Image

ചെമ്മാനത്തിന്റെ ഫ്രോക്കണിഞ്ഞ പെണ്‍കുട്ടി (കഥ: ജോസഫ് എബ്രഹാം)

Published on 05 July, 2019
ചെമ്മാനത്തിന്റെ ഫ്രോക്കണിഞ്ഞ പെണ്‍കുട്ടി (കഥ: ജോസഫ് എബ്രഹാം)
“നാഥാ മൃതയാമീ ദാസിക്കേകണമാശ്വാസം
പോവുക സഹ ജാതെ  ഭൂവാസം നിരസിച്ചോളെ...”......


കേള്‍വിക്കാരുടെകണ്ണുകള്‍ ഈറനണിയിച്ച ആഅന്ത്യയാത്രാഗീതം അടരുന്ന മിഴിമുത്തുകള്‍ ഹൃദയത്തില്‍ വീണുടയുന്നതിന്റെ  ശോകസാന്ദ്രമായ താളത്തിനൊപ്പം അലീനയുടെകാതുകളിലിപ്പോഴും  മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

ഓരോ പ്രാവശ്യവും ചെന്നെയിലെ ഫ്‌ലാറ്റില്‍ അലീനയെ കാണാന്‍ ചെല്ലുബോഴെല്ലാം ഒരു വലിയ ബാഗുനിറയെ സമ്മാനങ്ങളും വാങ്ങികൊടുത്താണ് അവള്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് അമ്മയെ തിരിച്ചു നാട്ടിലേക്കുള്ള തീവണ്ടിയില്‍ കയറ്റിവിടാറുണ്ടായിരുന്നത്.എന്നാല്‍ സമ്മാനമൊന്നും നല്‍കാതെചെമ്മാനം ഇരുളിന്‍റെകരിമ്പടംവിരിച്ചഒരു സന്ധ്യയില്‍കണ്ണീരുപ്പുകലര്‍ന്ന ഒരുപിടി  പച്ചമണ്ണുമാത്രം  നല്‍കി   അമ്മയെയാത്രയാക്കേണ്ടി വന്നപ്പോള്‍ തെറ്റിയത് അവളുടെ പതിവു മാത്രമായിരുന്നില്ല  പ്രാണന്റെ പാളവും കൂടിയായിരുന്നു. സാമ്പ്രാണിയും കുന്തിരിക്കവും കലര്‍ന്ന മരണത്തിന്‍റെ ഗന്ധവുംപേറിമൂവന്തിക്കാറ്റ്ഒരാത്മാവിന്റെകൂടെ വരവറിയിച്ചുകൊണ്ട് വാനത്തിലേക്ക് പറന്നുയര്‍ന്നസന്ധ്യയുടെ ഓര്‍മ്മയില്‍  അവളറിയാതെതന്നെ  മിഴികള്‍ സദാ  കലങ്ങി.

