Image

അമൂര്‍ത്തം(കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 03 July, 2019
അമൂര്‍ത്തം(കവിത :  അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
നന്മയായ്; നാദബ്രഹ്മമായുള്ളിലൊരു
സുര രമ്യ കമലമായ് നിറയുന്നു നിന്മുഖം
കവിതപോല്‍ കമനീയ വരികളായ് കനിവിന്റെ
കനകാക്ഷരങ്ങളായുണരുന്നു നിന്‍സ്വരം

ബധിരരായ് നില്‍പ്പു ചില,രരികിലായിരുളിന്റെ
യരുമകളായ് സ്വയം മാറാന്‍ ശ്രമിപ്പവര്‍
ഉള്‍ക്കണ്ണവര്‍ക്കില്ലയുള്ളതൊരു കപടമാം
വിശ്വാസമുള്ളില്‍ നിറയ്ക്കുന്ന പൊയ്മുഖം

വൈകൃതങ്ങള്‍ക്കുമേലടചേര്‍ന്നു വിരിയിക്കെ,
പൊലിയുന്ന വിലയറ്റ താരമായ് നിര്‍ണ്ണയം
പതിരുകള്‍ പതിതര്‍ക്കുദയമായ് മാറില്ല!
പാറ്റി ദൂരെക്കളഞ്ഞീടണം നിര്‍ണ്ണയം.
പോറ്റേണ്ടവരിവരല്ല, പെരുവഴികളില്‍
നീറ്റലോടെത്ര നില്‍ക്കുന്നു പൂമൊട്ടുകള്‍
സുകൃതമായ് നിറയുന്നതെന്നു ഹൃദയങ്ങളില്‍;
ദുഷ്‌കൃതങ്ങള്‍ പെരുക്കുന്നിവര്‍ ചിന്തയില്‍

ഓര്‍ത്തെടുത്തീടാമിടയ്ക്കു ചില നന്മുഖം
ചേര്‍ത്തുവയ്ക്കുന്നിടനെഞ്ചിലായ് സന്തതം
കാത്തുകൊള്ളട്ടെ പുലരിപോല്‍ സൗഹൃദം;
പൂത്തു തളിര്‍പ്പതെന്നുപരി യുവ ഹൃത്തടം?

ആര്‍ദ്രമാം ചിന്തയ്ക്കു മേല്‍ കൂര്‍ത്ത മുള്ളുകള്‍
മെല്ലെത്തൊടുക്കുന്നതാരിവിടെ, ചിന്തിതം
ചേര്‍ത്തുനിര്‍ത്താനിവര്‍ക്കറിയില്ല; പൈതൃകം
കാത്തുസൂക്ഷിക്കാനുണര്‍ത്തുന്നുവാരിദം.

അമൂര്‍ത്തം(കവിത :  അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക