“പ്രണയംഎന്നത്ജീവിതത്തിലെഏറ്റവുംശക്തവുംതീവ്രവുംആഴമേറിയതുമായഘടകമാണ്. അത്പ്രതീക്ഷയുടെയും ആനന്ദത്തിന്റെതയുംസന്തോഷത്തിന്റെ യുംമുന്നോടിയാണ്.പ്രണയംഎല്ലാവ്യവസ്ഥാപിതനിയമങ്ങളെയുംഭേദിക്കുന്നതാണ്. സര്വശക്തമായഈപദത്തിന്,പ്രണയത്തിനുഎങ്ങിനെയാണ്ഭരണകൂടത്തിന്റെുയുംമതത്തിന്റെതയുംഉല്പന്നമായവിവാഹംഎന്നപദത്തിന്തുല്യമാവാന്കഴിയുക ?”
എമ്മ ഗോള്ഡ്മമാന്
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കൊച്ചുറാണി വാട്ട്സാപ്പിലേക്ക് ഒട്ടകപക്ഷിയെപ്പോലെ തലപൂഴ്ത്തി.ഗ്രൂപ്പില്‍ ആരോ പോസ്റ്റുചെയ്ത എമ്മ ഗോള്ഡ്മാനെക്കുറിച്ചുള്ള ഒരു ലിങ്ക് അവളുടെ കണ്ണില്‍പ്പെട്ടു. ആദ്യമായാണ് എമ്മ ഗോള്‍ഡ്മാനെക്കുറിച്ചു കൊച്ചുറാണി കേള്‍ക്കുന്നതും വായിക്കുന്നതും.എങ്കിലും കൊച്ചുറാണിയുടെ യവ്വനകാല ചിന്തകള്‍ക്കും എമ്മയുടെ വാക്കുകള്‍ക്കും തമ്മില്‍ എവിടെയൊക്കയോ ഒരുപാടു സമാനതകള്‍ ഉണ്ടായിരുന്നു.
അരാജക വാദിയാകയാല് ചരിത്രമെഴുത്തുകാര്‍ തമസ്കരിച്ച വിപ്ലവകാരിയും എഴുത്തുകാരിയുമായ എമ്മയുടെ രാഷ്ട്രീയ പോരാട്ടങ്ങളെക്കാള്‍ അവള് പറഞ്ഞ പ്രണയത്തിന്റെ രാഷ്ട്രീയമാണ് കൊച്ചുറാണിക്ക് ഇഷ്ട്ടമായത്.സ്വതന്ത്രമായ പ്രണയമാണ് ഒരു സ്ത്രീയുടെ അസ്ഥിത്വം. ആ പ്രണയമാണ് അവളെ സ്വന്തന്ത്രയാക്കുന്നത്.സര്വസ്വന്ത്രമായ പ്രണയമാണ് ഒരു സ്ത്രീയെ ശക്തയാക്കുന്നതും. അങ്ങിനെയുള്ള ഒരുവളുടെ മുന്പില് വിലക്കുകളെല്ലാം താനെ ഇല്ലാതാകും.എവിടെയും അവള്‍ക്കു സ്വതന്ത്രമായി കഴിയാം, ഏതു ശ്രീകോവിലിലുംഅശുദ്ധിയില്ലാതെ അവള്‍ക്കു കടന്നുചെല്ലാം.
ബ്രേക്ക് റൂമില്‍ അടുത്തിരിക്കുന്ന ജെസിക്കയുടെ നേരെ കൊച്ചുറാണി നോക്കി.അവളും സെല്‍ഫോണില്‍ മുഖം പൂഴ്ത്തി ഇരിപ്പാണ്. ജെസിക്കയ്ക്കു എമ്മ ഗോള്‍ഡ്മാനെക്കുറിച്ചു അറിയുമോ എന്നറിയില്ല. അവള്‍ക്കു എന്തെങ്കിലും അരാജകവാദ സിദ്ധാന്തത്തില്‍ വിശ്വാസമുണ്ടോന്നുമറിയില്ല.കൊച്ചുറാണി അവളെ പരിചയപ്പെട്ടിട്ട് ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ ആകുന്നു.രണ്ടു വര്‍ഷം മുന്‍പ് രണ്ടാമത്തെ വിവാഹമോചനം നേടിയ അവള് കഴിഞ്ഞ ദിവസം കൊച്ചുറാണിയോട് പറഞ്ഞത് വിവാഹമോചന ശേഷമുള്ള അവളുടെ മൂന്നാമത്തെ ബോയ് ഫ്രെണ്ടിന്റെ വിശേഷങ്ങളായിരുന്നു.
ജെസിക്ക പുതിയ ബോയ് ഫ്രണ്ട്മാരുടെ കാര്യം പറയുബോഴൊക്കെ കൊച്ചുറാണിക്കു ഓര്‍മ്മ വരിക ബൈബിളില്‍ പറഞ്ഞിരിക്കുന്ന അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്ന കാനാന്‍കാരി സ്ത്രീയുടെ കഥയാണ്. ജെസിക്ക ക്രിസ്ത്യാനിയാണ് പള്ളിയില്‍ പോകുമെന്നൊക്കെയാണ് പറയുന്നത്.പക്ഷെ ഇമ്മാതിരി ജിവിതം ജീവിച്ചാല്‍ നരകത്തില്‍ പോകുമെന്നെ പേടിയൊന്നും ലവലേശം അവളെ തീണ്ടിയിട്ടുമില്ല.
‘ജെസിക്ക ഹാവ് യു ഹേര്‍ഡ് എബൌട്ട് എമ്മാ ഗോള്‍ഡ്മാന്‍ ?’കൊച്ചുറാണി വെറുതെ ചോദിച്ചു നോക്കി
“എമ്മാ ഗോള്‍ഡ്മാന്‍ ? ഹൂ ഈസ് ദാറ്റ് ? മൂവി സ്റ്റാര്‍ ?”
കൊച്ചുറാണിയുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അവള് വീണ്ടും ഫോണിലേക്ക് മുഖം താഴ്ത്തി. എമ്മയെ അറിയില്ലെങ്കിലും എമ്മ സ്വപ്നം കണ്ട പ്രണയത്തിന്റെ റിപ്പബ്ലിക്കില്‍ ജെസിക്ക പണ്ടേ പൌരത്വം നേടിയിരുന്നു.
കൊച്ചുറാണിക്കാണെങ്കില്ഇമ്മാതിരി കാര്യമൊന്നും ചിന്തിക്കാനേ പറ്റില്ല.കാര്യം പറഞ്ഞാല്‍ പ്രേമിക്കാനുള്ള സ്വാതന്ത്ര്യം, ജാതിമതം നോക്കാതെയുള്ള വിവാഹം,വിവാഹമോചനം ഇതിനെയൊക്കെ കൊച്ചുറാണി അനുകൂലിക്കുന്നുണ്ടെങ്കിലും കണ്ണില്‍ കണ്ടവരുടെയൊക്കെ കൂടെതോന്നിയപോലെ ജീവിക്കുക എന്നതിനൊക്കെ കൊച്ചുറാണിക്കു പണ്ടേ എതിര്‍പ്പാണുള്ളത്.
ഇടവേളയുടെ സമയം കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ ഫോണ്‍ എടുത്തു ബാഗില്‍ വയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പായി കൈവിരലുകള്‍ അറിയാതെ പതിവുപോലെ ഫേസ് ബുക്ക് തുറന്നു സേര്‍ച്ച് ബട്ടനിലേക്ക് പോയി. എന്നും തിരയുന്നയാള്‍ ആയതുകൊണ്ട് സേര്‍ച്ച് എന്നമര്ത്തുബോഴേക്കും അവന്റെ പ്രൊഫൈല്‍ ആദ്യംതന്നെ വരും. വെറുതെ തുറന്നു നോക്കി അവന്റെ പുതിയ പോസ്റ്റിങ്ങ് വല്ലതുമുണ്ടോന്നൊക്കെ. ഒന്നുമില്ലായെന്നു കണ്ടതോടെ ഫോണ്‍ ബാഗില്‍ വച്ച് തിരക്കിട്ട് സീറ്റിലേക്ക് നടന്നു.
ആമ്പര്ന്നോനു പ്രാതലിനു കൊടുത്ത പുട്ടിന്റെയുംതാറാമുട്ടകറിയുടെയുംഫോട്ടോയുടെ ഒപ്പം ഓണ്‍ ലൈന്‍ സുവിശേഷ വേലക്കാരിയായ നാത്തൂന് വാട്ട്സാപ്പില്‍ അയച്ചു തന്ന ധ്യാനപ്രസംഗം കേട്ടു കഴിഞ്ഞതോടെ തുടങ്ങിയതാണ് കൊച്ചുറാണിയുടെ മനസ്സിന്റെ വേവലാതി.യൂട്യൂബ് ധ്യാനം കേട്ടതോടെ കൊച്ചുറാണിയുടെ മനസ്സില്‍ വല്ലാതെ കുറ്റബോധം നിറയാന്‍ തുടങ്ങി. ‘മനസ്സില്‍ കുറ്റബോധം നിറഞ്ഞാല്‍ പിന്നെ ചെയ്യുന്നതെന്തും യാന്ത്രികം ആയിരിക്കുമെന്നാണല്ലോ’ഇരുപതാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ വന്ന പഴമൊഴി പറയുന്നത്.എന്തായാലും അതോടെ താന്‍ ചെയ്യുന്നതെല്ലാം കടുത്ത പാപം ആണോന്ന ചിന്ത കൊച്ചു റാണിയെ വല്ലാതെ അലട്ടാന്‍ തുടങ്ങി.
വിലക്കപ്പെട്ട കനി തിന്നപ്പോള്‍ ആദിമാതാവായ ഹവ്വയോട് ഏദന്‍ തോട്ടത്തില്‍ വച്ച് യഹോവ ചോദിച്ചു
“ നീ എന്താണ് ഈ ചെയ്തത്”
ആദിമാതാവ് താന്‍ നഗ്നയെന്ന ലജ്ജയാല്‍ യഹോവയുടെ മുന്പില് വരാതെനന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്നുപിന്നിലെ കുറ്റിക്കാട്ടില്‍ കുന്തിച്ചിരുന്നു നഗ്നത മറച്ചുകൊണ്ട് പറഞ്ഞു.
“ സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.”
ഹവ്വാ മാതാവിന്റെ ഇളമുറക്കാരിയായ കൊച്ചുറാണിയഹോവ ചോദിക്കുന്നതിനു മുന്‍പായി തന്നെ അപ്രകാരംപറഞ്ഞു.
“എല്ലാത്തിന്റെയും കാരണം ഈ ഫേസ്ബുക്കും വാട്ട്സാപ്പും മൊബൈല്‍ ഫോണും ഒക്കെയാണ്.”
ഒരു പുരുഷന് വെറുതെയിരുന്നാല്‍ അവന്റെ മനസ്സില്‍ ഉയരുന്നതു മുഴുവനും തന്നെ ലൈംഗീക കാമനകള്‍ ആയിരിക്കുമെന്നൊക്കെ എവിടെയോ കൊച്ചുറാണിവായിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചുറാണി അങ്ങിനെയൊന്നും ആയിരുന്നില്ല. വെറുതെയിരിക്കുമ്പോള്‍ വല്ലപ്പോഴും കൊച്ചുറാണിഒരു ചെറിയ നെടുവീര്‍പ്പിടും അത്രേയുള്ളൂ അതിന്മേല് ചുറ്റിപറ്റി വേറെ ഒരു വേണ്ടാതീനവുമില്ല.ചുമ്മാഇച്ചിരി നൊമ്പരത്തില്‍ ചാലിച്ച ചിന്തകള്‍ മാത്രം അതൊരു അധോവായൂ പോലെ നെടുവീര്പ്പുരൂപത്തില് പുറത്തേക്കുപോകുമ്പോള്‍ ഒരു ആശ്വാസം. വര്‍ഷങ്ങളുടെ കുത്തൊഴുക്കില്‍ കൊച്ചുറാണി അവളുടെ നൊമ്പരത്തിന്റെ മുഖം തന്നെ മറന്നു പോയിരുന്നു.
“ഓര്‍മ്മയുണ്ടോ ഈ മുഖം ”
സുരേഷ്ഗോപി ഡയലോഗുമായി ഒരു ഫ്രണ്ട് റിക്വസ്റ്റ് അവന് അയച്ചപ്പോഴാണ് ആ മുഖം പിന്നെ കൊച്ചുറാണിയുടെ ഓര്‍മ്മയില്‍ വന്നതുതന്നെ.
“ ഒന്നു പോടാപ്പനെനീ കരുതും പോലെ അങ്ങിനെ ഒരു പാട് മുഖങ്ങള്‍ ഒന്നും കേറി നിരങ്ങി പോയിട്ടില്ലാത്തതുകൊണ്ട് ഓര്‍മ്മിക്കാന്‍ എനിക്ക് ഇപ്പോഴും വല്യ പാടൊന്നുമില്ല ”
എന്നു പറഞ്ഞു ഉരുളയ്ക്കുപ്പേരി പോലെ അവനു മറുപടി കൊടുത്തേപ്പിന്നെ കൊച്ചുറാണിയുടെ ഓര്‍മ്മകള്‍ കിഴക്കന്മലേന്നു ഇടവപ്പാതിക്ക് ഉരുള്‍പൊട്ടി വെള്ളം കുത്തൊഴുക്കായി വരുന്നപോലെ അങ്ങനെ പടപടാന്നു ഒഴുകി വരാന്‍ തുടങ്ങി.പിന്നെ പിന്നെ അതൊരു പതിവായി.
അവന് പറഞ്ഞാണ് മിക്ക ആണുങ്ങളുടെയും കംബ്യൂട്ടര് പാസ്വേര്‍ഡുകളുടെ രഹസ്യക്രമം എങ്ങിനെയെന്നു കൊച്ചുറാണിക്കു മനസ്സിലായത്.ആദ്യം കാമുകി അല്ലെങ്കില്‍ അങ്ങിനെയാക്കാന്‍ കൊതിച്ചവള്‍ പിന്നെഭാര്യ മക്കള്‍ അങ്ങിനെ പോകും. നിരവധി പാസ്സ്വേര്‍ഡുകള്‍ ഓര്‍ത്തിരിക്കേണ്ട ഒരു അക്കൌണ്ട് മാനേജരായ അവന്റെ ഓരോ ദിവസവും തുടങ്ങുന്നത് കൊച്ചുറാണിയുടെ പേരു കംബ്യൂട്ടറില്‍ ടൈപ്പ് ചെയ്തുകൊണ്ടാണുപോലും.
ഇത്രയും കാലം കഴിഞ്ഞിട്ടും അവന് ദിവസവുംജീവന്റെ പാസ്വേര്‍ഡു പോലെ തന്നെ ഓര്‍മ്മിക്കുന്നുവെന്ന കാര്യം കൊച്ചുറാണിക്കു വലിയ കാര്യമായി തോന്നി. പക്ഷെ കൊച്ചുറാണി അങ്ങിനെയൊന്നും ആയിരുന്നില്ല. പാസ് വേര്‍ഡുകള്‍ മറന്നുപോകുന്നതും ഇടയിക്കിടയ്ക്കു ഹെല്പ് ഡെസ്കില്‍ വിളിച്ചു പാസ് വേര്‍ഡ് റീ സെറ്റ് ചെയ്യുന്നതും പതിവായിട്ടും അവന്റെ പേരു ചേര്‍ത്ത് പാസ് വേര്‍ഡ് ഉണ്ടാക്കാനൊന്നും ഒരിക്കലും അവള്‍ക്കു തോന്നിയിരുന്നില്ല.
കൊച്ചുറാണി എന്നും രാവിലെ അടുക്കളയിലെത്തി കാപ്പി അടുപ്പേല് വച്ചിട്ടു ഫോണ്‍ കയ്യിലെടുത്തു ഫേസ് ബുക്കും വാട്ട്സാപ്പും തുറക്കും. നാട്ടിലുള്ള ബന്ധുക്കള്‍ ചക്കവെട്ടി പുഴുങ്ങിയതിന്റെയും, കുടംപുളിയിട്ടു വറ്റല്‍ മുളകരച്ചു മീന്‍ കറിവെച്ചതിന്റെയുമൊക്കെ നല്ല ചൊക ചൊകാന്നുള്ള പടം എടുത്തു പോസ്റ്റ് ചെയ്തേക്കണതുകാണുമ്പോള് വായിലൂറുന്ന വെള്ളം കുടിച്ചിറക്കിക്കൊണ്ട് കൊച്ചുറാണി ഫ്രിഡ്ജു തുറന്നുതണുത്തു മരവിച്ച ടര്‍ക്കിയുടെയോ ഹാമിന്റെയൊ ചീന്തുകള്‍ എടുത്തു ഒരു കീറ്റ് ലെറ്റൂസില്‍ പൊതിഞ്ഞു ബ്രെഡിനിടയില്‍ വച്ച് സാന്വിച്ചുണ്ടാക്കി സിപ് ലോക്ക് ചെയ്തു ലഞ്ച് ബാഗില്‍ നിക്ഷേപിക്കും.
പിന്നെഅവന്റെ സന്ദേശങ്ങള്‍ വല്ലതും വന്നു കിടപ്പുണ്ടോന്നുവാട്ട്സാപ്പിലും മെസെഞ്ചെറിലും പരതി നോക്കും. ഒന്നും കണ്ടില്ലെങ്കില്‍ ഫേസ് ബുക്ക് പേജിലെത്തി പുതിയതായി വല്ലതും പോസ്റ്റ് ചെയ്തിട്ടുണ്ടോന്ന് നോക്കും. ചിലപ്പോള്‍ പുതിയ ഫോട്ടോ കാണാം. അവനും ഭാര്യും ചേര്‍ന്നുള്ള പടങ്ങള്‍ കണ്ടാല്‍ കാര്യമായിനോക്കും.കൊച്ചുറാണിയുടെ അഭിപ്രായത്തില്‍ ഒരു പൊങ്ങച്ചക്കാരിയാണ് അവന്റെ ഭാര്യ. എന്നാലും അവളുടെ വസ്ത്രത്തിലും ആഭരണങ്ങളിലും എന്തെങ്കിലും പുതുമയുണ്ടോന്നുവെറുതെ നോക്കും. അവര്‍ തമ്മില്‍ ചേര്‍ന്നു നില്ക്കുന്ന ചിത്രം വല്ലതും കണ്ടാല്‍ ഒരു കാര്യവുമില്ലെങ്കിലും കൊച്ചുറാണിയുടെ ചങ്കില് ഒരു ചെറിയ പെടപെടപ്പ് തോന്നും. അന്നേരം അവന്റെ ഭാര്യയെക്കള്‍ ഇപ്പോഴും സുന്ദരി താന്‍ തന്നെയെന്നു കൊച്ചുറാണി സ്വയമങ്ങുപറയും.
എന്തൊക്കെയായാലും കൊച്ചുറാണിയുടെ മനസ്സിന് ആകപ്പാടെ നല്ല സന്തോഷമുള്ള കാലമാണിപ്പോള്‍. എല്ലാത്തിനും നല്ല ചുറുചുറുക്കും ഉത്സാഹവും തോന്നുന്നുണ്ട്. മധ്യവയസ്കിലേക്ക് നടന്നു കയറുന്ന പ്രായമെങ്കിലും മനസ്സില്‍ പുതിയ പൂക്കള്‍ മൊട്ടുകളിട്ടു വിരിയാന്‍ തുടങ്ങി. കൊഴിയുന്ന ഇലകള്‍ക്ക് പകരം പുതു ദളങ്ങള്‍ നാമ്പിട്ടു.അവ കൊച്ചുറാണിയുടെ കാതില്‍ മര്‍മ്മരമായി കൊച്ചു കൊച്ചു രഹസ്യങ്ങള്‍ മന്ത്രിച്ചു.അവള്‍ക്കിപ്പോള്‍ അന്തപ്പനോടും ഭയങ്കര സ്നേഹമാണ്.
കിടപ്പറയിലെ ഉറഞ്ഞമഞ്ഞില് കാലംതെറ്റിവന്നവസന്തകാല പുഷ്പം വിരിഞ്ഞു നില്‍ക്കുന്നതുകണ്ട കൊച്ചുറാണിയുടെ ഭര്‍ത്താവ് അന്തപ്പന് മാപ്പിള അന്തംവിട്ടു കൊച്ചുറാണിയെ മിഴിച്ചുനോക്കി. പിന്നെ‘കെടാന്‍ പോകുന്ന വിളക്കാന്തിക്കത്തു’ മെന്ന പഴമൊഴിയോര്ത്തുചിരിച്ചുകൊണ്ട് വിളക്കണച്ചു.
അങ്ങിനെയിരിക്കെയാണ് നാത്തൂന് യൂട്യൂബ് ധ്യാനപ്രസംഗം ഒരു നാത്തൂന് പോരുപോലെ കൊച്ചുറാണിക്കു അയച്ചു നല്‍കിയത്. ആ പ്രസംഗം കൊച്ചുറാണിയിലെ വിശ്വാസിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. മുറിവേറ്റ കേവല വിശ്വാസിയും കൊച്ചുറാണിയിലെ യുക്തിഭദ്രമായി ചിന്തിക്കുന്ന വിശ്വാസിയും തമ്മില്‍ നിരന്തരമായി വാഗ്വാദങ്ങള്‍ നടത്തി.
“എല്ലാ മതങ്ങളും ഗ്രന്ഥങ്ങളും മനുഷ്യരോട് പരസ്പരം സ്നേഹിക്കുവാന്‍ പറഞ്ഞിരിക്കുന്നു. പ്രണയം എന്നത് ജീവിതത്തിലെ ഏറ്റവും ശക്തവും തീവ്രവും ആഴമേറിയതുമായ ഘടകമാണ് അത് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മുന്നോടിയാണെന്നു എമ്മഗോള്ഡ്മാന് പറഞ്ഞത് ശരിയല്ലേ ?ആ സന്തോഷമല്ലേ ഇപ്പോള്‍ അനുഭവിക്കുന്നതും.?”
‘നിന്റെ പാവം ഭര്‍ത്താവ് അന്തപ്പന് ഇതൊന്നും അറിയുന്നില്ലല്ലോ.നീ അവനെ മനസ്സുകൊണ്ട് വഞ്ചിക്കുകയാണ്’. കൊച്ചു റാണിയിലെ കേവല വിശ്വാസി തിരിച്ചടിച്ചു.
യുക്തിഭദ്രയായ വിശ്വാസി ചോദിച്ചു.“അതിനു ഞാനും അവനു തമ്മില്‍ ഇപ്പോള്‍ തെറ്റായി എന്തു ബന്ധമാണുള്ളത് ? ഞങ്ങള്‍ പഴയ കൂട്ടുകാര്‍ പരസ്പരം സ്നേഹിച്ചവര്‍. ഇപ്പോള്‍ നല്ല സൌഹൃദം മാത്രം ആഗ്രഹിക്കുന്നവര്‍.”
‘നിനക്കവനോടിപ്പോള് സ്നേഹമോ പ്രണയമോ ? എന്താണ് സ്നേഹവും പ്രണയവും തമ്മിലുള്ള വിത്യാസം ?’കേവല വിശ്വാസിയുടെ ചോദ്യത്തിനു യുക്തിഭദ്രയ്ക്ക് പെട്ടന്ന് മറുപടിയൊന്നും കിട്ടിയില്ല.
കൊച്ചുറാണി കര്‍ത്താവിന്റെ ചിത്രത്തിന്റെ മുന്പില് മെഴുകിതിരി കത്തിച്ചു വെച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു.“കര്‍ത്താവേ ഞാന്‍ ചെയ്യുന്നതില്‍ വല്ല തെറ്റുമുണ്ടെങ്കില് നീ എനിക്ക് വെളിപ്പെടുത്തിതരണമേ”. പ്രാര്‍ത്ഥനയ്ക്കു ശേഷം പോട്ട ധ്യാന കേന്ദ്രത്തില്‍ നിന്നു അന്തപ്പന് കൊണ്ടുവന്ന വചനപ്പെട്ടി തുറന്നുദൈവ വചനം എഴുതിയ ഒരു ചീട്ടെടുത്തു വായിച്ചു. ആ സംഗതി എന്തായാലും കലക്കി രോഗിയും വൈദ്യരും പറഞ്ഞതൊന്നു തന്നെ.
“ നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍”കേവല വിശ്വാസി നാവടക്കി.യുക്തിഭദ്രയായ വിശ്വാസി ഇപ്പോള്‍ വിജയിച്ചു കഴിഞ്ഞിരിക്കുന്നു.
അമ്പതു നോയമ്പ് അടുപ്പിച്ചു ഇടവകയില്‍ ധ്യാനം വന്നു.ഇക്കുറി ദമ്പതികള്‍ക്കായി പ്രത്യേകം ഊന്നല്‍ നല്‍കിയുള്ള ധ്യാനമായിരുന്നു. ‘കുടുംബ ജീവിതത്തിലെ വിശുദ്ധിയാണ്’ധ്യാന വിഷയം. ധ്യാനം ആരംഭിക്കുകയായി പള്ളി നിറഞ്ഞു കവിഞ്ഞു തിങ്ങിക്കൂടിയിരിക്കുന്ന ആളുകള്‍. ആകാശത്തോളം ഉയരുന്ന കാതടപ്പിക്കുന്ന സംഗീതവും ഹല്ലേലൂയ്യ സ്തുതിപ്പുകളും. ആമുഖമായി ധ്യാനഗുരു ബൈബിള്‍ തുറന്നു അന്നു ധ്യാനിക്കാനുള്ള വചനം തിരഞ്ഞെടുത്തുസകലരും കേള്‍ക്കെ ഉറക്കെ വായിച്ചു.
“വ്യഭിചാരം ചെയ്യെരുതെന്നു കല്‍പ്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന് ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു”( 5 മത്തായി 2728).
വചനം കേട്ട പുരുഷന്മാര് എല്ലാവരും തന്നെ പാവങ്ങളെപ്പോലെ ഞങ്ങളാരും ഇമ്മാതിരി പാപം ചെയ്യുന്ന കൂട്ടരല്ല എന്ന ഭാവത്തില്‍ ഭക്തി പുരസ്കരം ധ്യാനഗുരുവിന്റെ നേരെ നോക്കി എളിമയോടിരുന്നു.
‘എന്നാല്‍ പിന്നെ സ്വര്‍ഗ്ഗരാജ്യം എന്നു പറയണത് ആറ്റുകാല്‍ പൊങ്കാല പോലെയായിരിക്കും. ഒരൊറ്റ ആണുങ്ങള്‍പോലും അവിടെ ഉണ്ടാകാന്‍ ഇടയില്ലമുഴുവനും പെണ്ണുങ്ങളായിരിക്കും.’കൊച്ചു റാണിയിലെ യുക്തി ഭദ്രയായ വിശ്വാസി ഹൃദയത്തില്‍ ആണുങ്ങളെ കളിയാക്കി ഊറി ചിരിച്ചു.
ധ്യാനഗുരുവായ അച്ചന് പരഹൃദയജ്ഞാനമുള്ള ആളാന്നു മുന്നേ കൊച്ചുറാണി കേട്ടിരുന്നു. കൊച്ചുറാണിയുടെ ചിന്ത ഗ്രഹിചിട്ടെന്നവണ്ണം ധ്യാനഗുരു തുടര്‍ന്നു പറഞ്ഞു.
“ഈ പറഞ്ഞ വചനം സ്ത്രീകള്‍ക്കും ബാധകമാണ്. അവള് ആസക്തിയോടെ ഒരു പുരുഷനെ നോക്കിയാല്‍ ഹൃദയത്തില്‍ അവളും വ്യഭിചാരം ചെയ്തുകഴിഞ്ഞു.”
അച്ചന്റെ ക്ലാസ് നടക്കുമ്പോള്‍ കൊച്ചു റാണിയുടെ മനസ്സില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടു.ഒപ്പം അവളുടെ മനസ്സ് അതിനുള്ള ഉത്തരവും തേടുന്നുണ്ടായിരുന്നു.
‘വചനം പറയുന്നത് ആസക്തിയോടെ നോക്കിയാല്‍ ചിന്തിച്ചാല്‍ എന്നൊക്കെയാണ് പക്ഷെ എന്റെ മനസില്‍ ആസക്തിയൊന്നുമില്ല. ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കള്‍ മാത്രം. മാത്രവുമല്ല ഈ കര്‍ത്താവ് തന്നെയല്ലേ ചീട്ടെടുത്തപ്പോള്‍ നിങ്ങള്‍ പരസ്പരം സ്നേഹിച്ചോളാന്‍ പറഞ്ഞുകൊണ്ട് അനുവാദം തന്നതും. പിന്നെ എന്നാ കുഴപ്പം’കൊച്ചുറാണി യുക്തി ഭദ്രമായ സ്വന്തം ചിന്തയില്ആശ്വാസം കണ്ടെത്തി.
“നിങ്ങളില്‍ ചിലരൊക്കെ ഇപ്പോള്‍ വിചാരിക്കുന്നുണ്ട് എനിക്ക് അവനോട് അല്ലെങ്കില്‍ അവളോട് വെറും സ്നേഹം മാത്രമല്ലേയുള്ളൂ ? ഞങ്ങള്‍ പരസ്പരം കാണുന്നില്ല, വാട്ട്സാപ്പിലൂടെയും മെസ്സഞ്ചറിലൂടെയും ഫോണിലൂടെയും വെറുതെ സ്നേഹിക്കുന്നതല്ലേയുള്ളൂ ? അല്ലെങ്കില്‍ നല്ല സുഹൃത്തുക്കള്‍ മാത്രമല്ലെ? അല്ലെങ്കില്‍ തന്നെ കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലോ പരസ്പരം സ്നേഹിക്കാന്‍ എന്നൊക്കെ”
ധ്യാനഗുരുവായ അച്ചന്റെ വാക്കുകള്‍കേട്ട കൊച്ചുറാണി ഞെട്ടിപ്പോയി. തലയുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കൊച്ചുറാണിയുടെ കണ്ണുകളുമായി ഇടഞ്ഞു. അവള് പെട്ടന്ന് സാരിതലപ്പ് തലയിലേക്ക് വലിച്ചിട്ടു താഴേക്ക് നോക്കിയിരുന്നു. ധ്യാനഗുരുതന്നെ നോക്കിയത് അടുത്തിരിക്കുന്ന ഭര്‍ത്താവ് കണ്ടോന്നവള് ഒളികണ്ണിട്ടു നോക്കി.
അച്ചന് പറഞ്ഞു “എന്നാല്‍ അങ്ങിനെയല്ല കര്‍ത്താവ് പറഞ്ഞിട്ടുള്ളത് പരസ്പരം സ്നേഹിക്കാനാണ്. പ്രണയിക്കാനല്ല. പ്രണയം എന്നത് സ്നേഹമല്ല. സ്നേഹത്തില്‍ മോഹം ചേരുമ്പോഴാണ് അതിനെ പ്രണയം എന്നു പറയുന്നത്, അതില്‍ ആസക്തിയുണ്ട്. നിഷ്കാമമായി തോന്നുന്നത് മാത്രമാണ് സ്നേഹം. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പരസ്പരം ആഗ്രഹിച്ചു തോന്നുന്ന വികാരമാണ് പ്രണയം. അത് സ്ത്രീയും പുരുഷനും തമ്മില്‍ ആകാം അല്ലെങ്കില്‍ സോദോം ഗോമോറയിലെപ്പോലെ പുരുഷനും പുരുഷനും തമ്മില്‍ ആകാം അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും തമ്മില്‍ ആകാം.”
പ്രണയവും സ്നേഹവും തമ്മിലുള്ള വിത്യാസം കേട്ടപ്പോഴും കൊച്ചുറാണിയിലെ യുക്തിഭദ്രയായ വിശ്വാസി പറഞ്ഞു. ആയിക്കോട്ടെ ഞാന്‍ അവനെ ആഗ്രഹിക്കുന്നില്ല അപ്പോള്‍ ഞങ്ങള്‍ക്കിടയിലുള്ളത് പ്രണയമല്ല നല്ല സ്നേഹം മാത്രം.അത് ഓക്കെയാണെന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലോ പിന്നെയെന്നാ കുഴപ്പം.
“ഇപ്പോള്‍ നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ട്. അപ്പോള്‍ എനിക്ക് കുഴപ്പമില്ല ഞാന്‍ അവനെ അല്ലെങ്കില്‍ അവളെ മോഹിക്കുന്നില്ല വെറുതെ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ഓക്കെ എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലോ പിന്നെന്താ കുഴപ്പമെന്നൊക്കെ”
“എന്നാല്‍ കേട്ടോളൂ നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവല്ലാതെ മറ്റേതെങ്കിലും വ്യക്തിയെക്കുറിച്ച് നിങ്ങള്‍ നിരന്തരം ഓര്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അയാളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുകയാണ്.”
‘എന്റെ കര്‍ത്താവേ ഈ അച്ചന് പറയുന്നത് എന്നെക്കുറിച്ചാണല്ലോ ? നീ അല്ലേ പറഞ്ഞത് പരസ്പരം സ്നേഹിച്ചോളുവെന്നൊക്കെ എന്നിട്ടിപ്പോള്‍ കാലുമാറുകയാണോ കര്‍ത്താവേ ?’ കൊച്ചുറാണി കര്‍ത്താവിനോടു പരാതിപ്പെട്ടു .കൊച്ചുറാണിയിലെ യുക്തിഭദ്രയായ വിശ്വാസി നിരാലംബയായി പരാജയപ്പെട്ടു. ഇപ്പോള്‍ കേവല വിശ്വാസി വിജയിയായി.
“അണലി സന്തതികളെ, ആസന്നമായ ക്രോധത്തില്‍ നിന്നു ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്കിയതാരാണ് ? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.......വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും.”
വചന വായന അവസാനിപ്പിച്ച് അച്ചന് ഉപസംഹരിച്ചു പറഞ്ഞു.ഇവിടെ ഇരിക്കുന്ന ദൈവമക്കള് ഓരോരുത്തരും ഈ നിമിഷം കര്‍ത്താവിന്റെ സന്നിധിയില്‍ പ്രതിജ്ഞ എടുക്കണം.ഇനി മേല്‍ ഇത്തരം വഴികളിലൂടെ നടക്കുകയില്ലാന്ന്. നിങ്ങളുടെ മനസ്സില്‍ അത്തരത്തിലുള്ള ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരെ ഈ നിമിഷം ഇവിടെ ഉപേക്ഷിക്കണം. അവരുമായുള്ള എല്ലാ സംബര്ക്കങ്ങളും സമ്പര്‍ക്ക മാധ്യമങ്ങളും ഇവിടെ കര്‍ത്താവിന്റെ മുന്പില് ഉപേക്ഷിക്കണം. ഇന്നു നടക്കുന്ന കുബസാരത്തില്‍ എല്ലാ പാപങ്ങളും ഏറ്റു പറഞ്ഞു വിടുതല്‍ പ്രാപിക്കണം.
പശ്ചാത്താപ വിവശയായ കൊച്ചുറാണി കുബസാരകൂട്ടിലേക്ക് നടന്നു. ഇടവകയിലെ അച്ചനെ കിട്ടരുതേ വേറേതെങ്കിലും പുരോഹിതനെ കിട്ടണമേ എന്നുള്ളാലെ പ്രാര്‍ത്ഥന നടത്തിയാണ് കൊച്ചുറാണി കുബസാര കൂട്ടിലേക്ക് നടന്നു ചെന്നത്. കര്‍ത്താവ് കൊച്ചുറാണിയുടെ പ്രാര്‍ത്ഥനകേട്ടു. ഇടവക വികാരി ആയിരുന്നില്ല കുബസാര കൂട്ടില്‍ മറ്റൊരു പുരോഹിതനായിരുന്നു. ആശ്വാസത്തോടെ കൊച്ചുറാണി മുട്ടു കുത്തി നെറ്റിയേല് കുരിശുവരച്ചു ‘എന്റെ പിഴ. എന്റെ പിഴ, എന്റെ വലിയ പിഴ’യെന്നു പറഞ്ഞുകൊണ്ട് ‘ഞാന്‍ പിഴയാളി’പൂര്ത്തീകരിച്ചപ്പോഴാണ്കുബസാരകൂട്ടിലെ മങ്ങിയ വെളിച്ചത്തില്‍ ഇരിക്കുന്ന പുരോഹിതന്റെ മുഖം കൊച്ചുറാണിയുടെ കണ്ണുകളില്‍ തെളിഞ്ഞു വന്നത്.
കുറ്റബോധത്തില്‍ നീറി പുകയുന്ന കൊച്ചുറാണി എല്ലാ കഥകളും അതിന്റെ തുടക്കം മുതല്‍ ആളും അടയാളവും നാള്‍വഴികള്‍ സഹിതം എല്ലാം അറിയുന്നവനായ കര്‍ത്താവിനോട് ഏറ്റുപറഞ്ഞു വിടുതല്‍ പ്രാപിച്ചു. അന്ന് രാത്രി വളരെ സമാധാനമായി അവള് ഭര്‍ത്താവിനെ കെട്ടിപിടിച്ചു കിടന്നു. ധ്യാനത്തിന് പോയത് എന്തുകൊണ്ടും വളരെ നന്നായെന്ന് കൊച്ചുറാണിക്കു തോന്നി. അല്ലെങ്കില്‍ താന്‍ തിരിച്ചറിവില്ലാതെ നിരന്തരമായി എഴാം പ്രമാണം ലംഘിച്ചു കര്‍ത്താവിനും തന്റെ ഭര്‍ത്താവിനുമെതിരെ പാപം ചെയ്തു നരകത്തിലെ കെടാത്ത അഗ്നിക്കും ചാകാത്ത പുഴുവിനും ഇരയായി നിത്യ ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ .
പുറത്ത് നല്ല നിലാവുണ്ടായിരുന്നു. ജാലകത്തിലെ തിരശ്ശീല പഴുതിലൂടെ കൊച്ചുറാണിയുടെ കിടപ്പ് മുറിയിലേക്ക് ഒളിഞ്ഞു നോക്കുന്ന കുസൃതിയായ കുഞ്ഞന്‍ നിലാവ് ഉറങ്ങികിടക്കുന്ന അന്തപ്പന്റെ മുഖത്തിനു കൂടുതല്‍ ചാരുത നല്‍കുന്നതായി അവള് കണ്ടു. അവള് അന്തപ്പന്റെ മുഖത്തേക്ക് അനുതാപപൂര്‍വ്വം നോക്കി.പാവം അന്തപ്പന് തന്റെ അന്തരാളമൊന്നും ഇതുവരെയും അറിഞ്ഞിട്ടില്ല.ഇത്രയും കാലം ഈ പാവത്തിനെ താന്‍ വഞ്ചിക്കുകയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ വിവശയായി വായപൊത്തിപ്പിടിച്ചവള്പൊട്ടിക്കരഞ്ഞു.
രണ്ടു നാള് കഴിഞ്ഞൊരു ദിവസം.
അന്നു കൊച്ചുറാണിയുടെ അവധി ദിനം ആയിരുന്നു. വീട്ടിലെ ചെറിയ പണികളൊക്കെ തീര്ത്തുഒന്നു വിശ്രമിക്കാന്‍ തുടങ്ങുകയായിരുന്നവള്. വാട്ട്സാപ്പില്‍ മെസേജു വന്ന ശബ്ദം കേട്ട് കൊച്ചുറാണി ഫോണെടുത്ത് നോക്കി.
“ ഹൌ ര്‍ യു കൊച്ചുറാണി”കഴിഞ്ഞ ദിവസം കുബസാരിപ്പിച്ച കൊച്ചുറാണിയുടെ നാട്ടുകാരനായ അച്ചനായിരുന്നു സന്ദേശം അയച്ചത്
‘ ഐ ആം ഫൈന്‍. താങ്ക്യൂ ഫാദര്‍. വാട്ട് എബൌട്ട് യു ഫാദര്‍’കൊച്ചുറാണിമറുപടി അയച്ചു.
കൊച്ചുറാണി അയച്ച മറുപടി ഫാദര്‍ അപ്പോള്‍ തന്നെ വായിച്ചതായി രേഖപ്പെടുത്തിക്കൊണ്ട് രണ്ടു നീല ശരി അടയാളങ്ങള്‍ മെസ്സ്ജിനു താഴെ തെളിഞ്ഞുവന്നു.
“പട്ടണത്തില്‍ വച്ചൊന്നു കാണാന്‍ സൌകര്യപ്പെടുമോ” ഫാദറിന്റെ അടുത്ത സന്ദേശം വന്നു
എന്തിനാണ് പട്ടണത്തില്‍ വച്ച് കാണേണ്ട കാര്യമെന്നു ചോദിച്ചു മറുപടി എഴുതാന്‍ തുടങ്ങവേ അടുത്ത സന്ദേശം വന്നു
“ ഞാന്‍ കഴിഞ്ഞ ദിവസം നിന്റെ ഭര്‍ത്താവിനെ കണ്ടിരുന്നു. പിന്നെ നിന്റെ മറ്റേക്കാര്യമൊന്നും ഞാന്‍ അവനോടു പറഞ്ഞില്ല കേട്ടോ. അതൊരു കുബസാര രഹസ്യമല്ലേ ആരും അറിയേണ്ട നമ്മള് മാത്രം അറിഞ്ഞാല്‍ മതി”
കൊച്ചുറാണിയുടെ കയ്യിലിരുന്നു സെല്‍ഫോണ്‍ വിറപൂണ്ടു. വാട്ട്സാപ്പ് മെസ്സേജിനു കീഴെയുള്ള ശരി അടയാളം ഒരു നീല സര്‍പ്പമായി രൂപം മാറി. അതു കൊച്ചു റാണിയെ ദംശിക്കുവാനായി ഫണം വിടര്‍ത്തി മുന്നോട്ടാഞ്ഞു.
അന്ന് രാത്രിയില്‍ സ്വപ്നത്തില്‍ യഹോവയുടെ സ്വരം കൊച്ചുറാണി കേട്ടു
“ കൊച്ചുറാണി നീ എന്താണ് ഈ ചെയ്തത് ”
സ്വപ്നത്തില്‍ നിന്നുണരാതെ തന്നെ കൊച്ചുറാണി യഹോവയുടെ ചോദ്യത്തിനു പുരാതനമായ ആ മറുപടി തന്നെ പറഞ്ഞു.
“സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു”