Image

അനുഭവസ്മരണകള്‍(ചെറുകഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 16 July, 2019
അനുഭവസ്മരണകള്‍(ചെറുകഥ: ജോണ്‍ വേറ്റം)
സങ്കല്പസുന്ദരമായ സമൃദ്ധിയുടെ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഉത്സവം! ആഹ്ലാദം അലതല്ലുന്ന അവസരം! ഉറ്റവരും ഉടയവരും ഒത്തുചേരുന്ന ദിവസം.
'തിരുവോണം!'

ആകാശം അന്ധകാരപൂര്‍ണ്ണമായിരുന്നു. ഭൂമിയില്‍ വെളിച്ചമുണ്ടായിരുന്നില്ല. ചന്നം പിന്നം മഴ ചാറ്റി. തണുതണുത്ത കാറ്റ്.

പീടികത്തിണ്ണയിലെ ബഞ്ചില്‍ മൂടിപ്പുതച്ചിരുന്നു. കണ്ണുകളില്‍ നിദ്ര വന്നു. പക്ഷെ; കിടക്കാനിടമില്ല. നടപ്പാതയിലാണ് ഉറങ്ങാറുള്ളത്. അവിടം നനഞ്ഞിരുന്നു.
മജീദും ചാക്കോയും തിരിച്ചുവന്നില്ല. അവര്‍ ഓണം ആഘോഷിക്കാന്‍ പോയിരിയ്ക്കയായിരുന്നു. ചാരായക്കടയിലേയ്ക്കാണ് ചാക്കോ പോയത്. മജീദ് വേശ്യാലയത്തിലേക്കും. എന്നെപ്പോലെ അവരും ശ്യൂന്യവാദികളാണ്! ആകാശത്ത് വെളുത്തവാവ് വിരുന്നു വരുന്നതുപോലെ അവരുടെ ജീവിതത്തില്‍ ചില അനര്‍ഘദിവസങ്ങള്‍ ഉദിച്ചസ്തമിക്കാറുണ്ട്. അന്ന് അവര്‍ കഴിയുന്നത്ര ആനന്ദിക്കും. സര്‍വ്വവും മറക്കും. സുഖമരുളുന്ന തെറ്റുകളും മധുരം പകരുന്ന പാപങ്ങളും ചെയ്യും. ആശ്വസിക്കുവാന്‍ ആ വഴി മാത്രമെ അവരുടെ മുമ്പില്‍ തെളിഞ്ഞു കിടപ്പുള്ളൂ. അവരോട് സഹിഷ്ണുതയാണ് തോന്നിയിട്ടുള്ളത്. യാഥാര്‍ത്ഥമായ സ്‌നേഹവും നിസ്വാര്‍ത്ഥമായി സഹായിക്കുവാനുള്ള സന്നദ്ധതയും അവര്‍ക്കുണ്ട്. തകര്‍ന്നു വീഴാന്‍ തുടങ്ങിയ എന്റെ ജീവിതത്തെ താങ്ങിനിര്‍ത്തിയത് മറ്റാരുമല്ല.

അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കൊതിക്കുന്നു; ഓണത്തിനു വീട്ടില്‍ പോകണമെന്ന്. പക്ഷെ സാധിച്ചിട്ടില്ല! പ്രതീക്ഷകളോടുകൂടി എന്നെ മാത്രം ഓര്‍ത്തു കാത്തിരിക്കുന്ന അഞ്ചാറ് കൂടപ്പിറകളുണ്ട്. അവര്‍ക്ക് എന്തെങ്കിലും കൊടുക്കണം. അതിനുള്ള വക സമ്പാദിച്ചിട്ടില്ല.
ആ നിശ്ശബ്ദതയുടെ പ്രശാന്തതയില്‍ ഏകാന്തകോമളതയില്‍ അനുഭവങ്ങളുടെ ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. സ്മരണകള്‍ വികസ്വരമായി. ജീവതന്തുക്കള്‍ വെന്തുരുകുന്ന വേദന! നിരര്‍ത്ഥകമായ ഒരു പ്രവൃത്തിയാണെന്നു ബോദ്ധ്യമുണ്ടായിരുന്നിട്ടും; ജീവിയ്ക്കുവാനുള്ള അര്‍ഹതനല്‍കാതെ ജന്മമേകുന്ന ദൈവത്തെ പലപ്പോഴും  പഴിച്ചിട്ടുണ്ട്. അപ്പോഴും അതാവര്‍ത്തിച്ചു.

കണ്ണുനീരിന്റെ കദനപൂരിതമായ ലിപികളാല്‍ രചിച്ച എന്റെ ജീവിത യാഥാര്‍ത്ഥ്യഗ്രന്ഥത്തില്‍ അവിസ്മരണീയമായ ചില താളുകളുണ്ട്! അനശ്വരമായ ചില വചനങ്ങളും!
സങ്കല്‍പങ്ങള്‍ക്ക് ചിറകുകളില്ല! സ്വപ്‌നങ്ങള്‍ക്ക് മഹിമയില്ല!
അനുഭവങ്ങള്‍ ഗദ്ഗദപൂര്‍ണ്ണമാണ്! സ്‌നേഹം വേദനിക്കുകയാണ്!
ശപ്തമായ ഒരു ഓര്‍മ്മയാണ് ഓണം!

സംവത്സരങ്ങള്‍ക്കു മുമ്പാണ് അങ്ങനെ സംഭവിച്ചത്.
അത്തപ്പുലരി വിരിഞ്ഞു! അയലത്തെമുറ്റത്ത് അഴകുള്ള പൂക്കളും ഒരുക്കി.
ഊഞ്ഞാല്‍പാട്ടുകളും വായ്ക്കുരവകളും ഉയര്‍ന്നു! തിരുവാതിരയും കൈകൊട്ടിക്കളിയും ആരംഭിച്ചു. അതെല്ലാം കണ്ടുകൊണ്ട് വിശന്നു തളര്‍ന്നു എന്റെ സഹോദരങ്ങള്‍, തേങ്ങി!
വീട്ടില്‍ കഞ്ഞിവെച്ചിട്ട് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ഉടുത്തൊരുങ്ങി ഉണ്ടുരസിച്ചു കളിയ്ക്കുന്ന കുട്ടികളുടെ നടുവില്‍ വിശന്നു പൊരിഞ്ഞു നഗ്നയായി നില്‍ക്കുന്ന കൊച്ചനുജത്തിയെ കണ്ടപ്പോള്‍ ഉള്ളം കലങ്ങി! പൊന്നോണത്തിനുപോലും കുഞ്ഞുങ്ങളെ പട്ടിണിയ്ക്കിടേണ്ടി വരുമല്ലോ എന്ന ചിന്തയാല്‍ അമ്മ കരളുരുകി കരഞ്ഞു!
നിസ്സഹായയായ അമ്മ വാചാലമായ ദുഃഖമാണ്! ക്ലേശങ്ങളെ സഹിയ്ക്കുവാനും കഷ്ടാനുഭവങ്ങളെ മറുക്കുവാനും അമ്മയ്ക്കു കഴിവുണ്ട്. കുടുംബത്തിന്റെ താങ്ങും തണലുമായി നില്‍ക്കേണ്ട അച്ഛന്‍ ഞങ്ങളുടെ ഭാരവും ഭയവുമായിരുന്നു.
വിറ്റഴിയ്ക്കാവുന്ന വീട്ടുസാമാനങ്ങളെല്ലാം അച്ഛന്‍ നശിപ്പിച്ചിരുന്നു. ഒരു 'നിലവിളക്ക് ' മാത്രമെ ശേഷിച്ചിരുന്നുള്ളൂ. നൂറ്റാണ്ടിന്റെ പഴക്കമുള്ള ആ വിളക്ക് കൊളുത്തി ശ്രീകൃഷ്ണന്റെ ചിത്രത്തിനു മുമ്പില്‍ വെയ്ക്കാറുള്ളതാണ്.

സഹനശക്തി നശിച്ച അമ്മ നിലവിളക്കെടുത്തു എന്നെ ഏല്‍പിച്ചിട്ട് നിറഞ്ഞ നയനങ്ങളോടു കൂടി പറഞ്ഞു:
'മോനെ! നീയിതു വിറ്റിട്ടു വാ. തിരുവോണത്തിനെങ്കിലും എന്റെ കുഞ്ഞുങ്ങള്‍ക്ക് വയറു നിറച്ചു വല്ലതും കൊടുക്കണം.'
നിലവിളക്കുമേന്തി ഞാന്‍ കടയിലേയ്ക്കുപോയി. അപ്പോള്‍, മനസ്സ് ദുഃഖമൂകമായിരുന്നു! കഷ്ടപ്പെടുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന പട്ടിണിക്കാരുടേതു മാത്രമാണ് ഓണമെന്നും, ആണ്ടിലൊരിയ്ക്കല്‍ ഓണത്തിന്റെ നാമത്തില്‍ അവര്‍ ആനന്ദത്തിന്റെ നാടകരംഗം ഒരുക്കുകയാണെന്നും തോന്നി.
വിളക്ക് വിറ്റു; എട്ടു രൂപാ കിട്ടി. ആറുരൂപാ വിലകിട്ടിയെന്നെ അമ്മയോട് പറഞ്ഞുള്ളൂ. രണ്ടുരൂപാ ഞാന്‍ ഒളിച്ചുവെച്ചു.

അന്ന് സന്ധ്യയ്ക്ക് അച്ഛന്‍ വന്നു. മദ്യപിച്ചിട്ടുണ്ടായിരുന്നു. വിളക്കു വിറ്റ വിവരം അമ്മ അച്ഛനോടു പറഞ്ഞു. അച്ഛന്‍ രൂപാ ആവശ്യപ്പെട്ടു. പക്ഷെ, അമ്മ കൊടുത്തില്ല. അതിനെ തുടര്‍ന്നു കലഹമുണ്ടായി! അടുപ്പില്‍ നിന്നും കഞ്ഞിയും കലവും എടുത്ത് അച്ഛന്‍ മുറ്റത്തെറിഞ്ഞു! അമ്മയെ തല്ലുകയും ശകാരിക്കുകയും ചെയ്്തു! അച്ഛനോട് വെറുപ്പും പകയും തോന്നി. എങ്കിലും എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി! അസ്വസ്ഥതയുടെ പ്രവാഹത്തിലൂടെ ഒഴുകി.

മനസ്സില്‍, പരസ്പരഭിന്നങ്ങളായ ചിന്തകള്‍ പൊന്തിവന്നു! അധഃപതനത്തിന്റെ അഗാധതയിലേയ്ക്ക് തീര്‍ത്ഥ യാത്ര ചെയ്യുന്ന ഭവനത്തുനിന്നും എങ്ങോട്ടെങ്കിലും പോകണമെന്നു തീരുമാനിച്ചു.

ലോകം ഉറങ്ങിയ ഒരു നേരത്ത് വീട് വിട്ടിറങ്ങി. സന്തപ്തചിന്തകളാല്‍ മനസ്സ്് ഊഷ്മളമായിരുന്നു. എങ്ങോട്ടു പോകണമെന്നോ എന്തു ചെയ്യണമെന്നോ ഉള്ള യാതൊരുദ്ദേശവും ഉണ്ടായിരുന്നില്ല. നിറഞ്ഞു തൂവുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട്, ഓളമടിച്ചൊഴുകുന്ന ഓണനിലാവില്‍ കുളിച്ച് കുളിര്‍കാറ്റുമേറ്റു നടന്നു!
റ്റിക്കറ്റില്ലാതെയാണ് തീവണ്ടിയില്‍ കയറിയിരുന്നത്. അതിനാല്‍ മനസ്സ് അസ്വസ്ഥമായിരുന്നില്ല. ഭയം ഉള്ളില്‍ നിറഞ്ഞു നിന്നു.
പൂനായിലെത്തിയപ്പോഴേയ്ക്കും, വിശപ്പും ക്ഷീണവും മൂലം ഞാന്‍ ഉറങ്ങിപ്പോയി. കണ്‍ടക്ടര്‍ തട്ടിവിളച്ചപ്പോഴാണ് ഉണര്‍ന്നത്.

റ്റിക്കറ്റില്ലാതെയാണ് തീവണ്ടിയില്‍ യാത്രചെയ്തതെന്ന വാസ്തവം കണ്ടക്ടരോടു പറഞ്ഞു. അപ്പോള്‍ അയാളുടെ മുഖം കോപത്താല്‍ ചുവന്നു തുടുത്തു. എന്റെ വസ്ത്രങ്ങള്‍ അയാള്‍ പരിശോധിച്ചു നോക്കി. നിലവിളക്കു വിറ്റു കിട്ടിയ തുകയില്‍ നിന്നു ഞാന്‍ എടുത്ത രണ്ടുരൂപാ മുണ്ടിന്റെ തുമ്പില്‍ കെട്ടിയിരുന്നു. കണ്‍ടക്ടര്‍ അത് അഴിച്ചെടുത്തു. പിന്നീട് എന്റെ പിടലിയ്ക്കുപിടിച്ച് പ്ലാറ്റ്‌ഫോറത്തിലേയ്ക്കു തള്ളി. ഞാന്‍ കമിഴ്ന്നു വീണു! മുഖം ചതഞ്ഞുടഞ്ഞു! ചുറ്റിനും ആളുകള്‍ ഓടിക്കൂടി. ഒരു പോലീസുകാരന്‍ എന്നെ കാരഗൃഹത്തിലേയ്ക്കു കൊണ്ടുപോയി.

ഭയന്നു വിറച്ചുകൊണ്ടാണ് ഞാന്‍ അവിടെയിരുന്നത്. ആഹാരമായിട്ട് ഒരു ചപ്പാത്തിയും കുറെ പച്ചവെള്ളവും കിട്ടി. അന്നത്തെ നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം ഉള്ളതുപോലെ തോന്നി. അരുന്തുദമായ ആ അവസ്ഥയില്‍ ആത്മാവ് തേങ്ങിക്കൊണ്ടിരുന്നു! ജീവിതത്തിന്റെ അധികഭാഗവും കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടുന്ന ഹതഭാഗ്യരെ ഓര്‍ത്തു സഹതപിച്ചു.

പിറ്റേ ദിവസം എന്നെ കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മതം നല്‍കി! ന്യായവിധിയുടെ വാറോല വായിച്ചുകേട്ടു:
'...ഒരു രൂപാ പിഴ. അതില്ലെങ്കില്‍ ഒരു ദിവസത്തെ തടവ്.'
പിഴ നല്‍കുവാന്‍ പണമില്ലാതിരുന്നതിനാല്‍ എന്നെ വീണ്ടും കാരാഗൃഹത്തിലേയ്ക്കു കൊണ്ടുപോയി. അപ്പോള്‍ മനസ്സ് വികാരജന്യമായിരുന്നു! കണ്ണുകള്‍ ഇറ്റു നിന്നു! കരളില്‍ കദനഭാരം മുറ്റിനിന്നു!

സ്വതന്ത്രനായപ്പോള്‍, അനുപമമായ ആശ്വാസമുണ്ടായി! കര്‍മ്മധീരത ഉള്ളില്‍ 
വളര്‍ന്നു. അലസനായി തെരുവിലൂടെ നടന്നു. എന്തെങ്കിലും ജോലി ചെയ്യാമെന്നു കരുതി അന്വേഷിച്ചു: പക്ഷെ കിട്ടിയില്ല! വിശന്നപ്പോള്‍ പച്ചവെള്ളം കുടിച്ചു. തളര്‍ന്നപ്പോള്‍ മരത്തണലില്‍ കിടന്നു.

തിരുവോണത്തിന്റെ തലേരാത്രിയിലാണ് ബോംബെയിലെത്തിയത്. അന്ന് റയില്‍വേസ്‌റ്റേഷനില്‍ കിടന്നു സുഖമായി ഉറങ്ങി.
ഉണര്‍ന്നപ്പോള്‍ നേരം നന്നെ പുലര്‍ന്നിരുന്നു. വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നു. കുളിച്ചിട്ട് ദിവസങ്ങള്‍ എത്ര കഴിഞ്ഞിരുന്നു!

ജനബാഹുല്യമുള്ള ഒരു റോഡിലൂടെ അമ്പരന്നു നടന്നു. അപ്പോഴാണ് ഒരു മലയാളിയെ കണ്ടത്. അയോട് ജീവിതകഥ മുഴുവനും വിവരിച്ചു പറഞ്ഞു. ഒരു ജോലി നല്‍കണമെന്നതായിരുന്നു വിവക്ഷ. സുമുഖനായ ആ മനുഷ്യന്‍ എന്നെ ആശ്വസിപ്പിച്ചു. ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു.
ആദ്യമായി അയാള്‍ എന്നെ ഹോട്ടലിലേയ്ക്കാണു വിളിച്ചുകൊണ്ടു പോയത്. കാപ്പികുടികഴിഞ്ഞ് അയാളുടെ വസതിയിലേക്കുപോയി. അത് വൃത്തിയുള്ള ഒരു മുറിയായിരുന്നു.

കുളിയ്ക്കുവാന്‍ സൗകര്യവും ഉടുക്കുവാന്‍ വസ്ത്രങ്ങളും തന്നു. അയാളുടെ സ്‌നേഹത്തെ മനസാവാഴാത്തി! സഹായത്തെയോര്‍ത്തു കൃതാര്‍ത്ഥനായി! മരുഭൂമിയിലൊരു മലരികണ്ടെത്തിയതുപോലെ അനിര്‍വചനീയമായ ആനന്ദമുണ്ടായി!
മുറിയ്ക്കുള്ളില്‍ മെത്തവിരിച്ച ഒരു കട്ടില് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഉറങ്ങുവാന്‍ അയാല്‍ എന്നോടു പറഞ്ഞു: എങ്കിലും അത്ഭുതത്തോടുകൂടി അല്പനേരം മടിച്ചു നിന്നു. അയാളുടെ നിര്‍ബന്ധത്താല്‍ ഞാന്‍ കട്ടിലില്‍ തന്നെ ഉറങ്ങി. പത്രം വായിച്ചുകൊണ്ട് അയാള്‍ കസേരയില്‍ ഇരുന്നതേയുള്ളൂ.

ഉച്ചയായപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍ പോയി. രുചിയുള്ള ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയുടെയും കൂടെപ്പിറപ്പുകളുടെയും അവസ്ഥയെക്കുറിച്ച് ഓര്‍ത്തു. കണ്ണീര്‍ കണങ്ങള്‍ ചോറില്‍ വീണു! ആരും കാണാതെ കണ്ണുകള്‍ തുടച്ചു.
വൈകീട്ട് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാണ് കട്ടിലില്‍ കിടന്നത്. അങ്ങനെ ഉറങ്ങുവാന്‍ വല്ലായ്മയും വൈമനസ്യവും ഉണ്ടായിരുന്നു. എങ്കിലും സമാധാനത്തോടും സംതൃപ്തിയോടും കൂടി മയങ്ങി.

രാവിന്റെ യാമങ്ങള്‍ നീങ്ങി. പെട്ടെന്ന് അയാള്‍ എന്നെ കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്തു. ഞാന്‍ ഇക്കിളിപ്പെട്ടു ഞെട്ടിയുണര്‍ന്നു. അത്ഭുതവും സംഭ്രമവും ഉണ്ടായി! അയാളുടെ കരവലയത്തിനുള്ളില്‍ എന്നെ അമര്‍ത്തി. കവിളത്ത് തെരുതെരെ ഉമ്മവെച്ചു. സ്വതന്ത്രനാകുവാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഫലിച്ചില്ല. ഉണ്ടചോറിനും, ഉടുത്തവസ്ത്രത്തിനും വേണ്ടി, വികാരം പൂണ്ട ആ മനുഷ്യന് വഴങ്ങിക്കൊടുക്കേണ്ടിവന്നു. അനുഭവിച്ചിട്ടില്ലാത്തതും അറിയാതിരുന്നതുമായ ഒരു പാപം അയാള്‍ ചെയ്തു. അയാളുടെ സ്‌നേഹത്തിന്റെയും സഹായത്തിന്റെയും പിന്നില്‍ മ്ലേച്ഛമായ ഒരു ഉദ്ദേശമുണ്ടായിരുന്നു എന്ന് അപ്പോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ.
ഭാരമുളള ഹൃദയവുമായി ആ മുറിവിട്ടിറങ്ങി നടന്നപ്പോള്‍ വീട്ടില്‍ നിന്നും പോരേണ്ടിയിരുന്നില്ല എന്നു തോന്നി.

മനുഷ്യന്‍ മനുഷ്യന്റെ ഭയവും ഭാരവുമായി പെരുകുകയാണ്!

അനുഭവസ്മരണകള്‍(ചെറുകഥ: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക