ഇന്നലെ (കവിത: ജയശ്രീ രാജേഷ്)

Published on 07 June, 2019
ഇന്നലെ (കവിത: ജയശ്രീ രാജേഷ്)
മൗനത്തിന്‍  സ്വരരാഗ
വീചിയായ്
മീട്ടുന്ന ശരത്കാല
സ്വപ്നം പോല്‍
കാലം കുമ്പിളില്‍ നീട്ടി
എനിക്കായെന്‍ ഇന്നലെ

അടരുന്ന പൊന്മണി
ചിറകിലായ് തേരേറി
അതിലോലമാകുമെന്‍ മോഹത്തിന്‍
കതിരേറ്റിയോരിന്നലെ

കായല്‍ പരപ്പിലെ
ആഴത്തില്‍ ആമ്പല്‍ പോല്‍
അലിയുന്ന സാന്ദ്രമാം
അകതാരില്‍ കൂമ്പിയ
നിനവിന്റെ ചെപ്പാണെനി
ക്കെന്നുമെന്‍ ഇന്നലെ

പൊഴിയുന്ന സംഗീതമായ്
രാവിന്റെ വിരി മാറില്‍
ഊര്‍ന്നിറങ്ങുമാ നേര്‍ത്ത
രാത്രിമഴ തന്‍ കിനാവായ്
എനിക്കെന്റെ ഇന്നലെ

ചെറു മന്ദ മാരുതന്‍
കൈകള്‍ തന്‍ താരാട്ടില്‍
കൂമ്പിയ മിഴി തന്നില്‍
വിടരും സ്‌നേഹത്തിന്‍
ചെമ്പക സുഗന്ധമാ ണെന്നുമെന്നിന്നലെ

നനുത്ത മഞ്ഞിന്‍
കണമൂറും കറുകകള്‍
തിങ്ങുന്ന നട വഴിയില്‍
പതിഞ്ഞ നേര്‍ത്ത
പദ നിസ്വനമാണെനിക്കെന്റെ ഇന്നലെ

കാണാന്‍ കൊതിച്ചോരാ
പിടയുന്ന മിഴികളില്‍
തിളങ്ങും സ്‌നേഹത്തിന്‍
അണയാതെ കത്തുന്ന
ചിരാതാണെനിക്കിന്നലെ

ഓര്‍ക്കുവാന്‍ മാത്രം
മറക്കാതെ കൊതിക്കും
ചാരുതയാര്‍ന്നൊരാ
പ്രണയത്തിന്നോമന
നോവാണെനിക്കിന്നലെ...

ഇന്നിന്റെ നോവിലേക്കൊരു
മയില്‍പ്പീലി തുണ്ടുമായ്
പുഞ്ചിരി തൂകിയെന്നെ
ഗാഢം പുണരുന്നു
എന്നിലെ ഇന്നലെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക