കുരിശു കൃഷി (കഥ: തമ്പി ആന്റണി)

Published on 19 June, 2019
കുരിശു കൃഷി (കഥ: തമ്പി ആന്റണി)
ആറുരുളി പുഴയുടെ തീരത്തു നിന്നു നോക്കിയാല്‍ തേയിലക്കാടുകള്‍കൊണ്ട് പച്ചപ്പട്ടു വിരിച്ച കുറെ കുന്നിന്‍പുറങ്ങളും പഴെയ ആറുരുളിപാലവും കാണാം  . ആ കുന്നുകളിക്കിടയില്‍ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന  ഒരു കൊച്ചു   മലയോര പ്രദേശമാണ്  കൂനംപാറ. കാല്‍നടക്കാരുടെ ചവിട്ടുകൊണ്ടു മുരടിച്ച പുല്ലുകള്‍ നിറഞ്ഞ ഒരു നാട്ടുവഴി  വന്നുചേരുന്ന താറിട്ട റോഡിലാണ് കൂനമ്പാറ കവല. നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കൂനംപാറ സിറ്റി  എന്നും പറയും .  ആ  കവലയിലെ ഇന്നത്തെ തിരക്കുകണ്ടാല്‍ ഒരന്തിച്ചന്തയാണന്നേ തോന്നൂ. തോട്ടംതൊഴിലാളികളൊക്കെ പണികഴിഞ്ഞു സിറ്റിയിലേക്കിറങ്ങുന്ന സമയമാണ് . പുഴക്കക്കരെയുള്ള രാഗിണി ടാക്കിസില്‍നിന്നും ഏതോ തമിഴപ്പാട്ട് അവ്യക്തമായി കേള്‍ക്കാം. സിറ്റി പൊതുവെ ശബ്ദമയമാണ് . കുന്നിപുറത്തുനിന്നും താഴിട്ടിറങ്ങിവരുന്ന പള്ളിവഴി വളഞ്ഞു പുളഞ്ഞു മെയിന്‍ റോഡില്‍ മുട്ടുന്നിടത്താണ് കുരിശുപള്ളി. അവിടെ മാതാവിന്‍റെ തിരുരൂപത്തിനു മുന്‍പില്‍  ഒന്നുരണ്ടു തൊഴിലാളി സ്ത്രീകള്‍  നിശബ്ദമായി മുട്ടുകുത്തിനിന്നു മെഴുകുതിരി കത്തിക്കുന്നു. സിറ്റിയില്‍ എവിടെനിന്നു നോക്കിയാലും മലമുകളിലൂടെ കോടമഞ്ഞടിച്ചു കയറുന്നതുകൊണ്ടു കൂനംപാറപള്ളിയിലൂടെ കുരിശിന്‍റെ അറ്റം മഞ്ഞില്‍നിന്നും ഒന്നെത്തിനോക്കുന്നതുപോലെയെ തോന്നൂ. അന്നത്തെ ആ ദിവസം  നാട്ടുകാരുടെ  പ്രധാന സഗമസ്ഥലമായ കൂട്ടാപ്പി ആന്‍ഡ് സണ്‍സ് റ്റി ഷോപ്പില്‍  സ്ഥലത്തെ മാന്യന്മാര്‍ ഗൗരവകരമായ ചര്‍ച്ചയിലാണ് . കവലേക്കൂടെ ഓട്ടോറിക്ഷ ഓടിച്ചുനടന്ന കുട്ടാപ്പി ഒരു സുപ്രഭാതത്തിലാണീ കുട്ടാപ്പി ആന്‍ഡ് സണ്‍സ് തുടങ്ങിയത്. ലോട്ടറി അടിച്ചു കിട്ടിയ പണമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. അതിന്‍റെ നിജസ്ഥിതിയൊന്നും ആര്‍ക്കും അറിയില്ലങ്കിലും ഒളിച്ചും പാത്തും കുരിശുകുത്തി  സമരത്തെ അനുകൂലിച്ചുള്ള പല ജാഥാകളിലും  കുട്ടാപ്പി പങ്കെടുത്തിട്ടുണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്.  അതും ഏതോ സഭക്കാര്‍  ഭൂമി കൈയേറി കുരിശു കുത്തി എന്ന  ആരോപണത്തില്‍ മലമുകളിലെ കുരിശും തറയും വിവാദത്തിലായ സമയമാണെന്നോര്‍ക്കണം. അപ്പോഴാണ് അപ്പച്ചന്റെ വരവ്.

കൂനമ്പാറയിലെ ഏക ഇലക്ട്രീഷ്യനായ കരണ്ടപ്പച്ചന്‍  ഒരോട്ടോ പിടിച്ച് കൂട്ടാപ്പി യുടെ റ്റി ഷോപ്പിലേക്കു വന്നത് . നല്ല ഫോമിലായാല്‍പ്പിന്നെ അപ്പച്ചങ്ങനെയാ ഓട്ടോപിടിച്ചാ യാത്ര. ഒരിക്കല്‍ ബൈക്കുമായി ബാലന്‍സ് തെറ്റി ആറുറൂളിപുഴയിലേക്കൊന്നു മറിഞ്ഞതാ. വെള്ളത്തിലായതുകൊണ്ടുമാത്രം നിസാരപരിക്കുകളോടെ രക്ഷപെട്ടു. ഒഴുകിപ്പോയ ആ ചാടാക്ക് ബൈക്ക് നാട്ടുകാരും ഫെയര്‍ ഫോഴ്‌സുംകൂടിയാ  പൊക്കിയെടുത്ത്. പിന്നെയാ ബൈക്കൊന്നു നന്നാക്കിയെടുക്കാന്‍ കുറെ ചിലവായി എന്നത് വേറെ കാര്യം . അന്ന് നാട്ടുകാരുടെ മുന്നില്‍വെച്ചു സത്യപ്രതിജ്ഞ ചെയ്തതാ വെള്ളമടിച്ചാല്‍പിന്നെ ബൈക്ക് ഓടിക്കില്ല എന്ന്. ഹെല്‍മറ്റ് പോലും വെക്കാത്ത കരണ്ടപ്പച്ചന്‍. അതൊന്നും അത്ര കൃത്യമായിട്ട് പാലിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കറിയാം. എന്നാലും  ആ സംഭവത്തിനു ശേഷം  നല്ല പൂശു പൂശുന്ന ദിവസം അപ്പച്ചന്‍ ബൈക് ഓടിക്കാനുള്ള ധൈര്യമില്ല. ഒരനുഭവമുള്ളതുകൊണ്ട് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപോലെയാ . പെട്ടന്ന് ആ ഓട്ടോ റ്റി ഷോപ്പിന്റെ വാതുക്കല്‍ ചവിട്ടി നിര്‍ത്തിയപ്പോഴേ   കൂട്ടാപ്പി  പറഞ്ഞു. ഇന്ന് അപ്പച്ചന്‍ നല്ല ഫോമിലാ. തൊട്ടാല്‍  കറണ്ടടിക്കും.അന്നത്തെ പ്രധാനപ്പെട്ട  ചര്‍ച്ച കുരിശൂ തകര്‍ക്കലായിരുന്നു എന്ന് ഇനി പ്രത്യകം പറയേണ്ടതില്ലല്ലോ. കടയുടമ കുട്ടാപ്പിയെക്കൂടാതെ റിട്ടയേര്‍ഡ് പ്രൊഫസര്‍ പീറ്ററും,  തൊഴിലാളി നേതാവ് വേണുജിയും,  ടി.വി. ചാനലുകാരെപ്പോലെ ചൂടുള്ള  വാര്‍ത്ത കിട്ടിയതിന്റെ ഉത്സാഹത്തിലായിരുന്നു. നാട്ടിലെ ഒരേയൊരു പട്ടാളക്കാരനായിരുന്ന കാപ്റ്റന്‍ പത്രോസ്  പള്ളിവക ഒരു സ്വകാര്യ സ്ഥാപനത്തില്‍ അദ്ധ്യാപകനായപ്പോഴാണ്  പ്രൊഫസര്‍ പീറ്ററായത്.

അപ്പച്ചന്‍ വന്നപാടെ പാടെ കടയുടെ മുന്നില്‍നിന്നു മുണ്ടൊന്നു മുറിക്കിയുടുത്തു ചായക്കടയുടെ ഉള്ളിലേക്കൊന്നു കണ്ണോടിച്ചു.സ്ഥലത്തെ സ്വന്തം ലേഖകന്‍കൂടിയായ അപ്പച്ചന്‍റെ  വരവ് ആര്‍ക്കും അപ്രതീഷിതമൊന്നുമായിരുന്നില്ല . ചറുതായി ഒരു രാഷ്ട്രീയ ചിരി ചിരിച്ചിട്ട് അയാള്‍ അവിടെ കൂടിയിരുന്ന എല്ലാവരോടുമായി ഒരുപമ പറഞ്ഞു.

"ഭാര്യമാര്‍ വെയ്ക്കുന്ന സാമ്പാറുകറി ചോറിനുകൂട്ടാന്‍ നല്ലതാ പക്ഷെ  അണിഞ്ഞൊരുങ്ങി കല്യാണ പാര്‍ട്ടിക്കു പോകാന്‍നില്‍ക്കുബോള്‍ അവരുടെ സാരിയില്‍ ഒന്നൊഴിച്ചുനോക്ക് . അപ്പോഴറിയാം വിവരം . പിന്നെ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകും"

കരണ്ടപ്പച്ചന്‍ എന്താ  ഇങ്ങനെ ഒരു മുഖാവരയുമില്ലാതെ പറയുന്നത്  എന്നായിരുന്നു ചായക്കട സദസ്സിന്‍റെ  സംശയവും. ഉടനെ വേണുജിയാണ്  പ്രതികരിച്ചത്.

" അപ്പച്ചോ ചുമ്മാ പിച്ചും പേയും പറയാതെ കാര്യംപറ . ഇവിടെയിപ്പം കറിയും സാബാറും  വെച്ചകാര്യമൊന്നും ആരും പറഞ്ഞില്ലല്ലോ. ഇന്നത്തെ പ്രധാന വാര്‍ത്ത  മലയിലെ  കുരിശല്ല '

"അതുതന്നെയല്ലേ ഞാനീ പറഞ്ഞുവരുന്നത്  കുരിശാണെങ്കിലും വിഗ്രഹമാണെങ്കിലും അതിരിക്കേണ്ടിടത്തിരിക്കണം. താനിരിക്കുന്നിടത്തു താനിരുന്നില്ലെങ്കില്‍ കണ്ട കൊടിച്ചിപ്പട്ടിയൊക്കെ കയറിയിരിക്കുമെന്നു പറഞ്ഞുകേട്ടിട്ടില്ല.  മനുഷ്യര്‍ക്ക് മാത്രമല്ല മതചിഹ്നങ്ങള്‍ക്കും ഇരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. വല്ല മലയിലും കാട്ടിലും  കൊണ്ടെ സ്ഥാപിക്കാനുള്ളതാണോ ഈ കുരിശ് . ഒള്ളതുപറഞ്ഞാല്‍  പണ്ടുതൊട്ടേ  സന്ന്യാസിമാരും പുണ്ണിയാളന്മാരുമൊക്കെ നമ്മക്കിട്ടു പണിതന്നു എന്ന് പറഞ്ഞാമതിയല്ലോ "

മുന്‍ ഇടതുപക്ഷ മന്ത്രി ചക്കാലക്കല്‍ കുട്ടപ്പന്‍റെ  ഭാഷയില്‍ പറഞ്ഞാല്‍ ഇതൊക്കെ  "ഒരുമാതിരി കാട്ടിലെ പണിയാ". കാശുണ്ടാക്കാന്‍ അല്ലാതെ പിന്നെ . അതും പണ്ടൊക്കെ പട്ടിണികിടന്നും  ചെരിപ്പുപോലുമിടാതെ ത്യാഗം സഹിച്ചുമാണ് ആളുകള്‍ മലചവിട്ടിയിരുന്നത് . ഇന്ന് നേര്‍ച്ചപെട്ടിയില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യത്തിനു റോഡുകളായി പാലങ്ങളായി,  എന്തിനുപറയുന്നു വി.ഐ.പി.കള്‍ക്ക് വേണമെങ്കില്‍ പരാമസുഖമായി ഹെലികോപ്റ്ററില്‍ ചിന്നിറങ്ങാം. ഇഷ്ടംപോലെ നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ വേറെ."

ഇത്രയും ഒറ്റ ശ്വസത്തില്‍ പറഞ്ഞിട്ട് കറണ്ട് മൊത്തത്തില്‍ ഒന്ന് നോക്കി. ആര്‍ക്കും കാര്യമായ പ്രതികാരണമൊന്നുമില്ല . അല്ലെങ്കിലും സത്യം പറയുബോള്‍ ആരെങ്കിലും  എന്തിനു പ്രതികരിക്കണം എന്ന ഭാവത്തിലാണ് മാന്യ സദസ്സ്  . ഇത്രയൊക്കെയായിട്ടും ക്യാപ്റ്റന്‍ പത്രോസിന്‍റെ  ശ്രദ്ധമുഴുവന്‍ പത്രത്തിലാണ് . പീറ്റര്‍ സാറങ്ങനെയാ അയാള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുബോള്‍ പത്രം വായിക്കുന്ന രീതിയില്‍ കുനിഞ്ഞിരിക്കും . എന്നാല്‍  വേണുജിയും കുട്ടാപ്പിയും എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടായിരുന്നു. അതറിഞ്ഞുകൊണ്ടുതന്നെ അപ്പച്ചന്‍ കുട്ടാപ്പിയോടായി.

"കുട്ടാപ്പി കടുപ്പത്തിലൊരു ചായ "

വേണുജി കൈയില്‍ കൊണ്ടുവന്ന കുപ്പിയില്‍നിന്നു ഒരുകവിള്‍ വെള്ളം  കുടിച്ചിട്ട് ചില്ലലമാരിയില്‍നിന്ന് ഒരു പരിപ്പുവട എടുത്തു കറമുറാന്നു കടിച്ചുതിന്നാന്‍ തുടങ്ങി. കുപ്പിയില്‍ പാട്ടാചാരായമാണെന്നു  കുട്ടാപ്പിക്കും കൂട്ടകാര്‍ക്കും നല്ലതുപോലെ അറിയാം . എന്നാലും ആ പതിവുശീലങ്ങളൊന്നും ആരും അറിഞ്ഞതായി നടിക്കില്ല. ഒരുകവിള്‍കൂടി മോന്തിയിട്ടു കുപ്പി മേശപ്പുറത്തു വെച്ചിട്ട്   വേണുജിയാണ് സംസാരിച്ചു തുടങ്ങിയത്.

"എന്‍റെ  അപ്പച്ചാ ഇതൊക്കെ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. അല്ലെങ്കിലും അതിനിപ്പം ഇത്രയധികം വികാരംകൊണ്ടിട്ടു വലിയ കാര്യമൊന്നുമില്ല."

"അതുനേരാ  ഇന്നും ഇന്നലെയുന്നുമല്ല  അങ്ങു തോമാശ്‌ളീഹായുടെ കാലത്തുതൊട്ടുള്ള കളിയാ .അതിന്‍റെയൊക്കെ തിക്തഫലങ്ങളാ  നമ്മളീ അനുഭവിക്കുന്നത് . സത്യംപറയാമെല്ലോ കോളേജില്‍ പഠിക്കുബോള്‍  കൂടെ പഠിക്കുന്ന കൂട്ടുകാരോടെ നിര്‍ബന്ധിച്ചിട്ടാ ഒരു രാത്രി ആ മലയാറ്റൂര്‍ മല ഒന്നു ചവിട്ടിയത് . കുറെ പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നതുകൊണ്ട് തട്ടും പിടിച്ചും കേറിപ്പോയതറിഞ്ഞില്ല .അതും നല്ല ചൂടുള്ള ഏപ്രില്‍ മാസം. തിരിച്ചു താഴെവന്നപ്പം വിയര്‍ത്തു കുളിച്ചു ഒരു വല്ലാത്ത അവസ്ഥയിലായി . അന്നുതൊടങ്ങീതാ നടുവിനൊരു പിടുത്തം . അന്നത്തെ ഷീണം ഇപ്പോഴും മാറിയിട്ടില്ല.  ഇനിയിപ്പം അതുമാറണമെങ്കില്‍  വേളാങ്കണ്ണി പോയി മാതാവിനോടു മുട്ടുമ്മേ നിന്നു പ്രാര്‍ഥിക്കണമെന്നാ ഇടവകപള്ളീലെ റോബിനച്ചന്‍  പറയുന്നത് . അതുവല്ലോം നടക്കുന്ന കാര്യമാണോ കുട്ടാപ്പി.അതും തൊട്ടടുത്തുള്ള കൂനന്‍പാറ പള്ളീല്‍ പോകാത്ത എന്നോട്. ഞാനപ്പാഴേ അച്ഛനോടുപറഞ്ഞു. അച്ചോ അതു തിളച്ച വെള്ളമാ  ആ വെള്ളമങ്ങു വാങ്ങിവെച്ചേരെന്ന് '.

അതുകേട്ടപ്പഴേ കുട്ടാപ്പിക്കറിയാം പകുതി പുളുവടിക്കുന്നതാണെന്ന്.
അച്ചന്മാരെപ്പറ്റിയൊക്കെ പല പെണ്‍ വാണിഭ കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഫാദര്‍ റോബിന്‍ കാടുംകെറി അങ്ങനെയൊന്നുമില്ല കേട്ടോ. പേരുപോലെ തന്നെ അച്ചട്ടാ അച്ഛന്‍റെ  പെരുമാറ്റം . പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഏതു കടും മാലയും കേറും . അങ്ങനെ എല്ലാ സമുദായക്കാര്‍ക്കും സമ്മതനായ വികാരിയച്ഛന്‍റെ നേരെനോക്കി  അത്രയുമൊന്നും പറയാനുള്ള ധൈര്യമൊന്നും ഈ കരണ്ടിന്നില്ലന്ന് എല്ലാവര്‍ക്കും അറിയാം. ഉടനെ കുട്ടാപ്പിയും  കരണ്ടപ്പച്ചനെ സപ്പോര്‍ട്ട് ചെയിതു. വേണുജിക്കാണെങ്കില്‍  ചായക്കടയിലാണെങ്കിലുംവേണ്ടില്ല പ്രസംഗിക്കാനൊരു ചാന്‍സുകിട്ടിയന്നുള്ള സന്തോഷമാണ് . പട്ടച്ചാരായത്തിന്‍റെ ലഹരിയില്‍  ഇടനെ  എഴുന്നേറ്റുനിന്നു പ്രഭാഷണം തുടങ്ങി.

"പണ്ടാരണ്ടു പറഞ്ഞപോലെ പൊന്നു പൂശിയാലൂം പൊന്നുകൊണ്ടുണ്ടാക്കിയാലും ഈ മലമുകളിലും പുണ്ണ്യസ്ഥലങ്ങളിലും  ഇരിക്കുന്നതെല്ലാം കുരിശുതന്നെയാ . അതൊന്നും പോരാഞ്ഞിട്ട് ബാങ്കിന്‍റെ ഒക്കെ ബ്രാഞ്ചാഫീസുപോലെ വഴിയരികിലും കുരിശുവെച്ച ഡിപ്പോസിറ്റ് ബോക്‌സുകള്‍ വേറെ. ആദ്യം കൃസ്ത്യാനികള്‍ തുടങ്ങി. അത് ഒരു നല്ല വരുമാനമാര്‍ഗ്ഗമാണെന്നറിഞ്ഞുകൊണ്ടുതന്നെ മറ്റുമതക്കാരും കണ്ണാടിക്കൂട്ടില്‍ ചായപുരട്ടിയ വിഗ്രഹങ്ങള്‍ വെച്ചുതുടങ്ങി. വിഗ്രഹമില്ല എന്നു പറയുന്നവരും വിട്ടില്ല.അവരുംതുടങ്ങി പല അടയാളങ്ങളും വെച്ചു റോഡരുകിലെ പണി. ഇനിയിപ്പം അതൊക്കെ ഇടിച്ചുമാറ്റിയാല്‍ പ്രഷോഭനമുണ്ടാകും അതിലുമെളുപ്പം റോഡ് അങ്ങുമാറ്റിവിടുന്നതാ "

പണ്ടൊരു മന്ത്രി അയാളുടെ മണ്ഡലത്തില്‍  അനധികൃതമായി പാലംപണിതപ്പോള്‍ പ്രതിപക്ഷം പുഴ മാറ്റിവിട്ടതുപോലെ. പിന്നെ വെറും നോക്കുകുത്തിയെപ്പോലെ ആ  പാലത്തിന്‍റെ നിപ്പ് ഒന്നു കാണേണ്ടിയതുതന്നെയായിരുന്നു. അതുപോലെ നമുക്കിനി ഈ  വഴികളെല്ലാം  മാറ്റിവിടാം. അപ്പോള്‍പിന്നെ കുരിശുള്ളതും അല്ലാത്തതുമായ എല്ലാ നേര്‍ച്ചപെട്ടികളും നോക്കുകുത്തികളാകും. അപ്പോള്‍ അതൊക്കെ നാട്ടുകാരുതന്നെ കൈകാര്യം ചെയ്‌തോളും. അല്ലാണ്ടിപ്പം എന്താ പോംവഴി"

ഇത്രയും പറഞ്ഞു വേണുജി  എന്തോ തമാശ പറഞ്ഞമട്ടില്‍ ഒന്നു ചിരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും . പീറ്റര്‍സാറിന്‍റെ  നോട്ടംകണ്ടപ്പോള്‍ അതുപേഷിച്ചു.  സത്യത്തില്‍ അപ്പോഴാണ് പ്രൊഫസര്‍  ഒന്നുണര്‍ന്നത്  . അയാള്‍ പിള്ളേര്‍ക്ക് ക്ലാസ്സ് എടുക്കുന്ന ലാഘവത്തിടെ ചരിത്രം പറഞ്ഞുതുടങ്ങി

" എടാ കുട്ടാപ്പി ഈ നേര്‍ച്ചപെട്ടിയൊക്കെ പള്ളിവകയാ . എന്തായാലും മതപ്രവാചകന്മാര്  ഒരു നല്ലകാര്യം ചെയിതു . പള്ളിയുടെകൂടെ ഒരു കുടം കൂടെ ചേര്‍ത്തു പള്ളിക്കുടമുണ്ടാക്കി .അങ്ങനെ യൊരു ഉപകാരം മാത്രമാണ് അവരെക്കൊണ്ടു  നമുക്കുണ്ടായത്. അതുകൊണ്ട് നമ്മക്കിത്തിരി ലോകവിവരവും കമ്മ്യുണിസവും ഉണ്ടായി. ആംഗലേയ ഭാഷയും വിദ്യാഭ്യാസവുംകൂടെ ഇന്ത്യയെ ഒന്നാക്കി. എന്നിട്ട് ദേശീയ കോണ്‍ഗ്രസാണ് ഇന്ത്യയെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു.കൂട്ടത്തില്‍ കുത്തകമുതലാളിയായ മോത്തിലാല്‍ നെഹ്‌റു മകനുവേണ്ടി കോണ്‍ഗ്രസ്സ്പാര്‍ട്ടി വളര്‍ത്തി വലുതാക്കി. അതിനൊക്കെ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്വന്തം മകനെ ആദ്യത്തെ പ്രധാനമന്ത്രിയാക്കാനുള്ള ഒരു തന്ത്രമായിരുന്നു അതൊക്കെ. അങ്ങനെ ഇന്ത്യയെ വിലക്കുവാങ്ങുന്നതു കണ്ടിട്ടും  ഗാന്ധിയപ്പൂപ്പന്‍ കമാന്നൊരക്ഷരം പറഞ്ഞില്ല. അല്ലെങ്കിലും പണത്തിന്‍റെ മേലേ പരുന്തുപോലും പറക്കില്ല എന്നല്ല പറയപ്പെടുന്നത്. അറ്റകൈക്ക് സായിപ്പിന്‍മാര്‍  എല്ലാംകൂടി കോഗ്രസ്സിന്റേയും ഗാന്ധിയുടെയും തലയില്‍ കെട്ടിവെച്ചു. എന്നിട്ട്  മുസ്‌ലിം നേതാവു ജിന്നെ വിളിച്ചിട്ടു രെഹസ്യമായി പറഞ്ഞു. ജീവന്‍ വേണേല്‍ സ്ഥലംവിട്ടോ എന്ന്. അപ്പോള്‍ അങ്ങനെ അവര്‍തന്നെ ഉണ്ടാക്കിയ സാബ്രാജ്യം രണ്ടായി വിഭജിച്ചു. അവരാഗ്രഹിച്ചതുപോലെ നമുക്ക് പാക്കിസ്ഥാന്‍ എന്ന ആജീവനാന്ത ശത്രുരാജ്യമുണ്ടായി. അങ്ങനെ ബ്രിട്ടീഷ്കാര്‍  തുടക്കത്തിലേ കോണ്‍ഗ്രസ്സിനിട്ടു നല്ല ഒരു പണികൊടുത്തു. എന്നിട്ട് കിട്ടിയ  സ്വത്തും കോഹിനൂര്‍ രക്‌നവുമായി സ്ഥലം വിട്ടു. അതുകൊണ്ട് കേരളത്തില്‍ കംമ്യുണിസവും മതേതരത്വവും വന്നുവെന്നു പറയുന്നതല്ലാതെ ഒന്നും കാണുന്നില്ല. റഷ്യ എന്ന കമ്മ്യുണിസ്റ്റ് ശക്തികളുടെ കൂടെ കൂടി ഇന്ത്യയെ പിന്നെയും പാപ്പരാക്കി .കമ്മ്യുണിസമാണന്നു പറഞ്ഞു സര്‍വ്വരാജ്യ തൊഴിലാളികളും സംഘടിച്ചു സംഘടിച്ചു ശക്തിപ്രാപിച്ചു. കൂടെ പാര്‍ട്ടിക്കാരും  സമ്പാദിച്ചു കണ്‍ഗ്രസ്സിനെക്കാളും വലിയ കോണ്‍ഗ്രസ്സായി. ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് നേതാവ് ഇ.എം.സ്. പഠിപ്പിച്ച മതേതരത്വം മറന്നിട്ടു  പരസ്യമായി ജാതിപറഞ്ഞിട്ട്  ചോദിച്ചു. വോട്ടിനുവേണ്ടി രാഷ്ട്രീയക്കാര്‍ സകല മതനേതാക്കളുടെയും പുണ്ണ്യയാളന്മാരുടെയും കൈമുത്തി. 

ക്യാപ്റ്റങ്ങനെയാ  ചാന്‍സ് കിട്ടിയാല്‍ സ്വാതന്ത്ര്യസമരംതൊട്ട് തുടങ്ങും. പട്ടാളക്കഥ തുടങ്ങിയാല്‍പിന്നെ പിടിച്ചാല്‍ കിട്ടുകേല. കുറച്ചൊക്കെ പുളുവാങ്കിലും അത്യാവശ്യം വിവരമുള്ളതുകൊണ്ട് ആരും എതിര്‍ത്തൊന്നും പറയില്ല. പെട്ടന്നാണ് ആറുരുളി  പുഴയുടെ അക്കരെക്കൂടി എടുത്താല്‍ പൊങ്ങാത്ത കുരിശുമായി ഒരു ഘോഷയാത്ര പോകുന്നത് . എല്ലാവരും എന്തോ പുതിയ കാഴ്ച കാണാനെന്നോണം ചായക്കടയില്‍ നിന്നിറങ്ങി.
കുരിശുകൃഷിക്ക് എന്തോ സംഭവിച്ചിട്ടുണെന്നു മാത്രം മനസിലായി . കാര്യമെന്താണന്നറിയണമെല്ലോ ഉടനെത്തന്നെ സ്ഥത്തെ സ്വന്തം ലേഖകന്‍ കരണ്ടപ്പച്ചനും വേണുജിയും പാലം കടന്നു പഴക്കരയിലേക്കു  നടന്നു. അതുകണ്ടിട്ട് കുട്ടാപ്പി ആത്മഗതംപോലെ ഒരു  സംശയം പറഞ്ഞു.

"ഇതിപ്പം ദുഖവെള്ളിയാഴ്ചയൊന്നുമല്ലല്ലോ ഇവന്മാരെങ്ങോട്ടാ ഈ കുരിശും ചുമന്നുകൊണ്ട്. കുരിശിന്‍റെ വഴിയാണങ്കില്‍ കാടുംകെറിയച്ചന്‍ അറിയേണ്ടതല്ലേ "
"ആരും ഒന്നും സംശയിക്കണ്ട സ്ഥലത്തെ പ്രധാന ലേഖകന്‍കൂടെയായ  അപ്പച്ചനും വേണുജിയും പോയിട്ടുണ്ടല്ലോ . അവരിങ്ങോട്ടു വരട്ടെ അപ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യക്തത വരും"

പീറ്റര്‍സാറാണ്   അതുപറഞ്ഞത് . പുഴക്കക്കരെ എന്തോ ഒച്ചപ്പാടും ബെഹളവുംകെട്ട് കൂനംപാറ കവലയില്‍ ബസുകയറാന്‍ നിന്നവര്‍ഒന്നൊന്നായി  പാലത്തിലേക്ക് ഓടി. കാടുംകെറിയാച്ചന്‍ പള്ളിനില്‍നിന്നും അച്ഛന്‍റെ പഴെയ ബുള്ളറ്റില്‍ താഴിട്ടു വരുന്നതിന്‍റെ ശബ്ദം അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത് .

" പോലീസും സന്നാഹവുമൊക്കെയുണ്ട്  . ഇന്നെന്തെങ്കിലും നടക്കും " എന്നുപറഞ്ഞ കുട്ടാപ്പി നല്ല ഉത്സാഹത്തിലാണ്. പത്താളുകൂടിയാലല്ലേ പെട്ടിയില്‍  കാശു വീഴുകയുള്ളു എന്ന് കുട്ടാപ്പിക്കറിയാം

ബാസ്സ് കയറാന്‍ വന്നവര്‍  പാലത്തിന്‍റെ കൈവരിയില്‍ പിടിച്ചു ദൂരേക്ക് നോക്കി നില്‍ക്കുകയായിരുന്നു. എന്തായാലും കുരിശുകുത്തി സമരത്തിന് എന്തെങ്കിലും പരിഹാരമായിക്കാനും. രാവിലെ കളക്ടറും പരിവാരങ്ങളും പോയിട്ടുണ്ടെന്ന് ടി.വി യിലും ന്യുസുണ്ടായിരുന്നുവന്നു കുട്ടാപ്പിയും പറഞ്ഞു. എല്ലാവരും ആകാംഷയോടെ കാത്തിരുന്നു. അപ്പഴാണ് ടി.വി യില്‍ ബ്രെയ്ക്കിങ് ന്യൂസ് വന്നത്. കളക്ക്ട്ടറൂം കൂട്ടരും പോലീസും ജെ സി വി യുമായി വന്ന് ആ വലിയ കുരിശു പുല്ലുപോലെ പറിച്ചെടുക്കുന്നു . കുരിശുകുത്തി സമരക്കാര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട് . അതുകൊണ്ടൊന്നും ഒരു പ്രയോചനവുമില്ലായിരുന്നു. പറിച്ചെടുത്ത കുരിശുമായി വിശ്വാസികളുടെ പ്രധിഷേധജാഥായാണ് അപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പിറകെ ഒന്നുരണ്ടു പോലീസ് ജീപ്പുമുണ്ട് . അപ്പോഴേക്കും വേണുജിയും കറണ്ടും എത്തിയെങ്കിലും ആര്‍ക്കും ഒന്നും അറിയാനുള്ള ആകാംക്ഷയൊന്നുമില്ലായിരുന്നു. എന്നാലും കുട്ടാപ്പി അവരോട് ഒരുചോദ്യം ചോദിച്ചു.

" അല്ലപ്പച്ചാ അതെന്തിനാ ഈ പോലീസിന്റെ അകമ്പടി അവര്‍ സമാധാനമായിട്ടല്ലേ പോകുന്നത്"
" എടാ കുട്ടാപ്പി അതിനി അവന്മാര് വേറെ എവിടെയെങ്കിലും കുരിശു കുത്തിവെക്കുന്നുണ്ടോ  എന്നോന്നു  നിരീക്ഷിക്കാനാ . എങ്ങാനും കുത്തിവെച്ചാല്‍ വീണ്ടും ഇരട്ടിപ്പണിയാകും . ഇന്നിപ്പോള്‍ കളക്ക്ട്ടറുടെ സ്‌പെഷ്യല്‍ ഓര്‍ഡറ്  ജനങ്ങള്‍ പിരിയുബോള്‍ കുരിശ് ആറുരുളി പുഴയിലേക്കു എറിയണമെന്നാ "

“അപ്പോള്‍ കുരിശു ഇന്ന് പോലീസുകാരുതന്നെ  മാമോദീസ മുക്കും അതുറപ്പാ”  അതുപറഞ്ഞത് കരണ്ടപ്പച്ചനാ  -
ഒരു ലാത്തിചാര്‍ജെങ്കിലും കാണാമെന്നു കരുതി ആകാംഷയോടെ ആറുരുളി പാലത്തിലത്തിന്‍റെ കൈവരിയിലും   മരക്കൊമ്പിലും വരെ കയറിനിന്നവര്‍ നിരാശരായി മടങ്ങി. മഴക്കാലമല്ലേ അതുകൊണ്ടു അപ്രതീക്ഷിതമല്ലെങ്കിലും ഒരിടിയും മഴയും ഒന്നുച്ചുവന്നു. അപ്പോഴാണ് കുരിശു ചുമന്നവര്‍ക്ക്  ആ തടിയന്‍ കുരിശ് ശെരിക്കും ഒരു കുരിശായത് . പോലീസ് മുകളിലേക്ക് വെറുതെ ഒന്നുരണ്ടു വെടിപൊട്ടിച്ചു .

സത്യവിശ്വാസ്സികള്‍പോലും  കുരിശു താഴുവെച്ചു നാലുപാടും ഓടി.
ഇതുപണ്ട് വിമോചനസമരത്തിന് പോയ ചെട്ടന്മാരു പറഞ്ഞതുപോലെയാ
‘ പിന്നെ വെടിവരുബോഴാ അവന്റെ അമ്മേടെ കോണ്‍ഗരസ്സ് ‘
അങ്ങനെ ജനം പിരിഞ്ഞുപോയി എല്ലാം ശാന്തമായപ്പിഴേക്കും കോടമഞ്ഞു അടിച്ചുകേറി ആറുരുളി പുഴയും പുഴക്കരയും മാത്രമല്ല പള്ളികുരിശിന്‍റെ ബാക്കിനിന്ന അറ്റംപോലും കോടമഞ്ഞില്‍ മുക്കിക്കളഞ്ഞിരുന്നു .

GEORGE 2019-06-20 15:12:50
ശ്രി തമ്പി അന്തോണി,പതിവുപോലെ ഹാസ്യത്തിൽ പൊതിഞ്ഞ നല്ലൊരു ലേഖനം. തികച്ചും ആനുകാലിക പ്രാധാന്യമുള്ള വിഷയം.
ഇന്ന് ലോകമാനമുള്ള മലയാളി സമൂഹത്തിൽ  വ്യാപകമായി കേൾക്കുന്ന ഒരു വാക്കാണ് കുരിശു കൃഷി. ആദ്യം കേട്ടപ്പോൾ വിചാരിച്ചു റബര് കൃഷി നഷ്ടമായപ്പോൾ വാനില പോലെ  തുടങ്ങിയ ഒരു കൃഷി ആണെന്നാണ്. പിന്നീട് മനസ്സിലായി സർക്കാർ ഭൂമി കയ്യേറാൻ വേണ്ടി സഭയും, സഭയില്ലാത്ത ഉടായിപ്പു ഉപദേശിമാരും രോഗശാന്തി തട്ടിപ്പുകാരും മൽസരിച്ചു ചെയ്യുന്ന ഒരു കൃഷി ആണ് എന്ന്. ഇവർക്കു ഓശാന പാടുന്ന രാഷ്ട്രീയക്കാരുടെ ഒത്തസ്സയോടെ ഇക്കൂട്ടർ ഒത്തിരി വനം കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നത് വ്യാപകമായി നടക്കുന്നു.
അധികം വൈകാതെ കേരളത്തിലങ്ങോളമിങ്ങോളം റോഡരികിൽ കാണാൻ സാധ്യത ഉള്ളൊരു ഫ്ളക്സ് പരസ്യം "വത്തിക്കാനിൽ/വിശുദ്ധ നാട്ടിൽ/അന്ത്യോക്യയിൽ നിന്നും വെഞ്ചരിച്ചു കൊണ്ടുവന്ന (ബി ജെ പി/ആർ എസ് എസ് അംഗീകാരമുള്ള) നല്ലയിനം കുരിശു, വില്പനക്ക്, (ഇടുക്കി വയനാട് ജില്ലക്കനുയോജ്യം Free Delivery and installation)"
Thampy Antonyb 2019-06-20 19:15:42
I glad that George got the message in the story. Thank you for your positive review . 
ഒരു മലയാളി 2019-06-20 19:59:56
വി. കുര്‍ബാനയേയും കുമ്പസാരത്തെയും ഒക്കെ അവഹേളിക്കുകയും തങ്ങളുടെ മതം അല്ലാത്തതൊക്കെ മ്ലേച്ചമാണെന്നു പഠിപ്പിക്കുകയും ചെയ്യുന്ന ചിന്താധാര ഇന്ത്യയില്‍ വളരുന്നുണ്ട്. അത് പ്രോല്‍സാഹിപ്പിക്കുന്നതാണു ഈ ലേഖനം. അതേ സമയം എല്ലാ മതവും ദൈവത്തിലേക്കുള്ള വഴിയാണെന്നും വീമ്പിളക്കും. എല്ലാവരും ദൈവാംശം എന്നു പറഞ്ഞു കൊണ്ടു തന്നെ തൊട്ടുകൂടായ്മയും മറ്റും ഉണ്ടാക്കുന്നവര്‍. ഇരട്ട മുഖം കാണിക്കുന്നവര്‍
കുരിശു കൃഷി എന്ന നിന്ദ്യമായ പ്രയോഗം ക്രിസ്ത്യാനിക്കെതിരെ വൈരാഗ്യം ഉണ്ടാക്കാനുള്ള ഒരു അടവ് മാത്രം. പൊതു നന്മക്കു ആവശ്യമെങ്കില്‍ പള്ളിയോ കുരിശോ മാറ്റാന്‍ ഇന്നേ വരെ ക്രൈസ്തവര്‍ മടിച്ചിട്ടില്ല. മറ്റുള്ളവരുടെ കാര്യമോ?
അമേരിക്കയൊട്ടാകെ ക്ഷേത്രങ്ങള്‍ ഉയരുന്നു. അതു ക്ഷേത്ര ക്രുഷി ആണോ?
ഇനി മലയില്‍ കുരിശു വയ്ക്കാമോ എന്നത്. കുടിയേറി പാര്‍ക്കുന്ന സ്ഥലത്ത് ആരാധനാലയവും കുരിശുമൊക്കെ ഉണ്ടാകും. അതു കയ്യേറ്റമോ ദുരുദ്ദേശമോ ഒന്നുമല്ല. ഇടിക്കിയിലും വയനാട്ടിലും മലബാറിലുമൊക്കെ കുടിയേറിവര്‍ അവരുടെ മത ചിഹ്നങ്ങള്‍ സ്ഥാപിച്ചു. അത്ര മാത്രം. എത്രയോ കാലം കഴിഞ്ഞാണു പട്ടയമൊക്കെ വരുന്നത്.മന്ത്രി എം.എം. മണി അത് ക്രുത്യമായി പറഞ്ഞിട്ടുണ്ട്.
ഇനി കാട് കയ്യേറാമോ എന്ന ചോദ്യം. തിരുവനന്തപുരവും ഒരു കാലത്ത് കാടായിരുന്നു. ജനം കൂടുമ്പോള്‍ കാടുകള്‍ നാടാകുന്നു.
എന്നിട്ട് കവയിത്രി ചോദിക്കുന്നു കാടെവിടെ മക്കളെ എന്ന്. കാട്ടില്‍ മഹാത്യാഗം സഹിച്ച് മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടി പോയതാണെന്ന സത്യം മറക്കുന്നു. അതിനു പിന്നിലും മതം തിരിച്ച് അളക്കുന്നു. കുറെപേര്‍ കാടു കയറി ഇല്ലായിരുന്നെങ്കില്‍ നാട്ടിലെ സ്ഥിതി എന്താകുമായിരുന്നു? ഇനി കാടു കയറിയവരെ തിരിച്ചു കൊണ്ട് വന്നാലോ? മന്‍ഷ്യനെ കാണാതെ കാടിനെയും മതത്തെയും കാണുന്ന നീച മനസ് ആദ്യം ശുധീകരിക്കട്ടെ.
ഒരു മലയാളി 
ലേഖനം 2019-06-20 20:10:29
GEORGE, തമ്പി അന്തോണി തലക്കെട്ടിൽ ഇത് ഒരു ‘കഥ’യാണെന്നു പറയുന്നു, ലേഖനമല്ല. ഇനി ‘കഥ’ വായിച്ച് താങ്കളുടെ വിലയേറിയ അഭിപ്രായം ഒന്നുകൂടി പറയുക.
Thampy Antony 2019-06-20 21:10:52
ആദ്യം ഇത് ഒരു കഥയാണന്നറിയുക . Malayali 
നിരീശ്വരൻ 2019-06-20 22:30:28
മന്ത്രി എം എം മണി കൃത്യമായി പറഞ്ഞതൊന്നേയുള്ളു . വൺ, ടു, ത്രീ ഒന്നിനെ വെട്ടി, ഒന്നിനെ കുത്തി , ഒന്നിനെ ഞെക്കി . മന്ത്രി എം എം മണി കൃത്യമായി ചെയ്തിട്ടുള്ളത് ഒന്നേയുള്ളു .  ഡാം എല്ലാം ഒരുമിച്ചു തുറന്നു വിട്ട് ഇടുക്കി ഒഴിച്ച് ബാക്കിയെല്ലാം വെള്ളത്തിൽ മുക്കി .  മതം മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്ന മതം . അതിന്റെ പിന്നാലെ നടന്നു ജീവിതം നശിപ്പിക്കുന്ന വിഡ്ഢികൾ .  ഇവനൊക്കെ അടിമുടി ചൊറിയത്തക്ക രീതിയിൽ എഴുതുക തമ്പി ആന്റണി അല്ലെങ്കിൽ നിങ്ങൾ ഒരു കലാകാരനാകുന്നില്ല .  ഇവനെപ്പോലെയുള്ളവർ പൊട്ടിത്തെറിക്കട്ടെ . ഒരെണ്ണം കുറഞ്ഞാൽ അത്രയും നല്ലത് .... മലയാളികളുടെ പേരുകളയാൻ പിറന്ന അസുരവിത്താണിവൻ .മലയാളി ആണ് പോലും മലയാളി ! ട്രംപിനെ ചീലക്കകത്ത് കേറ്റി വച്ച മലായളികൾ .. ഒരു കടികിട്ടിയിട്ടും വീണ്ടും ചീലക്കകത്ത് കേറ്റി വയ്ക്കാൻ പോകയാണ് . കടി ഇപ്പോൾ ഇവോനൊക്കെ ഒരു സുഖമായി മാറിയിരിക്കുന്നു 
George 2019-06-22 19:21:29
നർമത്തിൽ പൊതിഞ്ഞ സൃഷ്ടി എന്നതിന് പകരം ലേഖനം എന്ന് എഴുതിപ്പോയി, എഴുതിയത് വായിക്കാതെ പോസ്റ്റ് ചെയ്തു, ക്ഷമിക്കുക.   തമ്പി ആന്റണി ലേഖനം, കഥ, നോവൽ (ഭൂതത്താൻ കുന്നു) അഭിനേതാവ് തുടങ്ങി പല മേഖലകളിലും തന്റെ സാന്നിത്യം തെളിയിച്ച വ്യക്തിയാണ്എല്ലാവിധ ആശംസകളും.   കുരിശിനെയും വി കുര്ബാനയെയും ഏറ്റവും കൂടുതൽ അപമാനിക്കുന്നത് സഭയും വൈദികരും മെത്രാൻ മാരും ആണ്. ലോകമെമ്പാടും പോയി മലമുഴുവൻ കുരിശു സ്ഥാപിച്ചു ഭൂമി കയ്യേറാനല്ല കർത്താവ്  പറഞ്ഞത്. എല്ലാ കവലകളിലും കുരിശു സ്ഥാപിച്ചു റോഡിനു വീതികൂട്ടാൻ തടസ്സം നിൽക്കുന്ന പള്ളിക്കാരും വൈദികരും, കുന്നായ കുന്നിലെല്ലാം കുരിശു സ്ഥാപിച്ചു ക്രിസ്ത്യാനികളെ മുഴുവൻ അപമാനിക്കുകയാണ്.  ഇത് കണ്ടു മറ്റു മതക്കാരും ശൂലം കുത്തി, പ്രതിഷ്ഠ നടത്തി ഭൂമി കയ്യേറാൻ ശ്രമിക്കുന്നു. അതൊക്കെ കേരളത്തിലെ മത സൗഹാർദം തകർക്കപ്പെടാനും കാരണമാകുന്നു. അതുകൊണ്ടു ആയിരവും പതിനായിരവും മേനി വിളവ് ഉറപ്പുള്ള ഈ കുരിശു കൃഷി അവസ്സാനിപ്പിക്കപ്പെടേണ്ടതാണ്. 
Thomas K Varghese 2019-06-24 18:04:39
It is a good story-but a real incident-    Misusing the rights as well as cheating business in the name of God and religion.   We Malayalees are capable of understanding this exploitation.   Mr. Thampi Antony! I appreciate you for bringing up such relevant evil deeds of God's people.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക