എവിടെയോ നിന്നു വന്ന ചിന്താഫലം
എന്നില്‍ വന്നിടിച്ച് ചിതറി തെറിച്ചു
ഏതൊക്കെ എവിടൊക്കെ പതിച്ചു
എന്നറിയാനത് വളരും വരെ ഞാന്‍
എല്ലാറ്റിനും വളമിട്ട് കാത്തുനിന്നു.
ആ ചിന്തയില്‍ നിന്നുംവീണ ചില
ബീജങ്ങള്‍ വളര്‍ന്നു കാട് പിടിച്ചു.
എന്റെ നില, എന്റെ മാനം, അതെ
എന്റെ നിലം, എന്റെ ആകാശം
എല്ലാം അത് പിന്നെ അവകാശപ്പെട്ടു
പിന്നെ അതിനെ ആശ്രയിക്കാതെ
എന്റെ ജീവിതം കുറെ ദുസ്സഹമായി
കിളിച്ചു മുളച്ചപ്പോ കിളച്ചു മറിക്കാന്‍
ശ്രമിച്ചിരുന്നേല്‍ എന്ന് ഞാന്‍ ദുഖിച്ചു
ഇനിയത് തീയിട്ട് ചുടുക തന്നെ വേണം
ശരിയാണ് മനസ്സുമൊപ്പം പൊള്ളിയേക്കാം
എങ്കിലും എന്റെ നിലം എന്റെ ആകാശം
പുതിയത് നട്ടു വളര്‍ത്താന്‍ പാറി പറക്കാന്‍
ഇടം ലഭിക്കും ഞാന്‍ പുതിയ മനുഷ്യന്‍-
ആകും, മനനം ചെയ്യാന്‍ കഴിവുള്ളവന്‍,
ഇടം ലഭിച്ചവന്‍, ഇനി നല്ല മനസ്സുള്ളവന്‍.