കഞ്ഞിയും പയറും വയറിന് ഏറ്റവും നല്ലതാണല്ലോ. അവള്‍ സ്വയം ചിന്തിച്ചു സമാധാനിച്ചു.
അത്താഴം കഴിഞ്ഞു ബെഡ് റൂമിലേക്ക് അവള്‍ അവനെ ആനയിച്ചു. മനോഹരമായ കിടക്ക. അവള്‍ ഇപ്പോഴും കിടക്ക മനോഹരമാക്കുന്നതില്‍ അഗ്രഗണ്യ തന്നെ. ബെഡ് റൂം ലോക്ക് ചെയ്തു കിടക്കയിലേക്ക് തിരിയുമ്പോള്‍ അവള്‍ ചോദിച്ചു. 'പ്രാര്‍ത്ഥിക്കണ്ടേ?' യെസ്, നമുക്ക് പ്രാര്‍ത്ഥിക്കാം, ഈ ലോകത്തിലെ സകല മനുഷ്യ ജാതിക്കും നന്മ വരാനായി പ്രാര്‍ത്ഥിക്കാം. മാതാ പിതാക്കള്‍ക്കായി, സഹോദരങ്ങള്‍ക്കായി, കൂട്ടുകാര്‍ക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു....തന്റെ തന്നെ നാലു വരികള്‍ പാടി ധ്യാനിച്ചു:
'സര്‍വ്വ സൃഷ്ടികളുടെയുംഉടയവനെ, സര്‍വ്വേശ്വരാ...
സ്‌നേഹിക്കാന്‍ വരം നല്കീടണമെ, സ്‌നേഹമായെന്നില്‍
വന്നു വാണീടണമെയെന്നും നീ വളരേണം ഞാനോ നിന്‍
വരം വാങ്ങുവാന്‍ യോഗ്യനല്ലെങ്കിലും കരുണ തോന്നീടണേ.....'
അല്‍പ സമയം ഒന്നിച്ചു അവളോടൊപ്പം പ്രാര്‍ത്ഥിക്കുന്നത് മനസ്സിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ശക്തി പകരുന്ന ഒരു കാര്യം തന്നെയാണ്. ഒരു ആണും പെണ്ണും ഒറ്റകെട്ടായി നിന്നാല്‍ ഒരു ശക്തിക്കും അവരെ തോല്പിക്കുവാന്‍ കഴിയുകയില്ല. അവന്‍ ഓര്‍ത്തുപോയി. കണ്ണിലേക്കു തുളച്ചു കയറുന്ന ബെഡ് ലാംപ് ഓഫ് ചയ്തു കിടക്കയിലേക്ക് മറിയുമ്പോള്‍ അവന്റെ ഇടതു കൈക്കുള്ളില്‍ തലവച്ചുകൊണ്ടു അവള്‍ പറഞ്ഞു. 'ഈ രാത്രി ഞാന്‍ എത്ര കൊതിച്ചു. ഇനി ഞാന്‍ നിന്നെ എങ്ങും വിടില്ല. നീ എന്റെ കൂടെ തന്നെ കാണണം. എനിക്ക് പഴയ പോലെ ഉള്ള കാത്തിരുപ്പു മേല'. 'ഒകെ മോളെ' അവന്‍ പറഞ്ഞു. ജീവിതത്തിലെ യഥാര്‍ഥ്യങ്ങള്‍ക്കു നേരെ നാം കണ്ണടക്കുമ്പോള്‍, മോഹങ്ങള്‍ വീണ്ടും ബാക്കി നില്കുന്നു. അവന്‍ ഓര്‍ത്തു. അസ്ഥികള്‍ പൂക്കുന്ന ഒരു രാത്രി മറക്കാനാവാത്ത അനുഭവമായി മാറവെ അവര്‍ തളര്‍ന്നുറങ്ങി. പെട്ടന്നാണ് അവന്‍ ഒരു ശബ്ദം കേട്ടത്. അവന്‍ ചെവി ഓര്ത്തു. അവളെ വിളിക്കേണ്ട. പാവം ക്ഷണിച്ചു കിടക്കുകയല്ലേ. അവന്‍ മനസ്സില്‍ പറഞ്ഞൂ.
ആരോ കതകു തുറക്കുന്നു. അവന്‍ ബെഡ് റൂം ലോക്ക് ആണോ എന്ന് ഒന്നുകൂടി നോക്കി ഉറപ്പാക്കി. അതെ ആരോ വീടിന്റെ മുന്‍വശത്തെ കതകു തുറന്നു അകത്തു കടന്നു. അടുക്കളയില്‍ ഉള്ള ആഹാരം എല്ലാം തിന്നുന്ന ശബ്ദം. അവന്‍ ജനലഴികളിപ്പോടെ നോക്കി. രണ്ടു മൃഗങ്ങള്‍. ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു മൃഗങ്ങള്‍. ഇവ എങ്ങനെ കതകു തുറന്നു. അവന്‍ അത്ഭുതം കൂറി. എല്ലാം തിന്നു തീര്‍ത്ത ശേഷം പിന്നാമ്പുറത്തെ ബാക് യാര്‍ഡിന്റെ കതകു തുറന്നു അവ കാട്ടിലേക്ക് മറഞ്ഞു. അവന്‍ ബെഡ് റൂം തുറന്നു ബാക് യാര്‍ഡിലേക്കു പോയി. കാട്ടിലൂടെ അവറ്റയെ ഒന്ന് പിന്തുടര്‍ന്നാലോ, അവന്‍ ഓര്‍്ത്തു. നോക്കാം. തിരികെ വന്ന് അവന്‍ തന്റെ ഒരു ടോര്‍ച്ചും തന്റെ കൂടെ പിറപ്പായ തോക്കും കയ്യിലെടുത്തു. തിടുക്കത്തില്‍ ഷൂസ് ഇട്ടു ഒരു ഷോര്‍ട്‌സും ജാക്കറ്റും ധരിച്ചു തിടുക്കത്തില്‍ അവറ്റയെ പിന്തുടര്‍ന്നു. ഓടി ഓടി അവന്‍ ഒരു പാറക്കൂട്ടത്തിന്നരികില്‍ അത്തി. അവിടെ ഒരു മനോഹരമായ അരുവി ഉണ്ടായിരുന്നു. അവന്‍ ക്ഷീണിച്ചു അരുവിക്കരയില്‍ ഇരുന്നു. അരുവി വന്നു പതിക്കുന്നിടത്തു ചെറിയ കുളം പോലെ വെള്ളം കെട്ടി നുരയും പതയുമായി വീണ്ടും കുത്തി ഒഴുകികൊണ്ടേയിരുന്നു. അതില്‍ നല്ല പരല്‍ മീനുകള്‍. പല നിരത്തിലുമുള്ള മീനുകള്‍. മീനുകളെ പിടിക്കുവാന്‍ വെളുത്ത കൊക്കുകള്‍ ഒറ്റക്കും കൂട്ടമായും ചില സ്ഥലങ്ങളില്‍ പതിയിരിക്കുന്നു. കറുത്ത പാറക്കഷണങ്ങളില്‍ തട്ടി തെളിനീര്‍ പോലുള്ള വെള്ളം ചെറിയ ഇരമ്പലോടെ ഒഴുകുന്നത് എത്ര മനോഹരമായിരിക്കുന്നു. ഒരു ഫോട്ടോ എടുക്കുവാന്‍ അവന്‍ ഫോണിനുവേണ്ടി പോക്കറ്റില്‍ കൈ തിരുകി. 'ഹോ... മറന്നു പോയി ഫോണെടുക്കുവാന്‍' ഫോണ്‍ കൈയില്‍ ഇല്ലാത്ത തന്നോടൊപ്പമുള്ള നേരം മെര്‍ലിന് ഏറ്റവും ഇഷ്ടമുള്ള നേരങ്ങളാണ്. ഫോണ്‍ കയില്‍ ഇല്ലാത്തപ്പോള്‍ അവള്‍ പറയാറുണ്ട്. 'അല്‍പനേരം സ്വൈരം കിട്ടുമല്ലോ... അപ്പോള്‍ താന്‍ പൊട്ടിച്ചിരിക്കാറുണ്ട്.
താന്‍ ഇപ്പോള്‍ എവിടെയാണ്? അവനു ഒന്നും പിടി കിട്ടിയില്ല. എല്ലാം ഒരു നാടകം പോലെ. അവന്‍ ഞെട്ടിപ്പോയി. കുറ്റാകൂരിരുട്ടില്‍ തിരിച്ചു വീടെത്തുവാന്‍ കഴിയാത്ത വിധം അവന്‍ ഉള്‍ ട്ടില്‍ എത്തിയിരിക്കുന്നു. ആകെപ്പാടെ ഒരു ഏകാന്തത...വീട്ടില്‍ തിരിച്ചു എങ്ങനെ എത്താം? അവന്‍ ധൈര്യം കൈ വിടാതെ തിരികെ ഓടി. പക്ഷെ അവനു വീണ്ടും വഴി തെറ്റി, കാടും കഴിഞ്ഞു ഒരു നാല്‍ക്കവലയില്‍ എത്തി. വഴി പലരോടും അവന്‍ ചോദിച്ചു. പക്ഷെ ആര്‍ക്കും അവനെ ശരിയായി ഒരു തുമ്പു കൊടുക്കുവാന്‍ പോലും കഴിഞ്ഞില്ല. അവന്‍ വീണ്ടും ക്ഷമയോടെ നടന്നു. അപ്പോള്‍ അതാ ഒരു വൃദ്ധന്‍ തലയില്‍ ഒരു കേട്ട് ചുള്ളി കമ്പുമായി തനിക്കെതിരെ നടന്നു വരുന്നു. ഹേ അങ്കിള്‍, ഹോളി ഹില്ലിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരുമോ? 'മോന്‍ ഏതാ... ' വൃദ്ധന്‍ ചോദിച്ചു. ഞാന്‍ റോബര്‍ട്ട്...വഴിതെറ്റിപോയി.... 'ഓ..മോന്‍...വിഷമിക്കണ്ട...മോന്‍ നേരെ ചെല്ലുമ്പോള്‍ ഒരു ഒറ്റയടിപ്പാത കാണും. അതിലൂടെ ഒരു മൈലോളം നടന്നാല്‍ ഒരു തോട് കാണാം. തോടുകടക്കാന്‍ ഒരു തടിപ്പാലം ഉണ്ടാവും.. സൂക്ഷിച്ചു വീഴാതെ നടക്കണം... അതും കഴിഞ്ഞാല്‍ ഒരു വലിയ കയറ്റമാണ്. ആ കയറ്റം കയറി മുകളില്‍ ചെല്ലുമ്പോള്‍ അവിടെ എഴുതി വച്ചിട്ടുണ്ട് 'ഹോളി ഹില്‍ റാന്‍ഞ്ച്...
'താങ്ക്യൂ അങ്കിള്‍' എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് ....വൃദ്ധന്‍ പറഞ്ഞ വഴികളിലൂടെ അവന്‍ നടന്നു. പറഞ്ഞ തോടെത്തി. ഒരു ഒറ്റ തടിപ്പാലം... മൈ ഗോഡ്... വീണാല്‍ ആഴമുള്ള തോട്. അവന്‍ താഴേക്ക് നോക്കി...ചീങ്കണ്ണികള്‍ മീനുകളെ പിടിച്ചു തിന്നുന്നു...താഴെ വീണാല്‍ കഥ കഴിഞ്ഞത് തന്നെ... അതായിരിക്കാം സൂക്ഷിച്ചു നടക്കണം എന്ന് വൃദ്ധന്‍ പറഞ്ഞത്... നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഈ വഴി വരുമായിരുന്നില്ല...കയറ്റവും താണ്ടി കൊണ്ട് ഒടുവില്‍ അവന്‍ വീടിനു മുമ്പില്‍ എത്തി...അവന്‍ വിളിച്ചു 'മെര്‍ലിന്‍...മെര്‍ലിന്‍...' പെട്ടെന്ന് അവന്റെമേല്‍ ഒരു ആശ്വസിപ്പിക്കുന്ന കരം നീണ്ടുവന്നു. 'എന്ത് പറ്റിയെടാ സ്വപ്നം കണ്ടതാണോ?' സ്വപ്നത്തില്‍ നിന്നും ഒരു ഞെട്ടലോടെ അവന്‍ ഉണര്‍ന്നു. അരികില്‍ അവള്‍ ഉണ്ട്. മൈ ഗോഡ് വാട്ട് എ ഡ്രീം...സ്‌നേഹത്തോടെ അവന്‍ അവളെ പുണര്‍ന്നു... ഒപ്പം അവന്‍ ഓര്‍ത്തു ഇവള്‍ ഒരു മാലാഖയാണോ... വീണ്ടും അവന്‍ ഉറങ്ങി...പ്രഭാതത്തില്‍ സൂര്യ കിരണങ്ങള്‍ ജനാലയിലൂടെ തന്നെ മാടി, മാടിവിളിക്കുവോളം.....പ്രഭാത പക്ഷികള്‍ പാടുന്ന മധുര്യ ഗാനങ്ങള്‍ കേട്ടു ദൈവത്തിനു സ്തുതി...പറഞ്ഞുകൊണ്ട് എഴുന്നേക്കവേ ചൂട് ചായയുമായി മെര്‍ലിന്‍ എത്തിയിരുന്നു...