എഴാംനാള്‍ രാവിലെയുള്ളവി.കുര്‍ബാന കഴിഞ്ഞുകല്ലറയുടെ തലയ്ക്കല്‍ വന്ന അടുത്തബന്ധുക്കളെല്ലാവരും തന്നെ  യാത്രപറഞ്ഞു പിരിഞ്ഞു.പ്രായമായ സ്ത്രീകളില്‍! ചിലര്‍ അലീനയുടെ മൃദുവായ കൈകള്‍ അവരുടെ വിണ്ടുവെടിച്ച പരുപരുത്തകൈക്കുള്ളില്‍ എടുത്തു വച്ചുകൊണ്ട്  പോറലില്ലാത്ത സ്‌നേഹസാന്ത്വനത്തിന്റെ ആര്‍ദ്രമായ തഴുകല്‍ നല്‍കി. പിന്നെ  കണ്ണുകള്‍ കൊണ്ടു നിശബ്ദം യാത്ര ചോദിച്ചവര്‍  വിടവാങ്ങി.
കല്ലറയുടെ സമീപം അലീനയും പപ്പയും മാത്രമായി. കല്ലറയുടെ മുകളില്‍ കത്തിനില്‍കുന്ന മെഴുകുതിരിനാളങ്ങളിലേക്ക്ഉറ്റുനോക്കിക്കൊണ്ട്   വല്ലാതെ വിളറിയ   മുഖത്തോടും ഉള്ളില്‍ അലയടിക്കുന്നഅനല്‍പ്പമായ കുറ്റബോധത്തോടുംകൂടി നിശബ്ദം നില്കുന്ന പപ്പയോടവള്‍  ചോദിച്ചു.
“പപ്പ നമുക്കും പോയാലോ ?.”പപ്പ മറുപടി ഒന്നും പറയാതെ നിന്നപ്പോള്‍ അലീന പപ്പയുടെ കൈകള്‍ പിടിച്ചു പതിയെ നടക്കാന്‍ തുടങ്ങി. പപ്പയുടെ ചുവടുകള്‍ വല്ലാതെ വേച്ചുപോകുന്നതായി അവള്‍ കണ്ടു. പപ്പയുടെ കൈകള്‍ തന്റെ തോളിലേക്ക് എടുത്തു വച്ച് പപ്പയെയും ചേര്‍ത്തു പിടിച്ചുകൊണ്ടവള്‍ സെമിത്തേരിയില്‍നിന്നു പുറത്തേക്ക് നടന്നു.സെമിത്തേരിയുടെ പടിക്കെട്ടെത്തിയപ്പോള്‍ നടപ്പുനിര്‍ത്തിപപ്പതിരിഞ്ഞ് നോക്കുന്നതു കണ്ട അലീനയും തിരിഞ്ഞു നോക്കി.  കല്ലറയുടെ തലയ്ക്കല്‍ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരികള്‍ എല്ലാം അണഞ്ഞുപോയതുകണ്ട പപ്പാ വല്ലാതെ ഖിന്നനായി കാണപ്പെട്ടു.

“സാരമില്ല പപ്പാ ചിലപ്പോള്‍ അവിടെ നല്ല കാറ്റ് വീശിക്കാണും അതുകൊണ്ടായിരിക്കും.ഇനി വീണ്ടും  കൊളുത്തിയാലും  അതണഞ്ഞു പോകത്തെയുള്ളൂ...... വാ, നമുക്ക് പോവാം ” അവള്‍ പറഞ്ഞു
വീട്ടിലെ വീര്‍പ്പുമുട്ടിക്കുന്ന  ഏകാന്തതയും,കുന്നോളം കനംവെച്ച   മൌനവും  അലീനയുടെ മനസ്സിനെകൂടുതല്‍ സങ്കടപ്പെടുത്താന്‍  തുടങ്ങി. അവള്‍ പപ്പയുടെ മുറിയിലേക്ക് നോക്കി മുകളില്‍ കറങ്ങുന്ന പങ്കയില്‍ കണ്ണും നട്ടുകൊണ്ട് പപ്പ  വെറുതെ കിടക്കുന്നു. കണ്ണുകളിലെ നിര്‍ജീവിത കണ്ടാലറിയാം പപ്പയുടെ മനസ്സു മറ്റെവിടെയോ  അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന്.ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെചെവി പൊട്ടിപോകുന്ന ഒച്ചയാണെന്നു പറഞ്ഞു പപ്പ അമ്മയെ എപ്പോഴും കളിയാക്കുകയും ചിലപ്പോള്‍ ശകാരിക്കുകയും ചെയ്യുമായിരുന്നു.കാതില്‍ തുളച്ചുകയറുന്നആശബ്ദവും ഉരുളക്കുപ്പേരിപോലുള്ള തര്‍ക്കുത്തരങ്ങളുംഉറക്കെയുള്ള ചിരിയുമൊന്നുമില്ലാത്ത  നിശബ്ദമായ വീട് അവള്‍ക്കപരിചിതമായ ഏതോ ഒരിടമായിമാറി.

അമ്മ യാത്ര പറഞ്ഞതോടെ  ഈ ഭൂമിയിലെ അവളുടെ രക്തബന്ധത്തിന്‍റെ കണ്ണികളും ദുര്‍ബലമായി.ഇനി പപ്പയുംകൂടി ഒരു നാള്‍ പോയാല്‍ അവളുടെ വംശ വൃക്ഷത്തിന്‍റെ ഒരു ഭാഗത്തെ ശാഖകള്‍പൂര്‍ണ്ണമായും ഇല്ലാതാകും. കൂടെപ്പിറപ്പുകള്‍ ആരുമില്ലാത്ത ഏക മകളായ അവളുടെ ലോകബന്ധുത്വംഭര്‍ത്താവും മക്കളുമെന്ന ചെറിയ ലോകംമാത്രമായി  ചുരുങ്ങിപ്പോകും.

ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും  അവള്‍ സ്വയം വിശേഷിപ്പിച്ചിരുന്ന ‘വണ്‍ആന്‍ഡ്ഒണ്‍ലിഡോട്ടര്‍’എന്ന വിശേഷണംവലിയ ക്ലാസുകളില്‍  ആയപ്പോഴേക്കും അവളുടെ സ്വകാര്യ ദുഖവും പങ്കുവയ്ക്കാന്‍ ആളില്ലാത്ത സ്‌നേഹത്തിന്‍റെ ഭാരവുമായി വളര്‍ന്നിരുന്നു. അതില്‍ നിന്നെല്ലാം അവള്‍ ആശ്വാസം കണ്ടെത്തിയത്  അമ്മയിലൂടെയാണ്. അമ്മയും അവളും  തമ്മില്‍ സമപ്രായക്കാരായ കൂട്ടുകാരികളെ പോലെയായിരുന്നു.  അവര്‍ തമ്മില്‍ കൂട്ട് കൂടുകയും  കലഹിക്കുകയും പതിവായിരുന്നു.

ദു:ഖഭാരത്താല്‍ തളര്‍ന്നു  മയങ്ങിപ്പോയ അലീനയുടെ  നെറ്റിയില്‍  വാല്‍ത്സല്യത്തോടെ  തഴുകികൊണ്ടമ്മ ചോദിച്ചു.
“കുഞ്ഞാ നീ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത് ?  അമ്മയെ ഓര്‍ത്തിട്ടാ  ?  അതൊന്നും വേണ്ടാട്ടോ,  എനിക്കിപ്പോള്‍  ഒരു കുഴപ്പോമില്ല നല്ല സുഖാണ് ”

അലീന കിടന്നുകൊണ്ടു തന്നെ  കണ്ണുതുറന്നു ചുറ്റുംനോക്കി.ആരെയും കണ്ടില്ല എങ്കിലുംഅതു സ്വപ്നമല്ല അമ്മ അവിടെ ഉണ്ടായിരുന്നുവെന്നവള്‍ക്കുനല്ല നിശ്ചയമായിരുന്നു.നല്ല സുന്ദരിയായിരുന്ന  അമ്മ ഉപയോഗിച്ചിരുന്ന  ഏക സൌന്ദര്യ വര്‍ദ്ധകവസ്തുവായ ‘സ്‌നോ വൈറ്റ്  ക്രീമിന്റെ’ മണം ആ മുറിയില്‍ നിറഞ്ഞിരുന്നു. അമ്മയുടെ മണം എന്നത് അലീനക്കെന്നും  സ്‌നോ വൈറ്റ് ക്രീമിന്റെ നനുത്ത സുഗന്ധമായിരുന്നു.

കട്ടിലില്‍ എഴുന്നേറ്റിരുന്നവള്‍കൈത്തലം കൊണ്ട് കണ്ണുനീര്‍ തുടച്ചുനീക്കി.അവളാ മുറിയാകെ ഒന്നു കണ്ണോടിച്ചു. അലമാരയില്‍ നിറയെ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും വാരികകളും.  അടുക്കി വച്ചിരിക്കുന്ന വാരികകള്‍ എടുത്തവള്‍മറിച്ചു നോക്കി. അമ്മയുടെ കഥകളും കവിതകളും അടിച്ചു വന്ന വാരികളായിരുന്നു അതെല്ലാം.
 മേശപ്പുറത്തു പുസ്തകങ്ങള്‍ക്കിടയില്‍ കണ്ട നീല ബയന്‍റുള്ള നോട്ടുബുക്കെടുത്തവള്‍ മറിച്ചു നോക്കി.അതിന്‍റെതാളുകളില്‍ അമ്മയുടെകൈപ്പടയില്‍ എന്തൊക്കയോ എഴുതിയിരിക്കുന്നതായിക്കണ്ടു.എല്ലാം  തന്നെ  ഓരോ കഥകളുടെയും   കവിതകളുടെയും കുറിപ്പുകളാണ്.അമ്മ പറയാറുള്ളമനസ്സില്‍ ഒരു മിന്നല്‍പിണര്‍ പോലെ   വന്നുപോകുന്ന ചില ഒറ്റവരികളുമുണ്ടക്കൂട്ടത്തില്‍.അത്തരം ഒറ്റ വരികളെല്ലാം ഓരോ ‘സ്പാര്‍ക്കുകള്‍’ ആണെന്നാണ് അമ്മ പറയാറ്.ആ വാക്കുകള്‍  അപ്പോള്‍തന്നെ കുറിച്ചുവച്ചില്ലെങ്കില്‍ പിന്നീട് എത്ര ആലോചിച്ചാലും അതൊന്നും  ഓര്‍മ്മയില്‍ വരില്ലത്രെ!.ചില താളുകളില്‍ ചില കൊച്ചു കവിതകള്‍,ചിലതില്‍ കത്തുകളെന്നു തോന്നിക്കുന്നതരത്തിലുള്ള ചില കുറിപ്പുകള്‍പക്ഷെ അതിലൊന്നും ആരുടെയും പേരുകളില്ല   എഴുതിയ തിയതികളുമില്ല. അവയെല്ലാം ഉചിതമായ സമയത്ത് ഉദരത്തില്‍ പേറാനായി അമ്മ മാറ്റിവെച്ച കഥകളുടെ  ബീജങ്ങളായിരിക്കാമെന്നവള്‍ ഊഹിച്ചു. അവള്‍ നോട്ടുബുക്കിന്‍റെ   താളുകള്‍ മറിച്ചുകൊണ്ട്  ആ കുറിപ്പുകളിലൂടെ  കണ്ണോടിച്ചു......

“ഒരിക്കല്‍ പറഞ്ഞില്ലേ ചെമ്മാനത്തിന്‍റെ നിറമുള്ള ഫ്രോക്കിട്ട് ഞാന്‍ നടന്നു പോകുന്നതായി നീ സ്വപ്നം കണ്ടുവെന്നു?  അതിനടുത്ത ദിവസം ഞാന്‍ കടയില്‍ ചെന്നപ്പോള്‍  നീ പറഞ്ഞ ചെമ്മാനത്തിന്‍റെ വര്‍ണ്ണത്തിലുള്ള ഒരു ഫ്രോക്ക്  അവിടെ കണ്ടിരുന്നു. ഞാനതെടുത്തു  കൊതിയോടെ ചേര്‍ത്തുവെച്ച് കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്കതു വളരെ നന്നായി ഇണങ്ങുന്നതായി തോന്നി.പക്ഷെ നമുക്കിപ്പോള്‍  വയസായി തുടങ്ങിയില്ലേ ഇനി അതൊക്കെ കണ്ടു കൊതിക്കാമെന്നല്ലാതെ എന്നാകാര്യം? ഇവിടെ ഇതൊക്കെയിട്ടു പുറത്തിറങ്ങാന്‍ നാട്ടുകാര്‍ സമ്മതിക്കുമോ?   പക്ഷെ  നിന്‍റെ നാട്ടില്‍ എങ്ങാനുമായിരുന്നു ഞാനുമെങ്കില്‍  തീര്‍ച്ചയായും ആ ഫ്രോക്ക്  വാങ്ങി ഞാന്‍ അണിയുമായിരുന്നു.”
മറ്റൊരു താളില്‍ അല്പം  കാല്‍പനിക പ്രണയം  നിറഞ്ഞ വാക്കുകളായിരുന്നു ..

“കടല്‍ തീരത്തെ  നനഞ്ഞ മണലില്‍ അടയാളം വീഴ്ത്തി നഗ്‌നപാദയായി  ഞാന്‍ നിന്നപ്പോള്‍നീ കൊടുത്തയച്ചതാണെന്നു പറഞ്ഞുകൊണ്ട് കൊളോണിന്‍റെയും സിഗരറ്റിന്റെയും ഗന്ധംകലര്‍ന്ന നിന്‍റെ ചുംബനങ്ങള്‍ ആരുംകാണാതെന്‍റെ പാദങ്ങളിലും നഗ്‌നമായ കണങ്കാലുകളിലുമായി നല്‍കിട്ടെന്നെ കളിയാക്കിചിരിച്ചുകൊണ്ട് കുഞ്ഞോളങ്ങള്‍ തിരികെപോയി. കടലിനക്കരെ നിന്നും നിന്‍റെ അത്മാവിന്റെ നിശ്വാസങ്ങള്‍ എന്റെ കര്‍ണപുടങ്ങളില്‍ എത്തിക്കുന്ന കടല്‍ക്കാറ്റ് നിന്‍റെ വിശേഷങ്ങളെല്ലാം എന്നോട്  പറയാറുണ്ട്  ”

പിന്നീടുള്ള രണ്ടു മൂന്ന് പേജുകള്‍ വെറുതെ കോറി വരച്ച നിലയില്‍ കാണപ്പെട്ടു  ആ താളുകള്‍ക്കപ്പുറം അലീന കണ്ടത്  വല്ലാതെ വിങ്ങുന്ന അക്ഷരങ്ങളായിരുന്നു.

“കരള്‍ പച്ചക്ക് പറിച്ചെടുക്കുന്ന വേദനയാണിന്നെനിക്ക്.എങ്കിലും ഒന്നു പൊട്ടിക്കരയാന്‍ പോലുമാകാതെ ഞാന്‍ നീറിപുകയുന്നത് തീര്‍ച്ചയായും നീ അറിയുന്നുണ്ടല്ലോ. കഴിഞ്ഞുപോയ കാലങ്ങളിലെല്ലാംമൌനത്തിലൂടെ നമ്മുടെ ഹൃദയങ്ങള്‍ തമ്മിലുറക്കെസംസാരിച്ചുകൊണ്ടിരുന്നു.ഇക്കാലമത്രയും നിന്നെ അന്യായമായ ദൂരത്തില്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്നൊരു തോന്നലിപ്പോള്‍ എന്നെ വല്ലാതെ മുറിപ്പെടുത്തുന്നു.
പുകയുന്ന അത്മസംഘര്‍ഷങ്ങളിലകപ്പെട്ടു വാടിക്കരിയുമ്പോള്‍ അകലെയെവിടെയോ കാണാമറയത്ത് സ്‌നേഹത്തിന്റെ കുളിര്‍ക്കാറ്റായി നീയുള്ളത് എനിക്കൊരാശ്വാസമായിരുന്നു. ഒരുവാക്കുപോലും പറയാതെ മൌനത്തിന്‍റെ കൂര്‍ത്തമുനയാല്‍ നിന്നെ എന്നും മുറിപ്പെടുത്തിക്കൊണ്ടിരുന്നതിലിപ്പോള്‍ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു.

നമുക്കിടയില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ വല്ലതുമുണ്ടായിരുന്നോ?. കരളില്‍ കൊളുത്തിവലിക്കുന്ന തൊടലിമുള്ളുകളും പാദങ്ങളില്‍ ചോരകല്ലിച്ച  ചതവുകള്‍ തീര്‍ത്ത കൂര്‍ത്ത ചരലുകളും നിറഞ്ഞപാതകളിലായിരുന്നുവല്ലോ നമ്മെളെന്നുംനടന്നിരുന്നത്. എങ്കിലും അകന്നുപോയപ്പോള്‍  മാത്രമറിഞ്ഞ  അടുപ്പത്തിന്റെ  ആഴമളന്നു തീര്‍ക്കാന്‍ നമുക്കിനിയും  കഴിഞ്ഞുവോ ?
നമ്മളില്‍ പാതിയായ നീ ഇനിയില്ല എന്നുള്ള സത്യം എന്‍റെ പ്രാണനെവല്ലാതെ മരവിപ്പിക്കുന്നു.ഹൃദയത്തിലേക്ക് സുഖമുള്ള നൊമ്പരത്തിന്റെ ഉഷ്ണപ്രവാഹമായി ഉരുകിയൊഴുകികത്തിക്കൊണ്ടിരുന്ന നീയെന്ന മെഴുകുതിരിയുടെ നാളംഅവിചാരിതമായി അണഞ്ഞപ്പോള്‍ അസുഖകരമായ ശൂന്യതയുടെ മരവിച്ച ഇരുള്‍ അവിടമാകെ ഉരുണ്ടുകൂടി എന്‍റെ ചേതനയെവല്ലാതെ കുത്തിവേദനിപ്പിക്കുന്നു.”
ആ കുറിപ്പുകള്‍ അവിടെ അപൂര്‍ണ്ണമായി അവസാനിച്ചതില്‍ അലീനക്ക് നിരാശതോന്നി. ബാക്കി പറയാനുള്ളതെല്ലാം പറയാതെ  ഉള്ളിലൊളിപ്പിച്ചുമഃനപൂര്‍വം വിരാമമിട്ടപോലെ.വായിച്ച വാക്കുകള്‍  അലീനയുടെ സങ്കടങ്ങളെതികഞ്ഞ ആശ്ചര്യമാക്കി മാറ്റി.ഇതുവെറുമൊരു കഥയുടെ എഴുത്തിനായി നീക്കിവെച്ച   കുറിപ്പുകളാണോ  അതോ  യാഥാര്‍ത്ഥ്യമോ  എന്നു തിരിച്ചറിയാതെ  അവള്‍ ഏറെ നേരം  അങ്ങിനെയിരുന്നു.ഇക്കാലമെല്ലാം തന്‍റെ അമ്മയുടെ ഉള്ളിലൊരു  കനല്‍ ചാരം മൂടി  അണയാതെ കിടക്കുന്നുണ്ടായിരുന്നുവോ ?

അലീന നോട്ടുബുക്കിന്റെ ബാക്കിയുള്ള താളുകള്‍ മറിച്ചു നോക്കി. പിന്നീട് ഒന്നുംതന്നെ എഴുതിയതായി കണ്ടില്ല.ബാക്കി എല്ലാ താളുകളും ശൂന്യമായി കിടക്കുന്നു.ഒരു പക്ഷെ പിന്നീട് ഇങ്ങനെയൊക്കെ  എഴുതി ആശ്വാസം തേടേണ്ട കാര്യമില്ലായിരുന്നുവെന്നുവരാം.ദേഹം വെടിഞ്ഞ ആ പ്രാണനൊരു തുമ്പിയെപ്പോലെ ഈ തൊടിയിലും അമ്മയുടെ അരികിലുമൊക്കെയായി പാറിപറന്നിരിക്കാം.

“ കുഞ്ഞാ നീ എന്നതാടീ  ഈ  ആലോചിച്ചു കൂട്ടുന്നത്  ?”
അവിടമാകെ  ‘സ്‌നോവൈറ്റ് ക്രീമിന്റെ’ മണം പരത്തിപൊട്ടിച്ചിരിയുമായെത്തിയ  അമ്മയുടെ  ചോദ്യം കേട്ട അലീനയുടെ ചുണ്ടുകളില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു ഒപ്പം നെഞ്ചിലൊരു ലാഘവത്വവും.

പുറത്ത് സന്ധ്യയായിതുടങ്ങിയിരുന്നു. മരങ്ങള്‍ പതിയെ കൈകള്‍ വീശി ചങ്ങാതിയായ പകലിനെ ഒരു രാത്രിയുടെ വിശ്രമത്തിനായി   യാത്രയാക്കുന്ന തിരക്കിലാണ്.അവള്‍ വീടിന്റെ മുറ്റത്തേക്ക് നടന്നു. പപ്പയുടെ മുറിയുടെ വാതില്കലെത്തി  അകത്തേക്ക് പാളിനോക്കി. പപ്പ കട്ടിലില്‍ കിടക്കുന്നുണ്ട്, നല്ല മയക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നവള്‍ മുറ്റത്തിറങ്ങി.

അന്തിമയങ്ങാന്‍ വെമ്പല്‍കൂട്ടി ചെരുവില്‍ ചെഞ്ചായം വിതറി നില്‍കുന്ന ആകാശത്തേക്കവള്‍ കണ്ണുകളുയര്‍ത്തി നോക്കി. കൂടണയാന്‍വേണ്ടി ഒരുമിച്ചു പറക്കുന്ന രണ്ടിണക്കിളികളെ അവള്‍ കണ്ടു. പറന്നു പോകുന്ന കിളികള്‍ക്ക് മേലെയായിഒരു മേഘത്തോണിയില്‍ ചെമ്മാനത്തിന്റെ ഇഴകള്‍കൊണ്ടു നെയ്തുണ്ടാക്കിയ  ഫ്രോക്കുമിട്ട്പുഷ്പകിരീടം ചൂടിയ ഒരു പെണ്‍കുട്ടിയിരിക്കുന്നതായി അവള്‍ കണ്ടു.ആ തോണിയില്‍ പെണ്‍ക്കുട്ടിക്കെതിരെയിരുന്നുകൊണ്ട് പുഞ്ചിരിയോടെ തോണി തുഴയുന്ന മറ്റൊരാളെയും അവള്‍ കണ്ടു.

ആരാണയാളെന്നറിയാന്‍ അലീന അതിയായി ആഗ്രഹിച്ചു. അവള്‍ ആകാശത്തേക്ക് സസൂക്ഷ്മം നോക്കി അപ്പോഴേക്കും കുസൃതിയായഒരു മേഘശകലം എങ്ങുനിന്നോപാറി വന്നു തോണിയില്‍ അയാളിരുന്ന ഭാഗംഅലീനയുടെ കാഴ്ച്ചയില്‍നിന്നുമറച്ചു കളഞ്ഞു.പാതി മാത്രം ദൃശ്യമായ തോണിയിലിരിക്കുന്ന പെണ്‍കുട്ടി വിസ്മയപൂര്‍വം തന്നെ നോക്കിനില്‍കുന്ന അലീനയെ  നോക്കി കണ്ണുകള്‍ പാതി അടച്ചുകൊണ്ട് ഒരു കുസൃതിചിരി സമ്മാനിച്ചു,എന്നിട്ടാ മേഘത്തിനുള്ളിലേക്ക്  അവളുടെ തോണിയില്‍  മറഞ്ഞുപോയി. ആകാശമാകെ നിറഞ്ഞ അമ്മയുടെ ഗന്ധം നാസാഗ്രത്തിലേക്ക് പകര്‍ന്നുകൊണ്ട്   മൂവന്തിക്കാറ്റവളുടെ നീണ്ട അളകങ്ങളെ തഴുകി  അപ്പോളതിലെ കടന്നുപോയി.
ചെമ്മാനത്തിന്റെ ഫ്രോക്കണിഞ്ഞ പെണ്‍കുട്ടി (കഥ: ജോസഫ് എബ്രഹാം)
Join WhatsApp News
Sabu mathew 2019-07-05 11:22:11
ഇതൊരു  തകർപ്പൻ ഫാന്റസി തന്നെ. അകന്നപ്പോൾ മാത്രം അറിയാൻ കഴിഞ്ഞ അടുപ്പത്തിന്റെ  ആഴം വളരെ വേദനയോടെ തിരിച്ചറിയുന്നുണ്ടിവിടെ. സ്നേഹിക്കുന്ന ഒരാളുടെ മരണം നൽകുന്ന മരവിച്ച ശൂന്യതയും  മരണശേഷം ആത്മാവിന്റെ അഭിലാഷം നേടുവാൻ കഴിയുമെന്ന ഫാന്റസിയിൽ അഭയം തേടുന്ന മനസ്സും വളരെ നന്നായി പ്രതിഫലിച്ചിട്ടുണ്ട്. വളരെ നല്ല  ആർദ്രമായ ഭാഷയും അവതരണ ശൈലിയും നന്നയിട്ടുണ്ട് . അല്പം  തെറ്റിയാൽ ഒരു പൈങ്കിളി നിലയിലേക്ക്  വീണുപോകുവാൻ ഇടയുള്ള ഈ ആഖ്യാനത്തെ വളരെ കരുതലോടെ ഫാന്റസിയുടെ തലത്തിൽ കൈകാര്യം ചെയ്തത്  നന്നയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക