നിന്‍ ദൃഷ്ടിയില്‍നിന്നുമൊരു തീക്ഷ്ണ ബാണമെ
ന്നിടനെഞ്ചില്‍ വന്നു തറയ്ക്കയാല്‍ പിന്നെയും
അറിയാതെയതിഝടിതി പിടയുന്നു ക്ഷണനേര
മിമകളില്‍ ഗതകാല സമരേഖ തെളിയുന്നു.
പിഴചുമത്തീടാന്‍ കൊതിക്കുവോര്‍ തുടരെ നിന്‍
പതനകാലത്തിന്റെ ചരിതങ്ങള്‍ ചികയിലും
പഴിവാക്കുകള്‍ക്കുമേല്‍ കുടിയിരുത്താന്‍ ചിലര്‍
ക്കെന്നുമേ,യെന്നെത്തിരഞ്ഞെടുക്കാന്‍ ഭ്രമം.
പിണമാക്കി മാറ്റുവാന്‍ ഫണമോങ്ങിയെത്രപേര്‍
വന്നിരുന്നണികളായാ, ശാന്ത സരണിയില്‍
തുണയാരുമില്ലാതൊടുവില്‍നാം വീണുപോയ്
തൃണസാമ്യമായ്‌സുരജീവിതം ധരണിയില്‍.
ആ വ്രണിത ഹൃദയതൃക്കോണിലായ് പ്രിയമോഹ
മണയാതെയെപ്പോഴു,മല്പമുണ്ടാകയാല്‍
കാത്തുവയ്ക്കുന്നേന്‍ കവിതപോല്‍ സുമലതേ,
ചിര ഹരിതസാമ്യമാം സ്ഥിരകാല യൗവ്വനം.
ചുരുളുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ മഹിയിതില്‍
നരികളായ് നില്‍പ്പു ചില,രിരവിലായ് നിര്‍ണ്ണയം
തല്‍ക്ഷണം വീണതാം മഹിത സുരലോകമേ,
പുതഞ്ഞ രഥചക്രം കണക്കെയായ് ജീവിതം!
വിരഹമെന്നകതാരിലൊരു നേര്‍ത്ത സന്ധ്യയാ
യണയുന്നു, സ്മരണാനിണമണിഞ്ഞീവിധം
ഏകാകിയായകലെ നില്‍ക്കുന്നിരുള്‍മുറിയില്‍
സഹന യുവനാളമായൊരു പ്രണയതാരകം.