HOTCAKEUSA

രാജു മൈലപ്രാ: ഇ-മലയാളിയുടെ ജനപ്രിയ എഴുത്തുകാരന്‍

Published on 20 June, 2019
രാജു മൈലപ്രാ: ഇ-മലയാളിയുടെ ജനപ്രിയ എഴുത്തുകാരന്‍
ഫോട്ടോ: കഥാകാരനും മുഖ്യ കഥാപാത്രവും

(അവാര്‍ഡ് സമ്മാനം ഈ മാസം 30-നു ഞായറാഴ്ച മൂന്നു മണി മുതല്‍ ന്യു യോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍. മുഖ്യാതിഥി ഡോ. എം.എന്‍. കാരശേരി)

പത്തനംതിട്ടക്കു സമീപം മൈലപ്രാ എന്ന ഗ്രാമത്തിലെ പീടികപറമ്പില്‍ കുടുംബത്തില്‍ ഡോ.പി.റ്റി. ജോര്‍ജിന്റേയും, സാറാമ്മയുടേയും മകനായി ജനനം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, റയ്പൂര്‍ രവിശങ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും.
കേരളത്തിലും, ബോംബെയിലും കുറേക്കാലം അദ്ധ്യാപകന്‍.
അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിന്റെ പ്രധാന പത്രാധിപര്‍-ഫൊക്കാന നാഷ്ണല്‍ ജോയിന്റ് സെക്രട്ടറി, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ്, സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഭാരത് എയ്ഡ് അസോസിസയേഷന്‍ സെക്രട്ടറി-തുടങ്ങിയ വിവിധ സാമുദായിക, സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ സേവനം- ഫൊക്കാന-ഫോമാ നാഷണല്‍ കണ്‍വന്‍ഷനുകളിലെ ജനപ്രിയ പരിപാടിയായ 'ചിരിയരങ്ങി'ന്റെ അവതാരകന്‍-
ചെറുകഥ, ലേഖനം, ഹാസ്യകഥ, നാടകം, ബാലസാഹിത്യം എന്നീ സാഹിത്യശാഖകളില്‍ വിവിധ സംഘടനകളുടെ നിരവധി അവാര്‍ഡുകള്‍. ഭാര്യ പുഷ്പയോടൊപ്പം.


? അവാര്‍ഡ് ജേതാവിനു അഭിനനന്ദം. ഇ-മലയാളിയുടെ പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നോ?

അവാര്‍ഡ് ലക്ഷ്യം വെച്ച് ഒന്നും എഴുതാറില്ല-ഏതു പുരസ്‌ക്കാരവും ഒരു അംഗീകാരമാണല്ലേ?'ജനപ്രീയ' എഴുത്തുകാരനുള്ള അവാര്‍ഡ് ലഭിച്ചെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. അവാര്‍ഡുകളുടെ മലവെള്ള പാച്ചിലിനിടയില്‍, ഞാന്‍ വിലമതിയ്ക്കുന്ന രണ്ട് അവാര്‍ഡുകള്‍, ഒന്ന് കേരളാ സെന്റര്‍ നല്‍കുന്നതും, മറ്റൊന്ന് ഇ-മലയാളി നല്‍കുന്ന അവാര്‍ഡുമാണ്-ഈ രണ്ടു പ്രസ്ഥാനങ്ങളുടേയും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്.

? അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു? നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ സഹായിക്കും.?

പലരും നേരത്തെ സൂചിപ്പിച്ചതു പോലെ 'അമേരിക്കന്‍ മലയാള സാഹിത്യം' എന്ന വേലിക്കെട്ടിനുള്ളില്‍ നമ്മള്‍, നമ്മളെത്തന്നെ തളച്ചിടേണ്ട കാര്യമൊന്നുമില്ല. എന്റെ എഴുത്തുകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങിനെ സഹായിക്കും എന്നു പറയുവാന്‍ എനിക്കാവില്ലല്ലോ! അതു മറ്റുള്ളവരല്ലേ തീരുമാനിക്കേണ്ടത്.

? നിങ്ങളുടെ ആദ്യ രചന ഏത്? അതേ കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരന്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വെയ്ക്കുക

എന്റെ ആദ്യ സാഹിത്യ രചന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍, കൂട്ടുകാരിക്ക് എഴുതിയ ഒരു പ്രണയലേഖനമാണ്. അവളുടെ കൊമ്പന്‍മീശക്കാരന്‍ അപ്പനേയും, ആങ്ങളമാരേയും പേടിച്ച് അതു പ്രസിദ്ധീകരിച്ചിട്ടില്ല.

'എഴുത്തുകാരന്‍' എന്നു തിരിച്ചറിഞ്ഞത് 'ഫൊക്കാന' കണ്‍വന്‍ഷനിലും മറ്റും പങ്കെടുത്തപ്പോഴാണ്. രാജു മൈലപ്രയല്ലേ! ആ കഥ ഞങ്ങള്‍ വായിച്ചു ചിരിച്ചു മടുത്തു എന്നു വായനക്കാരികളായ ചില സുന്ദരികള്‍ അടുത്തു വന്നു പറഞ്ഞപ്പോഴാണ്.

? നിങ്ങള്‍ എഴുതുന്ന രചനകള്‍ എന്തൊക്കെ? എന്തുകൊണ്ടു സാഹിത്യത്തിലെ ചില വിഭാഗങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നു?

സാഹിത്യത്തിലെ എല്ലാ വിഭാഗങ്ങളും ചെറിയ തോതില്‍ പരീക്ഷിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട സുകുമാര്‍ സാര്‍ 'മൈലപ്രാക്കഥകള്‍' എന്ന പുസ്തകത്തിന്റെ അവതാരികയില്‍, നര്‍മ്മത്തിന്റെ ഗദ്യസാധ്യതകളെ, ഭാവനകളായും, കഥകളായും, ഉപന്യാസങ്ങളായും പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ വിജയം വരിച്ച രാജു മൈലപ്രാ, ഏറെ ശോഭിച്ചു കാണുന്നത് നര്‍മ്മഭാവനകളുടെ രചയിലാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
നാടകം, ബാലസാഹിത്യം, നര്‍മ്മം, ലേഖനം തുടങ്ങിയവക്ക് 'ഫൊക്കാന' റോച്ചസ്റ്ററില്‍ വെച്ചു നടന്ന കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യമത്സരത്തില്‍, എല്ലാ വിഭാഗങ്ങളിലും പ്രഥമസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
എന്നാല്‍ നര്‍മ്മം തന്നെയാണ് എന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞത് വായനക്കാരുടെ അനുകൂലമായ പ്രതികരണങ്ങളില്‍ നിന്നാണ്.

? എഴുതുവാന്‍ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍? എന്തുകൊണ്ട് ആ സ്വാധീനം ഉണ്ടായി? ഇപ്പോള്‍ അതില്‍ നിന്നും മുക്തനായി സ്വതന്ത്രമായ ഒരു ശൈലി രൂപപ്പെടുത്തിയെന്നു കരുതുന്നുണ്ടോ?

എഴുതുവാന്‍ എന്നെ സ്വാധീനിച്ച ഒരു പ്രത്യേക എഴുത്തുകാരന്‍ ഇല്ലെന്നു തന്നെ പറയാം. ഇ.വി. കൃഷ്ണപിള്ള , വി.കെ.എന്‍., വേളൂര്‍ കൃഷ്ണന്‍കുട്ടി, സുകുമാര്‍, ചെമ്മനം ചാക്കോ തുടങ്ങിയവരുടെ കൃതികള്‍ ആസ്വദിച്ചു വായിച്ചിട്ടുണ്ട്. എന്റെ എഴുത്തിന് സ്വതന്ത്രമായ ഒരു ശൈലി തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് വിശ്വാസം.

? നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്?

1. എന്റെ ഹണി, 2. അച്ചന്‍ കോവിലാറി (നോവല്‍-മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു), 3. സ്നേഹത്തോടെ, 4. മൈലപ്രാ കഥകള്‍, 5. പിരിവിളക്കം (പെന്‍ ബുക്ക്സ്), 5. അറുപതില്‍ അറുപത്.
'അറുപതില്‍ അറുപത്' എന്ന ഹാസ്യകഥാ സമാഹാരം പതിനഞ്ചു ഡോളര്‍ നിരക്കില്‍, ആയിരത്തോളം കോപ്പികള്‍ അമേരിക്കയില്‍ വിറ്റു പോയിട്ടുണ്ട്- അതില്‍ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു.

? നിങ്ങളുടെ രചനകളേക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു?

അന്തരിച്ച ബഹുമാനപ്പെട്ട എം.കൃഷ്ണന്‍ നായരും, ഡോ. ബാബുപോളും നല്ല അഭിപ്രായങ്ങള്‍ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. പ്രശ്സ്ത സാഹിത്യകാരികളായ റോസ്മേരി, ലളിതാംബിക ഐ.എ.എസ്. തുടങ്ങിയവര്‍ സ്വന്തം കൈക്ഷരത്തില്‍ എന്റെ രചനകളേ അഭിനന്ദിച്ചുകൊണ്ട് എനിക്ക്എഴുതിയിട്ടുണ്ട്.
കൂടാതെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പുരോഹിതന്മാരെ ഇടയ്ക്കിടെ ചെറിയ തോതില്‍ വിമര്‍ശിക്കാറുണ്ടെങ്കിലും, കാലം ചെയ്ത മക്കാറിയോസ് തിരുമേനി, ബിഷപ്പ് ജോയി ആലപ്പാട്ട്, അഭിവന്ദ്യ നിക്കോളാവാസ് തിരുമേനി, കുടാതെ ഡോ.എം.വി.പിള്ള, ഡോ.റോയി തോമസ്, ഡോ. ചന്ദ്രശേഖരന്‍, ഡോ.നായര്‍, ഡോ.എ.കെ.ബി.പിള്ള, നടന്‍ ജഗതി ശ്രീകുമാര്‍, മനോരമ എഡിറ്റര്‍ തോമസ് ജേക്കബ്,പ്രൊ. ജോസഫ് ചെറുവേലി, ഡോ.തോമസ് പാലക്കല്‍ അങ്ങിനെ ധാരാളം പ്രമുഖ വ്യക്തികള്‍- എനിക്കു കിട്ടിയ അവാര്‍ഡുകളേക്കാള്‍ വായനക്കാരുടെ ഈ കത്തുകള്‍ഞാന്‍ വിലമതിക്കുന്നു.

? ഒരു എഴുത്തുകാരനാകുക എന്നത്നിങ്ങളുടെ ബാല്യകാലസ്വപ്നമായിരുന്നോ? സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഇ-മലയാളിയുടെ താളുകള്‍ നിങ്ങള്‍ക്ക് സഹായകമായോ?

എഴുത്തുകാരനെന്നതിനേക്കാളുപരി, ഒരു സിനിമാ നടനോ, പോലീസ് ഉദ്യോഗസ്ഥനോ ആകണമെന്നായിരുന്നു ബാല്യകാല സ്വപ്നം. എന്റെ ആകാരഭംഗി ഇത് രണ്ടിനും ചേരുന്നതായിരുന്നില്ല. സ്വപ്നങ്ങളൊക്കെയും സാക്ഷാല്‍ക്കരിച്ചാല്‍ പിന്നെ ജീവിതത്തിന് എന്തു രസം? ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളായ അശ്വമേധം, കേരളാ ഡൈജസ്റ്റ്, പിന്നീടു വന്ന 'മലയാളം പത്രം' എന്നിവയില്‍കൂടിയാണു എന്നെ വായനക്കാര്‍ അറിയുവാന്‍ തുടങ്ങിയത്.
ഇപ്പോള്‍ ഇ-മലയാളിയുടെ താളുകളാണ് എനിക്ക് എഴുതുവാനുള്ള ഏറ്റവും വലിയ പ്രചോദനം.

? ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടു നില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുച്ഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ?

തീര്‍ച്ചയായും- എന്റെ എഴുത്തിന്റെ പ്രധാന വായനക്കാരിയും, നിരൂപകയും എന്റെ ഭാര്യ പുഷ്പയാണ്. എന്റെ മിക്ക കഥകളിലും നായിക എന്റെ ഭാര്യയാണ്.
സോഷ്യല്‍ മീഡിയ സജീവമായതില്‍ പിന്നീടാണ് എഴുത്തുകാരെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ ധാരാളം വരുന്നത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു.

? അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ അല്ലെങ്കില്‍ ഇ-മലയാളിയില്‍ എഴുതുന്ന എഴുത്തുകാരില്‍ ആരെയാണു ഇ്ഷ്ടം- ഇത്തരം ചോദ്യങ്ങള്‍ക്ക് പലരും മറുപടി പറയാറുമില്ല. അതു നല്ല എഴുത്തുകാരെ നിരുത്സാഹപ്പെടുത്തില്ലേ?

മിക്ക എഴുത്തുകാരേയും എഴുത്തുകാരികളേയും എനിക്കിഷ്ടമാണ്. ഇനി പറയുന്നത് അഹങ്കാരമാണെന്നു തോന്നുന്നത്. എന്റെ എഴുത്തൂ തന്നെയാനൂ എനിക്ക് ഏറ്റവും ഇഷ്ടം

? അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളേക്കുറിച്ചുള്ള നിരൂപണങ്ങള്‍ ഇ-മലയാളി പ്രസിദ്ധീകരിക്കാറുണ്ട്-ഇതു കൂടുതലായി എഴുത്തുകാരുടെ രചനകള്‍ക്ക് അംഗീകാരവും പ്രചാരവും ലഭിക്കുവാന്‍ സഹായിക്കുമെന്നു കരുതുന്നുണ്ടോ?

ഇ-മലയാളിയില്‍ വരുന്നത് നിരൂപണങ്ങളേക്കാളധികം ആ്സ്വാദനകുറിപ്പുകളാണെന്നാണ് എന്റെ അഭിപ്രായം.
ബഹുമാന്യരായ സുധീര്‍ പണിക്കവീട്ടില്‍, ഡോ.നന്ദകുമാര്‍, പ്രൊ.എന്‍.പി.ഷീല, വാസുദേവ് പുളിക്കല്‍ തുടങ്ങിയവര്‍, എഴുത്തുകാരെ അധിക്ഷേപിക്കാതെ, ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കി നല്ല നിരൂപണങ്ങള്‍ എഴുതുന്നു-എങ്കിലും പ്രൊഫസര്‍ എം.കൃഷ്ണന്‍ നായരെപ്പോലെ ആര്‍ക്കും മുറിവേല്‍ക്കുമെന്നു ചിന്തിക്കാതെ എഴുതുന്ന നിരൂപകന്മാരും ഉണ്ടാകേണ്ടതുണ്ട്. വ്യക്തികളേയല്ല, അവരുടെ കൃതികളെയാണല്ലോ വിലയിരുത്തുന്നത്. മാത്രവുമല്ല ഒരു നിരൂപകന്റെ അഭിപ്രായം ആ കൃതിയെക്കുറിച്ചുള്ള അവസാന വാക്കുമല്ലല്ലോ!

? അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ പുതുതലമുറക്കു വേണ്ടി ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യണമെന്ന അഭിപ്രായത്തോടു നിങ്ങള്‍ യോജിക്കുന്നുണ്ടോ?

തീര്‍ച്ചയായും. പദാനുപദ തര്‍ജമയല്ലാതെ അല്പം അമേരിക്കന്‍ ടച്ചോടു കൂടി പരിഭാഷപ്പെടുത്തുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു-എങ്കിലേ പുതുതലമുറക്ക് അത് ആസ്വാദ്യകരമായി തോന്നുകയുള്ളൂ. എന്റെ കുറച്ചു കഥകള്‍ ഞാന്‍ തന്നെ ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. ഒരു നല്ല എഡിറ്റിംഗ് കഴിഞ്ഞാല്‍ അതു പ്രസിദ്ധീകരിക്കണമെന്നുണ്ട്.

? ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?

ഇ-മലയാളി ദിവസവും രണ്ടു തവണയെങ്കിലും നോക്കാറുണ്ട്. കൂടാതെ, മനോരമ, മംഗളം, ദേശാഭിമാനി എന്നിവയും ശ്രദ്ധിക്കാറുണ്ട്. സാമ്പത്തീക പരിമിതികള്‍ക്കുള്ളില്‍ നിന്നും നോക്കിയാല്‍ ഈ പത്രങ്ങളോട് കിടപിടയ്ക്കുന്ന ഒരു വെബ്സൈറ്റാണ് ഇ-മലയാളിയുടേത്.

? ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലയിക്ക് അതിലെ ഉള്ളടക്കത്തേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? രാഷ്ട്രീയം, സാഹിത്യം, മതം, പൊതുവിവരങ്ങള്‍, പ്രവാസികള്‍ക്കായുള്ള അറിയിപ്പുകള്‍, സിനിമ, കലാ-സാംസ്‌ക്കാരിക രംഗം എന്നിവ കൂടാതെ നിങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന പംക്തികള്‍?

ഇപ്പറഞ്ഞതില്‍ തന്നെ ഒരു സമ്പൂര്‍ണ്ണതയുണ്ടല്ലോ? പ്രവാസികള്‍ക്കായുള്ള അറിയിപ്പുകള്‍ പ്രയോജനകരമാണ്. ഇ-മലയാളിയിലെ 'ചരമക്കോളം' വളരെ പ്രധാനപ്പെട്ടതാണ്. പല പരിചയക്കാരുടേയും മരണവാര്‍ത്ത ആദ്യം അറിയുന്നത് ഇ-മലയാളിയില്‍കൂടെയാണ്. അതു വളരെയധികം വായനക്കാര്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്നുള്ളത് സത്യമാണ്.
ഫൊക്കാനാ, ഫോമാ പോലെയുള്ള സംഘടനകള്‍ ആരുടെയെങ്കിലും മരണത്തില്‍ അനുശോചനം അറിയിക്കുന്നു എന്ന വാര്‍ത്തയോടു കൂടി, ഇളിച്ചു കൊണ്ടിരിക്കുന്ന അവരുടെ എല്ലാ കമ്മറ്റി മെംമ്പേഴ്സിന്റേയും ഫോട്ടോ കൂടി ചേര്‍ക്കുന്നതില്‍ എന്തു ഔചിത്യമാണുള്ളതെന്നു തോന്നാറുണ്ട്.

ഇ-മലയാളിക്കും വായനക്കാര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
രാജു മൈലപ്രാ: ഇ-മലയാളിയുടെ ജനപ്രിയ എഴുത്തുകാരന്‍
Mathew V. Zacharia. Former NEW York State School Board member (1993-2002) 2019-06-20 10:02:45
Raju Myelapra: Self confident writer. Congratulation to this well deserved Journalist.
Mathew V. Zacharia. Former NY state School board member (1993-2002) 
Elcy Yohannan Sankarathil 2019-06-20 18:29:04
Raju Mylapra certainly deserves an award from emalayalee, I think it is a little late now, he has been in the writers' field for over four decades, I remember the days that he worked so hard to publish Kerala Digest, Aswamedham etc. when there was no computer or Malayalm fonts etc. that he would cut and paste and photocopied it etc. still published for some time with out any interruption/ remuneration, has helped a lot to nurture Malayalm language in this country, many people know Raju Mylapra as a comely, comical writer, actually I always read his writing first if there is any. Pushpa is agood comrade for Raju. You are still having a youthful  face Raju, keep it up and keep writing, good luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക