Image

കാലം മായിക്കാത്ത സ്‌നേഹമാണച്ഛന്‍ (കവിത: പി. സി. മാത്യു)

പി. സി. മാത്യു Published on 17 June, 2019
കാലം മായിക്കാത്ത സ്‌നേഹമാണച്ഛന്‍ (കവിത: പി. സി. മാത്യു)
അമ്മയുറങ്ങി, അമ്മാവനുറങ്ങി, അന്തിക്കള്ളധികം മോന്തി വൈകിയെത്തും
അയല്‍വാസി അപ്പുക്കുട്ടനുറങ്ങി, അയല്‍വക്കക്കാരൊക്കെയുറങ്ങിയെന്നിട്ടും
അച്ഛനുറങ്ങിയില്ലിനിയും മക്കള്‍ മടങ്ങിയെത്തിയിട്ടില്ല പട്ടണത്തില്‍ നിന്നും  
അച്ഛനുറങ്ങാന്‍ കഴിയുന്നീല അമ്മ പലവട്ടം വിളിച്ചിട്ടും മക്കളിങ്ങെത്താതെ... 

അച്ഛനുറങ്ങാത്ത വീടാണെന്റെ വീട്, വിളക്കണയാത്ത വീടാണെന്റെ വീട്....
അമ്മയും അമ്മൂമ്മയും ഗ്രാമമൊക്കെയുമുറങ്ങിയാലും എന്റച്ഛനുറക്കമില്ല.
സന്ധ്യക്ക് തിരികൊളുത്തി സന്ഡ്യാ പ്രാര്‍ത്ഥന തീര്‍ന്നിട്ടുമെത്താത്തോര്‍ക്കായ്  
സഹന ശക്തി സംഭരിച്ചെന്നച്ഛന്‍ കാത്തിരിക്കും തുറന്നുവെച്ച കണ്ണും കാതുമായി. 

ഇന്നിനി മക്കളെത്തുമതിവേഗമെന്നച്ഛനോര്‍ത്തു,  'അച്ഛന്‍ ദിനമല്ലേ' ഇന്നേവര്‍ക്കും 
ഇഷ്ടം കാട്ടി ഇണക്കുവാന്‍ മക്കള്‍ വരും, അമ്മക്ക് നല്‍കിയ സമ്മാനങ്ങളെപ്പോല്‍ 
സമ്മാനങ്ങള്‍ കൊണ്ടുതരാന്‍ മക്കളെത്തുമല്പം നേരത്തേയെന്നോര്‍ത്തോര്‍ത്തു മനം 
സന്തോഷത്താല്‍ നിറഞ്ഞച്ഛനുമ്മറപ്പടിയിലാ ചിമ്മിനിവെട്ടത്തില്‍ കാത്തിരിക്കെ... 

മക്കള്‍ വിളിച്ചു ഫോണില്‍ പറഞ്ഞച്ഛനുറങ്ങിക്കോ ഞങ്ങളെത്തുവാന്‍ വൈകും 
മനമിത്തിരി നൊന്തെങ്കിലും കാത്തിരുന്ന് കഥകളെഴുതിയ അച്ഛനാണെന്റച്ചന്‍.
കലയിലും കായികത്തിലും ഞങ്ങളെ ഞങ്ങളാക്കുവാനച്ഛന്‍ കാട്ടിയ ഉല്‌സുകത... 
കാലത്തിനുപോലും മായിക്കുവാന്‍ കഴിയിലെന്ന സത്യമാണ് സ്‌നേഹമാമച്ഛന്‍.

കപ്പലണ്ടി മുട്ടായി പെട്ടിനിറയെ നാട്ടിലിലെത്തിച്ചു ക്ഷാമകാലത്തും ഞങ്ങളെ 
കഴിപ്പിച്ച സ്‌നേഹവാന്‍ മറന്നീല സ്‌കൂളവധിക്കു സുഖവാസസ്ഥലമാം കുറ്റാലത്തില്‍ 
അമ്മക്കൊപ്പം രണ്ടുമാസം വീതം താമസിപ്പിക്കുവാന്‍, സഹ്യനുള്ളിലെ ഏലക്കാട്ടില്‍ 
അമ്പരപ്പിക്കും അത്തിപ്പഴങ്ങളും വന്‍ തേനും മോറീസ് വാഴപ്പഴങ്ങളും നല്‍കുവാന്‍.

അച്ഛനിന്നരികിലില്ലിപ്പോഴെങ്കിലും താമസിക്കുന്നു വാനിലൊരുവീട്ടില്‍ സുഖമായ്...
അന്നൊരിക്കെലെന്‍ സ്വപ്നത്തില്‍ ചൊന്നാവിവരം ദൂരെ നിന്നൊരു ഫോണ്‍ സന്ദേശമായ്
സ്വാന്തനമേകുവാനെന്‍ ഹൃത്തിനാ സന്ദേശമൊരു ആകാശദൂതു പോല്‍ മാറിയെങ്കിലുമാ  
സങ്കടം സൃഷ്ടിച്ച  ശൂന്യമാം ദുരൂഹത നഷ്ടപ്പെടുന്നവനുമാത്രമറിയുന്ന നഷ്ടമാണ് സത്യം.

കാലം മായിക്കാത്ത സ്‌നേഹമാണച്ഛന്‍ (കവിത: പി. സി. മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക