Image

കാലപ്രവാഹം (കവിത: മഞ്ജുള ശിവദാസ്)

Published on 27 June, 2019
കാലപ്രവാഹം (കവിത: മഞ്ജുള ശിവദാസ്)
കാലം നമുക്കേതുകോലമാകാം
കല്‍പ്പിച്ചുനല്‍കുന്നതാരറിഞ്ഞു.
അനുഭവത്താളുകളിലൊന്നുപോലും
ഒരുപോല്‍ ചമച്ചിരുന്നില്ല കാലം.

ആരെന്റെജീവിതത്താളുകള്‍ക്കീ
വര്‍ണ്ണങ്ങളേകിയെന്നാരുകണ്ടു.
ഓരോ നിറങ്ങളുമോരോ പ്രതീക്ഷ
തന്‍ തൂവല്‍കുടഞ്ഞിട്ടദൃശ്യമായി.

ഒച്ചിനെപ്പോലിഴഞ്ഞെന്നു തോന്നാം,
ഒച്ചവയ്ക്കാതെപ്പറന്നു കാലം.
താളുകള്‍ക്കിടയിലുടക്കിയീജീവിതം
താളംപിഴച്ചുലഞ്ഞൊഴുകി മെല്ലെ.

പിന്നിട്ടപേജുകള്‍ പരതുവാനായ്
പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കി.
ആരുംനിനയ്ക്കാത്ത കഥകള്‍ പറഞ്ഞു
കൊണ്ടോരോ ദളവുമടര്‍ന്നിരുന്നു.

ആരുമല്ലായിരുന്നെങ്കിലും നമ്മി
ലേയ്ക്കാനയിച്ചെത്തിച്ചിടുന്ന കാലം.
അറിവിന്റെ ജാലകപ്പാളികള്‍ മെല്ലെ
ത്തുറന്നിട്ടുവെട്ടം പകര്‍ന്നുനല്‍കി.

വിഷംതിന്നുചീര്‍ത്ത ചിത്തത്തിലെ
ക്കല്മഷം കഴുകിടാം കാലപ്രവാഹം.
തുരുമ്പിച്ചചിന്തകള്‍ ചന്തത്തിലാക്കുന്ന
കാലത്തെയൊന്നു സ്തുതിച്ചിടട്ടേ.

തല്‍ക്ഷണംമാഞ്ഞിടുന്നനുഭവത്താ
ളുകള്‍ തനിയേ മറിഞ്ഞുമായുമ്പോള്‍,
അവസാനതാളുകളിലെങ്കിലും കാല
മൊരു വ്യക്തചിത്രം വരച്ചേകീടുമോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക